advertisement , ads , impact, influence, market, products, services, customers, soaps, creams, companies, hospitals, educational institutions, media, stars, dentist, tooth paste, gold, jewellery, women, youth, children, vehicles, watches, ornaments,
in , ,

സർവ്വം പരസ്യമയം

പരസ്യങ്ങളുടെ ( advertisements ) കാര്യം ചിന്തിച്ചാൽ ബഹുവിശേഷം തന്നെ. നമുക്കാവശ്യമുള്ള വിവിധ തരം ഉത്പന്നങ്ങൾ ഏതെല്ലാം കമ്പനികൾ പുറത്തിറക്കുന്നു എന്ന് പരിചയപ്പെടാൻ പരസ്യങ്ങൾ സഹായിക്കുന്നുണ്ടെന്നത് നേര് തന്നെ. എന്നാൽ ഒരു വ്യക്തിയ്ക്ക് തികച്ചും ആവശ്യമില്ലാത്തവയെപ്പോലും ഏവരുടെയും അവശ്യവസ്തുവെന്ന നിലയിൽ അവതരിപ്പിക്കുന്ന പ്രവണത പരസ്യ രംഗത്ത് വർദ്ധിച്ചു വരുന്നതായി കാണാം.

പരസ്യം പരസ്യം സർവ്വത്ര

ഓരോ വ്യക്തിയുടെയും സാമ്പത്തിക- സാമൂഹിക-സാംസ്കാരിക-ബൗദ്ധിക മേഖലകളിൽ പരസ്യങ്ങൾ സൃഷ്ടിക്കുന്ന മായിക സ്വാധീനം അഭൂതപൂർവമാണെന്നിരിക്കെ ഇതിന് പിന്നിലെ ചേതോവികാരം പരിശോധിച്ചാൽ ചെന്നെത്തുന്നത് വിപണിയിൽ വർദ്ധിച്ചു വരുന്ന മത്സരങ്ങളും അതിനെ തുടർന്ന് പരസ്യങ്ങളുടെ മാനസികമായ കീഴടക്കൽ നടപടികളിലുമാകും. അനിവാര്യമല്ലാത്ത പലതും ഉപഭോക്താക്കൾ വാങ്ങിക്കൂട്ടുന്നതിൽ മായിക ലോകം സൃഷ്‌ടിക്കുന്ന പരസ്യങ്ങൾക്ക് വളരെയേറെ പങ്കുണ്ട്.

സർക്കാർതല പരസ്യങ്ങൾ വിവാദമാകവെ

‘ഭരണ നിര്‍വഹണ മികവില്‍ കേരളം ഒന്നാമത്’ എന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കോടികള്‍ മുടക്കിയ പരസ്യം വസ്തുതാ വിരുദ്ധവും പൊതുജനങ്ങളെ കബളിപ്പിക്കുന്നതുമാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രണ്ടു ദിവസം മുൻപ് രംഗത്തെത്തിയതാണ് സർക്കാർ തലത്തിലെ പരസ്യങ്ങളിൽ ഏറ്റവും പുതിയ സംഭവം.

കേന്ദ്ര സർക്കാരിന്റെ പരസ്യ തന്ത്രങ്ങളും തെലുങ്കാന, ഗുജറാത്ത്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ പലവിധ നേട്ടങ്ങൾ അവകാശപ്പെട്ട് രാഷ്ട്രീയ നേട്ടം ലാക്കാക്കി പുറത്തിറക്കിയ പരസ്യങ്ങൾ നേരത്തെ പലവിധ ആരോപണങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പൊതുജനക്ഷേമമാണ് സർക്കാരിന്റെ കടമയെന്നും എന്നാൽ അവകാശവാദങ്ങൾ ഉന്നയിച്ച് പരസ്യങ്ങൾ നൽകി പൊതുജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയലക്ഷ്യങ്ങൾ കൈവരിക്കാനായി വിനിയോഗിക്കുന്നതിനെതിരെ പലപ്പോഴും വിവാദങ്ങൾ ഉയർന്നിട്ടുണ്ട്.

