advertisement , Kalyan, controversy, Bachan, Manju, Aishwarya rai ,swetha , bank, nurses, diamond, jewellery,
Advertisement target
in , ,

കല്യാൺ വീണ്ടും വിവാദത്തിൽ; ഇനി ഇതുമൊരു പരസ്യതന്ത്രമാണോ?

ഏതൊരാളെയും തങ്ങളുടെ ഉത്പന്ന-സേവനങ്ങളിലേയ്ക്ക് ആകർഷിക്കുക എന്നതാണല്ലോ ഇദംപ്രഥമമായി ഏതൊരു പരസ്യത്തിന്റെയും ( advertisement ) ധർമ്മം. അങ്ങനെ നോക്കിയാൽ ‘വിശ്വാസം അതല്ലേ എല്ലാം’ എന്ന ചങ്കിൽ കൊള്ളുന്ന ടാഗ് ലൈനുമായി കല്യാൺ പരസ്യം വർഷങ്ങളായി ഉപഭോക്താക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നതിൽ വിജയിച്ചു എന്ന വെളിപ്പെടുത്തലിൽ അധികം അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ല. എന്നാൽ ഇപ്പോഴിതാ വീണ്ടും വിവാദങ്ങൾ കല്യാണിനെ പിടികൂടിയിരിക്കുകയാണ്. പുതിയ പരസ്യമാണ് ഇത്തവണത്തെ വിവാദകാരണം.

ബിസിനസ് വളർച്ചയും പരസ്യവും

ടൂറിസം രംഗത്ത് കേരളം നേടിയെടുത്ത അഭിവൃദ്ധിയിൽ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന അത്യാകർഷകമായ വാചകം വഹിച്ച പങ്ക് നിസ്തുലമാണ്. അതു പോലെ തന്നെയാണ് ടി എസ് കല്യാണരാമന്‍ സാരഥിയായ കല്യാണ്‍ ജൂലേഴ്‌സ് അതിന്റെ പരസ്യതന്ത്രങ്ങളിലൂടെ നേടിയെടുത്ത വിജയവും. വിശ്വാസത്തെ കുറിച്ച് എവിടെ പരാമർശമുണ്ടാകുന്നുവോ അവിടെയെല്ലാം കല്യാണിന്റെ ആ പ്രശസ്ത ടാഗ് ഉപയോഗിക്കാതെ വയ്യെന്നായി പൊതുവെ സഹൃദയരായ മലയാളികൾക്ക്.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 1993-ല്‍ തന്റെ ബിസിനസ്സ് യാത്ര ആരംഭിച്ച കല്യാണരാമന്‍ എന്ന സാരഥിയ്ക്ക് ഇന്ന് ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ഷോറൂമുകളുണ്ട്. തൃശ്ശൂരിലെ ആദ്യ ജ്വല്ലറിയിൽ നിന്ന് ആരംഭിച്ച ഈ മലയാളിയുടെ ബിസിനസ് സാമ്രാജ്യം ഇന്ന് രാജ്യത്തിന്റെ അതിരുകള്‍ കടന്ന് ലോകമെമ്പാടും വ്യാപിച്ചതിൽ പരസ്യത്തിന് ചെറുതല്ലാത്ത സ്ഥാനമുണ്ട്. ആഭരണ വിപണിയിൽ സ്ഥാനം നേടുന്നതിനായി മനസ്സിൽ തൊടുന്ന പരസ്യ മാർഗ്ഗങ്ങളാണ് കാലങ്ങളായി കല്യാണ്‍ ജൂലേഴ്‌സ് പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.

പരസ്യങ്ങളിൽ പ്രശസ്ത താരങ്ങൾ അണിനിരന്നപ്പോൾ

ഇന്ത്യയുടെ സ്വകാര്യ അഭിമാനമായ ‘ബിഗ് ബി’ അമിതാഭ് ബച്ചന്റെ സ്റ്റാർ വാല്യൂ നന്നായി വിനിയോഗിക്കുന്നതിൽ ഈ സ്ഥാപനം വിജയം കണ്ടു. കൂടാതെ മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരുടെ സാന്നിധ്യവും ഈ ജൂവലറിയുടെ പരസ്യപ്രചാരണത്തിന് മാറ്റു കൂട്ടി. ലോകസുന്ദരി ഐശ്വര്യാ റായ് കല്യാൺ പരസ്യത്തിൽ വിളങ്ങിയത് അത്ര വേഗം പരസ്യ ആരാധകർക്ക് മറക്കാവതല്ലല്ലോ. പ്രഭുവിനെ പോലുള്ള പ്രമുഖ ദക്ഷിണേന്ത്യൻ നടന്മാരെ ഒപ്പം കൂട്ടാനും കല്യാൺ പരസ്യങ്ങൾ മറന്നില്ല.

