Alexander Sokurov-IFFK- films-The Sun-
in , ,

അലക്സാണ്ടർ സൊഖുറോവ്: വിവാദ-വിസ്മയങ്ങളുടെ ഉറ്റ തോഴൻ

വിഖ്യാത റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊഖുറോവ് (Alexander Sokurov) 22-മത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (IFFK) ആദരിക്കപ്പെടും. തന്റെ ചതുര്‍ച്ചിത്ര പരമ്പരയാൽ ഏറെ ശ്രദ്ധേയനായ അദ്ദേഹത്തിന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിക്കും. മൗലികവും ഉൾക്കരുത്തുള്ളതുമായ രചനകളാണ് സൊഖുറോവ്‌ സിനിമകൾ.

മനുഷ്യാസ്തിത്വത്തെ പ്രശ്നവൽക്കരിക്കുന്ന ദർശനങ്ങളുടെ വെളിച്ചത്തിൽ ചരിത്രത്തെയും പ്രകൃതിയെയും അപഗ്രഥിക്കുന്ന ചലച്ചിത്രകാരൻ. ഫോസ്‌റ്റും റഷ്യൻ ആർകും ഉൾപ്പെടെ ചെയ്ത സിനിമകളിലെല്ലാം ഇതേ ദർശനത്തിന്റെ ചൂടും വെളിച്ചവും കാണാനാകും .

” ജീവിതമാണ് കലയുടെ ഉറവിടം. കല ഉരുത്തിരിയുന്നത് ജീവിതത്തിൽ നിന്നാണ്. ജീവിതമുള്ളിടത്തെല്ലാം കലയുമുണ്ട് ” എന്ന് അദ്ദേഹം ഒരിടത്ത് പറയുന്നുണ്ട്. ഇത്തരത്തിൽ കലയെ ജീവിതത്തോട് ചേർത്തു വയ്ക്കുന്ന ചലച്ചിത്രകാരൻ മരണത്തെയും അതുമായി കണ്ണി ചേർക്കുന്നു.

Alexander Sokurov-IFFK- films-The Sun-ഏതൊരു കലാസൃഷ്ടിയിലും മരണത്തിന്റെ അദൃശ്യ സാന്നിധ്യം തിരിച്ചറിയാമെന്നും മരണത്തിനു ചുറ്റും നിരന്തരമായ വലയങ്ങൾ തീർത്ത് അതിനുള്ളിൽ ചുറ്റിത്തിരിയുകയാണ് സർഗസൃഷ്ടിയെന്നും സൊഖുറോവ്‌ വിശ്വസിക്കുന്നു. “വാസ്തവത്തിൽ കലയുടെ ധർമ്മം തന്നെ അതാണ്. മരണത്തെ വരിക്കാൻ നമ്മെ മാനസികമായി പ്രാപ്തരാക്കുക.” അദ്ദേഹം പറയുന്നു.

തീർത്തും ഏകാന്തമായ ഒരു കുട്ടിക്കാലമായിരുന്നു അലക്സാണ്ടർ സൊഖുറോവിന്റേത്. ജന്മനാ വൈകല്യമുള്ള കാലുകൾ നടക്കാൻ പ്രയാസമുണ്ടാക്കി. പട്ടാളക്കാരനായ പിതാവിന്റെ തുടരെത്തുടരെയുള്ള സ്ഥലം മാറ്റങ്ങൾ സ്ഥിരമായ സൗഹൃദങ്ങളും ഇല്ലാതാക്കി. അടുത്ത ചങ്ങാതിമാർ ആരും തന്നെ സൊഖുറോവിന് ഉണ്ടായിരുന്നില്ല. സ്വന്തമായൊരു ലോകം തീർത്ത് അദ്ദേഹം അതിനുള്ളിലേക്ക് വല്ലാതെ ഒതുങ്ങി ജീവിച്ചു.

ജീവിതത്തിലെ ഈ തീർത്തുമുള്ള ഒറ്റപ്പെടൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും വീക്ഷണങ്ങളെയും രചനകളെയും സ്വാധീനിക്കുന്നുണ്ട്. വിഖ്യാത ചലച്ചിത്രകാരൻ തർക്കോവ്സ്കിയുമായി അദ്ദേഹം വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഒരു തരത്തിൽ അലക്സാണ്ടർ സൊഖുറോവ്‌ എന്ന ചലച്ചിത്രകാരൻ രൂപപ്പെടുത്തിയത് തന്നെ തർക്കോവ്‌സ്‌കി ആണെന്ന് പറയാം .

1987-ലെ ‘ലോൺലി ഹ്യൂമൻ വോയ്സ്’ ആണ് അലക്സാണ്ടർ സൊഖുറോവിന്റെ ആദ്യ ഫീച്ചർ ഫിലിം. സർക്കാർ വിരുദ്ധ നിലപാടുണ്ടെന്ന കാരണം ആരോപിച്ച് ആ സിനിമ പുറത്തിറക്കാൻ അധികൃതർ അനുമതി നൽകിയിരുന്നില്ല. പിന്നീട് ഭരണമാറ്റത്തിന് ശേഷം തൊണ്ണൂറുകളുടെ ആദ്യ പകുതിയിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഫീച്ചർ ഫിലിമുകളുടെ പേരിലാണ് അലക്സാണ്ടർ സൊഖുറോവ്‌ കൂടുതലായി അറിയപ്പെടുന്നതെങ്കിലും ഒട്ടേറെ ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

സൊഖുറോവ്‌ സിനിമകളുടെ ഒരു പ്രധാന പ്രത്യേകത പ്രൊഫഷണൽ നടീനടന്മാരുടെ അഭാവമാണ്. സിനിമയുമായി വലിയ ബന്ധമൊന്നുമില്ലാത്ത തികച്ചും സാധാരക്കാരായ മനുഷ്യരെയാണ് അദ്ദേഹം തന്റെ ചിത്രങ്ങളിൽ ഉൾപ്പെടുത്തിയത്. വിവാദങ്ങൾ സൊഖുറോവ്‌ ചിത്രങ്ങളുടെ കൂടപ്പിറപ്പാണ്.

Alexander Sokurov-Russian-Ark-‘റഷ്യൻ ആർക്’, ‘ഫോസ്റ്റ്’, 2003-ലെ കാൻ ചലച്ചിത്രോത്സവത്തിൽ ഉദ്ഘാടന ചിത്രമായിരുന്ന ‘ഫാദർ ആൻഡ് സൺ’ എന്നീ ചിത്രങ്ങളെല്ലാം വിവാദങ്ങളുടെ അകമ്പടിയോടെയാണ് പുറത്തിറങ്ങിയത്.

‘അച്ഛനും മകനും’ എന്ന സിനിമ ഏറെ വിമർശിക്കപ്പെട്ടത് അടുത്ത ബന്ധുക്കൾക്കിടയിലെ സ്വവർഗ്ഗ ലൈംഗികതയെ മുൻനിർത്തിയാണ്. ‘റഷ്യൻ ആർക്’ തികച്ചും പരീക്ഷണാത്മകമായ ഒരു സിനിമയാണ്. എഡിറ്റിങ് ഇല്ലാതെ 96 മിനിറ്റു ദൈർഘ്യമുള്ള ഒറ്റ ഷോട്ടാണ് ആ സിനിമ.

ഹിറ്റ്ലറിന്റെ ജീവിതത്തിലെ ഒരു ദിവസം ചിത്രീകരിക്കുന്ന ‘മൊലോച്’, ലെനിൻ കഥാപാത്രമായ ‘ടോറസ്’, ഹിരോഹിതോയെ മുൻനിർത്തിയുള്ള ‘ദ സൺ’ എന്നിവയും സൊഖുറോവിന്റെ പ്രധാന സിനിമകളാണ്. ചരിത്രത്തെ വരുതിയിലാക്കുന്ന വ്യക്തികളും അധികാരവും അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് പ്രമേയമാക്കി.

മുഖ്യധാരയിൽ നിന്ന് കഴിയുന്നതും അകന്നു നിൽക്കുന്ന പ്രകൃതവും മൗലികവും വ്യത്യസ്തവുമായ നിലപാടുകളും അലക്സാണ്ടർ സൊഖുറോവ്‌ എന്ന ചലച്ചിത്രകാരനെ വേറിട്ടു നിർത്തുന്നു. റെട്രോസ്‌പെക്റ്റിവ് വിഭാഗത്തിൽ ഉൾപ്പെടുത്തി അലക്സാണ്ടർ സൊഖുറോവിന്റെ ആറ് ചിത്രങ്ങൾ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും.

എൻ ബി രമേശ്

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്: കാലാവധി കുറയ്ക്കാൻ ശുപാർശ

Hindus ,minority, petition, SC

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി; സുപ്രീം കോടതി ഹര്‍ജി തള്ളി