വൻകിടക്കാരുടെ പരസ്യതന്ത്രങ്ങൾ

ഉത്പ്പാദകരും സേവന ദാതാക്കളും തങ്ങളുടെ പരസ്യങ്ങളിലൂടെ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സേവന രംഗമായ ആരോഗ്യരംഗത്തു പോലും ഇതിന്റെ അലയൊലികൾ വ്യക്തമാണ്. വൻ കിട കോർപ്പറേറ്റ് കമ്പനികൾക്കൊപ്പം തന്നെ വമ്പൻ ആശുപത്രികളും വിദ്യാലയ സ്ഥാപനങ്ങളും തങ്ങളുടെ പരസ്യങ്ങൾക്ക് വൻ പ്രാധാന്യം നൽകുന്നത് സേവനം മാത്രം ലക്ഷ്യമിട്ടല്ല; പകരം, തങ്ങളുടെ മുതൽ മുടക്കിന് അനുദിനം വർദ്ധിച്ച തോതിൽ ലാഭം ലഭിക്കണമെന്ന കച്ചവട തന്ത്രവും അതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.

സമൂഹിക പ്രതിബദ്ധത പുലർത്തേണ്ട വൻകിട സ്ഥാപനങ്ങൾ പലതും വെറും പരസ്യതന്ത്രമെന്ന രീതിയിൽ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സാമ്പത്തിക സഹായം നൽകുകയും ആ വാർത്തയ്ക്ക് പ്രചാരം നല്കുവായി സഹായം നല്കിയതിനെക്കാൾ എത്രയോ ഇരട്ടി തുക വിനിയോഗിക്കുകയും ചെയ്യുന്നതായി പലപ്പോഴും ആക്ഷേപമുയർന്നിട്ടുണ്ട്. ഇത്തരമൊരു പരസ്യതന്ത്രം പ്രയോഗത്തിൽ വരുമ്പോൾ സേവനമെന്ന ധാർമിക മൂല്യത്തിനാണ് മൂല്യച്യുതി സംഭവിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരസ്യങ്ങൾ ജനങ്ങളിൽ ചെലുത്തുന്ന സ്വാധീനം

advertisement , ads , impact, influence, market, products, services, customers, soaps, creams, companies, hospitals, educational institutions, media, stars, dentist, tooth paste, gold, jewellery, women, youth, children, vehicles, watches, ornaments,ബ്രാൻഡഡ് സാധനങ്ങൾ തന്നെ ഉപയോഗിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമെന്ന തരത്തിൽ പെരുമാറുന്ന യുവതലമുറക്കാരുടെ എണ്ണം വർദ്ധിക്കുകയാണെന്നതിന് ബ്രാൻഡഡ് കമ്പനികളുടെ വർഷാവർഷമുള്ള ലാഭക്കണക്കുകൾ തെളിവ് നൽകുന്നു. ഓൺലൈൻ വാണിജ്യ രംഗം കൂടി സജീവമായപ്പോൾ എന്തും ഏതും ഏത് ഓണം കേറാ മൂലയിലും ലഭ്യമാകുമെന്ന സ്ഥിതി കൈവന്നു.

പണ്ട് വൻ തുക മുടക്കി വാങ്ങുന്ന സാധനങ്ങൾ വർഷങ്ങളോളം തലമുറകൾ കൈമാറി ഉപയോഗിച്ചിരുന്നെങ്കിൽ ഉപഭോക്താക്കളും ഉപയോക്താക്കളും ഇപ്പോൾ ഓരോരോ പുതിയ ട്രെൻഡിനൊപ്പം നീങ്ങുന്ന കാഴ്ചയാണ് സാധാരണയായി കാണാനാകുക.

കുറച്ചു കാലം മാത്രം ഉപയോഗിച്ച ശേഷം യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ സാധനസാമഗ്രികൾ വലിച്ചെറിയുന്ന സംസ്കാരം നാം ആർജ്ജിച്ചിട്ട് കാലമധികമായിട്ടില്ല. എന്നാൽ അത് സൃഷ്‌ടിക്കുന്ന ഭവിഷ്യത്ത് വളരെ വലുതാണെന്ന് വർദ്ധിച്ചു വരുന്ന കടക്കെണിയും നാട്ടിൽ നിറയുന്ന മാലിന്യങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നു.