പുതിയ പരസ്യം; പുതിയ വിവാദം

advertisement , Kalyan, controversy, Bachan, Manju, Aishwarya rai ,swetha , bank, nurses, diamond, jewellery,

അമിതാഭ് ബച്ചൻ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ പരസ്യമാണ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്. മലയാളത്തിൽ ‘ബിഗ് ബി’ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പുത്രിയായി മഞ്ജുവാര്യർ രംഗത്തെത്തുമ്പോൾ ഹിന്ദിയിൽ അദ്ദേഹത്തിൻറെ സ്വന്തം പുത്രി ശ്വേതയാണ് രംഗത്തെത്തിയിരിക്കുന്നത്. ബച്ചന്റെ മകൾ ആദ്യമായി അഭിനയിക്കുന്ന പരസ്യ ചിത്രമാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്.

അച്ഛനും മകളും ബാങ്കിൽ എത്തുന്നതും പെൻഷൻ പാസ്ബുക്കിൽ രണ്ട് തവണ വരവ് വച്ച തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ മാനേജർ ‘അത് ലാഭമായല്ലോ’ എന്ന് ചോദിക്കുന്നതുമാണ് ഇപ്പോൾ വിവാദം ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.

ബാങ്ക് ജീവനക്കാരെ മോശക്കാരായി ചിത്രീകരിച്ചിരിക്കുന്ന ഈ പരസ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനയായ ‘ബെഫി’യാണ് (ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ) രംഗത്തെത്തിയിരിക്കുന്നത്. കല്യാണിന്റെ പുതിയ പരസ്യം പിൻവലിക്കുന്നതിന് പുറമെ മാപ്പു പറയണമെന്നും ബെഫി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

പരസ്യം വിവാദമാകവെ

അല്ല, ഇങ്ങനെ നോക്കിയാൽ പിന്നെ മിക്കവാറും എല്ലാ പരസ്യങ്ങളും പിൻവലിക്കേണ്ടി വരുമെന്ന നിലയാകുമല്ലോ?! മാപ്പപേക്ഷയുടെ പ്രളയമായിരിക്കും പിന്നെയവിടെ അരങ്ങേറുക. ഒരു ബാങ്ക് ഉദ്യോഗസ്ഥൻ സ്വന്തം കടമ നിറവേറ്റാതെ ഇടപാടുകാർക്ക് കുറുക്ക് വഴി ഉപദേശിക്കുമ്പോൾ അദ്ദേഹത്തെ തിരുത്തി സന്മാർഗ്ഗത്തിലൂടെ വഴി നടത്തുന്ന നായകനെയല്ലേ ആ പരസ്യത്തിൽ ഉദ്ദേശിച്ചുള്ളൂ. അല്ലാതെ എല്ലാ ബാങ്ക് ജീവനക്കാരും മോശക്കാരാണെന്ന് ആ പരസ്യത്തിൽ ധ്വനിയില്ലല്ലോ.

അല്ലെങ്കിൽ തന്നെ ബാങ്ക് ജീവനക്കാരെ പറ്റി ശരിക്കും അറിയാത്തവരല്ലലോ ഈ നാട്ടിലെ ആളുകൾ. എന്തെന്നും ഏതെന്നും ഏവർക്കുമറിയാം. ആളുകളെ ബോധപൂർവ്വം വഴി തെറ്റിക്കുന്ന ഒട്ടനേകം പരസ്യങ്ങൾ ലോകമൊട്ടാകെ വിലസുമ്പോഴാ വിവാദത്തിനു വേണ്ടി വിവാദമെന്ന നിലയിൽ ഇത്തരം ചെറിയ വിഷയം കുത്തിപ്പൊക്കുന്നതെന്ന് ആർക്കെങ്കിലും തോന്നിക്കൂടായ്കയില്ല.

