in

ലോകത്തെ വണ്ടറിടിപ്പിച്ച നായിക

ഡിഷും … ഡിഷും... തിന്മയുടെ പ്രതിരൂപമായ വില്ലനെ ഇടിച്ചു നിലംപരിശാക്കുന്ന നന്മയുടെ ആൾരൂപമായ നായകൻ. അമാനുഷിക ശക്തിയുള്ള നായകന്റെ ഓരോ ധീരകൃത്യവും കണ്ട് നാം പ്രേക്ഷകർ എത്രയോ വട്ടം ആവേശഭരിതരായി കയ്യടിച്ചിട്ടുണ്ട്, അല്ലേ? എന്നാൽ, ആക്ഷൻ ഹീറോയുടെ സ്ഥാനത്ത് ഒരു ആക്ഷൻ ഹീറോയിൻ [ Action Heroine ] ആയാലോ?  തിന്മയ്‌ക്കെതിരെ സൂപ്പർ നായികമാർ പ്രതികരിക്കുന്ന ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രമേ വെള്ളിത്തിരയിൽ എത്താറുള്ളൂ. ഹോളിവുഡായാലും ബോളിവുഡായാലും അതിന് വലിയ മാറ്റമൊന്നുമില്ല. എന്നാൽ ഈയിടെ പുറത്തിറങ്ങിയ ‘വണ്ടർ വുമൺ’ [ Wonder Woman ] എന്ന ചിത്രം പല തരത്തിലും ചരിത്രം തിരുത്തിക്കുറിച്ചു. വനിതകളുടെ ആക്ഷൻ ചിത്രങ്ങളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറിയ വണ്ടർ വുമണിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്തയും ശുഭ സൂചനയാണ്.

ശക്തമായ സ്ത്രീ സാന്നിധ്യം

gol and pattyഈ ചിത്രത്തിന്റെ നെടുംതൂണായി പ്രവർത്തിച്ച സംവിധായിക പാറ്റി ജെങ്കിന്‍സും വണ്ടർ വുമണിന് തിരശ്ശീലയിൽ ജീവൻ പകർന്ന പ്രശസ്ത നടി ഗാല്‍ ഗദോട്ടും വളരെയേറെ അഭിനന്ദനമർഹിക്കുന്നു.

വനിതാ സംവിധായകരുടെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന ബഹുമതി ഈ ചിത്രം നേടി. 149 ദശലക്ഷം ഡോളർ മുതൽ മുടക്കിൽ നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രം 821.1 ദശലക്ഷം ഡോളർ വാരിക്കൂട്ടി.

‘ഏറ്റവും കൂടുതൽ കളക്‌ഷൻ നേടുന്ന ചിത്രത്തിന്റെ സംവിധായിക’യെന്ന റെക്കോർഡ് വണ്ടർ വുമണിലൂടെ ജെങ്കിൻസ് സ്വന്തമാക്കി. ‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’ എന്ന ചിത്രത്തിലൂടെ സാം ടെയ്‌‌ലർ ജോൺസൺ നേടിയ റെക്കോർഡാണ് ഈ അദ്ഭുത സ്ത്രീകളുടെ കൂട്ടുകെട്ടിൽ തകർന്നത്.

ചിത്രത്തിലെ നായിക യഥാർത്ഥ ജീവിതത്തിലും ധീരവനിത

18 വയസ്സുള്ളപ്പോൾ മിസ് ഇസ്രായേൽ കിരിടം ചൂടിയ താരമാണ് ഗാൽ ഗദോട്ട്.  രണ്ട് വര്‍ഷം ഇസ്രായേൽ ഡിഫൻസ് ഫോർസിൽ ജോലി ചെയ്തിരുന്ന ഇവർ ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ ‘ സീരിസിലൂടെ കൂടുതൽ ശ്രദ്ധേയയായി. തുടർന്ന് ഗാലിന് വണ്ടർ വുമൺ എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചു.

