തിരുവനന്തപുരം: ആലുവ എടത്തലയില്‍ ( Edathala ) ഉസ്മാൻ എന്ന യുവാവിനെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ഉസ്മാനാണ് ആദ്യം പ്രകോപനമുണ്ടാക്കിയതെന്ന് നോട്ടീസിന് മറുപടി നല്കിയ മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ പോലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായെന്നും മുഖ്യമന്ത്രി സഭയിൽ സമ്മതിച്ചു. എടത്തല പോലീസ് മര്‍ദനത്തില്‍ പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പോലീസിനോട് തട്ടിക്കയറിയ ഉസ്മാന് പോലീസ് ഡ്രൈവറെ മര്‍ദ്ദിക്കാൻ ശ്രമിച്ചതായും തുടർന്ന് പോലീസ് തിരിച്ചടിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തി. പോലീസിന്റെ ഈ നടപടി ന്യായീകരിക്കാനാവില്ല എന്നും പോലീസ് സാധാരണക്കാരെ പോലെ തരം താഴാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് നിയമപരമായ നടപടി സ്വീകരിക്കണമായിരുന്നു എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പരാതിയില്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും അറിയിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ആശുപത്രിയിലേക്കും പോലീസ് സ്റ്റേഷനിലേക്കും നടന്ന മാര്‍ച്ചില്‍ തീവ്രവാദ സ്വഭാവമുള്ളവരും ഉണ്ടായിരുന്നു എന്ന് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് സഭയെ പ്രക്ഷുബ്ദമാക്കിയത്.
മാർച്ചില്‍ പങ്കെടുത്ത ഇസ്മയില്‍ എന്നയാൾ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്നും ആ കേസിലെ ചില പ്രതികളും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്നു എന്നും മുഖ്യമന്ത്രി ആരോപിച്ചു. ആലുവ സ്വതന്ത്ര റിപ്പബ്ലിക്ക് അല്ലെന്നും തീവ്രവാദികള്‍ക്കു വേണ്ടി പ്രതിപക്ഷം വക്കാലത്ത് പിടിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതോടെ പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലിറങ്ങി. ആലുവക്കാരെ മുഖ്യമന്ത്രി തീവ്രവാദികളാക്കി ചിത്രീകരിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധമാണുള്ളതെന്നും പ്രതിപക്ഷത്തെ നയിച്ച കെ.സി ജോസഫ് അഭിപ്രായപ്പെട്ടു.
തന്റെ പ്രസംഗം തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും തനിക്കും സഭയില്‍ സംസാരിക്കാന്‍ അവകാശമുണ്ടെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. മുഖ്യമന്ത്രിയെ സംസാരിക്കാന്‍ അനുവദിക്കാത്തത് ശരിയല്ലെന്ന് സ്പീക്കറും വ്യക്തമാക്കി.
സാധാരണ പ്രതിപക്ഷം ബഹളവുമായി എഴൂന്നേല്ക്കുമ്പോള് മുഖ്യമന്ത്രി ഇരിക്കുകയും സ്പീക്കര്‍ സഭ നിയന്ത്രിക്കുകയുമാണ് പതിവ്. എന്നാല്‍ ഇന്ന് മുഖ്യമന്ത്രി ഇരിക്കാന്‍ തയ്യാറാകാതെ പ്രതിപക്ഷത്തെ നേരിട്ടു. തന്റെ ആലുവ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.
അതിനിടെ, തനിക്ക് നോമ്പ് ആയതിനാല്‍ പ്രതിപക്ഷത്തു നിന്നും അധികം സംസാരിക്കാന്‍ കഴിയില്ലെന്ന് അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു.
എന്തിനാണ് മതപരമായ ഇത്തരം വിഷയങ്ങള്‍ നിയമസഭയിലേക്ക് കൊണ്ടുവരുന്നതെന്നും അംഗം എവിടേക്കാണ് വിഷയം എത്തിക്കുന്നതെന്നും മുഖ്യമന്ത്രി ആരാഞ്ഞു.
കഴിഞ്ഞ ദിവസം ഉസ്മാന്റെ ബൈക്ക് പോലീസ് വാഹനത്തിലിടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
പോലീസ് മര്‍ദ്ദനത്തെ തുടർന്ന് കവിളെല്ല് തകര്‍ന്ന ഉസ്മാനെ ഇന്നലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് സംഭവത്തില്‍ കുറ്റക്കാരായ നാല് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.
എഎസ്ഐ ഉള്‍പ്പെടെയുള്ളവരെ എആര്‍ ക്യാംപിലേക്കാണു സ്ഥലംമാറ്റിയത്. സംഭവത്തില്‍ എസ്ഐയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നാരോപിച്ച് ഉസ്മാനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Comments
0 comments