അതോ വെറുതെ വിവാദം സൃഷ്‌ടിച്ച് ശ്രദ്ധ നേടാനുള്ള തന്ത്രം മാത്രമാണോ ഈ വിവാദത്തിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. പരസ്യത്തെ പരസ്യമായി കാണാനും മാത്രമുള്ള ഹൃദയ വിശാലത കൈമോശം വന്നുവോ? അതോ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമോ? അതോ അഭിപ്രായ സ്വാതന്ത്ര്യമെന്ന ബലത്തിൽ ‘വായിൽ വരുന്നത് കോതയ്ക്ക് പാട്ടെന്ന’ മട്ടോ?

പരസ്യ വിവാദവും നഴ്സുമാരും

advertisement , Kalyan, controversy, Bachan, Manju, Aishwarya rai ,swetha , bank, nurses, diamond, jewellery,വേതന വിഷയത്തിൽ നഴ്‌സുമാർ കാലങ്ങളായി സമരം തുടരുന്നത് ഇപ്പോഴും വാർത്തയായിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ പഴയൊരു കല്യാൺ പരസ്യം വിവാദമായത് ഓർക്കുന്നില്ലേ?

2014-ൽ ‘ഇനി എല്ലാവര്‍ക്കും വജ്രം’ എന്ന പരസ്യവാചകം പുറത്തു വന്നതോടെ തങ്ങളെ അപമാനിക്കുന്ന തരത്തിലുള്ളതാണ് ആ പരസ്യം എന്ന വാദമുയര്‍ത്തി ഏതാനും നഴ്സുമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

വജ്രം എന്നത് പണക്കാരുടെ മാത്രം സ്വപ്‌നമല്ലെന്നും സാധാരണക്കാര്‍ക്കും അത് വാങ്ങാനാകും എന്നാണ് ആ പരസ്യത്തിലൂടെ  ഉദ്ദേശിച്ചതെങ്കിലും ചിലരത് മറ്റൊരു അർത്ഥത്തിലാണ് കണക്കിലെടുത്തത്. ചെറിയ വരുമാനമുള്ളവര്‍ക്കും വജ്രം വാങ്ങാം എന്ന പരസ്യത്തിൽ മഞ്ജു വാര്യർ നഴ്സിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതാണ് ചുരുക്കം ചിലരെ ചൊടിപ്പിച്ചത്.

നഴ്‌സുമാരെല്ലാം തന്നെ ചെറിയ ശമ്പളമുള്ളവരാണോ എന്നും അമേരിക്കയിലും ആസ്‌ട്രേലിയയലും ഗള്‍ഫിലും ഇംഗ്ലണ്ടിലും ഒക്കെ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ആ പരസ്യം നാണക്കേടാണെന്നും ചിലർ സമൂഹമാധ്യമങ്ങളിൽ വാദിച്ചു. ഈ തൊഴിലിനെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചപ്പോൾ സംഭവം അത്ര ഏറ്റില്ലെന്നുമാത്രമല്ല, തിരിച്ചടി കൂടിയാണ് പലർക്കുമേകിയത്.

നേഴ്സിംഗ് മോശം തൊഴിൽ ആണ് എന്ന സന്ദേശമാണ് ഈ പരസ്യം നല്കുന്നതെന്നും നേഴ്സുമാരെ സാധാരണക്കാരുടെ ഉദാഹരണമാക്കി മാറ്റിയത് പരസ്യം രൂപകൽപ്പന ചെയ്തവരുടെ മനസ്സിന്റെ വൈകല്യം ആണെന്നും ആരോപണമുയർന്നപ്പോൾ ‘ഭൂമിയിലെ മാലാഖ’മാരിൽ ചിലരുടെ പ്രത്യയശാസ്ത്രം കണ്ട് ചിലർ മൂക്കത്ത് വിരൽ വച്ചുപോയത്രെ.

