ഈ വിഷയം ചർച്ച ചെയ്യാൻ ഏതെങ്കിലും ടെലിവിഷൻ ചാനൽ തയ്യാറാവുമോ?

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് 

മായം കലർന്ന ഭക്ഷണം വില്ക്കുന്നവന്റെ കടയ്ക്ക് മുന്നിൽ ലാബ് പരിശോധനയ്ക്കായി വണ്ടി വന്നു നില്ക്കുകയും ഉടൻ 5 ലക്ഷം രൂപ ഫൈനടിച്ചു കൊടുക്കുകയും അതിന്റെ അഞ്ച് ശതമാനം കഴിച്ച് ട്രഷറിയിൽ ആ പണം അടുത്ത മണിക്കൂറിൽ എത്തുകയും ചെയ്യുന്ന ഒരു കാലം വരുമോ? കോടതിക്കും പോലീസ് സ്റ്റേഷനിലും എത്തുന്നതിനു മുമ്പ് സർക്കാർ ഖജനാവിൽ പിഴ വന്ന് നിറയുന്ന ഒരു കിണാശ്ശേരിയെ നമുക്ക് സ്വപ്നം കാണാനാവുമോ?  

നിയമ ലംഘനങ്ങൾ പെരുകുന്ന കേരളത്തെ ചൊല്ലിയുള്ള ഉൽക്കണ്ഠകൾ പങ്കുവെക്കുകയാണ് പ്രശസ്ത ചെറുകഥാകൃത്ത്
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് 


ദുബായിൽ ഏതാനും വർഷങ്ങൾ ജീവിച്ചതിന്റെ അനുഭവമുണ്ട്. ഇരുനൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ അവിടെ തൊഴിലെടുത്ത് ജീവിക്കുന്നു. ദേരാ ദുബായിയൊക്കെ മുംബയിയേക്കാൾ തിരക്കുള്ള നഗരമാണ്.

പക്ഷേ, ദുബായിൽ പൊതു സ്ഥലത്ത് ഒരിടത്തും അഴുക്ക് കുമിഞ്ഞുകൂടില്ല. പഴകിയ ഭക്ഷണമുള്ള ഹോട്ടലുകളില്ല. തെറ്റായ നിലയിൽ വാഹനപാർക്കിങ്ങില്ല. എവിടെ നിന്നും ഉച്ചഭാഷിണി ശല്യമില്ല. പൊതുസ്ഥലങ്ങൾ കൈയേറൽ ഇല്ല. 10% നടുത്താണ് തദ്ദേശ വാസികൾ. പല പല പരുക്കൻ സാംസ്‌ക്കാരിക പശ്ചാലമുള്ള വിദേശികളെ നിയന്ത്രിക്കുന്നത് പ്രധാനമായും നിയമലംഘനങ്ങൾ നടത്തിയാൽ ഇടുന്ന ഭീമമായ പിഴ കൊണ്ടാണ്.

ഉദാഹരണത്തിനു് ഒരു കടയുടെ മുന്നിൽ കടലാസ് ചവറുകൾ വീണു കിടക്കുന്നു എന്നു വിചാരിക്കുക. ഉടൻ കടക്കാരന് പിഴയാണ്. അത് കൊണ്ട് ഓരോ കടക്കാരനും ഒരു വെയ്സ്റ്റ് ബിന്നൊക്കെ വാങ്ങി വെച്ച് ആ പരിസരത്തെ വൃത്തിയോടെ സൂക്ഷിക്കുന്നത് കാണാം. അത് തന്റെ ചുമതലയായി കരുതുന്നു. അഥവാ, കരുതേണ്ടി വരുന്നു.

പിഴ ഇടുന്ന ഉദ്യോഗസ്ഥർ സദാ സമയവും ദുബായിൽ ചുറ്റി നടക്കും, എപ്പോഴും പിഴയിടുന്നതിൽ നിശ്ചിത ശതമാനം കമ്മീഷനുമുണ്ടെന്നാണ് അന്വേഷണത്തിൽ നിന്ന് മനസ്സിലായത്.

