AAnavandi, buses, chunk, conductor, driver, duty, KSRTC, life, MG Rajamanickam, MD, new, old, patients, renovation, saved, time shedule, Tomin Thachankary, travel,
in , , ,

അന്നത്തെ ആനവണ്ടി; ഇന്നത്തെ കട്ട ചങ്ക്

‘ആനവണ്ടി’യെന്ന ഓമനപ്പേരിൽ പണ്ടേക്കുപണ്ടേ അറിയപ്പെട്ട നമ്മുടെ സ്വന്തം കെഎസ്ആർടിസി ബസുകൾ ( KSRTC buses ) അടുത്തിടെയായി ‘ചങ്ക് വണ്ടി’യെന്ന ഓമനപ്പേരു കൂടി സ്വന്തമാക്കിയിരിക്കുകയാണ്. കാലുവാരലും തൊഴുത്തിൽക്കുത്തും കോർപ്പറേഷനിൽ നിർബാധം അരങ്ങേറുന്നുണ്ടെങ്കിലും ചുരുക്കം ചില ജീവനക്കാരുടെ മനുഷ്യത്വപരമായ ഇടപെടലുകളിലൂടെ ഈ ബസ് സർവ്വീസുകളെ കുറിച്ചുള്ള ചീത്തപ്പേര് മാറുകയാണ്.

വല്ലാത്തൊരു വിധിവൈപരീത്യം

ഹൊ, അതൊക്കെയൊരു കാലം. അന്ന് എന്തായിരുന്നു ഈ ‘ആനവണ്ടി’യുടെ ഒരു ഗമ. ചീറിപ്പാഞ്ഞ് ചെമ്മൺ പൊടിയും കരിപ്പുകയും ബഹിർഗമിപ്പിച്ച് ആരെയും കൂസാതെ പാഞ്ഞു നടന്നിരുന്ന ശകടങ്ങൾ. അക്കാലത്ത് മറ്റ് വാഹനങ്ങൾ തീരെ കുറവായതിനാലും കണ്ടെയ്നർ ലോറി, ജെസിബി പോലുള്ള മറ്റ് ഘടാഘടിയന്മാരായ വണ്ടികളുടെ അഭാവവും ആനവണ്ടികളെ നിരത്തിലെ നാടുവാഴികളാക്കിയിരുന്നു.

സമയക്രമം പാലിക്കാതെയും ബസ്സ്റ്റോപ്പിന് ഏറെ ദൂരം പിന്നിലോ മുന്നിലോ നിർത്തിയുമൊക്കെ ആന വണ്ടിയുടെ പാപ്പാന്മാർ യാത്രക്കാരെ നെട്ടോട്ടമോടിച്ചു. അവരുടെ ശാപം ഫലിച്ചിട്ടെന്ന മട്ടിൽ പിന്നെപ്പിന്നെ പല ശകടങ്ങളും അവശതയാൽ പണിമുടക്കി പെരുവഴിയിൽ ശവങ്ങൾ പോലെ കിടപ്പായി. അപ്പോഴും ‘ഹാഥിഗാഡി’ക്ക് യാത്രക്കാരുടെ ശാപവചനങ്ങൾ നിരന്തരം ഏൽക്കേണ്ടി വന്നു.

പഴയകാല കണ്ടക്ടർമാർ

ആനവണ്ടി നാടുവാഴിയെങ്കിൽ കണ്ടക്ടറും ഡ്രൈവറുമായിരുന്നു മന്ത്രി പുംഗവന്മാർ. അത്യന്തം നികൃഷ്ടമായാണ് ആ സചിവന്മാരിൽ ഭൂരിഭാഗവും പാവം പ്രജകളായ യാത്രക്കാരോട് പെരുമാറിയിരുന്നത്. അടിമകളോട് കൽപ്പിക്കും മട്ടിൽ ധാർഷ്ട്യത്തോടെ അലറാനുള്ള ജന്മാവകാരം തങ്ങൾക്ക് പതിച്ചു കിട്ടിയിട്ടുണ്ടെന്ന മട്ടിലായിരുന്നു പലപ്പോഴുമവരുടെ പ്രകടനങ്ങൾ.