വിവാദത്തിൽപ്പെട്ട സുന്ദരിയും ബാലനും

advertisement , Kalyan, controversy, Bachan, Manju, Aishwarya rai ,swetha , bank, nurses, diamond, jewellery,

തൊട്ടടുത്ത വർഷവുമുണ്ടായി ഇത്തരമൊരു വിവാദം. സുപ്രസിദ്ധ നടിയും ലോകസുന്ദരിയുമായ ഐശ്വര്യ റായ്ക്ക് ആണ് 2015-ൽ നറുക്കു വീണത്. മധ്യകാല സുന്ദരിയായി ഐശ്വര്യ പ്രത്യക്ഷപ്പെട്ട പരസ്യത്തിൽ സുന്ദരിക്ക് കുട പിടിക്കുന്ന കറുത്ത നിറമുള്ള ബാലനെയും ചിത്രീകരിച്ചതാണ് വിവാദത്തിന് ആസ്പദം. ഏപ്രില്‍ 17-ന് ‘ദ ഹിന്ദു’ പത്രത്തിൽ ആദ്യം പ്രത്യക്ഷപ്പെട്ട ആ പരസ്യം ബാലവേല, വംശീയാധിക്ഷേപം എന്നിവയാല്‍ ആക്റ്റിവിസ്റ്റുകളുടെ കണ്ണിലെ കരടായി.

തുടർന്ന് പരസ്യം സംബന്ധിച്ച് ഐശ്വര്യ റായിയുടെ പ്രതികരണവും നടപടിയും എന്തെന്ന് അറിയിക്കാൻ എഴുത്തുകാരിയും ഫെമിനിസ്റ്റുമായ ഫറ നഖ്വി, മധു മെഹറ, നിഷ അഗര്‍വാള്‍, ഏണാക്ശി ഗാംഗുലി,ശാന്ത സിന്‍ഹ, മൃദുല ബജാജ്, ഹര്‍ഷ മാന്‍ഡര്‍ എന്നിവര്‍ കത്തയച്ചു. കല്യാണ്‍ ജ്വല്ലേഴ്‌സിനും കത്തിന്റെ പകര്‍പ്പ് അയച്ചു കൊടുത്തിരുന്നു.

ഉത്പന്നം വിറ്റഴിക്കുന്നതിനായി ഒരു കുട്ടിയെ നിയമവിരുദ്ധമായ രീതിയില്‍ ചിത്രീകരിച്ചതും കറുത്തനിറം അടിമത്തത്തിന്റെ ചിഹ്നമാണെന്ന രീതിയില്‍ ചിത്രീകരിച്ചതും കത്തിൽ പരാമർശിച്ചിരുന്നു.

റാസിസം ഇന്നും ആഗോള യാഥാര്‍ത്ഥ്യമാണെന്നും ഇന്ത്യയില്‍ ബാലവേല ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും ആ സാഹചര്യത്തിൽ അടിമത്വം, ബാലവേല, സവര്‍ണ്ണമേധാവിത്വം, വംശീയത എന്നിവയെ പ്രോത്സാഹിപ്പിക്കാന്‍ പരസ്യം ശ്രമിക്കുന്നുവെന്നും ആരോപണമുയർന്നിരുന്നു.

പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിലെ കോളോണിയന്‍ പോട്രൈറ്റുകളിലെ വെളുത്ത വര്‍ഗ്ഗക്കാരുടെ വരേണത്യം വ്യക്തമാക്കുന്ന കലാസൃഷ്ടികള്‍ക്ക് സമാനമാണ് പരസ്യത്തിലുപയോഗിച്ചിരിക്കുന്ന ചിത്രമെന്നായിരുന്നു പ്രധാന ആക്ഷേപം. ഇത് വ്യക്തമാക്കുന്ന പോട്രൈറ്റുകളുടെ പകര്‍പ്പുകളും കത്തിനൊപ്പം അടക്കം ചെയ്തിരുന്നു.

2013-ല്‍ പാക്കിസ്ഥാനി ഡിസൈനര്‍ ആംന അക്വീല്‍ നടത്തിയ ഫോട്ടോ ഷൂട്ടില്‍ വെളുത്ത വര്‍ഗ്ഗക്കാരിയായ മോഡലിന് കറുത്ത വര്‍ഗ്ഗക്കാരനായ ബാലന്‍ കുട പിടിച്ച് നില്‍ക്കുന്നത് ചിത്രീകരിച്ചത് വലിയ വിവാദമായിരുന്നു.