പേസ്റ്റ് മമ്മിമാരുടെ ആവലാതികൾ

ദന്തക്ഷയമാണ് ഈ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് കരുതിപ്പോകും പലപ്പോഴും പേസ്റ്റ് മമ്മിമാരുടെ വെപ്രാളം കണ്ടാൽ. എന്തു കൊണ്ടോ ഈ വിഷയത്തിൽ ഡാഡിമാരുടെ ആവലാതി അത്രയേറെ കണ്ടുവരാറില്ല പരസ്യങ്ങളിൽ. മമ്മി തന്റെ സങ്കടം പറയുന്ന നിമിഷം വെള്ളക്കുപ്പായമിട്ട ദന്തഡോക്‌ടർ രംഗത്തെത്തുന്നു. പിന്നെയവിടെ അരങ്ങേറുന്നത് ഘോര പ്രഭാഷണവും സെമിനാറുമൊക്കെ.

മമ്മിക്കും ദന്തവിദഗ്‌ധനും ഇടയിൽപ്പെട്ട് ഇതികർത്തവ്യാമൂഢരായി നിൽക്കുന്ന പിഞ്ചു കുഞ്ഞിന്റെ ദയനീയ മുഖവും കാണാം പരസ്യത്തിൽ. ഉപ്പു മുതൽ കർപ്പൂരം വരെ അടങ്ങിയ ഇത്രയേറെ ടൂത്ത് പേസ്റ്റുകളും വളയുകയും തിരിയുകയും ഡാൻസ് കളിക്കുകയും ചെയ്യുന്ന ഒട്ടനേകം ടൂത്ത് ബ്രഷുകളും ലഭ്യമാണെങ്കിൽ കൂടിയും എന്തുകൊണ്ടാവാം ദന്താശുപത്രികൾ ഇങ്ങനെ കൂണുകൾ പോലെ പൊട്ടിമുളക്കുന്നത്?!

advertisement , ads , impact, influence, market, products, services, customers, soaps, creams, companies, hospitals, educational institutions, media, stars, dentist, tooth paste, gold, jewellery, women, youth, children, vehicles, watches, ornaments,

കള്ളസാരോപദേശമേകുന്ന പരസ്യങ്ങൾ

കുഞ്ഞുങ്ങൾ ശരിയായ രീതിയിൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ സംഭവിക്കാവുന്ന ദുരിതങ്ങളെ കുറിച്ചുള്ള നീണ്ട ചർച്ചയ്ക്ക് ശേഷം കേൾക്കാം തങ്ങളുടെ ഈ സവിശേഷ ഉത്പന്നം കുട്ടിയുടെ അകത്തെത്തിച്ചാൽ മാത്രം മതി എന്തിനും ഏതിനുമുള്ള പരിഹാരമാർഗ്ഗമാകുമെന്ന്. ഹെൽത്ത് ഡ്രിങ്കുകളുടെ പരസ്യമാണ് അതിവിശേഷം. കുട്ടികൾക്ക് ബുദ്ധിയും ശക്തിയും വർദ്ധിക്കുന്നതിന്റെ ക്ലിനിക്കൽ റിസൾട്ടുകൾക്കുള്ള തെളിവുകൾ അവർ പ്രദർശിപ്പിക്കുന്നത്  കമ്പ്യൂട്ടർ ഗ്രാഫിക്സിലൂടെയും.

ആ മായിക വലയത്തിൽ പെട്ടുപോകുന്ന നാം പാവങ്ങൾ പിന്നെന്തു ചെയ്യുമെന്നത് ഏവർക്കും അറിവുള്ളതാണല്ലോ. ബിസ്ക്കറ്റുകൾ, ജാമുകൾ, നൂഡിൽസ്, ചോക്കലേറ്റ് എന്നിങ്ങനെ ഒരു വമ്പൻ നിര തന്നെയുണ്ട് കുട്ടികൾക്കായുള്ള ഭക്ഷണശീലമൊരുക്കുവാൻ. ഒപ്പം ആകർഷകമായ കുട്ടി സമ്മാനങ്ങളും. അതിൽ പലതും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പുകൾ പലപ്പോഴും ബധിരകർണങ്ങളിൽ തന്നെയാണല്ലോ പതിക്കാറുള്ളത്.