അതിന് കൂടുതലും ഇരകളായതോ വിദ്യാർത്ഥികളും. ചില്ലറയുടെ പേരിലെ കടിപിടിയും കൺസിഷനെ ചൊല്ലിയുള്ള വാക്പോരും ഇക്കാലത്തും നിർബാധം തുടരുന്നുണ്ട് ഇപ്പോഴും പല കണ്ടക്ടർമാരും .

ഡ്രൈവർമാരുടെ വീരകൃത്യങ്ങൾ

AAnavandi, buses, chunk, conductor, driver, duty, KSRTC, life, MG Rajamanickam, MD, new, old, patients, renovation, saved, time shedule, Tomin Thachankary, travel,

ചെളിക്കുഴിയിൽ വണ്ടി ചാടിച്ച് വഴിയാത്രക്കാരെ അഭിഷേകം നടത്തുക, അനാവശ്യമായി ഹോണിനാൽ പെരുമ്പറ മുഴക്കുക, യാത്രക്കാർ കയറുകയോ ഇറങ്ങുകയോ ചെയ്യും മുൻപ് വണ്ടി മുന്നോട്ടെടുക്കുക, ഓരോ ദിവസത്തെയും അവസാന ബസ് റദ്ദാക്കുകയോ നേരത്തെ പുറപ്പെട്ടോ രാത്രികാല യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കുക,

അസ്ഥാനത്ത് ബ്രേക്കിട്ട് പിന്നിലെ യാത്രക്കാരെ മുൻ നിരയിലെത്തിക്കുക, കുണ്ടിലും കുഴിയിലും പാഞ്ഞിറങ്ങി യാത്രക്കാരുടെ കശേരുക്കളിളക്കുക എന്നിത്യാദി കലാപരിപാടികൾ അനുസ്യൂതം തുടർന്നു കൊണ്ടിരുന്ന അന്നത്തെ ഡ്രൈവർമാരുടെ പിൻതലമുറക്കാർ ഇപ്പോഴുമുണ്ടീ ആനവണ്ടികളിൽ.

യാത്രക്കാരുടെ ദുരിതങ്ങൾ

മഴയും വെയിലും സുലഭമായി ലഭ്യമാകുന്ന ബസ്സ്റ്റോപ്പുകളിൽ ദീർഘനേരം അവശരായി ഒരേ നിൽപ്പു നിൽക്കുന്ന യാത്രക്കാർ. ബസ്സ്റ്റോപ്പുകളിലെ ഇരിപ്പിടങ്ങൾ കണ്ടിട്ടില്ലേ. ഒരൊറ്റക്കമ്പിയാകുന്നു ഇരിപ്പിടം. അതു തന്നെ പലപ്പോഴും പൊട്ടിപ്പൊളിഞ്ഞു കിടക്കുമ്പോൾ പിന്നെ യാത്രക്കാർ കൊറ്റികളെപ്പോൽ നിൽക്കുകയേ വഴിയുള്ളൂ. (ലക്ഷങ്ങൾ ചിലവഴിച്ച കണക്കും ജനപ്രതിനിധിയെ കുറിച്ചുള്ള പ്രശംസാ വചനങ്ങളും വഹിക്കുന്ന ബസ്സ്റ്റോപ്പുകളിലെ യാത്രക്കാർക്കാണീ വിധി.)

ബസ് മാസ് എൻട്രി നടത്തുന്നതു ദൂരെ നിന്നു കാണുമ്പോൾ യാത്രക്കാർ സന്തോഷത്തോടെ തയ്യാറെടുക്കുന്നു. എന്നാലാ ബസോ, സ്റ്റോപ്പിൽ നിന്നു ബഹുദൂരം മുന്നിൽ റോഡിൻ മധ്യത്തായ് നിലയുറപ്പിക്കുന്നു. പിന്നാലെ കുഞ്ഞുകുട്ടിപരാധീനങ്ങളുമായി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഓടെടാ ഓട്ടം.

അടുത്ത വേളയിൽ പക്ഷേ ആനവണ്ടി നിർത്തുന്നത് സ്റ്റോപ്പ് എത്തുന്നതിനു മുൻപാകാം. യാത്രക്കാർ ഓടിക്കിതച്ച് അണയും മുൻപേ ഡബിൾ ബെല്ലടിച്ച് ബസ് മുന്നോട്ടു കുതിക്കുകയായി. ഇക്കാലത്തും പലയിടത്തും തുടരുന്നുണ്ടീക്കളി. മണിക്കൂറുകൾക്കു ശേഷം ഒരു ബസ് നിറയെ യാത്രക്കാരുമായി വന്നെത്തുന്നു.

