തകർന്ന റോഡുകളുടെ നിർമാണത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ 

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന റോഡുകൾ പുനർ നിർമിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അധികമായി അനുവദിക്കാൻ ഭരണാനുമതി നൽകിയതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിന്റെ അളവിൽത്തന്നെയാകും അടുത്ത വർഷത്തെ വിഹിതമെന്നും അദ്ദേഹം പറഞ്ഞു. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നവകേരളം കർമപദ്ധതി ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കായി പദ്ധതി വിഹിതത്തിൽ ഭേദഗതിവരുത്താൻ തദ്ദേശ സ്ഥാപനങ്ങളോടു നിർദേശിച്ചിരുന്നു. റോഡ് പുനർ നിർമാണം അടക്കമുള്ള പ്രവർത്തനങ്ങൾക്കു പണം നീക്കിവയ്ക്കുന്നതിനായിരുന്നു ഇത്. ഇക്കാര്യം പാലിച്ചിട്ടുണ്ടോ എന്നു പരിശോധിച്ച ശേഷമാകും റോഡ് നിർമാണത്തിനുള്ള അധിക ഫണ്ട് അനുവദിക്കുന്നത്.

റോഡ് അറ്റകുറ്റപ്പണിക്ക് കൂടുതൽ ഫണ്ട് ആവശ്യമുള്ള തദ്ദേശ സ്ഥാപനങ്ങൾക്കാകും മുൻഗണന നൽകുക. ഇതിന്റെ പട്ടിക തദ്ദേശ സ്വയംഭരണ വകുപ്പ് തയാറക്കണമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ ലക്ഷ്യംവയ്ക്കുന്ന ക്രൗഡ് ഫണ്ടിങ്ങിന്റെ ഭാഗമായുള്ള സ്‌പോൺസർഷിപ്പിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. പഞ്ചായത്തുകൾക്ക് ഇക്കാര്യത്തിൽ വിസ്മയകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയും. പ്രവാസികളുടെ സഹായം ഇതിനു പ്രയോജപ്പെടുത്തണം.

പ്രളയാനന്തര പുനർനിർമാണത്തിൽ പഞ്ചായത്തുകൾ മുൻകൈയെടുത്താൻ വലിയ തോതിൽ വിഭവ സമാഹരണം സാധ്യമാകും. ആലപ്പുഴയിലെ പ്രളയത്തിൽ തകർന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അംഗൻവാടികളും സ്‌കൂളുകളും സ്‌പോൺസർഷിപ്പിൽ പുനർ നിർമിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. വീടുകളും ഈ രീതിയിൽ അറ്റകുറ്റപ്പണി ചെയ്യാവുന്നതാണ്. തദ്ദേശ സ്ഥാപന മേലധികാരികൾ തയാറാണെങ്കിൽ ഇതു കേരളം മുഴുവൻ വ്യാപിപ്പിക്കാനാകും. 

പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി എല്ലാ വീടുകളിലും വളക്കുഴി നിർമിക്കാനാകണം. ഇതിനു വിപുലമായ പ്രചാരണം നൽകി ജനകീയ ആവേശമാക്കി മാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കഴിയണമെന്നും മന്ത്രി പറഞ്ഞു.

നവകേരള നിർമിതിക്കായി ത്രിതല പഞ്ചായത്തുകൾക്ക് ആശയങ്ങൾ സമർപ്പിക്കാം പ്രളയാനന്തര വികസനത്തിന്റെ ഭാഗമായി ജില്ലാ അടിസ്ഥാനത്തിൽ സമർപ്പിച്ചിട്ടുള്ള വികസന ആശയങ്ങൾ പരിശോധിച്ചുവരുകയാണെന്ന് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് സി.ഇ.ഒ. ഡോ. വി. വേണു പറഞ്ഞു. നാലാഞ്ചിറ ഗുരുദീപം കൺവെൻഷൻ സെന്ററിൽ നടന്ന നവകേരളം കർമ്മ പദ്ധതി ശിൽപശാലയിൽ പ്രളയാനന്തര വികസനകാഴ്ച്ചപ്പാട് എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ദുരിതബാധിത പ്രദേശങ്ങളിൽ വരുംകാല വളർച്ച കൂടി മുന്നിൽക്കണ്ട് ലോകോത്തര നിലവാരത്തിലുള്ള വികസനമാണ് പദ്ധതിയിടുന്നത്. കേരള പുനർ നിർമ്മിതിയിൽ ത്രിതല പഞ്ചായത്തുകൾക്കാണ് ഫലപ്രദമായ വികസന ആശയങ്ങൾ അവതരിപ്പിക്കാൻ സാധിക്കുന്നത്.

ത്രിതല സംവിധാനങ്ങളുടെ പൂർണ പങ്കാളിത്തത്തോടെ കേരളപുനർ നിർമ്മിതി മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിലേക്കായി ആശയങ്ങൾ സമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആരോഗ്യ രംഗത്ത് തദ്ദേശ സ്ഥാപനങ്ങൾക്കു വലിയ പങ്കു വഹിക്കാനാകും: ഡോ ബി ഇക്ബാൽ

ബൃന്ദാ കാരാട്ടിനു ജെ ദേവികയുടെ തുറന്ന കത്ത്