in ,

ആര്‍ദ്രം മിഷൻ:  503 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി ടീം ബില്‍ഡിംഗ് ട്രെയിനിംഗ്

തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഈ വര്‍ഷം തെരഞ്ഞെടുത്ത 503 കേന്ദ്രങ്ങളിലെ ബന്ധപ്പെട്ട വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന്റെയും (എസ്.എച്ച്.എസ്.ആര്‍.സി) കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെയും (കില) ആഭിമുഖ്യത്തില്‍ ‘ടീം ബില്‍ഡിംഗ് ട്രെയിനിംഗ്’ നല്‍കുന്നു.

ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലേയും മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, ക്ലാര്‍ക്ക്, ലാബ് ടെക്‌നീഷ്യന്‍, പി.ആര്‍.ഒ., ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വിജയത്തില്‍ വലിയ പങ്കു വഹിക്കുന്നതിനാലാണ് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി പരിശീലനം നല്‍കുന്നത്.

ആഗസ്റ്റ് ആറുമുതല്‍ വിവിധ ബാച്ചുകളായി തിരിച്ച് 6,000ലധികം പേര്‍ക്കാണ് വിവിധ ഘട്ടങ്ങളിലായി തൃശൂര്‍ കിലയില്‍ വച്ച് ദ്വിദിന പരിശീലനം നല്‍കുന്നത്. ഒരു ബാച്ചില്‍ 20 കുടുംബാരോഗ്യ കേന്ദ്രങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 12 പേര്‍ വച്ച് 240 പേര്‍ക്ക് വീതമാണ് ഒരു ബാച്ചില്‍ പരിശീലനം നല്‍കുന്നത്.

കൂട്ടായ്മയുടെ വിജയമാണ് ഓരോ കുടുംബാരോഗ്യ കേന്ദ്രവുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോള്‍ വലിയ മാറ്റമാണുണ്ടാകുന്നത്. പഞ്ചായത്തുകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. പഞ്ചായത്തുകള്‍ അവിടത്തെ നിലവിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് മൈക്രോ പ്ലാനിംഗ് ഉണ്ടാക്കണം. കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുമ്പോള്‍ അതുംകൂടി കണ്ടെത്തി പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട എല്ലാവരും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മതിയായ ജീവനക്കാരെ നിയമിച്ചതിന് ശേഷമാണ് കുടുംബാരോഗ്യ കേന്ദ്രമാക്കുന്നത്. ഓരോ കുടുംബത്തിന്റേയും ആരോഗ്യ അനുബന്ധ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് ജനങ്ങള്‍ക്കെല്ലാം സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തി നല്ല ആരോഗ്യാവസ്ഥ സൃഷ്ടിച്ച് ജനസൗഹൃദമാക്കുക എന്നതാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. 3 ഡോക്ടര്‍മാര്‍ 4 സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍, 2 ഫാര്‍മസിസ്റ്റ് എന്നീ ജിവനക്കാരാണ് കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ടാവുക. ഉച്ചവരെ മാത്രമുണ്ടായിരുന്ന ഒ.പി. സമയം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണിവരെ പ്രവര്‍ത്തിക്കും. പ്രാഥമിക ചികിത്സയ്ക്ക് വേണ്ട ലബോറട്ടറി സൗകര്യവുമുണ്ടാകും. വൈദഗ്ദ്യം ലഭിച്ച ജീവനക്കാരും സൗഹാര്‍ദപരമായ പെരുമാറ്റവും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. ഇതിനായി ജീവനക്കാര്‍ക്ക് മതിയായ പരിശീലനം ആവശ്യമാണ്.

മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, എന്‍.എച്ച്.എം. സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത എന്നിവര്‍ പരിശീലന കാലയളവില്‍ കില സന്ദര്‍ശിച്ച് ഇവരെ അഭിസംബോധന ചെയ്യുന്നതാണ്.

ആര്‍ദ്രം മിഷന്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.കെ. ജമീല, എസ്.എച്ച്.എസ്.ആര്‍.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു, ഓണററി കണ്‍സള്‍ട്ടന്റ് ഡോ. കെ. വിജയകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. ജഗദീശന്‍, ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ദിവ്യ വി.എസ്. എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളത്തിൽ കോടതികളുടെ സ്ഥിതി ദയനീയമെന്ന് റിപ്പോർട്ട് 

ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ തകര്‍ക്കുന്നു: രമേശ് ചെന്നിത്തല