മലയാളി സ്റ്റാര്‍ട്ടപ്പില്‍  250 കോടി രൂപയുടെ ആഗോള നിക്ഷേപം 

final logo

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം ) ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിക്ഷേപം നടത്തിയ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ‘ഓപ്പണ്‍’-ന്  250  കോടി രൂപയുടെ ആഗോള നിക്ഷേപം ലഭിച്ചു  ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്‍റ്, സ്പീഡ്ഇന്‍വെസ്ററ്, ബീനെക്സ്റ്റ് എന്നിവയാണ് നിക്ഷേപം നടത്തിയത്.

അനീഷ് അച്യുതന്‍, മേബല്‍ ചാക്കോ,  ദീന ജേക്കബ്, അജീഷ് അച്യുതന്‍ എന്നിവരാണ് ചെറുകിട-ഇടത്തരം വ്യവസായങ്ങളെ ലക്ഷ്യമാക്കിയുള്ള നൂതന ബാങ്കിംഗ് പ്ലാറ്റ്ഫോമായ ഓപ്പണിന് 2017-ല്‍ തുടക്കമിട്ടത്. ഈ നിക്ഷേപത്തോടെ  ഓപ്പണ്‍-ന്‍റെ മൂല്യം  1,000 കോടി രൂപയിലെത്തി.  ടാങ്ലിന്‍ വെഞ്ച്വര്‍ പാട്ണേഴ്സ് അഡ്വൈസേഴ്സ,് 3വണ്‍4 ക്യാപിറ്റല്‍ എന്നിവയും  ബെറ്റര്‍ ക്യാപ്പിറ്റലിന്‍റെ എയ്ഞ്ചല്‍ ലിസ്റ്റ് സിന്‍ഡിക്കേറ്റും ഈ സ്ഥാപനത്തിന്‍റെ നിക്ഷേപകരില്‍ പെടുന്നു. 

സ്വകാര്യനിക്ഷേപം  സ്റ്റാര്‍ട്ടപ് മേഖലയിലേയ്ക്ക് ആകര്‍ഷിച്ച് സംരംഭങ്ങള്‍ക്ക് നല്‍കുകയും പരിമിതമായ തോതില്‍ മാത്രം  നിക്ഷേപം കെഎസ് യുഎം നിലനിര്‍ ത്തുകയും ചെയ്യുന്ന സംവിധാനമാണ് ഫണ്ട് ഓഫ് ഫണ്ട്. ഇതിലൂടെയാണ് ഓപ്പണ്‍ ആദ്യനിക്ഷേപം സ്വീകരിച്ച് വളര്‍ന്നത്. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ധനകാര്യ ഇടപാടുകള്‍ കാര്യക്ഷമമായി നടത്തുന്നതിന് ബാങ്കുകളുമായി സഹകരിച്ച് ബിസിനസ് അക്കൗണ്ടുകളാണ് ഓപ്പണ്‍ നല്‍കുന്നത്.

ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയിലൂടെ ആദ്യഘട്ടത്തില്‍ സ്റ്റാര്‍ട്ടപ് മിഷന്‍ നിക്ഷേപം നടത്തിയ കമ്പനികളിലൊന്നാണ് ഓപ്പണെന്ന് കെഎസ് യുഎം സിഇഒ ഡോ സജി ഗോപിനാഥ് പറഞ്ഞു. ഈ ചെറിയ നിക്ഷേപത്തില്‍ നിന്ന് കമ്പനിക്ക് കൂടുതല്‍ നേട്ടം കൈവരിച്ച് അതിവേഗം വളര്‍ച്ചയും വൈദഗ്ധ്യവും നേടാനായതില്‍ സന്തോഷമുണ്ട്. സമീപ ഭാവിയില്‍ കമ്പനി പുതിയ ഉയരങ്ങള്‍ കൈയടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സുഗമമായി പണം കൈകാര്യം ചെയ്ത് ഉപഭോക്താക്കളെ  തൃപ്തിപ്പെടുത്തി പത്തു ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്ക് അതിവേഗം വളര്‍ച്ച നേടിക്കൊടുക്കുക എന്ന  ലക്ഷ്യം കൈവരിക്കുന്നതിനും ചെറുകിട ബിസിനസുകള്‍ക്കുവേണ്ടി നൂതന ഉല്‍പ്പന്നങ്ങളായ ഓപ്പണ്‍ പ്ലസ് കാര്‍ഡ്, ലെയര്‍ എന്നിവ പുറത്തിറക്കി തങ്ങളുടെ മൂല്യവര്‍ധന നേടുന്നതിനും  പുതിയ നിക്ഷേപം മുതല്‍ക്കൂട്ടാകുമെന്ന് ഓപ്പണ്‍ സിഇഒ അനീഷ് അച്യുതന്‍ പറഞ്ഞു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചാമ്പ്യന്‍സ് ബോട്ട് ലീഗ്  നടത്തിപ്പിന്  പൊതുമേഖലാ കമ്പനി: മന്ത്രി കടകംപള്ളി

ആദ്യ ഭക്ഷ്യ സുരക്ഷ സൂചികയില്‍ കേരളം ഒന്നാം നിരയില്‍