തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിൽ കേരളം മാതൃകയാണെന്ന് സാംസ്കാരിക പിന്നാക്കക്ഷേമ വകുപ്പുമന്ത്രി എ കെ ബാലൻ.
ഗുണമേന്മയുള്ള വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലവസരങ്ങളുമാണ് ഈ രംഗത്ത് സർക്കാർ നടപ്പാക്കിവരുന്നത്. ഭൂമിയില്ലാത്ത പട്ടികവർഗക്കാർക്ക് വിടുനിർമിക്കാൻ പരിമിതമായിട്ടാണെങ്കിലും ഭൂമി നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആനാട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നന്ദിയോട് ആനാട് ഗ്രാമപഞ്ചായത്തുകളുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി ആനാട് പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകൾ മന്ത്രി ജല അതോറിറ്റിക്കു കൈമാറി. മാലിന്യ സംസ്കരണവും പ്ലാസ്റ്റിക് നിർമാർജനവും ലക്ഷ്യമിട്ട് ഹരിത സേനയുടെ പ്രവർത്തനവും ഇതോടൊപ്പം ആരംഭിച്ചു.
പട്ടികവർഗ വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ്പ് വിതരണം മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി നിർവഹിച്ചു. എ. സമ്പത്ത് എം.പിയുടെ എം.പി ഫണ്ടുപയോഗിച്ചു ആനാട് കുടുംബാരോഗ്യത്തിനു നൽകിയ ആംബുലൻസിന്റെ കൈമാറ്റവും ചടങ്ങിൽ നടന്നു.
Comments
0 comments