വണ്ടർ വുമണിന്റെ ഷൂട്ടിങ്ങിന്റെ അവസാന ഘട്ടത്തിൽ ഗാൽ അഞ്ചു മാസം ഗർഭിണിയായിരുന്നു. സിനിമയുടെ ഷൂട്ടിങ് ഏകദേശം പൂർത്തിയാക്കി മടങ്ങിയ ഗാലിന് ഒരു ദിവസം സംവിധായികയുടെ വിളി വന്നു. സിനിമയുടെ കുറച്ചു ഭാഗം കൂടി പൂർത്തീകരിക്കാനുണ്ടെന്ന വാർത്ത കേട്ട് ആ സമയം 5 മാസം ഗർഭിണിയായിരുന്ന ഗാൽ തളർന്നില്ല. കാരണം ഗാലും സ്വയം ഒരു Wonder Woman Action Heroine ആണല്ലോ.

രണ്ടാം ഘട്ടത്തിൽ ഗാലിന്റെ നിറവയർ കാണാതിരിക്കാൻ വണ്ടർ വുമണ്‍ സ്യൂട്ടിന്റെ മുൻവശത്തെ കുറച്ച് ഭാഗത്ത് പച്ച വസ്ത്രം ചേർത്തു. എളുപ്പത്തിൽ എഡിറ്റ് ചെയ്യാനുള്ള സൗകര്യത്തിനാണ്  പച്ച വസ്ത്രം ഉപയോഗിച്ചത്. നിറവയറുമായി ആക്ഷൻ രംഗങ്ങളും ഓടുന്ന രംഗങ്ങളുമൊക്കെ ചിത്രീകരിക്കേണ്ടി വന്നുവെങ്കിലും നായിക ഷൂട്ടിംഗിൽ നിന്ന് പിന്മാറിയില്ല. ഈ ചിത്രത്തിന്റേത് വളരെ നീണ്ടു നിന്ന ചിത്രീകരണമായിരുന്നു. മരം കോച്ചുന്ന തണുപ്പത്ത് ഒറ്റക്കാലിൽ നിന്നു ചെയ്യേണ്ട ആക്‌ഷന്‍ രംഗങ്ങൾ പോലും ഉണ്ടായിരുന്നെങ്കിലും അതെല്ലാം ചെയ്യാൻ നായിക തയ്യാറായി.

പാവം രാജകുമാരി വണ്ടർ വുമൺ ആയപ്പോൾ

gol1

ഡയാന പ്രിൻസ് എന്നു സ്വയം പരിചയപ്പെടുന്ന വണ്ടർ വുമൺ എന്ന കഥാപാത്രം ചിത്രത്തിലുടനീളം തന്റെ ശക്തി പ്രകടിപ്പിക്കുന്നുണ്ട്. വനിതായോദ്ധാക്കൾ യുദ്ധമുറകളഭ്യസിക്കുന്നത് മറഞ്ഞു നിന്ന് കാണുന്ന കുഞ്ഞു ഡയാന അവർ നടത്തുന്ന അഭ്യാസങ്ങൾ സ്വയം പഠിക്കുന്നു. ലോകമഹായുദ്ധം ഇല്ലാതാക്കാൻ സ്വന്തം നാടുപേക്ഷിച്ചു വരുന്ന ഡയാന രാജകുമാരി തീർച്ചയായും ഒരു വണ്ടർ വുമണാണ്.

യുദ്ധത്തിന്റെ ദേവനെ നശിപ്പിച്ച് ഈ ഭൂമുഖത്തു നിന്നു യുദ്ധം തുടച്ചു നീക്കുകയെന്ന ദൗത്യവുമായാണു ഡയാന ഭൂമിയിൽ എത്തുന്നത്. ധീരതയിൽ സ്കാർലെറ്റ് ജൊഹാൻസണിന്റെ ‘അവഞ്ചേഴ്സിലെ’ ബ്ലാക്ക് വിഡോയേക്കാളും ‘ദ ഡാർക്ക് നൈറ്റ് റൈസസിലെ’ ക്യാറ്റ്‌വുമണിനേക്കാളും മുന്നിട്ടു നിൽക്കുന്ന നായികയാണ് ഡയാന.