വെള്ളക്കുപ്പായക്കാരുടെ സ്വാധീനം

നേരത്തെ പറഞ്ഞതു പോലെ വായുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ വിശ്വാസ്യത തെളിയിക്കാൻ മാത്രമല്ല പകരം ഹാൻഡ് വാഷ്, സോപ്പ്, ടോയിലറ്റ് ക്ലീനർ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങൾ മികച്ചതാണെന്ന് സാക്ഷ്യപ്പെടുത്തുവാനായി പരസ്യ മോഡലുകൾ ഞൊടിയിടയിൽ വെള്ളക്കോട്ട് അണിഞ്ഞു കൊണ്ട് രംഗത്തെത്താറുണ്ടല്ലോ. നമുക്ക് അത്രയേറെ പരിചയമുള്ള താരങ്ങൾ പോലും ഉത്പന്നത്തെ കുറിച്ച് പ്രസംഗിക്കുവാനായി വെള്ളക്കുപ്പായം എടുത്തണിഞ്ഞ ശേഷം ഗിരിപ്രഭാഷണം നടത്തുന്നതിന്റെ സാംഗത്യം പലപ്പോഴും മനസിലാകാറില്ല.

ചലച്ചിത്രങ്ങളിൽ അക്രമികൾ വാതിൽ തള്ളിത്തുറന്ന് പ്രവേശിക്കും മട്ടിലാണ് പല മോഡലുകളും പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. കാണുന്ന പരിപാടിക്കിടയിൽ പരസ്യം എത്തുമ്പോൾ ശബ്ദം ക്രമാതീതമായി ഉയർന്ന് പ്രേക്ഷകരെ ഞെട്ടിക്കുന്നതും സർവ്വസാധാരണം. റിമോട്ട് തേടി പരക്കം പായാൻ ഇത്തരം പരസ്യങ്ങൾ കാരണമാകുന്നു എന്നതാണ് നഗ്നസത്യം.

മഞ്ഞ ലോഹത്തിന്റെ അതിപ്രസരം

സാമ്പത്തിക രംഗത്ത് അതിപ്രാധാന്യമുള്ള സ്വർണ്ണത്തിന്റെ വ്യാപാര മികവിനായി ജൂവലറികൾ അനുവർത്തിച്ചു പോരുന്ന പരസ്യങ്ങൾ പലപ്പോഴും സ്ത്രീകളെ കെട്ടുകാഴ്ചകളായിട്ടാണ് അവതരിപ്പിക്കുന്നതെന്ന ആക്ഷേപം എല്ലാക്കാലത്തും ശക്തമാണ്. തങ്ങളുടെ വ്യാപാരം പൊടിപൊടിക്കുവാനായി എല്ലാ മതങ്ങളുടെയും വിശേഷാവസരങ്ങൾ അത്യന്തം ഫലപ്രദമായി തന്നെ ഇക്കൂട്ടർ വിനിയോഗിക്കുന്നു.

‘അക്ഷയതൃതീയ’യ്ക്ക് പുറമെ ‘പ്രണയ ദിന’ത്തിലും സ്വർണ്ണ കച്ചവടം പൊടിപൊടിക്കുമ്പോൾ ഈ മേഖലയിൽ പരസ്യങ്ങൾ സൃഷ്‌ടിച്ച സ്വാധീനം ചെറുതല്ലെന്ന് വ്യക്തമാണ്. ഓരോ മതവിഭാഗത്തിനും പ്രത്യേകം പ്രത്യേകം ആഭരണ ശ്രേണി അവതരിപ്പിക്കുന്നതിലും കല്യാണം ആഡംബരമല്ല അത്യാഡംബരമാകണമെന്നും അതാണ് സ്റ്റാറ്റസ് സിംബലെന്നും മഞ്ഞലോകത്തിന്റെ പരസ്യങ്ങൾ സുവ്യക്തമായി പറഞ്ഞു വയ്ക്കുന്നു.

സ്റ്റാർ വാല്യൂ പരസ്യങ്ങളിൽ പ്രയോജനപ്പെടുത്തവെ

പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ട താരങ്ങളെ തങ്ങളുടെ പരസ്യത്തിൽ കൊണ്ടു വരാൻ പ്രമുഖ കമ്പനികൾക്ക് എക്കാലവും താല്പര്യമുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതുമായ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് 50 ലക്ഷം രൂപ പിഴയും മൂന്നു വര്‍ഷം വിലക്കും ഏര്‍പ്പെടുത്തുവാനുള്ള നീക്കത്തെ തുടർന്ന് ചലച്ചിത്ര-കായിക താരങ്ങൾ ഉൾപ്പെടുന്ന പ്രമുഖർ  രംഗത്തെത്തുന്ന പരസ്യങ്ങളിൽ താരങ്ങൾക്കും ധാർമിക ബാധ്യത ഉണ്ടെന്നും അതല്ല അവർ വെറും അഭിനേതാക്കളായതിനാൽ അതിന്റെ ആവശ്യമില്ലെന്നുമുള്ള വാദഗതികൾ ഇപ്പോഴും ഉയരുന്നുണ്ട്.

