in

അടുത്തത് രാമ പ്രതിമ; 202 മീറ്റർ ഉയരത്തിൽ യു പി സർക്കാർ വക 

ലക്നൗ: പട്ടേൽ പ്രതിമാ വിവാദം ചൂടുപിടിക്കുന്നതിനിടയിൽ മറ്റൊരു വമ്പൻ പ്രതിമാ നിർമാണ  പദ്ധതിയുമായി ഉത്തർപ്രദേശ് സർക്കാർ രംഗത്ത്.

ഗുജറാത്തിലെ നർമദാ നദിക്കരയിലാണ്  3000 കോടി രൂപ ചിലവാക്കി  182 മീറ്റർ ഉയരത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ  പ്രതിമ സ്ഥാപിച്ചത് .  വ്യാപകമായ വിമർശനങ്ങളാണ് പ്രതിമാ നിർമ്മാണത്തിനെതിരെ ഉയർന്നുവന്നത്. 

കോൺഗ്രസുകാരനായ സർദാറിന്റെ പ്രതിമാ നിർമാണത്തിലൂടെ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ബി ജെ പി ക്കുള്ളതെന്ന് ആരോപണം ഉയർന്നു.

രാഷ്ട്രീയ നേട്ടങ്ങൾക്കായി ഗാന്ധിയുടെയും പട്ടേലിന്റെയും പാരമ്പര്യത്തെ ഉപയോഗിക്കുന്ന ബി ജെ പി ക്ക്‌ ഈ രണ്ടു നേതാക്കളോടും ആദരവില്ലായിരുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ സ്വച്ഛതാ കാമ്പയിൻ   ഗാന്ധിജിയുടെ സ്വച്ഛതാ സങ്കൽപ്പത്തെ മുൻനിർത്തിയാണ് .പ്രചരിപ്പിച്ചത്.

നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം കൊണ്ടും  ഇന്ധന വിലവർധന കൊണ്ടും ജനജീവിതം പൊറുതിമുട്ടുമ്പോൾ മൂവായിരം കോടി രൂപയിലേറെ ചിലവാക്കി പ്രതിമ  സ്ഥാപിച്ച സർക്കാരിന്റെ പാഴ്‌ച്ചെലവും വിമർശിക്കപ്പെട്ടു. ബ്രിട്ടീഷ് പാർലമെന്റംഗം അടക്കമുള്ളവർ വിമർശനവുമായി വന്നിരുന്നു. പ്രതിമാ നിർമാണ കാലയളവിൽ ബ്രിട്ടീഷ് സർക്കാരിൽ നിന്ന് ഇന്ത്യ കൈപ്പറ്റിയ സഹായധനത്തിന്റെ കാര്യം ഓർമിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം . മൂവായിരം കോടിയുടെ പ്രതിമ സ്ഥാപിക്കാൻ ശേഷിയുള്ളവർക്ക് ബ്രിട്ടന്റെതെന്നല്ല ആരുടേയും  സഹായം ആവശ്യപ്പെടാൻ അർഹതയില്ലെന്ന്  അദ്ദേഹം കുറ്റപ്പെടുത്തി.

സംഘ പരിവാറിനെതിരെ  നിലപാടെടുക്കുകയും  ആർ എസ് എസ്സിനെ നിരോധിക്കുകയും ചെയ്ത  പട്ടേലിന്റെ  പ്രതിമ സ്ഥാപിക്കാൻ ബി ജെ പി സർക്കാരിനുള്ള രാഷ്ട്രീയ അർഹതയും ചോദ്യം ചെയ്യപ്പെട്ടു.

എന്തായാലും അയോധ്യയിൽ പടുകൂറ്റൻ രാമ പ്രതിമ സ്ഥാപിക്കുമെന്ന് യു പി സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു.ശ്രീരാമ പ്രതിമക്ക്  202 മീറ്റർ ഉയരമുണ്ടാകും.  151 മീറ്റർ ഉയരമുള്ള പ്രതിമ 51 മീറ്റർ ഉയരമുള്ള പെഡസ്റ്റലിലാണ് സ്ഥാപിക്കുക. അതോടെ ലോകത്തെ ഏറ്റവും വലിയ പ്രതിമയായി ശ്രീരാമ പ്രതിമ മാറും. സർദാറിന്റെ പ്രതിമ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ ദീപോത്സവത്തിനു ശേഷം മുഖ്യ മന്ത്രി ആദിത്യ നാഥ് നേരിട്ട് പ്രതിമ സ്ഥാപിക്കാനുള്ള സ്ഥല സന്ദർശനങ്ങൾക്ക് മുൻകൈയ്യെടുക്കുമെന്ന്  പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

