ഡൽഹി കേരള ഹൗസിൽ സമാഹരിച്ച 5 ടൺ അവശ്യവസ്തുക്കൾ കേരളത്തിലേക്ക് അയച്ചു

ന്യൂഡൽഹി: പ്രളയക്കെടുതി അനുഭവിക്കുന്നവർക്കുള്ള സഹായമായി ഡൽഹി കേരളഹൗസിൽ സമാഹരിച്ച അഞ്ച് ടൺ അവശ്യവസ്തുക്കൾ വിമാനമാർഗം കേരളത്തിൽ എത്തിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലർച്ചെയുമായാണ് സാധനങ്ങൾ എത്തിച്ചത്.

കേരളഹൗസിൽ പ്രവർത്തനം തുടങ്ങിയ കൗണ്ടറിലേക്ക് ധാരാളം പേർ സഹായവുമായി എത്തുകയാണ്. സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും സാധനങ്ങൾ എത്തിച്ചു. മലയാളികൾക്കു പുറമേ ഡൽഹി സ്വദേശികളും ഇതര സംസ്ഥാനത്തു നിന്നുള്ളവരും സാധനങ്ങളുമായെത്തി.

ഉപയോഗിച്ച സാധനങ്ങൾ കഴിവതും ഒഴിവാക്കണമെന്ന് കേരളഹൗസ് അധികൃതർ അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, വസ്ത്രം, ശുചീകരണ വസ്തുക്കൾ, വെള്ളം എന്നിങ്ങനെ ഇനം തിരിച്ച് പ്രത്യേക പാക്കറ്റുകളിലാക്കി അയക്കുകയാണ് ചെയ്യുന്നത്. കേരളഹൗസിലെ ജീവനക്കാർക്കൊപ്പം ഡൽഹിയിലെ വിവിധ കോളേജുകളിൽ നിന്നെത്തിയ കുട്ടികളും ഇതിനായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായി.

നാഫെഡ് മുഖേന 50 മെട്രിക് ടൺ പയറു വർഗങ്ങൾ എയർഫോഴ്‌സ് വിമാനത്തിൽ കൊച്ചിയിൽ എത്തിച്ചു. 60 മെട്രിക് ടൺ ഉടനെ എത്തിക്കും. ഗ്ലൂക്കോസ് ഉൾപ്പെടെ 57 മെട്രിക് ടൺ മരുന്നുകൾ തിരുവനന്തപുരത്ത് എത്തിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി 12 ലക്ഷം രൂപ

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ദിവസമായി ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ കേരളഹൗസിൽ സമാഹരിച്ചു.

അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ഒരു കോടി രൂപ നൽകിയിരുന്നു. വരുൺ ഗാന്ധി രണ്ട് ലക്ഷം രൂപ നൽകി. ചെക്കായും ഡി.ഡി.യായുമാണ് ധനസമാഹരണം നടത്തുക. ഒട്ടേറെപ്പേർ ഓൺലൈനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വെള്ളമിറങ്ങിയ സ്ഥലങ്ങളിൽ പാമ്പ് ശല്യം സൂക്ഷിക്കണം 

മലപ്പുറത്ത് ദ്രുത സേവനം കാഴ്ച്ചവച്ച് സൈന്യം