in

ടൂറിസം മേഖലയിലെ  പ്രായോഗിക ബദല്‍ മാതൃക  ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപപ്പെടുത്തി: മന്ത്രി

തിരുവനന്തപുരം:  ബദലുകള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച്  നാം സംസാരിക്കുന്നതിനിടയിൽ  ടൂറിസം മേഖലയിലെ പ്രായോഗിക ബദല്‍ മാതൃക  ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപപ്പെടുത്തിക്കഴിഞ്ഞതായി  ടൂറിസം   മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍. ഉത്തരവാദിത്ത ടൂറിസം മിഷന്‍ തയ്യാറാക്കിയ നാല് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ നാടിനു സമര്‍പ്പിച്ചുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാർ  മേല്‍നോട്ടത്തില്‍ സാധാരണ ജനങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഇത്തരം ഓണ്‍ ലൈന്‍ പ്ലാറ്റുഫോമുകള്‍ ടൂറിസം മേഖലയില്‍ ഉണ്ടാകുന്നത് ഒരു പക്ഷെ ലോകത്തുതന്നെ ആദ്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ഉത്തരവാദിത്ത ടൂറിസം മിഷന്റെ 13,547 യൂണിറ്റുകളില്‍ നിന്നായി 27,043  പ്രത്യക്ഷ ഗുണഭോക്താക്കളും 44,661 പരോക്ഷ ഗുണഭോക്താക്കളും  ഈ ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കിനുണ്ട്. ഈ സര്‍ക്കാരിനെ സംബന്ധിച്ച് ഉത്തരവാദിത്ത ടൂറിസം മേളകളില്‍ പ്രദര്‍ശിപ്പിക്കാനും പ്രസംഗിച്ചു നടക്കാനുമുള്ള പ്രവര്‍ത്തനം മാത്രമല്ല. ഈ സര്‍ക്കാരിന്റെ ടൂറിസം നയം തന്നെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനത്തില്‍ അധിഷ്ഠിതമാണ് .

2008 മുതൽ  2017 ജൂലൈ വരെ  197 ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകള്‍ ആണ് പ്രവർത്തിച്ചിരുന്നത്. ഇതിലൂടെ 867  പേർക്ക്  പ്രത്യക്ഷമായും 3200 പേർക്ക് പരോക്ഷമായും  വരുമാനം ലഭിച്ചിരുന്നു. ആ രംഗത്താണ് ഒരു വർഷം  കൊണ്ട് 5000 യൂണിറ്റുകള്‍ എന്ന ലക്ഷ്യം മുന്നോട്ടു വച്ചത് . അവിടെയാണ് 13, 547 യൂണിറ്റുകളും 27,043  പ്രത്യക്ഷ ഗുണഭോക്താക്കളും 44,661 പരോക്ഷ ഗുണഭോക്താക്കളും എന്ന മാറ്റം ഉണ്ടാകുന്നത് . 10  വര്‍ഷം കൊണ്ട് 11.50 കോടി രൂപയുടെ വരുമാനം പ്രാദേശിക സമൂഹത്തിനുണ്ടായ സ്ഥലത്ത്  ഒന്നര വര്‍ഷം  കൊണ്ട് 6 .75 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാനായി  എന്നത് ചെറിയ കാര്യമല്ല. ഒരു മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിലെ ടൂറിസം മേഖലയില്‍ സാധാരണക്കാര്‍ക്ക് ഈ നേട്ടം ഉണ്ടാക്കി കൊടുക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന് കഴിഞ്ഞു എന്നത് അഭിനന്ദനാര്‍ഹമാണ് .

ആര്‍.ടി. ആര്‍ട് ആന്റ് കള്‍ച്ചറല്‍ ഫോറം കേരളത്തിലെ എല്ലാ കലാപ്രവര്‍ത്തകരെയും നെറ്റ് വര്‍ക്ക് ചെയ്യുന്ന സര്‍ക്കാര്‍ ഉടമസ്ഥതയുള്ള വിനോദ സഞ്ചാര മേഖലയിലെ ആദ്യത്തെ പ്ലാറ്റ്ഫോമാണ്.  ഇടനിലക്കാരില്ലാതെ ഓരോ കലാപ്രവര്‍ത്തകര്‍ക്കും വിനോദ സഞ്ചാര മേഖലയുമായും വിനോദ സഞ്ചാരികളുമായും ബന്ധപ്പെടാനാകുന്ന വലിയ നെറ്റ് വര്‍ക്കാണിത്. കേരള റെസ്‌പോണ്‌സിബിള്‍ ടൂറിസം നെറ്റ് വര്‍ക്ക് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം പ്രാദേശിക ഉത്പന്നങ്ങളെ ടൂറിസം മേഖലയുമായും ടൂറിസ്റ്റുകളുമായും നേരിട്ട് ബന്ധിപ്പിക്കുന്നതാണ്.

പച്ചക്കറിയും  പഴ വര്‍ഗ്ഗങ്ങളും  തേനും പാലും  മുട്ടയും  വാഴയിലയും കരിക്കും  ഓലയും തഴപ്പായും തുടങ്ങി  കേരളത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി കുമരകം, വൈക്കം , വയനാട് , കോവളം, തേക്കടി , ബേക്കല്‍ എന്നിവിടങ്ങളിലെ  റിസോര്‍ട്ടുകളിലേക്ക്  വിറ്റു  വന്ന പ്രാദേശിക ഉല്‍പ്പന്നങ്ങളും  അവയുടെ വില്‍പ്പനയും  എന്ന രീതി കേരളത്തിൽ എല്ലായിടത്തും വ്യാപിപ്പിക്കുകയാണ് .

എല്ലാ ഉത്പന്നങ്ങളും  ഉത്പാദകന്‍ തന്നെ നേരിട്ട്  വില സഹിതം  സൈറ്റില്‍ പരസ്യപ്പെടുത്തുകയും  ആവശ്യക്കാര്‍ക്ക് വാങ്ങാനാവുകയും ചെയ്യുന്നു.  എല്ലാത്തരം  കരകൗശല വസ്തുക്കളും, ഖാദി വസ്ത്രങ്ങളും, പ്രാദേശികമായി നെയ്യുന്ന മറ്റു വസ്ത്രങ്ങളും, പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളും മണ്‍പാത്രങ്ങളും എല്ലാം ഉത്പാദകര്‍ തന്നെ നേരിട്ട് രജിസ്റ്റര്‍ ചെയ്തു വില്‍പ്പന നടത്തുന്ന സംവിധാനവും  ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ഇവ പ്രാദേശികമായി വിറ്റഴിക്കാന്‍ വിവിധ ഷോപ്പുകളും ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് കേരളത്തിലെ ചെറുകിട ഇടത്തരം സംരംഭകള്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്കും മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കാന്‍ സഹായകമാകുമെന്ന്  കരുതുന്നു.

ഈ രംഗത്തെ എടുത്തുപറയത്തക്ക മറ്റൊരു ഇടപെടലാണ് ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടറി . ടൂറിസം മേഖലയില്‍ എന്നും ഉയര്‍ന്നു വരുന്ന പരാതിയാണ് തദ്ദേശ വാസികള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നില്ല എന്നത്. എന്നാല്‍ ടൂറിസം സംരംഭകരാകട്ടെ തദ്ദേശവാസികളുടെ തൊഴില്‍ ലഭ്യമാക്കാന്‍ ആവശ്യത്തിന്  ആളുകളെ ലഭിക്കുന്നില്ല എന്ന് പരാതിയാണ് ഉന്നയിക്കാറ് . ഇതിനു കൃത്യമായ പരിഹാരം കണ്ടെത്താന്‍ ഉത്തരവാദിത്ത ടൂറിസം മിഷനോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ ഇന്ന് നിലവില്‍ വന്ന ഈ പ്ലാറ്റ്ഫോം   ഇപ്പോള്‍ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്തതും പരിശീലനം ലഭിച്ചതുമായ ആട്ടോ , ടാക്‌സി ഡ്രൈവര്‍മാര്‍, കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍മാര്‍, ഇലക്ട്രീഷ്യന്‍ , പ്ലംബര്‍, ഗാര്‍ഡനര്‍, തെങ്ങുകയറുന്നവര്‍, കര്‍ഷകര്‍, തയ്യല്‍ക്കാര്‍ എന്നിങ്ങനെ പ്രദേശത്തെ എല്ലാവിധ അസംഘടിത തൊഴില്‍ പ്രവര്‍ത്തകരെയും ഒരേ പ്ലാറ്റഫോമില്‍ കൊണ്ടുവരുന്ന പ്രവര്‍ത്തനമാണ്. ഓരോരുത്തര്‍ക്കും അവരുടെ തൊഴിലിനു ലഭ്യമാക്കേണ്ട വേതനം എത്രയെന്നും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത് ടൂറിസം മേഖലയെ പ്രാദേശിക തൊഴിലുമായി ബന്ധിപ്പിക്കാന്‍ വലിയതോതില്‍ ഗുണം ചെയ്യും .നാട്ടിലെ പരമ്പരാഗത തൊഴിലുകളെയും ഉത്സവങ്ങളെയും ആഘോഷങ്ങളെയും പാക്കേജുകളാക്കി അനുഭവവേദ്യ ടൂറിസം പാക്കേജുകള്‍ എന്ന പുതിയ ഒരു സെക്ടറിന് തന്നെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നേതൃത്വം നല്‍കുന്നത് ആവേശകരമാണെന്നും ഒന്നേകാല്‍ വര്‍ഷത്തിനിടയില്‍ 38,000 ടൂറിസ്റ്റുകള്‍ അത്തരം പാക്കേജുകള്‍ ആസ്വദിക്കാന്‍ എത്തിയെന്നത് അതൊരു പുതിയ ടൂറിസം ഉല്പന്നമാക്കാന്‍   ഉത്തരവാദിത്ത ടൂറിസം മിഷന് കഴിഞ്ഞുവെന്നതിന്റെ ഉദാഹരണമാണെന്നും മന്ത്രി കൂട്ടി ചേര്‍ത്തു .

തിരുവനന്തപുരം കെ.ടി.ഡി.സി മസ്കറ്റ് ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ശ്രീ: കെ . മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ ഐ എ എസ് പ്രവര്‍ത്തന റിപ്പോര്‍ട് അവതരിപ്പിച്ചു.

വിവിധ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ടൂറിസം മന്ത്രി വിതരണം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഗുണഭോക്താക്കള്‍ അവരുടെ അനുഭവങ്ങള്‍ ചടങ്ങില്‍ പങ്കുവെച്ചു . ചടങ്ങിന് ആശംസകള്‍ നേര്‍ന്നു ശ്രീ: ഇ.എം. നജീബ്, അനീഷ് കുമാര്‍ .പി.കെ തുടങ്ങിയവര്‍ സംസാരിച്ചു . ചടങ്ങിന് ടൂറിസം,  സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി : റാണി ജോര്‍ജ് ഐ. എ .എസ് സ്വാഗതവും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നിഷ് വിപുലീകരിക്കും: മന്ത്രി

കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ജനലക്ഷങ്ങൾ