വിപണിയിൽ വിവാദമായ നൂഡിൽസ് കമ്പനിയുടെയുടെയും ചോക്കലേറ്റ് കമ്പനിയുടെയും പരസ്യങ്ങളിൽ പ്രമുഖ താരങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നേരത്തെ ഒട്ടേറെ ചർച്ചകൾ അരങ്ങു തകർത്തിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം എല്ലാവരും മറന്ന മട്ടാണ്‌.

സൗന്ദര്യ വർദ്ധകരുടെ നീണ്ട നിര

കറുപ്പിനെ വെറുപ്പിക്കാനും വെളുപ്പിനെ കറുപ്പിക്കാനുമായി ഒട്ടനവധി ഉത്പന്നങ്ങളാണ് വിപണിയിൽ മത്സരിക്കുന്നത്. ചർമ്മത്തിന് വെളുപ്പ് നിറം നൽകാമെന്ന വാഗ്ദാനവുമായി രംഗത്തെത്തുന്ന ക്രീമുകൾ, സോപ്പുകൾ, പൗഡർ എന്നിങ്ങനെ ഒരു വശത്ത് അരങ്ങു തകർക്കവെ വെളുത്ത മുടി കറുപ്പിക്കുവാനായി മറ്റൊരു വശത്ത് പോരാട്ടം തുടരുന്നു.

ഓരോ സമൂഹത്തിലെയും സൗന്ദര്യ സങ്കൽപ്പങ്ങൾ വ്യത്യസ്തമാണെന്നിരിക്കിലും അവയ്ക്ക് പൊതുവായ നിർവചനവുമായാണ് പരസ്യങ്ങൾ നീക്കം നടത്തുന്നത്. വെളുപ്പ് നിറം ഉണ്ടെങ്കിൽ മാത്രമേ സുന്ദരീ-സുന്ദരന്മാരാകൂ എന്ന കാഴ്ചപ്പാട് വ്യക്തികളുടെ മനസുകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന പരസ്യങ്ങൾക്കെതിരെ പലപ്പോഴും വിമർശങ്ങൾ ഉയരാറുണ്ടെങ്കിലും അത്തരം പരസ്യങ്ങൾ ഇപ്പോഴും നിർബാധം തുടരുകയാണ്.

ഈ സാഹചര്യത്തെ മുതലെടുത്ത് ആകർഷകമായ ചർമ്മം മാത്രം ഉറപ്പ് നൽകുന്ന രീതിയിലും ചില പരസ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ആളുകളെ തന്നിലേക്ക് ആകർഷിക്കുക എന്നതാണ് ഓരോ വ്യക്തിയും ആത്മാർത്ഥമായി ആഗ്രഹിക്കുന്നതെന്ന് തോന്നിപ്പോകും ചില പരസ്യങ്ങൾ കണ്ടാൽ. തങ്ങളുടെ ഉത്പന്നം ഉപയോഗിച്ച ശേഷം ഒന്ന് നിരത്തിലിറങ്ങി നോക്കൂ പിന്നെ ‘പഴുത്ത ചക്കയിൽ ഈച്ചകൾ വന്നണയും മട്ടിൽ’ ആളുകൾ നിങ്ങളെ പൊതിയുമെന്നാണ് ചില പരസ്യങ്ങൾ പ്രഖ്യാപിക്കുന്നത്. എന്താ കഥ!

