in ,

എലിപ്പനിക്കെതിരേ ജാഗ്രതാ നിർദേശം; പ്രതിരോധ കർമ പദ്ധതിക്ക് തുടക്കമായി 

തിരുവനന്തപുരം: ജില്ലയിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കർശന പ്രതിരോധ കർമ പദ്ധതി ആരംഭിച്ചു. ജില്ലാ വ്യാപകമായി വാർഡ് തലത്തിൽ പ്രതിരോധ മരുന്നു വിതരണവും പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങളും നടപ്പാക്കും. 17നു പൂർത്തിയാകത്തക്ക രീതിയിലുള്ള കർമ പദ്ധതിയാണ് ആദ്യ ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.

ജില്ലയിൽ ഈ വർഷം ഇതുവരെ എലിപ്പനി ബാധിച്ചു മൂന്നു പേർ മരിച്ചു. 93 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ ജൂണിൽ 32 പേർക്കും ഈ മാസം ഇതുവരെ 18 പേർക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണു ജില്ലാ ഭരണകൂടം അടിയന്തര പ്രതിരോധ നടപടി തുടങ്ങിയത്. കോർപ്പറേഷൻ പരിധിയിൽ മുട്ടത്തറയിലും മാണിക്കൽ, ചെങ്കൽ പഞ്ചായത്തുകളിലുമാണ് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കരമന, വർക്കല, പനവൂർ, പെരിങ്ങമല, മാറനല്ലൂർ, വിളപ്പിൽ, വിഴിഞ്ഞം, പുളിമാത്ത്, കല്ലറ, പരശുവയ്ക്കൽ എന്നിവിടങ്ങളിലായി പത്തു പേർക്ക് നിലവിൽ രോഗം സംശയിക്കുന്നുണ്ട്. ഇവയടക്കം 30 പഞ്ചായത്തുകളിലും നെയ്യാറ്റിൻകര, നെടുമങ്ങാട് വർക്കല മുനിസിപ്പാലിറ്റികളിലും കോർപ്പറേഷൻ പരിധിയിലെ 11 വാർഡുകളിലും ഈ വർഷം രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു.

എലിപ്പനി സ്ഥിരീകരിച്ചവരിൽ മിക്കവരും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടു ജോലിചെയ്യുന്നവരാണെന്ന് പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കളക്ടർ ഡോ. കെ. വാസുകി എന്നിവരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പി.പി. പ്രീത അറിയിച്ചു. കർഷകർ, കെട്ടിട നിർമാണ തൊഴിലാളികൾ തുടങ്ങിയവർക്കിടയിൽ രോഗബാധ കൂടുതലായി കാണുന്നുണ്ടെന്നും ഡിഎംഒ പറഞ്ഞു. ഇതു മുൻനിർത്തി ഈ രംഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിൻ പ്രോഫിലാസ്‌കിസിസ് വാക്‌സിനുകൾ നൽകുന്നതിന് ആരോഗ്യ വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. ജില്ലാ ദുരന്തര നിവാരണ ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ച് ഇവർക്കു പ്രത്യേക കൈയുറകളും കാലുറകളും നൽകും. എലി നശീകരണ പ്രവർത്തനങ്ങളും വ്യാപകമായി നടപ്പാക്കും.

എലിപ്പനിയുമായി ബന്ധപ്പെട്ട് ഭയാനകമായ സാഹചര്യം നിലനിൽക്കുന്നില്ലെന്നും സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണ വിധേയമാണെന്നും യോഗശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. കഴിഞ്ഞ വർഷം വ്യാപകമായി പടർന്നുപിടിച്ച പനി ഇത്തവണ ഉണ്ടാകാതിരുന്നത് ചിട്ടയായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചതിന്റെ ഫലമായാണെന്നും ആ രീതിയിലുള്ള കർശന പ്രതിരോധ പ്രവർത്തനങ്ങളാണ് എലിപ്പനി നിവാരണത്തിനായും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി 12, 13 തിയതികളിൽ പഞ്ചായത്ത്, കോർപ്പറേഷൻ തലങ്ങളിൽ യോഗങ്ങൾ വിളിച്ചു ചേർക്കും. ആരോഗ്യ പ്രവർത്തകർ, സർക്കാറിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, റസിഡന്റ് അസോസിയേഷനുകൾ, ആശാ വർക്കർമാർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവരെ പങ്കെടുപ്പിച്ചാകും യോഗം ചേരുക.

