Movie prime

കേരളം കാണാനെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 6.82% വര്‍ദ്ധന

തിരുവനന്തപുരം: പ്രളയാനന്തര കാലത്തെ പ്രശ്നങ്ങള് അതിജീവിച്ച കേരളത്തിലേക്ക് ഈ വര്ഷം ജനുവരി മുതല് മാര്ച്ച് വരെയുള്ള മാസങ്ങളില് എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില് 6.82 ശതമാനം വര്ദ്ധന. ഇക്കാലയളവില് 46,12,937 ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളാണ് കേരളത്തിന്റെ പ്രകൃതിസൗന്ദര്യം നുകരാനെത്തിയത്. കഴിഞ്ഞ വര്ഷം ഇതേസമയം 43,18,406 സഞ്ചാരികളായിരുന്നു എത്തിയത്. ഈ വര്ഷം ആദ്യപാദത്തില് 41,90,468 ആഭ്യന്തര സഞ്ചാരികള് കേരളത്തില് എത്തിയതിലൂടെ 8.07 ശതമാനം വളര്ച്ച കൈവരിക്കാനായി. 38,77,712 ആഭ്യന്തര വിനോദസഞ്ചാരികളായിരുന്നു കഴിഞ്ഞ വര്ഷം ഇതേസമയം എത്തിയത്. എന്നാല് വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില് More
 
കേരളം കാണാനെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 6.82% വര്‍ദ്ധന

തിരുവനന്തപുരം: പ്രളയാനന്തര കാലത്തെ പ്രശ്നങ്ങള്‍ അതിജീവിച്ച കേരളത്തിലേക്ക് ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 6.82 ശതമാനം വര്‍ദ്ധന. ഇക്കാലയളവില്‍ 46,12,937 ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളാണ് കേരളത്തിന്‍റെ പ്രകൃതിസൗന്ദര്യം നുകരാനെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 43,18,406 സഞ്ചാരികളായിരുന്നു എത്തിയത്.

ഈ വര്‍ഷം ആദ്യപാദത്തില്‍ 41,90,468 ആഭ്യന്തര സഞ്ചാരികള്‍ കേരളത്തില്‍ എത്തിയതിലൂടെ 8.07 ശതമാനം വളര്‍ച്ച കൈവരിക്കാനായി. 38,77,712 ആഭ്യന്തര വിനോദസഞ്ചാരികളായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേസമയം എത്തിയത്. എന്നാല്‍ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 4.14 ശതമാനം ഇടിവ് രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രളയം കൂടുതല്‍ നാശം വിതച്ച എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ സഞ്ചാരികളെത്തിയത് ജനുവരി മുതല്‍ മൂന്നുമാസം സംസ്ഥാന വിനോദസഞ്ചാരമേഖല ശക്തമായ തിരിച്ചുവരവ് നടത്തി എന്നതിന്‍റെ വ്യക്തമായ തെളിവാണ്.

108,169 ആഭ്യന്തര വിനോദസഞ്ചാരികള്‍ അധികമായി എത്തിയ എറണാകുളമാണ് മുന്നില്‍. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ 8,87,922 എത്തിയപ്പോള്‍ 9,96,091 പേരാണ് ഈവര്‍ഷം എത്തിയത്. ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇടുക്കിയില്‍ 3,43,938 (2018ല്‍ 2,48,052) ആലപ്പുഴയില്‍ 1,80,562 (1,32,442), കണ്ണൂരില്‍ 2,10,247 (1,84,389), കോഴിക്കോട് 3,20,795 (2,76,188) സഞ്ചാരികളുമാണ് സന്ദര്‍ശിച്ചത്. കൊല്ലം, കോട്ടയം, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലും ചെറിയ വര്‍ദ്ധനയുണ്ട്.

തൃശൂര്‍, തിരുവനന്തപുരം ജില്ലകളാണ് ആഭ്യന്തര സഞ്ചാരികളുടെ കാര്യത്തില്‍ പിന്നിലേക്കു പോയത്. ഗുരുവായൂര്‍, പത്മനാഭസ്വാമിക്ഷേത്രം എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലെ കുറവാണ് ഇതിന് കാരണം.