യുവതയെ ലക്ഷ്യമിടുന്ന പരസ്യങ്ങൾ

യുവരക്തത്തിൽ ആവേശത്തിരയിളക്കം സൃഷ്‌ടിക്കുന്ന ഇരുചക്ര വാഹനങ്ങൾ, ആഡംബരത്തിന്റെ അവസാന വാക്കുകളായി അവതരിപ്പിക്കപ്പടുന്ന കാറുകൾ, മാസം തോറും പുതിയ അപ്‌ഡേറ്റുകളുമായി പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ എന്നിവ വിലസുന്ന പരസ്യ ലോകത്താണ് ആഡംബരപൂർണ്ണവും വ്യത്യസ്തതയാർന്നതുമായ ജീവിത സാഹചര്യങ്ങൾ ഉറപ്പ് നൽകിക്കൊണ്ട് യുവനടന്മാർ ഉൾപ്പെടെയുള്ളവർ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഫ്ലാറ്റുകളെ പരസ്യങ്ങളിൽ അവതരിപ്പിക്കുന്നത്. പേന, വാച്ച് എന്നിവയിൽ തുടങ്ങി വൻ വില നൽകേണ്ട ഉത്പന്നങ്ങളിൽ പോലും തങ്ങളുടെ ദുരഭിമാന സംരക്ഷണം ഉറപ്പു വരുത്തേണ്ട ബാധ്യത യുവജനങ്ങൾക്കുണ്ടെന്ന മിഥ്യാ ധാരണ നൽകാൻ പല പരസ്യങ്ങളും കാരണമാകുന്നുണ്ട്.

വ്യാപകമാകുന്ന പുതുപുത്തൻ പരസ്യ സംസ്കാരം

പരിസ്ഥിതിയ്ക്ക് അതീവ ഹാനികരവും പൊതുജനങ്ങൾക്ക് മാർഗ്ഗതടസ്സവും മറ്റും സൃഷ്‌ടിക്കുന്നത്തിൽ മുമ്പന്മാരാണ് ഫ്ലെക്സുകൾ. പ്രകൃതിക്കും ജീവജാലങ്ങൾക്കും ദോഷകരമായ പോളി വിനൈല്‍ ഫ്ലക്സുകളെ നിരോധിക്കുവാനും പകരം പോളി എഥിലിന്‍ ഫ്ലക്സുകൾ ഉപയോഗിക്കുവാനുമുള്ള സർക്കാർ നീക്കം ഇപ്പോഴും പലവിധ കാരണങ്ങളാൽ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. നിരത്തുകളിൽ ഇവയെ കൊണ്ടുള്ള ശല്യം രൂക്ഷമായപ്പോൾ അടുത്തിടെയും ഇതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

എന്നാൽ ഇപ്പോഴും വിവിധ കമ്പനികൾക്ക് പുറമെ രാഷ്ട്രീയ-സിനിമാ മേഖലകൾ തങ്ങളുടെ പരസ്യപ്പെടുത്തൽ നടപടികൾക്കായി ഫ്ലെക്സുകളെ വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ലോകകപ്പിനോട് അനുബന്ധിച്ച് നാടാകെ നിറഞ്ഞ ഫ്ലെക്സുകൾ ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രാഷ്ട്രീയ പാർട്ടികളുടെയും മറ്റും സമ്മേളങ്ങൾക്ക് പുറമെ ഇപ്പോഴിതാ പുതിയൊരു ട്രെൻഡ് കൂടി കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടെ നടപ്പിലായി വരുന്നു. എ പ്ലസും എയും നേടിയ മിടുമിടുക്കരെ അഭിനന്ദിക്കാൻ മുക്കിന് മുക്കിന് തിങ്ങി നിറഞ്ഞ ഫ്ലെക്സുകളെ തട്ടീട്ടും മുട്ടീട്ടും വഴി നടക്കാൻ കഴിയാതായിട്ടുണ്ട് എന്നതാണ് മറ്റൊരു പരാതി. ഇക്കാര്യത്തിൽ ഫ്ളക്സ് മാർഗ്ഗം തന്നെയാണോ അഭിലഷണീയമെന്ന് പലരും ആരായുന്നു.