ഫുട്ബോർഡിൽ തൂങ്ങി നിന്ന് ജനൽക്കമ്പികളിലും മറ്റൊരുവന്റെ കോളറിലും പിടിച്ച് സാഹസിക യാത്ര തുടങ്ങുമ്പോൾ പിന്നിൽ ഒന്നിനു പിറകെ ഒന്നായി കാലിയടിച്ചെത്തുന്ന പിൻഗാമികളാം ബസുകൾ. തീവണ്ടി ബോഗികളെപ്പോലെയോ പൈലറ്റ് വാഹനങ്ങളെപ്പോലെയോ നിരനിരയായ് അവ പോയിക്കഴിഞ്ഞാൽ പിന്നെ കുറേയേറെ സമയത്തേക്ക് ആ റൂട്ടിൽ ഇവറ്റകളെ കണ്ടു കിട്ടില്ലെന്നത് കട്ടായം.

ഒരു യാത്രക്കാരനു വേണ്ടി ബാംഗളൂർ വരെ വണ്ടിയോടിച്ചതിന് അടുത്തിടെയും ജീവനക്കാരോട് അധികൃതർ വിശദീകരണം ചോദിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു എന്നത് മറ്റൊരു തമാശ.

വനിതാ യാത്രക്കാരികളുടെ ദുരിതയാത്ര

മഴയത്ത് ചോർന്നൊലിക്കുന്ന, പലപ്പോഴും സീറ്റിലെ കമ്പിയിലുടക്കി വസ്ത്രങ്ങൾ കീറുന്ന ബസുകൾക്കകത്തെ ഇരുണ്ട ലോകം പൂവാലന്മാർ സധൈര്യം വിലസുന്ന വിഹാരരംഗം കൂടിയാണ്. സന്ധ്യാവേളയിൽ നിർബാധം, നിരന്തരം, നിർഭയം കയറിക്കൂടുന്ന മദ്യപാനികൾ വനിതാ യാത്രക്കാരികൾ ഉൾപ്പെടെയുള്ളവർക്കു നേരെ ഉയർത്തുന്ന ഭീഷണി നിശബ്ദം സഹിക്കുകയേ പലർക്കും വഴിയുള്ളൂ.

സീറ്റ് റിസർവേഷൻ ഉണ്ടെന്നാകിലും ഗർഭിണിമാരും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ശാരീരിക അവശതയാൽ ആടിയുലഞ്ഞ വയോധികരും സീറ്റ് ലഭിക്കാതെ ദുരിതയാത്ര നടത്തുമ്പോൾ കണ്ടക്ടർമാരിൽ പലരും മൗനീബാബകളാകുകയാണ് പതിവ്.

അവരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സ്ത്രീകൾ നിലകൊള്ളുന്ന സർക്കാർ ബസ്സുകളിൽ പിന്നിൽ മാത്രം പുരുഷന്മാർ തിക്കിത്തിരക്കവെ മുന്നിൽ ‘ക്രിക്കറ്റ് കളിക്കാൻ സ്ഥലമുണ്ടല്ലോ. അങ്ങോട്ട് പോകൂ’ എന്ന് വിളിച്ചു കൂകുന്ന കണ്ടക്ടർ. ‘ഞങ്ങൾ വിക്കറ്റ് കീപ്പർമാരാണേയ് ‘ എന്ന് മറുപടിയേകുന്നവരോട് പിന്നെന്തു ചൊല്ലാൻ!

AAnavandi, buses, chunk, conductor, driver, duty, KSRTC, life, MG Rajamanickam, MD, new, old, patients, renovation, saved, time shedule, Tomin Thachankary, travel,

താരങ്ങളായി ജീവനക്കാർ

ഹൃദയാഘാതം സംഭവിച്ച യാത്രക്കാരനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച വനിതാ കണ്ടക്ടറിന്റെയും ഡ്രൈവറിന്റെയും സമയോചിത ഇടപെടലിലൂടെ ഇന്നലെ ഒരു ജീവൻ രക്ഷപ്പെട്ടതാണ് ഏറ്റവും പുതിയ വാർത്ത. നെയ്യാറ്റിൻകര ഡിപ്പോയിലെ എസ് ശ്യാമള എന്ന കണ്ടക്ടറും എ ജൂഡ് എന്ന ഡ്രൈവറുമാണ് ഒരാളുടെ രക്ഷകരായത്. രോഗിയുടെ ബന്ധുക്കൾ ആശുപത്രിലേക്ക് പുറപ്പെട്ട ശേഷമാണ് ജീവനക്കാരും യാത്രക്കാരും യാത്ര തുടർന്നത്.

ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കണ്ടെയ്നർ ലോറിയെ കെ എസ് ആർ ടി സി ബസ് ആറ് കിലോമീറ്റർ പിന്തുടർന്ന് കുറുകെയിട്ട് പിടികൂടിയത് ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു. അപകടം നടന്നപ്പോൾ ലോറിക്ക് തൊട്ടു പിന്നിലുണ്ടായിരുന്ന എറണാകുളം ഡിപ്പോയിലെ ബസ് കണ്ടക്ടർ ഇമ്മാനുവൽ അങ്കമാലി പോലീസിന് സന്ദേശം കൈമാറി. തുടർന്ന് സിനിമാ സ്റ്റൈലിൽ വില്ലനെ പിന്തുടർന്ന കെ എസ് ആർ ടി സി ഡ്രൈവർ ഫൈസൽ കുറ്റക്കാരനായ ലോറി ഡ്രൈവറെ പിടികൂടുകയായിരുന്നു.

ഏതാനും ദിവസങ്ങൾക്കു മുൻപ് തിരുവനന്തപുരത്തും കെ എസ് ആർ ടി സി ജീവനക്കാർ ഗർഭിണിയായ യാത്രക്കാരിക്ക് ശാരീരികാസ്വസ്ഥയുണ്ടായതിനെ തുടർന്ന് അതിസാഹസികമായി വണ്ടിയോടിച്ച് ആശുപത്രിയിൽ എത്തിച്ച് കൈയ്യടി നേടിയിരുന്നു. കൂടാതെ രാത്രിയിൽ ബസ്‌സ്റ്റോപ്പിലിറങ്ങിയ യുവതിയെ വിളിക്കാൻ സഹോദരൻ എത്തുന്നത് വരെ ബസ് കാത്തു കിടന്നതും ജനങ്ങളുടെ ജയ് വിളിക്ക് കാരണമായി.

ഇത്തവണത്തെ കാലവർഷത്തിൽ റോഡുകളൊക്കെയും തോടുകളായപ്പോൾ അതൊന്നും കൂസാക്കാതെ ഗതാഗതം നടത്തിയ ആനവണ്ടികൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്‌ടിച്ചിരുന്നുവല്ലോ.

കുട്ടിയെ എടുത്ത് നിന്ന യാത്രക്കാരിക്ക് സീറ്റു നല്‍കി തറയിലിരുന്ന വനിതാ കണ്ടക്ടറും നേരത്തെ വാർത്തയിലിടം നേടിയതും മറന്നിട്ടില്ലല്ലോ അല്ലേ. തങ്ങളുടെ റൂട്ടിൽ സ്ഥിരമായോടുന്ന ‘ചങ്ക്’ വണ്ടിയെ മാറ്റിയതിനെ തുടർന്ന് ഈരാറ്റുപേട്ടയിലെ ഒരു യാത്രക്കാരി അധികൃതരോട് വിഷണ്ണയായി പരാതിപ്പെട്ട ശബ്ദ സന്ദേശം നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ചങ്ക് വണ്ടിയെ ആ റൂട്ടിൽ തന്നെ ഓടാനനുവദിച്ചതും ചങ്കിന്റെ ആരാധികയെ എംടി അഭിനന്ദിച്ചതും പിന്നീട് വാർത്തയായപ്പോഴാണ് ഇത്രയും കാലം യാത്രക്കാരുടെ തെറിവിളികൾ സ്വകാര്യ അഹങ്കാരമായി കേട്ടാസ്വദിച്ചിരുന്നവരിൽ ചിലരുടെ വിപ്ലവകരമായ മാറ്റം നാട്ടുകാർ ശ്രദ്ധിച്ചത്.