വണ്ടർ വുമണിന്റെ ധീരകൃത്യങ്ങൾ

gol2ആകാശഗോപുരങ്ങളിലേക്കു പറന്നുയർന്നു യുദ്ധം ചെയ്യുന്ന വീരവനിത. യുദ്ധത്തിന്റെ ദേവനായ ഏരീസിനെ എന്നന്നേയ്ക്കുമായി ഇല്ലാതാക്കുന്ന ധീരയായ ഡയാന. വിമാനം തകർന്നു നടുക്കടലിൽ വീണു പോയ നായകനെ കടലിലേക്ക് ഊളിയിട്ടിറങ്ങി കോരിയെടുത്തു വരുന്നവൾ.  ചില്ലു ഗോപുരങ്ങൾ അനായാസം തുളച്ചു കടക്കുന്നവൾ. ഇങ്ങനെ അതിസാഹസികമായ കൃത്യങ്ങളിലൂടെ വണ്ടർ വുമൺ വെള്ളിത്തിരയിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ചു.

പ്രാരംഭ കാലം

വില്ല്യം മോള്‍ടണ്‍ മാർസ്റ്റണാണ് വണ്ടര്‍ വുമണ്‍ എന്ന കഥാപാത്രത്തിന്റെ സ്രഷ്ട്രാവ്. 1941-ൽ ആൾ സ്റ്റാർ കോമിക്സിൽ വണ്ടര്‍ വുമണിന്റെ കഥ ആദ്യമായി പ്രസിദ്ധീകരിച്ചു. തുടർന്ന് ഒട്ടനേകം ചിത്രകഥകളിലൂടെ പ്രശസ്തമായ വണ്ടര്‍ വുമണ്‍ നേരത്തെ ‘ബാറ്റ്സ്മാന്‍ വേഴ്സസ് സൂപ്പര്‍മാൻ’‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ എത്തിയിരുന്നു.

എന്നാൽ ഇപ്പോഴിതാ ‘വണ്ടര്‍ വുമണ്‍’ എന്ന ചിത്രത്തിലൂടെ ഡയാന കൂടുതൽ ആരാധകരെ നേടി. മികച്ച ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ഈ ചിത്രം നിരൂപക പ്രശംസയും സ്വന്തമാക്കി. ഡിസി കോമിക്സില്‍ നിന്നെത്തുന്ന ആദ്യ ഫീമെയില്‍ സൂപ്പര്‍ ഹീറോ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ആക‌്ഷൻ സിനിമകളുടെ കടുത്ത ആരാധകരെപ്പോലും സംവിധായികയും നായികയും നിരാശപ്പെടുത്തില്ല. ലോകമെമ്പാടും മികച്ച വിജയം സ്വന്തമാക്കുമ്പോഴും നായിക  ഇസ്രായേൽ വനിതയായതിനാൽ ലെബനനില്‍ ഈ ചിത്രത്തിന്റെ പ്രദര്‍ശനം അധികൃതർ തടഞ്ഞു.

ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ആക്ഷൻ ചിത്രം

ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരത തുറന്നു കാട്ടുന്ന യുദ്ധസിനിമ മാത്രമല്ല ‘വണ്ടർ വുമൺ’. സീയൂസ് ദേവൻ കളിമൺ പ്രതിമയ്ക്കു ജീവൻ കൊടുത്തു സൃഷ്ടിച്ച ഡയാന സ്ത്രീകൾ മാത്രമുള്ള സ്വർഗ്ഗ തുല്യമായ തെമിസ്കിറയിലെ ആമസോൺ ദ്വീപിലാണ് വസിക്കുന്നത്.

