പുഴ ഒഴുകുന്നതു പോലെ, മഞ്ഞ് പെയ്യുന്നതു പോലെ, അനിത വരക്കുന്നു  

അനിവാര്യതകളേക്കാള്‍ യാദൃശ്ചികതയുടെ ഏറ്റുമുട്ടലുകള്‍ ചിത്രങ്ങളെ ചലനാത്മകമാക്കുന്നു. നിറങ്ങള്‍ യഥേഷ്ടം മനസ്സില്‍ നിന്നും പാറി വീഴുന്നു.  മകളെ വരക്കുമ്പോള്‍ അമ്മ നിറഞ്ഞു നില്‍ക്കുന്ന ചിത്രാന്തര്‍മുഖം. ജീവജാലങ്ങള്‍ അണിനിരക്കുന്ന ഊര്‍വ്വര ഭൂമിയുടെ വിതാനങ്ങള്‍. തിരഞ്ഞെടുപ്പുകളില്‍ കാര്‍ക്കശ്യമില്ലാതെ തുറന്നിട്ട പുറങ്ങളില്‍ നിന്നും വന്നണിയുന്ന ചാരുത. മനോമണ്ഡലങ്ങളിലെ അനുഭൂതികളെ വിസ്തരിക്കുന്ന അപ്‌സ്ട്രാക്ഷന്റെ തലം ഫിഗറേഷനൊപ്പം സഞ്ചരിക്കുന്നു.

അനിത കൊളത്തൂരിന്റെ ചിത്രങ്ങളെക്കുറിച്ച് പ്രശസ്ത ചിത്രകാരൻ  ടി പി പ്രേംജി എഴുതുന്നു …

‘The most common reaction of the human mind to achievement is not satisfaction, but craving for more’ –  Yuval Noah Harari, HomoDeus : A brief history of Tomorrow.

അനിത കൊളത്തൂർ

കല ലിബറലിസത്തിന്റെ കാലത്ത്, സൈദ്ധാന്തിക സ്ഥിരതകളെ അട്ടിമറിച്ചു കൊണ്ട് അനുവാചകന്റെയും കലാകാരന്റെയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. മാര്‍ഷ്യല്‍ ദ്യുഷാമ്പിന്റെ ദി ഫൗണ്ടയ്ന്‍ എന്ന ആര്‍ട്ട് വര്‍ക്കിലൂടെ നിര്‍ണ്ണയങ്ങളെ അട്ടിമറിച്ച് പുതുവഴികളിലൂടെ കല നടനം തുടരുന്നു. നമ്മുടെ കാലം ഒരു പോസ്റ്റ് ഹ്യൂമണ്‍ ഭാവിയിലേക്ക് ചെരിയുകയാണ്. ന്യൂക്ലിയര്‍ വാറും, ഗ്ലോബല്‍ വാമിങ്ങും, ടെക്‌നോളജിക്കല്‍ ഡിസ്‌റപ്ഷനും, ഈ പ്ലാനറ്റിന്റെ സംഹാരം സുനിശ്ചിതമോ? ഒപ്റ്റിമിസമോ പെസിമിസമോ അല്ല, യാഥാര്‍ത്ഥ്യം ആകുലതകളാല്‍ നിറയുന്നതാണ്. ഇന്റലിജന്‍സിന്റെ കെടുതികള്‍ കാത്തിരിക്കുമ്പോള്‍ കോണ്‍ഷ്യസ്‌നെസ്സിന്റെ തലങ്ങള്‍ സ്‌നേഹം, കരുണ എന്നിവ കൊണ്ട് ഹ്യൂമാനിറ്റിയുടെ റിവേഴ്‌സിന് കലാകാരന്മാര്‍ക്ക് മുന്നണിപ്പോരാളികളാകാന്‍ കഴിയുമെന്ന് പ്രത്യാശ.

ചരിത്രം പണ്ട് മണ്ണിനും, പിന്നീട് മെഷീനും, ഭാവി ഡാറ്റാ ക്ലൗഡിലേക്കും തിരിയുമ്പോള്‍ സ്തംബ്ദമായി നില്‍ക്കുന്ന മാനവരാശി. മതങ്ങളും, ദേശീയതകളും നിലവിലെ രാഷ്ട്രീയങ്ങളും അസാധുവാകാന്‍ പോകുമ്പോള്‍ ലോകാന്തര വ്യവഹാരങ്ങള്‍ക്കുമാത്രം കൈകാര്യം ചെയ്യാന്‍ കഴിയുന്ന മഹാകെടുതികള്‍ക്കു മുന്നില്‍ ചിത്രകലയുടെ ഭാഷ സാര്‍വ്വലൗകികവും  ഇമോഷണലുമായ ഇടപെടലുകള്‍ സാധ്യമാക്കുന്നുണ്ട്.