ഈ ഉദ്യോഗസ്ഥരുടെ ശംബളം,, ആനുകൂല്യങ്ങൾ, ഓഫീസ് പ്രവർത്തനങ്ങൾ ഇവ കഴിച്ച് സർക്കാരിന് ഭീമമായ തുക ഖജനാവിൽ വന്നു ചേരുകയും ചെയ്യുന്നു. അതായത് നെഗറ്റീവ് ആയ ഒരു കാര്യത്തെ അധികാരികൾ എത്ര അനായാസമാണ് പോസിറ്റീവ് ആക്കി മാറ്റുന്നത് എന്ന് നോക്കുക.

അഴുക്കിനെ ബയോഗ്യാസാക്കി പരിവർത്തിപ്പിക്കും പോലൊരു ഏർപ്പാട് എന്ത് കൊണ്ട് ഈ സംവിധാനം നമ്മുടെ നാട്ടിലും കൊണ്ടുവന്നു കൂടാ? 

നിയമപാലനത്തിന് നമ്മുടെ നാട്ടിൽ ആവശ്യത്തിന് ജീവനക്കാരും സംവിധാനവുമില്ല .സാമ്പത്തിക കാരണങ്ങളാൽ. അത് കൊണ്ടാണ് നിയമ പരിപാലനം ശരിയായി നടക്കാത്തതെന്ന് പറയുന്നു.

സത്യത്തിൽ  പണത്തിന്റെ ദാരിദ്യത്തെക്കാൾ എത്രയോ ദാരുണമാണ്  ഭാവനാ ദാരിദ്ര്യം.രാഷ്ട്രീയ പ്രവർത്തകരിൽ ഭാവനാ ദരിദ്രവാസികളുടെ എണ്ണം എത്ര ശതമാനമായിരിക്കുമെന്ന് സാമാന്യബുദ്ധിയുള്ളവർക്കറിയാം.

നമ്മുടെ നാട്ടിൽ ഒരു നിയമ ലംഘനം നടന്നാൽ വരാൻ പോലീസില്ല. വണ്ടിയില്ല. 

ഇനി വന്നാലും സ്റ്റേഷനിൽ അനധികൃതമായി ഏറെ കേസും ഒത്തുതീരും.

ഒത്തു തീർപ്പാക്കാൻ കൂട്ടാക്കാത്ത പോലീസുകാരെ രാഷ്ട്രീയക്കാർ വിരട്ടും സ്ഥലം മാറ്റും പരസ്യമായും രഹസ്യമായും ഭീഷണിപ്പെടുത്തും.

എന്നിട്ടും കേസ് മുന്നോട്ട് പോയാൽ കോടതിയിലെത്തും.

കോടതിയിൽ പലപ്പോഴും ആദിമ ശിലായുഗത്തിന്റെ കാലതാമസം.

വിധി വരാറാവുമ്പോഴേക്കും ഒന്നുകിൽ പ്രതി മരിക്കും

അതല്ലെങ്കിൽ സാക്ഷി മരിക്കും

അതുമല്ലെങ്കിൽ അന്വേഷണോദ്യോഗസ്ഥൻ മരിക്കും, വക്കീൽ മരിക്കും. 

ജഡ്ജി മരിക്കും.

ഇവരാരും മരിച്ചില്ലെങ്കിൽ ഒരിക്കലും മരിക്കാത്ത അപ്പീൽ കോടതി ജീവിച്ചിരിപ്പുണ്ടാവും! കുറ്റകൃത്യമൊക്കെ ചെയ്യുന്നവർക്ക് ബഹു സുഖമാണ് നമ്മുടെ നാട്ടിൽ. പ്രത്യേകിച്ച് പണം കൈയിലുള്ളവർക്ക്.