ജർമ്മനിയിൽ നിന്നെത്തുന്ന ഒരു ബ്രിട്ടീഷ് ചാരൻ ഡയാനയോടു ഭൂമിയിൽ നടക്കുന്ന യുദ്ധത്തെ പറ്റിയും ലക്ഷക്കണക്കിനു ജനങ്ങളുടെ ദുരിതങ്ങളെ കുറിച്ചും അറിയിച്ചു. അങ്ങനെ സ്വന്തം രാജ്യമുപേക്ഷിച്ച് ഡയാന യുദ്ധദേവനെ നശിപ്പിക്കാനുള്ള ദൗത്യത്തിനായി പുറപ്പെടുന്നു.

വാളും പരിചയുമേന്തി ആദ്യമായി നഗരം കാണാനിറങ്ങുന്ന ഡയാനയുടെ നിഷ്കളങ്കമായ പ്രവർത്തികൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. യുദ്ധ രംഗങ്ങൾക്കിടയിലും

നായികയുടെ സ്നേഹവും അനുകമ്പയും ആരിലും നന്മ നിറയ്ക്കും. പെൺകരുത്തിന്റെ, കരുതലിന്റെ, വിശ്വാസത്തിന്റെ, നിഷ്കളങ്കതയുടെ ആഘോഷമാണ് വണ്ടർ വുമണെന്ന് നിസംശയം പറയാം.

ആക്ഷൻ ചിത്രങ്ങളിൽ നായികയുടെ സ്ഥാനം  – Action Heroine

gol3നായികയുടെ ആക്ഷന്‍ രംഗങ്ങൾ കേന്ദ്രീകരിച്ചുള്ള ചലച്ചിത്രങ്ങള്‍ എന്തുകൊണ്ട് ഇതുവരെ താരതമ്യേന കുറവായിരുന്നു? ആക്ഷന്‍ ചെയ്യാന്‍ കഴിവുള്ള സ്ത്രീകൾ കുറവായതിനാലാണോ? അല്ലേയല്ല. വിദഗ്ദ്ധമായ പരിശീലനം ലഭിച്ചാൽ സ്ത്രീകൾക്കും പുരുഷന്മാരേക്കാൾ മികച്ച ആക്ഷൻ രംഗങ്ങൾ ചെയ്യാനാകുമെന്ന് ‘വണ്ടർ വുമൺ’ പോലുള്ള ചിത്രങ്ങൾ തെളിയിച്ചു കഴിഞ്ഞു.

സ്ത്രീ കഥാപാത്രങ്ങളുടെ ധീരത പ്രകടിപ്പിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് അത്ര രസിക്കില്ലെന്ന് ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർ കരുതുന്നുണ്ടാകുമോ? എന്നാലിപ്പോൾ അത്തരം ചിന്താഗതികൾ മാറിമറിയുകയാണ്. വണ്ടർ വുമൺ നേടിയ ചരിത്ര വിജയം സിനിമാരംഗത്തെ കാഴ്ച്ചപ്പാടുകൾ കീഴ്മേൽ മറിച്ചിരിക്കുന്നു.

സ്ത്രീകളുടെ ആക്ഷന്‍ രംഗങ്ങൾ പുരുഷന്മാരുടേതിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നും ആക്ഷന്‍ നായികമാര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ  കഥയും പശ്ചാത്തലവും പോരാട്ടരീതികളും അനുഭവങ്ങളുമായിരിക്കും അവതരിപ്പിക്കാനുണ്ടാകുക എന്നും ചലച്ചിത്ര രംഗം തിരിച്ചറിഞ്ഞിരിക്കുന്നു.

പലപ്പോഴും തോക്ക് വേണമെന്ന് തന്നെ നിര്‍ബന്ധമില്ല. വനിതാ ആക്ഷന്‍ ചിത്രങ്ങളെ സംബന്ധിച്ച് ഹോളിവുഡിന്റെ കാഴ്ച്ചപ്പാടുകള്‍ വണ്ടര്‍ വുമണ്‍ മാറ്റിമറിച്ചതായി പൊതുവെ വിലയിരുത്തലുണ്ട്.