പ്രതിരോധ മരുന്നു വിതരണം, പ്രതിരോധ സംവിധാനങ്ങളുടെ വിതരണം, ബോധവത്കരണം തുടങ്ങിയവ ഏകോപിപ്പിച്ചു നടപ്പാക്കുന്നതിനായാണിത്. സ്‌കൂൾ ഹെഡ്മാസ്റ്റർമാരെയും ഈ യോഗത്തിൽ പങ്കെടുപ്പിക്കും. 14നു ജില്ലാ വ്യാപകമായി എലിപ്പനി പ്രതിരോധ മാർഗങ്ങളെ സംബന്ധിച്ച് അനൗൺസ്‌മെന്റ് നടത്തും. 16നു സ്‌കൂൾ അസംബ്ലിയിൽ എലിപ്പനി പ്രതിരോധത്തിനു സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു വിദ്യാർഥികളിൽ അവബോധം നൽകും. 17നു വാർഡ് തലത്തിൽ സന്നാഹ കമ്മിറ്റികൾ രൂപീകരിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അടിയന്തര നടപടിയായി പ്രതിരോധ മരുന്നു വിതരണം ആരംഭിക്കാൻ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, സ്വകാര്യ നിർമാണ മേഖലയിൽ അടക്കമുള്ള കരാറുകാർ തങ്ങളുടെ ജോലിക്കാർക്ക് ഈ പ്രതിരോധ മരുന്ന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടർ കെ. വാസുകി പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് പ്രതിരോധ ഗുളികകൾ ലഭിക്കും. വെള്ളക്കെട്ട് മേഖലകളിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും കയ്യുറയും കാലുറയും ധരിക്കണമെന്നും ജോലിക്കു ശേഷം ഉപ്പ് വെള്ളം ഉപയോഗിച്ചു കാലുകൾ കഴുകണം. കൈയുറയും കാലുറയും വാങ്ങി ഒരാഴ്ചയ്ക്കകം വിതരണം ചെയ്യാൻ പഞ്ചായത്തുകൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. 17വരെ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ 18ന് അവലോകന യോഗം ചേരുമെന്നും കളക്ടർ പറഞ്ഞു.

കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വി. രഞ്ജിത്ത്, ജില്ലാ ലേബർ ഓഫിസർ ജെ. സത്യദാസ്, പൊതുജനാരോഗ്യ വിഭാഗം അഡിഷണൽ ഡയറക്ടർ ഡോ. കെ.ജെ. റീന, അസിസ്റ്റന്റ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. നീന റാണി, ആരോഗ്യ കേരളം ജില്ലാ കോ-ഓർഡിനേറ്റർ ഡോ. പി.വി. അരുൺ, കോർപ്പറേഷൻ ഹെൽത്ത് ഓഫിസർ ഡോ. എ. ശശികുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഹിൽക് രാജ്, തൊഴിലുറപ്പ് പദ്ധതി കോ-ഓർഡിനേറ്റർ ചന്ദ്രശേഖരൻ നായർ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പ്രശാന്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളത്തിലെ ഇൻഫ്രാസ്ട്രച്ചർ വികസനത്തിന് ഇനി ലോകോത്തര ഡ്രോൺ സാങ്കേതിക വിദ്യ

‘അഗ്രി-കൾച്ചർ’ ഓർഗാനിക് തിയേറ്റർ ഒരുങ്ങുന്നു