മാനസികമായി സ്വാധീനിക്കുന്ന പരസ്യങ്ങൾ

നല്ലൊരു ചലച്ചിത്രം കണ്ട അനുഭവമേകുന്ന മികവുറ്റ പരസ്യങ്ങൾ എക്കാലത്തുമുണ്ടായിട്ടുണ്ട്. നല്ല ഗുണപാഠങ്ങൾ നൽകുന്ന; കണ്ണ് തുറപ്പിക്കുന്ന; നമ്മെ നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന നല്ല പരസ്യങ്ങൾ പരക്കെ ചർച്ച ചെയ്യപ്പെടാറുമുണ്ട്. എന്നാൽ വിവാദത്തിലൂടെ ജനശ്രദ്ധ നേടുവാനും ചില പരസ്യങ്ങൾ കുതന്ത്രങ്ങൾ പ്രയോഗിക്കാറുണ്ട്. അവ പക്ഷെ നല്ല റിസൾട്ടാകില്ല പലപ്പോഴും നേടാറുള്ളതെന്നതും സത്യമാണ്.

ബുദ്ധിയെ വെല്ലുവിളിക്കുന്ന പരസ്യങ്ങൾ

advertisement , ads , impact, influence, market, products, services, customers, soaps, creams, companies, hospitals, educational institutions, media, stars, dentist, tooth paste, gold, jewellery, women, youth, children, vehicles, watches, ornaments,

ഒരൊറ്റ ഉപയോഗത്താൽ പോലും കഷണ്ടി മാറുമെന്നും തലമുടി സമൃദ്ധമായി വളരുമെന്നും അവകാശപ്പെടുന്നവ; ദോഷങ്ങൾ എല്ലാമകറ്റി സർവ്വ ഐശ്വര്യങ്ങളും വാഗ്ദാനം ചെയ്യുന്നവ; സിനിമാ താരങ്ങളെ പോലെയാക്കുമെന്ന് പ്രഖ്യാപിക്കുന്നവ; അത്ഭുതകരമായ ആരോഗ്യം ലഭ്യമാകുമെന്ന് ഉറപ്പ് നല്കുന്നവ; കഠിനാദ്ധ്വാനം, നിരന്തരമായ പരിശ്രമം എന്നിവയെക്കാൾ ഉപരിയായി കേവല ശരീര സൗന്ദര്യത്തിലൂടെ ഏത് നേട്ടങ്ങളും കൈവശപ്പെടുത്താമെന്ന് വിളംബരം ചെയ്യുന്നവ ഇങ്ങനെ ഉപഭോക്താക്കളുടെ ബുദ്ധിയെയും വിവേകത്തെയും ചോദ്യം ചെയ്യുന്ന പരസ്യ തന്ത്രങ്ങൾ അനേകമുണ്ട്.

ഉത്പന്ന-സേവനങ്ങളുടെ നൈതികതയെ പോലും സംശയത്തിലാക്കുന്ന ചില പരസ്യങ്ങൾ നിലവിലുണ്ടെങ്കിലും അവയെ യുക്തിപൂർവ്വം കൈക്കൊള്ളേണ്ടതും കൈയ്യൊഴിയേണ്ടതും ഉപഭോക്താക്കളുടെ കടമയാണ്.

‘പരസ്യങ്ങളിൽ വഞ്ചിതരാകാതെ’ എന്ന നയം എപ്പോഴും കൈക്കൊള്ളുകയും ആവശ്യമുള്ളത് മാത്രം സ്വായത്തമാക്കിയും അനാവശ്യമേതെന്ന് തിരിച്ചറിഞ്ഞ് അവയെ വെടിഞ്ഞും സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുകയും നല്ലൊരു ഉപഭോക്‌തൃ സംസ്കാരം കെട്ടിപ്പടുക്കുകയും ചെയ്യേണ്ടത് ഏതൊരു പൗരന്റെയും ഉത്തരവാദിത്തമാണെന്നിരിക്കെ പരസ്യങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നതിൽ ന്യായീകരണമില്ല തന്നെ.

സർവ്വത്ര പരസ്യമയമോ പരസ്യമായയോ അതോ പരസ്യമായമോ ആയിരുന്നാലും അവയുടെ മായാജാലത്തിന് അടിമപ്പെടാതെ വിവേകപൂർവ്വം തീരുമാനമെടുക്കാൻ ഉപഭോക്താക്കൾക്ക് ആകില്ലേ?

ശാലിനി വി എസ് നായർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

weekly-cartoon-hakus-manasa-vacha-July-30-2018

ഓണം: കേരളം ആയിരം കോടി രൂപ കടമെടുക്കുന്നു

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നത് ഇങ്ങനെയോ എന്ന് രമേശ് ചെന്നിത്തല