ലണ്ടനിൽ നിന്ന് ഇർഫാന്റെ ഹൃദയസ്പർശിയായ കുറിപ്പ്

actor, Irrfan Khan,cancer, sends, heartfelt note ,London,hospital, life, 

അനിശ്ചിതത്വങ്ങളുടെ ഇടയിലാണ് ജീവിതമെന്നും അതികഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നു പോകുകയാണെന്നും നടൻ ഇർഫാൻ ഖാൻ( Irrfan Khan ).

ന്യൂറോ എൻഡോക്രൈൻ കാൻസർ എന്ന അപൂർവ രോഗത്തിന് ലണ്ടനിലെ ഒരു ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ഇർഫാന്റെ കുറിപ്പ് അത്യധികം ഹൃദയ സ്പർശിയാണ്. ഏറെ വേദനാജനകവും.

തന്റെ രോഗത്തെക്കുറിച്ച് ഇർഫാൻ ഇത്രയും വിവരിക്കുന്നത് ആദ്യമായാണ്.

കുറിപ്പിലുടനീളം ഇർഫാൻ പങ്കു വയ്ക്കുന്നത് ചികിത്സയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്ക തന്നെ.

” പുതിയൊരു വാക്ക് കൂടി ഞാൻ പഠിച്ചിരിക്കുന്നു. തികച്ചും പുതിയത്. ന്യൂറോ എൻഡോക്രൈൻ കാൻസർ അപൂർവ ഇനത്തിൽ പെട്ട ഒന്നാണ്. ഈ രോഗത്തെപ്പറ്റിയുള്ള കേസ് സ്റ്റഡികൾ അധികമില്ല. വിവരങ്ങൾ നന്നേ ചുരുക്കം. അതുകൊണ്ടു തന്നെ ചികിത്സയുടെ ഫലപ്രാപ്തിയെപ്പറ്റി ഒന്നും പറയാനാവുന്നില്ല. ”

ഇതൊരു ട്രയൽ-ആൻഡ്-എറർ ഗെയിം ആണെന്ന് പറയാം. പരീക്ഷണങ്ങൾ നടത്തുകയും ഒന്ന് തെറ്റിയാൽ അത് തിരുത്തി വേറൊന്ന് പരീക്ഷിക്കുകയും ചെയ്യുന്ന ഒരു ഗെയിം. ഇതേ വരെ കളിച്ച കളികളിൽ നിന്ന് ഇത് വ്യത്യസ്തമാണ്.

കുതിച്ചുപായുന്ന ഒരു തീവണ്ടിയിലാണ് യാത്ര ചെയ്തിരുന്നത്. ഏറെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. ഒട്ടേറെ പ്രതീക്ഷകൾ, പദ്ധതികൾ, ലക്ഷ്യങ്ങൾ…എല്ലാം സാക്ഷാൽക്കരിക്കാനുള്ള വേഗതയാർന്ന ആ പ്രയാണത്തിനിടയിൽ പൊടുന്നനെ തോളിൽ തട്ടി ആരോ പറയുന്നു-

“ഇതാ, നിങ്ങൾക്കിറങ്ങാനുള്ള സമയമെടുത്തു.”

ഇല്ല. ഇവിടെയല്ലല്ലോ എനിക്കിറങ്ങേണ്ടതെന്ന് ഞാൻ ചിന്താക്കുഴപ്പത്തിലാവുന്നു.

” അല്ല. ഇവിടെ തന്നെ ” പറഞ്ഞയാൾക്ക് തീർച്ചയുണ്ട്.

“കടൽജലത്തിൽ, ദിശ തീർച്ചയില്ലാത്ത തിരയൊഴുക്കിൽ നീന്തി നടക്കുന്ന ഒരു കോർക്ക് പോലെയാണ് ജീവിതം. അതിന്റെ ചലനം നിയന്ത്രിക്കാനാണ് ഈ പെടാപ്പാടുകൾ ” ഇർഫാൻ കുറിക്കുന്നു.

ചികിത്സയിൽ കഴിയുന്ന ആശുപത്രിയെക്കുറിച്ചുള്ള വരികളിൽ അദ്ദേഹം ഏറെ വികാരഭരിതനാകുന്നു-

” അങ്ങേയറ്റം പരിക്ഷീണനായി, തളർന്ന്, ക്ഷീണിച്ച് ആശുപത്രിയുടെ അകത്തേക്കുള്ള വഴിയിലൂടെ സഞ്ചരിക്കുമ്പോഴാണ് ആ കാഴ്ച ഞാൻ കാണുന്നത്.

