in ,

അവനവൻ ജനിച്ച നാട് ഭൂപടത്തിൽ നിന്ന് ഇല്ലാതാകുമ്പോഴേ ആലപ്പാട്ടുകാരുടെ വേദന  മനസ്സിലാവൂ 

കരിമണൽ ഖനനത്തിനെതിരെയുള്ള  അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.


ആലപ്പാട്ടെ കരിമണൽ ഖനനത്തിന് എതിരെ ശക്തമായ  പ്രതിഷേധവുമായി അഡ്വ. ഹരീഷ് വാസുദേവനും. ഒരു നാട് പൂർണമായി ഇല്ലാതാക്കുന്ന പ്രവൃത്തിയാണ് ആലപ്പാട്ട് നടക്കുന്നതെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ. ഖനനമോ വികസനമോ എന്ത് നടക്കണമെങ്കിലും ഭൂപടത്തിൽ നാട് ബാക്കി വെയ്ക്കണം. എല്ലാം കടലെടുക്കുന്ന ഖനനം സർവ്വനാശമാണ്. ഇതല്ല വികസനം. തീരദേശ പരിപാലന നിയമവും പരിസ്ഥിതി ക്ലിയറൻസും നഗ്നമായി ലംഘിച്ചാണ് പട്ടാപ്പകൽ ഖനനം നടക്കുന്നത്.  മുഴുവൻ രാഷ്ട്രീയക്കാർക്കും സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കാര്യമായതുകൊണ്ടാണ് അവരാരും ഇതിനെതിരെ രംഗത്ത് വരാത്തത്. ആലുവയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് കോടികൾ പാർട്ടി ഫണ്ട് കിട്ടുമ്പോൾ അവർക്കെതിരെ തിരിയാൻ മടി കാണും. തമ്മിൽ കണ്ടാൽ ചിരിക്കാത്ത കാലത്തുപോലും അച്യുതാന്ദനും പിണറായിയും രമേശ് ചെന്നിത്തലയും കമ്പനിയുടമ കർത്താക്കു വേണ്ടി ഒരേ വേദിയിൽ വന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. കഴിഞ്ഞ ഒന്നര വർഷമായി തനിക്കീ സമരത്തെപ്പറ്റി അറിയാമെന്നും വസ്തുതകളെല്ലാം ശേഖരിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നുണ്ട് . 

 പോസ്റ്റിന്റെ പൂർണ രൂപം   

ഇന്ന് ആലപ്പാട് പോയി . മഹാദുരന്തത്തിന്റെ വക്കത്ത് ഒരു നാട് . 

ആലപ്പാട്ടെ ഖനനം : വസ്തുതകൾ 

1. ഒരു നാട് പൂർണ്ണമായി ഇല്ലാതാക്കുന്ന കടൽമണൽ ഖനനമാണ് നടക്കുന്നത്. സമരം കുറേ വർഷങ്ങളായി. ഈയിടെ ചെറുപ്പക്കാർ ഏറ്റെടുത്തു. അതോടെ സോഷ്യൽ മീഡിയ ഊർജ്ജസ്വലമായി.

2. നിയമവിരുദ്ധ ഖനനം നടത്തുന്നത് സ്ഥാപനം പൊതുമേഖലയിൽ ആണെങ്കിലും സ്വകാര്യ മേഖലയിൽ ആണെങ്കിലും മനുഷ്യർക്കും പരിസ്ഥിതിക്കുമുള്ള ആഘാതം ഒന്നാണ്.

3. നിയമവിരുദ്ധ ഖനനത്തിന്റെ സാമ്പത്തികനേട്ടം നേരിട്ട് കിട്ടുന്നവരിൽ ആലുവയിലെ സ്വകാര്യ കമ്പനിയുമുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ കമ്പനിക്കൊപ്പം നിന്ന് കൂറ് കാണിച്ചിട്ടുണ്ട്. അണികൾക്ക് അവരെ ന്യായീകരിക്കേണ്ടി വരും, സ്വാഭാവികം.

 

4. തീരദേശ പരിപാലന നിയമവും പരിസ്ഥിതി ക്ലിയറൻസും നഗ്നമായി ലംഘിച്ചാണ് പട്ടാപ്പകൽ ഖനനം നടക്കുന്നത്. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർ എല്ലാം മൗനത്തിലാണ്. ആ ഒറ്റ കാരണത്താൽ നിയമപരമായിത്തന്നെ ഈ ഖനനം ആലപ്പാട്ട് നിർത്തേണ്ടതാണ്.

