പ്രളയ ബാധിത മേഖലകളിൽ സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

പ്രളയ ബാധിത മേഖലകളിൽ സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച്
പൊതു വിദ്യാഭ്യാസ ഡയറക്റ്ററും സ്പെഷൽ സെക്രട്ടറിയുമായ കെ.വി.മോഹൻ കുമാർ
പറയുന്നതു ശ്രദ്ധിക്കൂ:

ഓണാവധി കഴിഞ്ഞ്‌ ഈ മാസം 29 നു സ്കൂൾ തുറക്കുകയാണല്ലോ? നാം ഇതുവരെ അനുഭവിച്ചറിയാത്ത പ്രളയ ദുരന്തമാണു ഇക്കുറി കേരളം നേരിട്ടത്‌.അതുകൊണ്ട്‌ തന്നെ പ്രളയ ബാധിത മേഖലകളിൽ വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ നാം ഒട്ടേറെ മുൻ കരുതലുകൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.

ദുരന്തം നേരിട്ടും  ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞും വിഹ്വലമായ മനസ്സോടെയായിരിക്കും ബഹു ഭൂരിപക്ഷം കുട്ടികളും സ്കൂളിലെത്തുക. ജീവിതം ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്ക അവരിൽ പലർക്കുമുണ്ടാകാം.സ്വന്തം വീടുകൾ തകർന്നും ഉറ്റവർ ഇല്ലാതായും  വളർത്തു മൃഗങ്ങൾ അടക്കം പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ടും ആഘാതമേറ്റ മനസ്സുമായി വരുന്നവരാവും അവരിൽ പലരും.അവർക്ക്‌ സന്തോഷവും ആശ്വാസവും ആത്മവിശ്വാസവും പകരുന്നതിലാവണം ആദ്യ ദിവസങ്ങളിൽ നമ്മുടെ ശ്രദ്ധ.

മധുരം നൽകിയും ഒത്തൊരുമിച്ച്‌ പാട്ടുകൾ പാടിയും സ്നേഹപൂർവ്വം സാന്ത്വനിപ്പിച്ചും അവരുടെ മനസ്സിനെ ദീപ്തമാക്കാൻ നമുക്കാവണം. അതോടൊപ്പം ആരോഗ്യ- ശുചിത്വ -സുരക്ഷിതത്വ വിഷയങ്ങളിലും അതീവ ജാഗ്രത വേണം.അതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിച്ചാലും.

1. പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ ഓഗസ്റ്റ്‌ 29,30 തിയതികളിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ മാനസികോല്ലാസവും ആത്മ വിശ്വാസവും വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കണമെന്ന് ബഹു.പൊതു വിദ്യാഭ്യാസ മന്ത്രി നിർദ്ദേശംനൽകിയിട്ടുണ്ട്‌.

2. എല്ലാ സ്കൂളുകളിലും പി ടി എ കമ്മിറ്റികൾ കഴിയുന്നതും 29 നു തന്നെ യോഗം ചേർന്ന് പരിസര ശുചിത്വവും കുട്ടികളുടെ ആരോഗ്യവും  ഉറപ്പു വരുത്തുന്നതിനും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനും സ്കൂളുകളുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരും ഹെഡ്‌ മാസ്റ്റർമാരും ഈ അവസരത്തിൽ ഒരേ മനസ്സോടെ, ഒത്തൊരുമയോടെ മാതൃകാപരമായി പ്രവർത്തിക്കണം.

3. ആദ്യ ദിവസം തന്നെ സ്കൂൾ അസംബ്ലി വിളിച്ചു ചേർത്ത്‌ കുട്ടികൾക്ക്‌ ആത്മവിശ്വാസം പകരുന്ന വിധത്തിലുള്ള സന്ദേശങ്ങൾ നൽകണം.ഇതു സംബന്ധിച്ച്‌ നമ്മുടെ പൊതു വിദ്യാഭ്യാസ മന്ത്രി നൽകിയ  സന്ദേശം അസംബ്ലിയിൽ വായിക്കേണ്ടതാണു.(ഈ സന്ദേശം വാട്ട്‌ സ്‌ ആപ്പ്‌ മുഖേനയും ഇ മെയിൽ വഴിയും ലഭ്യമാകും.എ.ഇ.ഒമാരും ഡി ഇ ഒ മാരും ഡി ഡി മാരും ഇതര വിഭാഗങ്ങളുടെ ജില്ലാ/മേഖലാതലത്തിലുള്ള മേലുദ്യോഗസ്ഥന്മാരും തങ്ങളുടെ പരിധിയിലുള്ള പ്രഥമ അധ്യാപകരുമായി ബന്ധപ്പെട്ട്‌ ഇക്കാര്യം ഉറപ്പു വരുത്തണം.)

