in ,

എയര്‍ബസ്-കേരള സര്‍ക്കാര്‍ എയ്റോസ്പേസ് ഇന്നവേഷന്‍ സെന്‍റര്‍ തലസ്ഥാനത്ത് 

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിമാന സാങ്കേതികവിദ്യയിലും പ്രതിരോധ മേഖലയിലും നൂതനത്വുവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളിലൊന്നായ എയര്‍ബസും സംസ്ഥാന സര്‍ക്കാരും കൈകോര്‍ക്കുന്നു.

ഇതിനായി എയര്‍ബസിന്‍റെ ആഗോള വിമാന നിര്‍മാണ സ്റ്റാര്‍ട്ടപ് ആക്സിലറേറ്ററായ എയര്‍ബസ് ബിസ്ലാബ് ഇന്ത്യയും കേരള സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററായ കേരള സ്റ്റാര്‍ട്ടപ് മിഷനും (കെഎസ്യുഎം) ചേര്‍ന്ന് തിരുവനന്തപുരത്ത് ഇന്നവേഷന്‍ സെന്‍റര്‍ സ്ഥാപിക്കും.

ഇതു സംബന്ധിച്ച ധാരണാപത്രം നവംബര്‍ 17 ശനിയാഴ്ച എയര്‍ബസ് ഇന്ത്യ-ദക്ഷിണേഷ്യ മേധാവി ആനന്ദ് ഇ സ്റ്റാന്‍ലിയും കെഎസ്യുഎം ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഡോ. സജി ഗോപിനാഥും മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് ഒപ്പുവയ്ക്കും.

ചീഫ് സെക്രട്ടറി ടോം ജോസ്, ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എം ശിവശങ്കര്‍, എയര്‍ബിസ് ബിസ്ലാബ് ഇന്ത്യ മേധാവി സിദ്ധാര്‍ഥ് ബാലചന്ദ്രന്‍, ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ മാര്‍ഗിറ്റ് ഹെല്‍വിഗ്-ബോത്തെ, മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് എം സി ദത്തന്‍, ഐസിടി അക്കാദമി സിഇഒ സന്തോഷ് കുറുപ്പ്, ടെക്നോപാര്‍ക്ക് സിഇഒ ഹൃഷികേശ് നായര്‍, മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

എയര്‍ബസ് എസ്ഇ എന്ന ഗ്രൂപ്പ് കമ്പനിയുടെ ഭാഗമാണ് ഫ്രാന്‍സിലെ ടുളൂസ് ആസ്ഥാനമായ എയര്‍ബസ് ബിസ്ലാബ്. മാഡ്രിഡ്, ഹാംബര്‍ഗ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ബിസ്ലാബിന് സെന്‍ററുകളുള്ളത്. ബാംഗ്ലൂര്‍ സെന്‍ററിനു കീഴിലായിരിക്കും തിരുവനന്തപുരത്തെ ഇന്നവേഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുക.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ പിന്തുണയും മാര്‍ഗനിര്‍ദ്ദേശവും നല്‍കാനായി ബിസ്ലാബ് പ്രതിരോധം, വിമാന സാങ്കേതികവിദ്യ എന്നീ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ശില്പശാലകളും ചര്‍ച്ചകളും പരിശീലന പരിപാടികളും  ഇന്നവേഷന്‍ സെന്‍റര്‍ സംഘടിപ്പിക്കും. സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിലും  പങ്കാളിത്തപരിപാടികള്‍  ആസൂത്രണം ചെയ്യുന്നതിനും ഇന്നവേഷന്‍ സെന്‍ററിന് സഹായം ലഭിക്കും.

സംരംഭകത്വം പ്രോത്സാഹിപ്പാനുള്ള കേരള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വലിയ പ്രോത്സാഹനമായിരിക്കും എയര്‍ബസ് ബിസ്ലാബിലൂടെ ലഭിക്കുകയെന്ന് ചീഫ് സെക്രട്ടറി ശ്രീ ടോം ജോസ് പറഞ്ഞു.

ഇന്ത്യയിലെ മാത്രമല്ല, ആഗോളാടിസ്ഥാനത്തില്‍ തന്നെ വിമാനയാത്രയുടെ ഭാവി നിശ്ച യിക്കാന്‍ പോന്ന തരത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാനും വിമാന സാങ്കേതികവിദ്യയില്‍ നാട്ടിലെ പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കാനും ഈ സംരംഭത്തിലൂടെ കഴിയുമെന്ന് എയര്‍ബസ് ഇന്ത്യ-ദക്ഷിണേഷ്യ മേധാവി ആനന്ദ് ഇ സ്റ്റാന്‍ലി പറഞ്ഞു.

ആധുനിക വിമാന സാങ്കേതികവിദ്യയിലേയ്ക്ക് നൂതനമായ അവസരങ്ങള്‍ ഇന്നവേഷന്‍ സെന്‍ററിലൂടെ ലഭിക്കുമെന്നും ഇവ ഉപയോഗിച്ച് സംരംഭങ്ങള്‍ക്ക് രൂപം നല്‍കാന്‍ സ്റ്റാര്‍ട്ടപുകള്‍ക്ക് കഴിയുമെന്നും ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എം ശിവശങ്കര്‍ ചൂണ്ടിക്കാട്ടി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മാതൃകാപരമായി ഇടപെടാന്‍ പോലീസ് സേനാംഗങ്ങള്‍ക്കാകണം: മുഖ്യമന്ത്രി 

ശബരിമലയില്‍ സമാധാനത്തിന് ഏവരും സഹകരിക്കണം: മുഖ്യമന്ത്രി