ഇതിനിടയിലെ അനേകം അധോലോക ഇടനാഴികൾ വേറെ കിടക്കുന്നു. ഉദാഹരണത്തിന്, ഒരാഴ്ച പഴക്കമുള്ള കോഴിയിറച്ചി ആദർശ ശുദ്ധിയുള്ള ഒരു ഫുഡ് ഇൻസ്പെക്ടർ ഒരു ഹോട്ടലിൽ നിന്ന് സാഹസികമായി പിടിച്ചു എന്നു വെക്കുക. അത് സീലൊക്കെ വെച്ച് ലാബറട്ടറിയിലെത്തുമ്പോഴേക്കും ഇപ്പോൾ വിരിഞ്ഞ് വലുതായി കൂവുന്ന കോഴിയായിട്ടാവും ലാബ് ടെക്നീഷ്യന്റെ മുന്നിലെത്തുക !

മായം കലർന്ന, രോഗാതുരമായ ഭക്ഷണത്തിന്, നമ്മുടെയൊക്കെ ഭാഗ്യമെന്നേ പറയേണ്ടൂ, ജാതിമത കക്ഷിരാഷ്ട്രീയഭേദമൊന്നുമില്ല!!! എല്ലാരും മൂക്കറ്റം തിന്ന് രോഗിയായിക്കോളും. 

ഭക്ഷണത്തിലെ മായം കണ്ടു പിടിക്കുന്നതിനുള്ള ലാബ് സംവിധാനത്തെക്കുറിച്ചൊക്കെ ഒന്ന് അന്വേഷിച്ച് നോക്കുക.നമ്മൾ ചിരിച്ച് ചിരിച്ച് ബോധം കെടും. മായം കലർന്ന ഭക്ഷണം വില്ക്കുന്നവന്റെ കടയ്ക്ക് മുന്നിൽ ലാബ് പരിശോധനയ്ക്കായി വണ്ടി വന്നു നില്ക്കുകയും ഉടൻ 5 ലക്ഷം രൂപ ഫൈനടിച്ചു കൊടുക്കുകയും അതിന്റെ അഞ്ച് ശതമാനം കഴിച്ച് ട്രഷറിയിൽ ആ പണം അടുത്ത മണിക്കൂറിൽ എത്തുകയും ചെയ്യുന്ന ഒരു കാലം വരുമോ?

കോടതിക്കും പോലീസ് സ്റ്റേഷനിലും എത്തുന്നതിനു മുമ്പ് സർക്കാർ ഖജനാവിൽ പിഴ വന്ന് നിറയുന്ന ഒരു കിണാശ്ശേരിയെ നമുക്ക് സ്വപ്നം കാണാനാവുമോ? ഇൻഫോർമർക്കും ഒരു മൂന്നു ശതമാനം കൊടുക്കണം.

കൺമുന്നിൽ ഒരു ദിവസം ശിക്ഷിക്കപ്പെടാതെ പോകുന്ന ചെറുതും വലുതുമായ എത്ര കുറ്റകൃത്യങ്ങൾക്ക് നാം മൂകസാക്ഷിയാവുന്നുണ്ടെന്ന് വെറുതെ ഒന്നോർത്തു നോക്കൂ. നിയമ രംഗത്തിനും വേണം ബയോഗ്യാസ് സിസ്റ്റം.

നാറ്റവും വമിപ്പിച്ച് പ്രാകൃതമായേ അത് നില്ക്കൂ എന്ന് എന്തിനാണിത്ര വാശി ?

സ്വന്തം കുഞ്ഞിന്റെ ഉടലിലേക്ക് പോകുന്ന ഭക്ഷണത്തെപ്പറ്റിയെങ്കിലും വേവലാതി നമുക്ക് വേണ്ടതല്ലേ?

ഈ വിഷയം ചർച്ച ചെയ്യാൻ ഏതെങ്കിലും ടെലിവിഷൻ ചാനൽ തയ്യാറാവുമോ?

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സൈബർ പാർക്കിൽ രണ്ട് കമ്പനികൾ കൂടി പ്രവർത്തനം ആരംഭിച്ചു

ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്കായി ജിയോ റെയില്‍ ആപ്