വരാനിരിക്കുന്ന ലോക് സഭ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള തന്ത്രപരമായ ചുവടുവെപ്പായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. അയോധ്യയിലെ തന്നെ ക്ഷേത്ര നിർമാണ പ്രശ്നവും വർഗീയ കാർഡിട്ടു കളിക്കാനുള്ള ഹിന്ദുത്വ പ്രചാരകരുടെ  തന്ത്രമാണ് . വിലക്കയറ്റം , ഇന്ധനവില വർദ്ധനവ്, ഡോളറിനെതിരെ  രൂപയുടെ മൂല്യ തകർച്ച ,പാചക വാതക വില വർദ്ധനവ് തുടങ്ങി ഒട്ടേറെ കീറാമുട്ടികൾ അലട്ടുന്ന ബി ജെ പി യെ സംബന്ധിച്ച് ഭരണ രംഗത്തെ മികവ് പറഞ്ഞുകൊണ്ട് ലോക് സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാവില്ല.

ഭരണപരാജയം മോദി ഇഫക്റ്റും ഇല്ലാതാക്കി. അതുകൊണ്ടു തന്നെ വർഗീയ കാർഡ് ഇറക്കിയുള്ള കളികൾക്കാവും സംഘ പരിവാർ  അജണ്ടയിൽ മുൻ‌തൂക്കം.   യു പി പിടിക്കാനായാൽ രാജ്യം വീണ്ടും ഭരിക്കാനാവും എന്ന പ്രവചനങ്ങളുടെ വെളിച്ചത്തിൽ പ്രതിമാ നിർമാണ നീക്കങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ഇറക്കിയുള്ള വർഗീയ രാഷ്ട്രീയ  തന്ത്രങ്ങളിൽ  അയോധ്യയിലെ രാമ ക്ഷേത്ര നിർമാണത്തെയും പ്രതിമാ സ്ഥാപനത്തെയും ഉപയോഗപ്പെടുത്താനാവും.

അയോധ്യയിൽ ക്ഷേത്ര നിർമാണത്തിന്  മുറവിളി കൂട്ടുകയും ഇക്കാര്യത്തിൽ കോടതി വിധി ഉടനടി വേണം എന്ന് വാദിക്കുകയും  ചെയ്യുന്ന  വിധത്തിൽ  സംഘ പരിവാർ നേതാക്കളുടെ പ്രസ്താവനകൾ  ഇതിനോടകം വന്നു കഴിഞ്ഞിട്ടുണ്ട്. അയോദ്ധ്യ കേസ് നീട്ടികൊണ്ടു പോകുകയാണ് സുപ്രീം  കോടതി എന്നാണ് അവരുടെ വിമർശനം. കോടതിയെ വെല്ലുവിളിച്ചുകൊണ്ട് ഇതിനോടകം വന്ന ബി ജെ പി നേതാക്കളുടെ പ്രസ്താവന  ഇക്കാര്യത്തിൽ അവർ ഏതറ്റം വരെയും പോകും എന്നതിന്റെ സൂചനയാണ്.

ശ്രീരാമ പ്രതിമ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താൻ  നടപടികൾ ആരംഭിച്ചു കഴിഞ്ഞു.  രാം കഥ മ്യൂസിയത്തിനടുത്തുള്ള സ്ഥലമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ആ  സ്ഥലത്തെ ചൊല്ലിയുള്ള തർക്കങ്ങൾ നിലവിലുണ്ട്. ഫൈസാബാദിനെ ശ്രീ അയോദ്ധ്യ എന്ന് പുനർ നാമകരണം ചെയ്യാനും പദ്ധതിയുണ്ട്.  ഇതിനോടകം വിശ്വ ഹിന്ദു പരിഷത്ത് ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. അലഹബാദിന്റെ പേര് അടുത്തിടെയാണ്  പ്രയാഗ്‌രാജ് എന്ന് മാറ്റിയത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ക്ഷേത്ര പ്രവേശന വിളംബര വാർഷികം:  നവം 10, 11 ന് വിദ്യാർഥികൾക്ക് മത്സരങ്ങൾ

ഈ വാമനപാദങ്ങളെ പ്രതിരോധിച്ചില്ലെങ്കിൽ മതേതര കേരളത്തെ കാത്തിരിക്കുന്നത് പാതാള ജീവിതം