 

5. പരിസ്ഥിതികവും മനുഷ്യത്വപരവുമായ കാരണങ്ങളാൽ പൊതുമേഖലയിൽ പോലും ഇവിടെ ഖനനം പാടില്ല എന്ന് പറഞ്ഞാൽ, സ്വകാര്യ മേഖലയിൽ നാളെ ഒരുകാരണവശാലും ഖനനം പാടില്ല എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഒരു മേഖലയിലും ഖനനം പറ്റില്ല. ആലപ്പാട്ട് പോലല്ല മറ്റു സ്ഥലങ്ങളിൽ. കരയ്ക്ക് വീതിയുള്ള മറ്റു എത്രയോ സ്ഥലങ്ങളിൽ കരിമണൽ ഉണ്ട്. നിരോധനം ആവശ്യപ്പെടുന്നത് ആലപ്പാട്ട് മാത്രമാണ്.

 

6. കഴിഞ്ഞ ഒന്നര വർഷമായി എനിക്കീ വിഷയവും സമരവും നേരിട്ടറിയാം. എല്ലാ സർക്കാർ രേഖകളും കിട്ടിയിട്ടേ, എല്ലാം പടിച്ചിട്ടേ ഒരു തീരുമാനത്തിൽ എത്താവൂ എന്നു ശഠിച്ചത് കൊണ്ടാണ് നിയമനടപടി അടക്കം പ്രത്യക്ഷ നടപടികൾ ഇത്രയും വൈകിച്ചത്. നീക്കം ഒരു പൊതുമേഖലാ സ്ഥാപനത്തിന് എതിരെ ആയതിനാലും, എല്ലാ പാർട്ടികളും മിക്ക മാധ്യമങ്ങളും ഇതിൽ മറുവശത്ത് ആയതിനാലും 100% സത്യം മാത്രം പറഞ്ഞായിരിക്കണം സമരവും നിയമനടപടിയും എന്നു നിർബന്ധമുള്ളത് കൊണ്ട് അവസാന രേഖകളും സംഘടിപ്പിക്കുന്നത് വരെ മൗനം പാലിച്ചു.

 

7.  ഒരു മുൻവിധികളും ഇല്ലാതെ, വെറും വസ്തുതകളിന്മേൽ മാത്രം ഈ സമരത്തെ സമീപിച്ചാൽ, ഒരു നാട് ഇന്ത്യയുടെ മാപ്പിൽ നിന്ന് ഇല്ലാതാകുന്നത് എത്ര ഗൗരവമുള്ള പ്രശ്നമാണ് എന്നു മനസിലാക്കി ഏത് മനുഷ്യരും ഈ സമരത്തെ പിന്തുണയ്ക്കും.

 

8. ഗ്രൂപ്പ് പോരിൽ പരസ്പരം തമ്മിൽ തല്ലുന്ന, പൊതുവേദിയിൽ കണ്ടാൽ പരസ്പരം ചിരിക്കാത്ത കാലത്തുപോലും വി.എസ്സും പിണറായിയും, രമേശ് ചെന്നിത്തലയും കരിമണൽ വ്യവസായി കർത്തായ്ക്ക് വേണ്ടി ഒരുമിച്ചു പൊതുവേദിയിൽ വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും അവഗണിക്കാൻ ആകാത്ത കോടികൾ മറിയുന്നതാണ്‌ ഈ രംഗം. അവിടെയാണ് കക്ഷിരാഷ്ട്രീയം മറന്ന് ഒരുകൂട്ടം നാട്ടുകാർ ഗതികെട്ടു നിരാഹാര സമരത്തിന് ഇറങ്ങിയിരിക്കുന്നത്.

 

ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ. ഖനനമോ വികസനമോ എന്ത് നടക്കണമെങ്കിലും ഭൂപടത്തിൽ നാട് ബാക്കി വെയ്ക്കണം. എല്ലാം കടലെടുക്കുന്ന ഖനനം സർവ്വനാശമാണ്. ഇതല്ല വികസനം.

അവനവൻ ജനിച്ച നാട് ഭൂമുഖത്ത് നിന്നും ഭൂപടത്തിൽ നിന്നും ഇല്ലാതാകണം, നിങ്ങളുടെ വോട്ടുവാങ്ങി നയിക്കുന്നവർ എല്ലാം നാട് നശിപ്പിക്കുന്നതിനു കൂട്ടു നിൽക്കണം, അപ്പോഴേ ആലപ്പാട്ടുകാരുടെ വേദന നിങ്ങൾക്ക് മനസ്സിലാകൂ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പുരോഹിതർക്കെതിരെയുള്ള പീഡന പരാതികൾ പരിശോധിക്കാൻ സീറോ മലബാർ സഭ ആഭ്യന്തര സമിതി

സാമൂഹ്യ ശാക്തീകരണം തകര്‍ക്കുന്ന സാമ്പത്തിക സംവരണം: വിടി ബല്‍റാം