തുടർന്നാണ് അതിന് സമാനമാണ് കല്യാണിന്റെ ഫാന്റസി പരസ്യമെന്ന വാദവുമായി ആക്റ്റിവിസ്റ്റുകൾ രംഗത്തെത്തിയത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ താന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണെന്നും ഫോട്ടോഷൂട്ടിനുശേഷമാണ് കുട്ടിയുടെ ചിത്രം കൂട്ടിച്ചേര്‍ത്തതെന്നുമുള്ള പ്രസ്താവനയുമായി ഐശ്വര്യ രംഗത്തുവന്നിരുന്നു.

ഒരുപക്ഷേ ശരിയാവാം വിവാദക്കാരുടെ വാദഗതികൾ. എന്നാൽ ഇക്കാലത്തെ പരസ്യങ്ങളിൽ ഭൂരിഭാഗവും ധാരാളമായി കുട്ടികളെ അവതരിപ്പിക്കുന്നില്ലേ?

കുട്ടി കറുത്തു പോയതാണോ പ്രശ്നം? കറുപ്പ് പ്രശ്‌നമാകുന്നത് ചിലരുടെ വീക്ഷണ കോണിൽ മാത്രമല്ലേ? ഏഴഴകുള്ള കറുപ്പ് അടിമത്തത്തിന്റെ പ്രതീകമായി സ്ഥിരീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്?

കുട്ടിക്ക് വെളുപ്പ് നിറമായിരുന്നെങ്കിൽ പ്രശ്‌നം സാധൂകരിക്കപ്പെടുമായിരുന്നോ? കറുപ്പ് നിറമുള്ള സുന്ദരിയാണ് മോഡലായതെങ്കിലോ? സംശയങ്ങൾ അനവധിയാണ്.

പരസ്യ ലോകത്തെ തന്ത്രങ്ങളും കുതന്ത്രങ്ങളും

പരസ്യങ്ങളുടെ ലോകം അതി വിചിത്രമാണ്. വികാരപരമായ രംഗങ്ങളിലൂടെ പരസ്യങ്ങൾ ഇമോഷണൽ ബ്ലാക് മെയിൽ ചെയ്യുന്നതായി നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. വളർത്തി വലുതാക്കിയ മകൾ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ഒളിച്ചോടുന്നതും പിന്നീട് പശ്ചാത്താപ വിവശയായി അവൾ അച്ഛനരികിൽ മടങ്ങിയെത്തുന്നതുമായ കല്യാൺ പരസ്യം നേരത്തെ ചെറിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നുവല്ലോ. അച്ഛന്റെ വിശ്വാസം സംരക്ഷിക്കുവാനായി മടങ്ങിയെത്തിയ മകൾ തന്റെ പ്രാണേശ്വരനെ ചതിച്ചു കൊണ്ട് നല്ലൊരു ‘തേപ്പുകാരി’യായി മാറിയില്ലേ എന്നായിരുന്നു അക്കാലത്ത് പലരുടെയും സംശയം.

സെയിൽസ് ഗേൾസിന്റെ ഇരിക്കൽ സമരം, ആഭരണത്തിൽ മെഴുക് കണ്ടതായുള്ള ആരോപണം എന്നിവയിലൂടെ നേരത്തെ വിവാദങ്ങളിൽപ്പെട്ട കല്യാൺ പക്ഷേ മികച്ച വിപണന തന്ത്രവുമായി മുന്നേറുകയാണെന്നതിൽ ആർക്കുമില്ല സംശയം. ഇപ്പോഴത്തെ ഈ പരസ്യ വിവാദവും ‘ക്ഷണപ്രഭാ ചഞ്ചല’മാകുകയേ ഉള്ളൂ എന്നാണ് പലരുടെയും അഭിപ്രായം. ഈ വിവാദങ്ങൾ തന്നെ നല്ലൊരു പരസ്യമല്ലേ എന്നതാണ് മറ്റു ചിലരുടെ പ്രസ്താവന.

ശാലിനി വി എസ് നായർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,

അയ്യപ്പസ്വാമിയും മാളികപ്പുറങ്ങളും; ഉത്തരം തേടുന്ന ചില ചോദ്യങ്ങളും സംശയങ്ങളും

കേരള ട്രാവല്‍ മാര്‍ട്ട് 2018 സെപ്റ്റംബറില്‍;  മലബാര്‍ ടൂറിസം പ്രമേയം