4. സ്കൂൾ കിണറിലെ വെള്ളം ആരോഗ്യ വകുപ്പ്‌ അധികൃതരുടെ നിർദ്ദേശ പ്രകാരം ജലശുദ്ധീകരണത്തിനുള്ള ബ്ലീച്ചിംഗ്‌ പൗഡറിട്ട്‌  അണു വിമുക്തമാക്കേണ്ടതാണു.

5. സ്കൂൾ ജലസംഭരണികൾ  വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണു.കുടിവെള്ള വിതരണ പൈപ്പ്‌ ലൈനുകൾ മലിന ജലവുമായി സമ്പർക്കമുണ്ടാവുന്നില്ലെന്ന് ഉറപ്പ്‌ വരുത്തേണ്ടതാണു.

6. തിളപ്പിച്ച്‌ ആറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ.ഓർക്കുക,പകർച്ച വ്യാധികളുടെ മുഖ്യ സ്രോതസ്സുകളിൽ ഒന്നാണു നാംകുടിക്കുന്ന  വെള്ളം.

7. പാചകത്തിനും ആഹാരം കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങളുടെ ശുചിത്വം ഉറപ്പു വരുത്തേണ്ടതാണു.മാലിന്യം കലർന്ന വെള്ളത്തിലാവും അവ കഴുകി വച്ചിരിക്കുക.അതുകൊണ്ട്‌ തിളച്ച വെള്ളത്തിൽ മുക്കി വച്ച്‌ അണു വിമുക്തമാകിയ ശേഷമേ അവ ഉപയോഗിക്കാവൂ.കുട്ടികൾക്കും ഇക്കാര്യത്തിൽ നിർദ്ദേശം നൽകുക.

8. ഓട് മേഞ്ഞ കെട്ടിടങ്ങളുടെ കഴുക്കോലിലും പട്ടികയിലും ഓടുകൾക്കിടയിലും തകർന്നു വീണ മതിലുകളുടേയും കെട്ടിടങ്ങളുടേയും കല്ലുകൾക്കിടയിലും ബഞ്ചുകളുടേയും ഡസ്കുകളുടേയും ഇടയിലും ഇഴ ജന്തുക്കൾ ഇല്ലായെന്ന് ഉറപ്പു വരുത്തേണ്ടതാണു.ആരോഗ്യവകുപ്പ്‌ അധികൃതരുമായി ആലോചിച്ച്‌ ഇക്കാര്യത്തിൽ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണ്.

9. സ്കൂൾ മുറ്റത്ത്‌ വൻ തോതിൽ ചെളി അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ അത്‌ വെയിലേറ്റ്‌ ഉണങ്ങി പൊടിയായി പറക്കാൻ സാധ്യതയുണ്ടെന്നു കണ്ടാൽ ആരോഗ്യവകുപ്പ്‌ അധികൃതരുമായി ആലോചിച്ച്‌ ആവശ്യമായ മുൻ കരുതൽ സ്വീകരിക്കേണ്ടതാണ്.

10. ടോയ്‌ലറ്റുകളുടെ ശുചിത്വം എല്ലാ ദിവസവും ഉറപ്പു വരുത്തേണ്ടതാണ്.

11. സ്കൂൾ മതിലുകൾക്ക്‌  വെള്ളം കയറി ബലക്ഷയം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണു.കുട്ടികൾ അത്തരം മതിലുകളിൽ ചാടിക്കയറാനോ മതിലുകളോട്‌ ചേർന്ന് കളിക്കാനോ അനുവദിക്കരുത്‌.

12.വെള്ളം കയറി ഉപയോഗശൂന്യമായ അരിയും പയറും മറ്റും ഫംഗസ്‌ ബാധയുള്ളതിനാൽ ഉണക്കിയെടുത്ത്‌  ഉപയോഗിക്കരുത്‌.അവ ഉടൻ തന്നെ നശിപ്പിക്കണം.

13. പ്രളയബാധക്കിരയായ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷിത്വം  എൽ.എസ്‌.ജി.ഡി എഞ്ചിനിയർമാരെ കൊണ്ട്‌ പരിശോധിപ്പിച്ച്‌ ഉറപ്പ്‌ വരുത്തണം.

14. വെള്ളപ്പൊക്കത്തിൽ അടിഞ്ഞു കൂടിയ ചെളി,മാലിന്യങ്ങൾ,ജീവികളുടെ അവശിഷ്ടങ്ങൾ എന്നിവ ശാസ്ത്രീയമായി സംസ്കരിക്കേണ്ടതാണു.വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ ദുർഗ്ഗന്ധം വമിക്കുന്ന ചെളി പിന്നീട്‌ വെയിലേറ്റ്‌ ഉണങ്ങി അന്തരീക്ഷ വായുവിനെ മലിനപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ഇപ്പോഴേ സുരക്ഷിതമായ ഏതെങ്കിലും ഭാഗത്ത്‌ കുഴിയെടുത്ത്‌ മൂടുന്നത്‌ നല്ലതായിരിക്കും.

