ആരെയും ഭയപ്പെടാതെ ജീവിക്കാന്‍ വേണ്ടിയാണ് ഈ കൂട്ടായ്‌മ: സീനത്ത്  

കോഴിക്കോട് : ജനുവരി 1 ന് വനിതാ മതിൽ ഉയരുമ്പോൾ കേരള ചരിത്രത്തില്‍ ഒരു ഏട് കൂടി എഴുതി ചേര്‍ക്കപ്പെടുകയാണെന്ന് നടി സീനത്ത്. വനിതാമതിലെന്ന കൂട്ടായ്മയില്‍ എല്ലാവര്‍ക്കും ഒരു ജാതിയും ഒരു മതവുമാണ്. ആരെയും ഭയപ്പെടാതെ ജീവിക്കാന്‍ വേണ്ടിയാണ് ഈ കൂട്ടായ്‌മ, എന്ന് പറഞ്ഞ സീനത്ത്, ചങ്കുറപ്പുള്ള സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നും കൂട്ടിച്ചേർത്തു.

ജാതിക്കോമരങ്ങള്‍ ആയുധപ്പുരകള്‍ നിര്‍മിക്കുമ്പോള്‍ ചിന്തകൊണ്ടും ബുദ്ധികൊണ്ടും നവോത്ഥാന മതില്‍ തീര്‍ക്കാമെന്നും സീനത്ത് പ്രസ്‌താവനയില്‍ പറഞ്ഞു, അവർ പറഞ്ഞു.

പ്രസ്‌താവനയുടെ പൂര്‍ണരൂപം ഇങ്ങനെ:

ജനുവരി ഒന്നിന് കേരള ചരിത്രത്തില്‍ ഒരു ഏട് കൂടി എഴുതി ചേര്‍ക്കപ്പെടും. സ്ത്രീകള്‍ക്ക് വേണ്ടി  സ്ത്രീകളാല്‍ ഒരു നവോത്ഥാന മതില്‍ പടുത്തുയര്‍ത്തിയ വര്‍ഷം. ജാതി, മതം, വര്‍ഗം ഇതെല്ലാം പടിക്കുപുറത്ത്. ഈ കൂട്ടായ്മയില്‍ ഒരുജാതി ഒരുമതം. പങ്കെടുക്കുക, ആരെയും ഭയപ്പെടാതെ ജീവിക്കാന്‍വേണ്ടി. ഇനിയും കണ്ണുതുറന്നില്ലെങ്കില്‍ ഓരോരുത്തരും ഖേദിക്കേണ്ടിവരും. 

സ്ത്രീകളെ എന്നും രണ്ടാം തരക്കാരായി കാണുകയും അവഗണിക്കുകയും അധികാരം പിടിച്ചടക്കാനുള്ള ആര്‍ത്തിയില്‍ ദൈവത്തിന്റെ പേരുപറഞ്ഞ് സ്ത്രീകളെ പേപ്പട്ടിയെപോലെ ആട്ടിപ്പായിക്കുന്ന ജാതിക്കോമരങ്ങള്‍ ഉള്ള ഈ കാലത്ത്  ഇനിയും ഉണരാതിരുന്നാല്‍ നമ്മള്‍ ഖേദിക്കേണ്ടി വരും.

ദൈവത്തിന്റെ പേരില്‍ കാഴ്ച നഷ്ടപ്പെട്ട, മൃഗത്തിന്റെ പേരില്‍ കേള്‍വി നഷ്ടപ്പെട്ട, അധികാരത്തിനു വേണ്ടി കള്ളങ്ങള്‍ മാത്രംപറയുന്ന ബുദ്ധിയില്ലാത്ത ഈ കൂട്ടരെ സൂക്ഷിക്കുക. ഇല്ലെങ്കില്‍ അന്ധകാരത്തിലേക്ക് തള്ളിയിട്ടു നമ്മുടെമേല്‍ ഇവര്‍ അധികാരം സ്ഥാപിക്കും. വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നീളുന്ന ഒരുകൈ. ഒരായിരം കൈകള്‍ അതാ. അത് തട്ടി മാറ്റരുത്. രക്ഷപെടണം നമുക്ക്. 

നമ്മോടൊപ്പം ചങ്കുറപ്പുള്ള സര്‍ക്കാരുണ്ട്. നമുക്ക് കൈകോര്‍ക്കാം. ചിന്തകൊണ്ടും ബുദ്ധികൊണ്ടും തീര്‍ക്കാം നമുക്കാ നവോത്ഥാന മതില്‍. ജാതിക്കോമരങ്ങള്‍  ആയുധപ്പുരകള്‍ നിര്‍മിക്കട്ടെ. ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുന്ന തിരക്കില്‍ അവര്‍ സൃഷ്ടിക്കുന്നതു ബുദ്ധിയില്ലാത്ത ഒരു തലമുറയെയാകും. അവരെ മതിലിനിപ്പുറം കടക്കാന്‍ അനുവദിക്കരുത്. അടുത്ത തലമുറയ്ക്ക് വേണ്ടി…നാടിനുവേണ്ടി…നമുക്കുവേണ്ടി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മതേതര ജനാധിപത്യ രാജ്യത്തിനകത്ത് മത റിപ്പബ്ലിക്കുകള്‍ അനുവദനീയമല്ല

വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല  ഇടതു മുന്നണി: വി എസ്