ലഹരിവിരുദ്ധക്ലബ്ബുകള്‍ വ്യാപിപ്പിക്കും: എക്സൈസ് മന്ത്രി

 തിരുവനന്തപുരം വിദ്യാര്‍ഥികള്‍ക്കിടയില്‍ വിമുക്തി മിഷന്റെ നേതൃത്വത്തില്‍  നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍  കൂടുതല്‍ ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായി കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍േ ലഹരിവിരുദ്ധ ക്ലബ്ബുകള്‍ തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍.

നിലവില്‍ സ്‌കൂള്‍ തലത്തില്‍ 2761 ക്ലബ്ബുകളും കോളേജ് തലത്തില്‍ 511 ക്ലബ്ബുകളുമാണ്  പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍-കോളേജ് അധികൃതരുടെ ആവശ്യപ്രകാരം കൂടുതല്‍ വിദ്യാലയങ്ങളില്‍ ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ലഹരിവസ്തുക്കളുടെ പിടിയില്‍പെടാതെ വിദ്യാര്‍ഥികളെ സംരക്ഷിക്കുകയാണ് ലഹരിവിരുദ്ധക്ലബ്ബുകളുടെ ലക്ഷ്യം. എക്‌സൈസ് കമ്മീഷണര്‍ മുതല്‍ സിവില്‍ എക്‌സൈസ്  ഓഫീസര്‍ വരെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഒന്നോ അതിലധികമോ വിദ്യാലയങ്ങളുടെ ചുമതല നല്‍കിയിട്ടുണ്ട്. എക്‌സൈസ്  കമ്മീഷണര്‍ ഋഷിരാജ് സിങാണ് തിരുവനന്തപുരം കോട്ടഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ചുമതല വഹിക്കുന്നതെന്നം വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ലഹരിവിരുദ്ധക്ലബ്ബുകളുടെ കണ്‍വീനര്‍മാരും സ്‌കൂള്‍ അധികൃതരുമായും നിരന്തര ബന്ധം പുലര്‍ത്തിയും വിദ്യാലയ പരിസരങ്ങളില്‍  നിരീക്ഷണം ഏര്‍പ്പെടുത്തിയും ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും തടയാന്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്. ലഹരിമാഫിയയെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എക്‌സൈസ് വകുപ്പ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നവംബര്‍ വരെ  46,857 അബ്കാരി കേസുകളും   14,857 മയക്കുമരുന്ന് കേസുകളും 1,74,823 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ലഹരിക്ക് അടിമകളായവരെ അകറ്റിനിര്‍ത്തുകയല്ല, കരുതലും പരിചരണവും നല്‍കി  ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് വേണ്ടതെന്ന ലക്ഷ്യത്തൊടെ എല്ലാ ജില്ലകളിലും ഡീ അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ വിമുക്തിയുടെ ഭാഗമായി രൂപം നല്‍കിയ  14  ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ആദ്യത്തേത് കൊല്ലം നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നെയ്യാറ്റിന്‍കര ജനറല്‍ ഹോസ്പിറ്റല്‍( തിരുവനന്തപുരം) റാന്നി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി(പത്തനംതിട്ട), ചെങ്ങന്നൂര്‍ ജില്ലാ   ആശുപത്രി (ആലപ്പുഴ), പാല ജനറല്‍ ഹോസ്പിറ്റല്‍ (കോട്ടയം), പൈനാവ് ജില്ലാ ആശുപത്രി (ഇടുക്കി), മൂവാറ്റുപുഴ താലൂക്ക് ആശുപത്രി (എറണാകുളം), ചാലക്കുടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി (തൃശൂര്‍), കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ (പാലക്കാട്), നിലമ്പൂര്‍ ജില്ലാ ആശുപത്രി            (മലപ്പുറം), ബീച്ച്  ആശുപത്രി (കോഴിക്കോട്), കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റല്‍ (വയനാട്), പയ്യൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി (കണ്ണൂര്‍), നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി(കാസര്‍കോട്) എന്നിവിടങ്ങളിലാണ് മറ്റു ജില്ലകളിലെ ഡീ അഡിക്ഷന്‍ സെന്ററുകള്‍.  ഇതിനു പുറമേ ലഹരിക്കിരയായവര്‍ക്ക് കൗണ്‍സലിങ് നല്‍കാനായി  തിരുവനന്തപുരത്തും എറണാകുളത്തും  കോഴിക്കോട്ടും മേഖലാ കൗസലിങ് സെന്ററുകള്‍  തുറന്നിട്ടുണ്ട്.

രാവിലെ എട്ടുമുതല്‍ രാത്രി എട്ടുമണിവരെ നേരിട്ടും  ഫോണ്‍  മുഖേനയും കൗണ്‍സലിങ് നല്‍കുന്നതിനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടണ്ടെന്നും  14405 എന്ന ടോള്‍ ഫ്രീ നമ്പറില്‍ സെന്ററുകളുമായി ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എം. പി. ഇ. ഡി. എ മത്സ്യപ്രജനന കേന്ദ്രം കേന്ദ്രമന്ത്രി നാടിന് സമര്‍പ്പിക്കും

കേരളത്തെ മാതൃകാ ഭക്ഷ്യസുരക്ഷാ സംസ്ഥാനമാക്കും: മന്ത്രി