അടിസ്ഥാന സൗകര്യങ്ങളിലുള്‍പ്പെടെയുണ്ടായ കനത്ത നാശനഷ്ടങ്ങളെ അതിജീവിക്കാന്‍ ടൂറിസം മേഖലയ്ക്ക് ദീര്‍ഘനാള്‍ വേണ്ടിവരുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും വിനോദസഞ്ചാരികളുടെ ആത്മവിശ്വാസം ആര്‍ജ്ജിച്ചെടുക്കാനും ഫലപ്രദമായ പദ്ധതികള്‍ തയാറാക്കി ഈ ആശങ്ക മാറ്റാനും പ്രളയത്തെ വിജയകരമായി അതിജീവിക്കാനും സാധിച്ചുവെന്ന് ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ഇതിന്‍റെ വ്യക്തമായ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ വിനോദസഞ്ചാര വകുപ്പ് നടത്തിയ സുസ്ഥിര പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ വളര്‍ച്ച കൈവരിക്കാനായത്. നവംബര്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ ‘ഇറ്റ്സ് ടൈം ഫോര്‍ കേരള ക്യാംപയ്നും’തുടര്‍ന്ന് മാര്‍ക്കറ്റിങ്ങിന്‍റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര മേഖലയെക്കുറിച്ചുള്ള ധാരണകളെ തിരുത്തുന്നതിന് ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ പ്രചാരണവും സംഘടിപ്പിച്ചു. സഞ്ചാരികളെ ആകര്‍ഷിക്കുകയും മത്സരാധിഷ്ഠിത ആഗോള വിപണിയില്‍ കേരള വിനോദസഞ്ചാരത്തിന് കീര്‍ത്തി നേടുകയുമായിരുന്നു ഫെബ്രുവരിയില്‍ പുറത്തിറക്കിയ ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ ദൃശ്യ പ്രചാരണത്തിന്‍റെ ലക്ഷ്യം.


ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 4,22,469 വിദേശ വിനോദസഞ്ചാരികളാണ് കേരളത്തിലെത്തിയത്. എന്നാല്‍ 2018ല്‍ ഇക്കാലയളവില്‍ 4,40,694 പേരായിരുന്നു എത്തിയത്. 4.14 ശതമാനം കുറവാണുണ്ടായത്.


കോവളവും വര്‍ക്കലയും ഉള്‍പ്പെടുന്ന തിരുവനന്തപുരം ജില്ലയില്‍ 27,760 സഞ്ചാരികളുടെ കുറവുണ്ടായി. 2018 ലെ ആദ്യ പാദത്തില്‍ 1,36,547 വിദേശ സഞ്ചാരികള്‍ എത്തിയിരുന്നിടത്ത് ഇത്തവണ എത്തിയത് 1,08,787 പേരാണ്. എറണാകുളത്തും 22,667 സഞ്ചാരികളുടെ കുറവുണ്ടായി. എന്നാല്‍ ഇടുക്കിയില്‍ 8,976, ആലപ്പുഴയില്‍ 8,541, കോട്ടയത്ത് (കുമരകം) 9,593 എന്നിങ്ങനെ വിദേശ സഞ്ചാരികളുടെ വര്‍ദ്ധന നേടാനായി. കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലും വര്‍ദ്ധനയുണ്ടായി.

പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളെ വളരെ വേഗത്തില്‍ പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പരിശ്രമങ്ങളെയാണ് 2019 ന്‍റെ ആദ്യ പാദത്തിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് സൂചിപ്പിക്കുന്നതെന്ന് ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു. പ്രളയത്തിനുശേഷം കേരളം ദ്രുതഗതിയില്‍ സാധാരണനിലയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നു എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. പരിശ്രമങ്ങള്‍ക്കു ഫലം കാണുന്നുവെന്നത് ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ കണക്കുകളില്‍തന്നെ പ്രതിഫലിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

പ്രകൃതിക്ഷോഭത്തെ അതിജീവിച്ചുകൊണ്ട് ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ നേടിയ പ്രശംസനീയമായ വര്‍ദ്ധന അഭിനന്ദനാര്‍ഹമാണെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ വ്യക്തമാക്കി. സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ യോജിച്ച പ്രവര്‍ത്തനങ്ങളുടേയും ജനങ്ങളുടേയും ടൂറിസം മേഖലയിലെ പങ്കാളികളുടേയും പരിശ്രമങ്ങളുടേയും ഫലമാണിതെന്നും ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ പറഞ്ഞു.

മഴയുടെ മാന്ത്രികതയും കായല്‍ സൗന്ദര്യവും ആയുര്‍വേദ ചികിത്സയിലൂന്നിയ ആരോഗ്യകരമായ വിനോദസഞ്ചാരവും സമന്വയിപ്പിച്ച് വിനോദസഞ്ചാരികളില്‍ മഴക്കാലത്ത് വിസ്മയം തീര്‍ക്കാന്‍ ഈ മേയ് മാസം ‘ഡ്രീം സീസണ്‍’ എന്ന പ്രചാരണത്തിനു തുടക്കമിട്ടിരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇതിന്‍റെ അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.