ഇന്റലിജന്‍സ് ലോപിച്ച് ഇമോഷണല്‍ ആയി പുഴ ഒഴുകുന്നതുപോലെ, മഞ്ഞ് പെയ്യുന്നതുപോലെ അനിത വരക്കുന്നു. അക്കാദമികമായതും മറ്റും അറിവുകള്‍ കൊണ്ട് കലയുടെ അവിസ്മരണീയത അടര്‍ത്തിപ്പറയാന്‍ നാം ബുദ്ധിമുട്ടുന്നു. അറിവുകള്‍ ഉണ്ടാക്കിയ ഗാര്‍ബേജ് കൂമ്പാരത്തില്‍ നിന്നും ഊര്‍ന്ന് രക്ഷപ്പെടലാണ് കല. അത് നിങ്ങളെ നിശ്ചലമാക്കുന്നു. നിശ്ചലതയില്‍ സ്വാതന്ത്ര്യം ഉരുവെടുക്കുന്നു. വരച്ച് വരച്ച് നിശ്ചലത കൈവരുമ്പോള്‍ ചിത്രം ഒഴുകുന്നു. ഒഴുക്കാണ് അനിതയുടെ  കലയുടെ പ്രാമാണികത.

തുളളി തുളുമ്പുന്ന ഒരു കുട്ടി അനിതയുടെ ചിത്രത്തിന്റെ മനസ്സാണ്.  ആ കുട്ടി വന്യതയിലാണ്, വന്യത നമുക്ക് ഭയാനകമാകാം. ഇവിടെ സ്വച്ഛന്ദമാണ്. ആടിത്തിമര്‍ക്കുന്ന പ്രകൃതി ഇല്ലാതെ അനിതയുടെ ചിത്രങ്ങളില്‍ ഒരിടവും കാണാനില്ല. അത്രമാത്രം വേറിടാതെ പ്രകൃതി സ്പന്ദിക്കുന്നു. ബൗദ്ധികമായ വ്യാഖ്യാനങ്ങളെക്കാള്‍ വന്നു നിറയുന്ന സ്വാഭാവികത. ശോകത്തിന്റെയും യാതനയുടെയും കാറ്റ് ചിത്രങ്ങളില്‍ ആഞ്ഞു വീശുന്നുണ്ട്. അതൊരു ഇളം കാറ്റായി കാഴ്ചക്കാരനെ സമീകരിക്കുന്നു.

ടി പി പ്രേംജി

അനിവാര്യതകളേക്കാള്‍ യാദൃശ്ചികതയുടെ ഏറ്റുമുട്ടലുകള്‍ ചിത്രങ്ങളെ ചലനാത്മകമാക്കുന്നു. നിറങ്ങള്‍ യഥേഷ്ടം മനസ്സില്‍ നിന്നും പാറി വീഴുന്നു.  മകളെ വരക്കുമ്പോള്‍ അമ്മ നിറഞ്ഞു നില്‍ക്കുന്ന ചിത്രാന്തര്‍മുഖം. ജീവജാലങ്ങള്‍ അണിനിരക്കുന്ന ഊര്‍വ്വര ഭൂമിയുടെ വിതാനങ്ങള്‍.

തിരഞ്ഞെടുപ്പുകളില്‍ കാര്‍ക്കശ്യമില്ലാതെ തുറന്നിട്ട പുറങ്ങളില്‍ നിന്നും വന്നണിയുന്ന ചാരുത. മനോമണ്ഡലങ്ങളിലെ അനുഭൂതികളെ വിസ്തരിക്കുന്ന അപ്‌സ്ട്രാക്ഷന്റെ തലം ഫിഗറേഷനൊപ്പം സഞ്ചരിക്കുന്നു. ബാല്യകാല സ്മരണകളും സമകാലീനതയും തിമര്‍ത്തു പെയ്യുന്ന സജീവത.

ഇസങ്ങളുടെ സംഘര്‍ഷം പേറാതെ ആര്‍ജ്ജിച്ചെടുത്ത പരിചിത രചനാരീതിയിലൂടെ നിസ്സംശയം ചിത്രങ്ങള്‍ നീണ്ടുപോകുന്നു. അനിതയുടെ ചിത്രങ്ങള്‍ നടന്നടുക്കുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഭരണഘടനയുടെ ആമുഖം എല്ലാ കുട്ടികളും വായിക്കണം: ഗവര്‍ണ്ണര്‍ 

എക്സ് എം സൈബറിൽ നിക്ഷേപം നടത്തി യു എസ് ടി ഗ്ലോബൽ