കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകൾ പരസ്പര പൂരകങ്ങളാകണം: മന്ത്രി

തിരുവനന്തപുരം: ഹരിത കേരളം മിഷൻ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ പൂർണതയിലെത്തുന്നതിന് കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കണമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പിന് പഞ്ചായത്തുകൾ പൂർണ സഹകരണം നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നവകേരളം കർമപദ്ധതി ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുദ്ധജലം, ശുദ്ധവായു, ഭക്ഷണം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താൻ പ്രകൃതി മൂലധനത്തെ സംരക്ഷിക്കുകയെന്നതാണു ഹരിത കേരളം മിഷന്റെ  പ്രവർത്തന ലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലൂടെയേ ഇതു സാധ്യമാകൂ. തദ്ദേശ സ്ഥാപനങ്ങളാണ് ഇതിനു മുൻകൈയെടുക്കേണ്ടത്. മുകൾത്തട്ടു മുതൽ താഴേത്തട്ടുവരെ പ്രവൃത്തിപഥത്തിൽ യോജിപ്പുണ്ടാകണം. കൃഷിവകുപ്പിന്റെ പ്രവർത്തനങ്ങൾ കൃഷി വകുപ്പ് മാത്രം മുന്നോട്ടു കൊണ്ടുപോയാൽ യാന്ത്രികമാകും.

2021-22 വർഷം സംസ്ഥാനത്ത് മൂന്നു ലക്ഷം ടൺ നെൽക്കൃഷിയാണു സർക്കാരിന്റെ ലക്ഷ്യം. പച്ചക്കറി ഉത്പാദനത്തിൽ കേരളത്തെ സ്വയംപര്യാപ്തതയിലെത്തിക്കുക എന്നതും പ്രഖ്യാപിത ലക്ഷ്യമാണ്. അടുത്ത വർഷം 12.5 ലക്ഷം പച്ചക്കറി ഉത്പാദനമാണു കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനു പുറമേ റാഗി, കൂവരക് തുടങ്ങിയ ചെറു ധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മില്ലറ്റ് കൾട്ടിവേഷൻ പദ്ധതിക്കും കൃഷി വകുപ്പ് തുടക്കമിട്ടിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഇതു വിജയകരമായി നടപ്പാക്കുകയാണ്. ഇതു സംസ്ഥാനത്തെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും ഒറ്റക്കെട്ടായി പ്രവർത്തിക്കണം.

നെൽക്കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുപ്പൂ കൃഷിക്ക് പ്രാധാന്യം നൽകുന്ന നടപടികളിലേക്കു കൃഷിവകുപ്പ് കടക്കുകയാണ്. ഒരു തവണ കൃഷിചെയ്യുന്നിടത്ത് രണ്ടു തവണ കൃഷി ചെയ്താൽ ഉത്പാദനം ഇരട്ടിയാക്കാം. കുട്ടനാട്ടിൽ 7000 ഹെക്ടർ സ്ഥലത്ത് ഇരുപ്പൂ കൃഷി സാധ്യമായിട്ടുണ്ട്. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഹ്രസ്വകാല നെൽവിത്തുകളും ഉത്പാദനവും കൃഷിയും വർധിപ്പിക്കാൻ സഹായിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സമ്പൂർണ മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് ശുചിത്വ മിഷൻ

അടുത്ത വർഷം 12.71 ലക്ഷം മെട്രിക് ടൺ പച്ചക്കറി ഉത്പാദനം ലക്ഷ്യം