AAnavandi, buses, chunk, conductor, driver, duty, KSRTC, life, MG Rajamanickam, MD, new, old, patients, renovation, saved, time shedule, Tomin Thachankary, travel,

മുഖം മിനുക്കുന്ന കെഎസ്ആർടിസി

ഇതുവരെ ശബളം, പെൻഷൻ ഇത്യാദി മുടങ്ങലും തുടർന്ന് ജീവനക്കാർ കൂട്ടരാജി സമർപ്പിച്ചതും സാമ്പത്തിക ബാധ്യതയാൽ മുൻ ജീവനക്കാരിൽ ചിലർ ആത്മഹത്യയിൽ അഭയം തേടിയതും, ജോലിഭാരത്താൽ നട്ടം തിരിഞ്ഞ ഡ്രൈവർമാരിൽ ചിലർ കണ്ണുകളിൽ കാന്താരിമുളക് തേച്ച് ഉറക്കം ആട്ടിയകറ്റി വാഹനമോടിക്കുന്നതും മറ്റുമായിരുന്നുവല്ലോ പ്രധാന കെഎസ്ആർടിസി വാർത്തകൾ.

നഷ്‌ടത്തിലോടുന്ന ആനവണ്ടികളെ ചുമക്കുന്ന താപ്പാനയെന്നു പേർ കേട്ട കോർപ്പറേഷനേകുന്ന സാമ്പത്തിക സഹായത്തെ സംബന്ധിച്ച് സർക്കാർ നിലപാടുകൾ മാറ്റിയും തിരുത്തിയും മുന്നേറവെ, നട്ടം തിരിയുന്ന ഡിപ്പാർട്ട്മെന്റിന്റെ രക്ഷക്കെത്തിയ രാജമാണിക്യം ചില സുപ്രധാന നടപടികളിലൂടെ കൈയ്യടി നേടവെ; അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയതും തുടർന്ന് വന്നെത്തിയ എംഡി ടോമിൻ തച്ചങ്കരി കണ്ടക്ടർ, സ്റ്റേഷൻ മാസ്റ്റർ എന്നിത്യാദി വേഷങ്ങൾ കെട്ടിയതുമൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നുവല്ലോ.

ഇപ്പോഴിതാ പഴയ പ്രതിച്ഛായ അപ്പാടെ മാറ്റി മറിച്ച് മുഖം നന്നായ് മിനുക്കിത്തിളങ്ങാൻ കെഎസ്ആർടിസി തയ്യാറെടുക്കുന്നതായുള്ള ഒത്തിരി വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഓൺലൈൻ ബുക്കിങ് സംവിധാനവും മൊബൈൽ ആപ്പും ട്രാഫിക് ഇൻഫർമേഷൻ സംവിധാനവും നിലവിൽ വരുന്നതോടെ ഭാവിയിൽ ബസുകളുടെ തത്സമയ വിവരങ്ങൾ യാത്രക്കാർക്ക് അപ്പപ്പോൾ ലഭ്യമാകും. ശാസ്ത്രീയമായി ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചതും ഡിപ്പോകൾക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

പൊതുഗതാഗത രംഗത്ത് മേധാവിത്വമുറപ്പിക്കാനായ് കെ എസ് ആർ ടി നടപ്പാക്കുന്ന ‘കണക്ടിങ്ങ് കേരള’ എന്ന പദ്ധതിയുടെ ഭാഗമായി ‘ചിൽ ബസ്’ എന്ന പേരിൽ പുതിയ ബസ് സർവീസ് ആഗസ്റ്റ് ഒന്നു മുതൽ ഓടിത്തുറങ്ങുമെന്നതാണ് ഏവും പുതിയ വാർത്ത. ചിൽ ബസുകൾ ചില്ലം ചില്ലമായി കൂളായി ഓടട്ടെ. ഒപ്പം നിലവിലുള്ള ബസുകൾ കൂടുതൽ മികച്ച സേവനമേകട്ടെ. തലപ്പൊക്കമുള്ള ആനവണ്ടികളുടെ സുഗമമായ പ്രയാണത്തിന് കരുത്തേകാൻ യാത്രക്കാരുടെ പിന്തുണ ഒപ്പമുണ്ട്; എന്നെന്നും എപ്പോഴും.

ശാലിനി വി എസ് നായർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്വതന്ത്രസമൂഹ സൃഷ്ടിക്ക് ബുദ്ധിജീവി കൂട്ടായ്മ

സൈബർ കേസുകളിലെ പരാതിക്കാർക്ക് കേസന്വേഷണം സ്വയം നടത്തേണ്ട അവസ്ഥ: ദീപ നിശാന്ത്