റോഡിന് നേരെ എതിർവശത്ത് ആ സ്റ്റേഡിയമാണ്.

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്ന പ്രിയപ്പെട്ട ലോഡ്‌സ്… എന്റെ മെക്ക… വേദനക്കിടയിലും അവിടെ പതിച്ചിരുന്ന ഒരു പോസ്റ്റർ എന്റെ കണ്ണിൽ പതിഞ്ഞു. പുഞ്ചിരി തൂകുന്ന മുഖവുമായി വിവിയൻ റിച്ചാർഡ്‌സ്. ഒന്നും സംഭവിച്ചില്ല. ആ ലോകം എന്റേതല്ലാത്തതുപോലെ തോന്നി. ”

ആസ്പത്രി മുറിയുടെ ബാൽക്കണിയിൽ നിൽക്കുമ്പോൾ വിചിത്രമായ ഒരു യാദൃശ്ചികത തന്നെ പൊതിഞ്ഞു നിന്നെന്ന് അദ്ദേഹം എഴുതുന്നു.

actor, Irrfan Khan,cancer, sends, heartfelt note ,London,hospital, life, 

” ജീവിതത്തിന്റെയും മരണത്തിന്റെയും കളികൾ…അതിനിടയിൽ ഒറ്റ റോഡേ ഉള്ളൂ. അതേ , ഒരു വശത്ത് ആസ്പത്രി. മറുവശത്ത് കളിക്കളവും. തീർപ്പു കല്പിക്കാനാവാത്ത ആ നിൽപ്പ് എന്നെ അത്യധികം അലട്ടി ”

വിധിക്ക് സമ്പൂർണമായി കീഴങ്ങിയെന്ന് തുടർന്നദ്ദേഹം പറയുന്നു. ” നിശ്ചിതമായത് ഒന്നേയുള്ളൂ. അത് ഈ അനിശ്ചിതത്വം തന്നെ ”

” ചെയ്യാവുന്നത് ഇത്രമാത്രം. കരുത്ത് തിരിച്ചറിയുക. അതുപ്രകാരം കളി മെച്ചപ്പെടുത്തുക… പൂർണമായും വിശ്വാസമർപ്പിച്ച്, വിധേയനായി, പ്രതീക്ഷയോടെ നീങ്ങാൻ ഈ തിരിച്ചറിവ് എന്നെ പ്രേരിപ്പിക്കുന്നു. എന്തും വരട്ടെ. ഫലം എന്തുമാവട്ടെ. എട്ടുമാസമോ നാലുമാസമോ അതോ രണ്ടു വർഷമോ…എങ്ങോട്ടായാലും ഇതിനൊപ്പം പോകുക തന്നെ. ”

സ്വാതന്ത്ര്യം എന്നാൽ എന്തെന്ന് ആദ്യമായി താൻ തിരിച്ചറിഞ്ഞെന്ന് ഇർഫാൻ പറയുന്നു.

ജീവിതത്തിന്റെ രുചി ആദ്യമായി അറിയുന്നതുപോലെ എന്നാണ് അതേപ്പറ്റി അദ്ദേഹം എഴുതുന്നത്.

” ഈ സൂക്ഷ്മ പ്രപഞ്ചത്തെപ്പറ്റിയുള്ള അവബോധം കൈവന്നു. എന്റെ ശരീരത്തിലെ എല്ലാ കലകളിലും അത് നിറഞ്ഞു ”

കഴിഞ്ഞ മാർച്ചിലാണ്‌ താൻ അപൂർവമായ ഒരു രോഗത്തിന്റെ പിടിയിലായതായി ഇർഫാൻ ഖാൻ ലോകത്തോട് വെളിപ്പെടുത്തിയത്. ” ഏറെ പ്രയാസകരമായ അറിവ് ” എന്നാണ് അദ്ദേഹം ആ അനുഭവത്തെ വിശേഷിപ്പിച്ചത്.

അന്നത്തേതുപോലെ, ഒപ്പമുള്ളവരുടെ സ്നേഹത്തിലും അവർ പകർന്നു തരുന്ന കരുത്തിലുമാണ് പ്രതീക്ഷ എന്ന വരികൾ അദ്ദേഹം ഈ കുറിപ്പിലും ആവർത്തിക്കുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Ophthalmology, R.I.O, Shylaja, fund, machines, eye care, Thiruvananthapuram government eye hospital, 

അത്യാധുനിക നേത്ര ചികിത്സ; കണ്ണാശുപത്രിക്ക് 3.72 കോടി രൂപ അനുവദിച്ചു

ചില വേനല്‍ ചിന്തകള്‍…