15. പല സ്കൂളുകളിലും വെള്ളപ്പൊക്കത്തിൽ നശിച്ച ലൈബ്രറി പുസ്തകങ്ങൾ വാരിക്കൂട്ടി ഇട്ടിരിക്കുന്നതായി കണ്ടു.കുട്ടികളെ ഉപയോഗിച്ച്‌ ഇവ വെയിലത്ത്‌ ഉണക്കാൻ വയ്പ്പിക്കുകയോ അടുക്കി വയ്പ്പിക്കുകയോ ചെയ്യരുത്‌.മാരകമായ അണുക്കളുടെ സ്രോതസ്സായിരിക്കും നനവാർന്ന ഈ പുസ്തകങ്ങൾ. ഉപയോഗ യോഗ്യമല്ലെങ്കിൽ അവ നശിപ്പിച്ചേക്കുക. അപകട സാധ്യതയുള്ളതോ

രോഗബാധയുണ്ടാവാനിടയുള്ളതോ ആയ  യാതൊരു പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയോ അവരുടെ സേവനം നിർബന്ധിക്കുകയോ ചെയ്യരുത്‌.

16. പ്രളയ  ബാധയിൽ നാശം നേരിട്ട സ്കൂൾ ലാബുകളിലെ രാസ വസ്തുക്കളും മറ്റും അപകടകരമായ നിലയിൽ അല്ലെന്ന് ഉറപ്പ്‌ വരുത്തേണ്ടതാണ്.

17.പാഠ  പുസ്തകങ്ങൾ, യൂണിഫോം എന്നിവ നഷ്ടപ്പെട്ട കുട്ടികൾ നേരത്തേ നിർദ്ദേശിച്ച പ്രകാരം ഈ മാസം 31 നു മുൻപ്‌ സ്കൂളിൽ വിവരം റിപ്പോർട്ട്‌ ചെയ്യണം. ഓഗസ്റ്റ് 29 നു തുറക്കാൻ കഴിയാത്ത സ്കൂളിലെ വിദ്യാർത്ഥികൾ അതാത്‌ സ്കൂൾ തുറന്ന് മൂന്നു ദിവസത്തിനകം റിപ്പോർട്ട്‌ ചെയ്താൽ മതിയാവും.

18. നോട്ട്‌ ബുക്കുകൾ,ഇൻസ്ട്രമെന്റ്‌ ബോക്സ്‌,സ്കൂൾ ബാഗ്‌,ഷൂസ്‌ എന്നിവ നഷ്ടപ്പെട്ട കുട്ടികൾക്ക്‌ പ്രാദേശികതലത്തിലോ ജില്ലാതലത്തിലോ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ / സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സ്പോൺസർഷിപ്പിലൂടെ അവ ലഭ്യമാക്കാൻ ഡിഡി,ഡി ഇ ഒ,എ ഇ ഒ ,ഡി പി ഒ തുടങ്ങിയ വിവിധ മേഖലകളിലെ ഉദ്യോഗസ്ഥന്മാർ ശ്രമിക്കേണ്ടതാണ്.

19. വിദ്യാഭ്യാസ വകുപ്പ്‌ സ്പോൺസർ ഷിപ്പിലൂടെ സമാഹരിച്ച്‌ ജില്ലയിൽ എത്തിക്കുന്ന നോട്ട്‌ ബുക്കുകൾ,ഷൂസ്‌,മറ്റ്‌ പഠനോപകരണങ്ങൾ എന്നിവ പ്രളയ ബാധിത പ്രദേശങ്ങളിലെ എല്ലാ വിദ്യാലയങ്ങളിലും ആവശ്യക്കാരായ മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കാൻ ഡി ഡി മാർ ഡി ഇ ഒ മാർ എ ഇ ഒ മാർ തുടങ്ങിയവർ  നടപടി സ്വീകരിക്കേണ്ടതാണ്.

20. മേൽ പറഞ്ഞ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ ഉറപ്പ്‌ വരുത്തേണ്ടതാണു. വാട്ട്‌ സ്‌ ആപ്പ്‌  ഗ്രൂപ്പുകൾ, ഫെയ്സ്‌ബുക്ക്‌ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ വഴി ഈ നിർദ്ദേശങ്ങൾക്ക്‌ പരമാവധി പ്രചാരണം നൽകേണ്ടതാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശുചീകരണ പ്രവർത്തനങ്ങളിൽ മാതൃകയായി തിരുവനന്തപുരം ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ

മഞ്ജു വാര്യർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ്