2019 ഓടെ എല്ലാ വീട്ടിലും കറിവേപ്പും വേപ്പും

തിരുവനന്തപുരം: എല്ലാ വീട്ടിലും കറിവേപ്പും വേപ്പും നട്ടുപിടിപ്പിക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന ഔഷധ സസ്യബോര്‍ഡിന്റെ 21-ാമത് ബോര്‍ഡ് യോഗത്തില്‍ തീരുമാനം. വീട്ടില്‍ ഒരു വേപ്പും കറിവേപ്പും എന്ന ഗൃഹ ചൈതന്യം പദ്ധതി ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. 2019 ഓടെ ഈ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് രണ്ടാംഘട്ടമായി 471 ഗ്രാമ പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കറിവേപ്പും വേപ്പും നട്ടുപിടിപ്പിക്കുന്നതാണ്. ഇതിന്റെ ഭാഗമായി ശില്‍പശാലകള്‍ സംഘടിപ്പിച്ചു വരുന്നു. ആവശ്യമായ തൈകള്‍ അതത് പഞ്ചായത്തിലെ നഴ്‌സറിയില്‍ വളര്‍ത്തിയെടുക്കുന്നതാണ്.

മൂന്നാം ഘട്ടമായി മുഴുവന്‍ നഗരസഭകളിലും കോര്‍പറേഷനുകളിലും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് ബാക്കിയുള്ള ഗ്രാമ പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പാക്കുന്നതാണ്.

ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെ കീഴില്‍ നടത്തുന്ന ഔഷധവിള സസ്യവിള കൃഷി സംസ്ഥാന ഔഷധ സസ്യബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്നതിന് ആയുഷ് മന്ത്രാലയം അംഗീകാരം നല്‍കിയത് നടപ്പിലാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു.

കൊച്ചിയില്‍ സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ നടക്കുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി ഔഷധവിള കൃഷിയുമായി ബന്ധപ്പെട്ട കൃഷിക്കാരുടെ സംഗമം വിളിച്ചു ചേര്‍ക്കുന്നതിനും തീരുമാനിച്ചു. ഇതിനായി ഒരു സബ്ജക്ട് കമ്മിറ്റിക്കും രൂപം നല്‍കി.

സംസ്ഥാന ഔഷധ സസ്യബോര്‍ഡ് ഔഷധസസ്യ പരിപോഷണ പദ്ധതിക്കുള്ള പ്രോജക്ടുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ആഗസ്റ്റ് 15 വരെ നീട്ടാനും തീരുമാനമായി. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്. യോഗത്തില്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മഴക്കെടുതി: ദുരിതാശ്വാസത്തിന് 63.05 കോടി രൂപ

കടൽക്ഷോഭം: കർക്കടക വാവിന് ശംഖുമുഖത്ത് നിയന്ത്രണം