എസ്.എ.ടി.യില്‍ നൂതന ഉപകരണങ്ങള്‍ വാങ്ങാന്‍ 98 ലക്ഷം 

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നൂതന ഉപകരണങ്ങള്‍ വാങ്ങാന്‍ 97.56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

16 ലക്ഷം വിലയുള്ള ആട്ടോമേറ്റഡ് ബ്ലഡ് കള്‍ച്ചര്‍ സിസ്റ്റം, 28 ലക്ഷം ചെലവഴിച്ചുള്ള 4 വെന്റിലേറ്ററുകള്‍, 14 ലക്ഷത്തിന്റെ ന്യൂബോണ്‍ ടു അഡള്‍ട്ട് വെന്റിലേറ്റര്‍, 6 ലക്ഷത്തിന്റെ 2 നോണ്‍ ഇന്‍വേസീവ് വെന്റിലേറ്റര്‍, 12 ലക്ഷത്തിന്റെ പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട്, 11 ലക്ഷം ചെലവഴിച്ചുള്ള അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, 1.3 ലക്ഷത്തിന്റെ ഡയത്തെര്‍മി, 4.76 ലക്ഷത്തിന്റെ മോര്‍സിലേറ്റര്‍, 1.5 ലക്ഷത്തിന്റെ ലാപ്രോസ്‌കോപ്പിക്കായുള്ള ലിത്തോട്ടമി സ്റ്റിറപ്പ്, 3 ലക്ഷത്തിന്റെ പോര്‍ട്ടബിള്‍ എക്‌സ്‌റേ എന്നിവ പ്രവര്‍ത്തന സജ്ജമാക്കാനാണ് തുക അനുവദിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നത്തിന് വേണ്ടിയാണ് തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.

ആന്റീബയോട്ടിക്കുകളുടെ അമിത ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇതിനൊരു പരിഹാരമായാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന് രൂപം നല്‍കിയത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ ഭാഗമായാണ് എസ്.എ.ടി. ആശുപത്രിയില്‍ ആട്ടോമേറ്റഡ് ബ്ലഡ് കള്‍ച്ചര്‍ സിസ്റ്റം സ്ഥാപിക്കുന്നത്. ഇതിലൂടെ രോഗാണുക്കളുടെ വിവരങ്ങള്‍ കൃത്യമായി അറിയാനും ആവശ്യമുള്ളവര്‍ക്ക് മാത്രം ആന്റിബയോട്ടിക്കുകള്‍ നല്‍കാനും സാധിക്കുന്നു. 

കുട്ടികള്‍ക്കും അമ്മമാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന നൂതനമായ 4 ട്രാന്‍സ്‌പോര്‍ട്ട് വെന്റിലേറ്ററുകളാണ് സജ്ജമാക്കുന്നത്. രോഗിയെ വിവിധ പരിശോധനകള്‍ക്ക് കൊണ്ടു പോകുമ്പോഴും വാര്‍ഡുകളിലേക്ക് മാറ്റുമ്പോഴും വെന്റിലേറ്ററില്‍ നിന്നും മാറ്റാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്നു. 

ജനിക്കുന്ന കുഞ്ഞ് മുതല്‍ അമ്മമാര്‍ക്ക് വരെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ന്യൂബോണ്‍ ടു അഡള്‍ട്ട് വെന്റിലേറ്റര്‍. പ്രത്യേകരീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ആവശ്യകതയനുസരിച്ച് അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.

ശ്വാസകോശത്തില്‍ ട്യൂബ് കടത്താതെ തന്നെ വെന്റിലേറ്റര്‍ സൗകര്യം ലഭ്യമാകുന്നതാണ് നോണ്‍ ഇന്‍വേസീവ് വെന്റിലേറ്റര്‍. ഇതും കുട്ടികള്‍ക്കും അമ്മമാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും.

ആവശ്യാനുസരണം സ്ഥലം മാറ്റി ഉപയോഗിക്കാന്‍ കഴിയുന്നതാണ് പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍. പീഡിയാട്രിക് ക്യാഷ്വാലിറ്റിയിലാണ് ഇത് സ്ഥാപിക്കുക. ഇതിലൂടെ വളരെ അത്യാവശ്യമുള്ള അള്‍ട്രാസൗണ്ട് സ്‌കാനിംഗുകള്‍ ഉടനെടുക്കാന്‍ സാധിക്കുന്നു. 

പുതുതായി അനസ്തീഷ്യ വര്‍ക്ക് സ്റ്റേഷന്‍ ആരംഭിക്കുന്നതോടെ ഈ സര്‍ക്കാര്‍ സ്ഥാപിച്ച ഗൈനക്കോളജി വിഭാഗത്തിന്റെ സ്റ്റാന്റ്‌ബൈ ഓപ്പറേഷന്‍ തീയറ്റര്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിക്കും. 

ഇന്‍ഫെര്‍ട്ടിലിറ്റി വിഭാഗത്തില്‍ ശസ്ത്രക്രിയകള്‍ക്കായിട്ടാണ് ഡയത്തെര്‍മി, മോര്‍സിലേറ്റര്‍, ലിത്തോട്ടമി സ്റ്റിറപ്പ് എന്നിവ സജ്ജമാക്കുന്നത്. 

രോഗിയുടെ അടുത്തുചെന്ന് എക്‌സ്‌റേ എടുക്കാന്‍ കഴിയുന്നതാണ് പോര്‍ട്ടബിള്‍ എക്‌സ്‌റേ. സാരമായി ബുദ്ധിമുട്ടുകളുള്ള രോഗികളെ എക്‌സ്‌റേ റൂമില്‍ കൊണ്ടുപോകാതെ എക്‌സ്‌റേയെടുക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജാപ്പനീസ് മലയാളം നിഘണ്ടു മുഖ്യമന്ത്രി  പ്രകാശനം ചെയ്യും  

അന്താരാഷ്ട്ര വനിതാദിനം സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 8 ന്