നായികയുടെ ആക്ഷൻ രംഗങ്ങൾ ശക്തിപ്പെടുത്തിയ ആദ്യ ചിത്രം ‘ആറ്റമിക് ബ്ലോണ്ട്’ ആയിരുന്നു. എന്നാൽ അതൊരു പരീക്ഷണം  മാത്രമായിരുന്നു. ‘ഗേള്‍സ് ആന്‍ഡ് ഗണ്‍സ്’ കൊണ്ട് മാത്രം കാര്യമില്ലെന്നും യഥാർത്ഥ ധീരതയാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നതെന്നും വണ്ടർ വുമണിന്റെ വൻ വിജയം ചലച്ചിത്ര ലോകത്തെ ബോധ്യപ്പെടുത്തുന്നു.

ഹോളിവുഡിലെ മറ്റ് ആക്ഷന്‍ നായികമാര്‍ 

actionheroines

‘എവര്‍ലി’യിലെ സല്‍മ ഹയെക്, ‘ഹേയ വയറിലെ’ ജീന കരാനോ, ‘ടോംബ് റൈഡറിലെ’ ആഞ്ജലീന ജോളി, സ്‌കാര്‍ലറ്റ് ജോണ്‍സണ്‍ അവതരിപ്പിച്ച ‘സൂപ്പര്‍ വുമണ്‍ ലൂസി’ എന്നീ ആക്ഷന്‍ നായികമാര്‍  ഹോളിവുഡിൽ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.

2010-ല്‍ പുറത്തിറങ്ങിയ ഫിലിപ്പ് നോയ്‌സിന്റെ ‘സാള്‍ട്ട് ‘ എന്ന ചിത്രത്തില്‍ പ്രശസ്ത നടി ആഞ്ജലീന ജോളി അവതരിപ്പിച്ച കഥാപാത്രം ഹോളിവുഡിൽ തരംഗം സൃഷ്ടിച്ചു. പ്രമുഖ നടൻ ടോം ക്രൂസിന് വേണ്ടി എഴുതപ്പെട്ട കഥാപാത്രത്തെയാണ് ചെറിയ ചില തിരുത്തലുകളോടെ ആഞ്ജലീന ജോളി അഭിനയിച്ച് ഉജ്ജ്വലമാക്കിയത്.

‘ആറ്റോമിക് ബ്ലോണ്ടിലെ ചാര്‍ലിസ് തെറോണിന്റെ കഥാപാത്രവും വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ ഊര്‍ജ്ജസ്വലയും സദാ സമയവും പോരാട്ടത്തിന് സന്നദ്ധയുമായ ആ ചാരവനിത ഒട്ടേറെ പ്രേക്ഷകരുടെ മനം കവർന്നിരുന്നു.

‘റെസിഡന്റ് ഈവിളിലെ’ മിലിയ ജോവോവിച്ച്, ‘അണ്ടര്‍ വേള്‍ഡിലെ’ കേറ്റ് ബെക്കിന്‍സേല്‍, ‘ദ ഹംഗര്‍ ഗെയിംസിലെ’ ജെന്നിഫര്‍ ലോറന്‍സ്, ‘മാഡ് മാക്‌സ് – ഫ്യൂറി റോഡിലെ’ ചാര്‍ലിസ് തെറോണ്‍ എന്നിവരെല്ലാം ബോക്‌സ് ഓഫീസില്‍ വൻ വിജയം കരസ്ഥമാക്കിയ വനിതാ ആക്ഷന്‍ താരങ്ങളാണ്. ഏറ്റവുമൊടുവിൽ‍ ‘വണ്ടര്‍ വുമണ്‍’ നേടിയ വന്‍ വിജയം കൂടുതൽ ആക്ഷൻ നായികമാരെ [ Action Heroine ] തിരശ്ശീലയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

– ശാലിനി  വി എസ് നായർ 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

World Solar Challenge, Australia,

ലോക സോളാർ കാറോട്ട മത്സരം ആസ്‌ത്രേലിയയിൽ പുനഃരാരംഭിച്ചു

Thailand , ban ,smoking , beaches

ബീച്ചുകളിൽ പുകവലി നിരോധനവുമായി തായ്‌ലൻഡ്