നസീറുദീൻ ഷായെ പിന്തുണച്ച് അമർത്യാ സെൻ 

ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച നസീറുദീൻ ഷായ്ക്കെതിരെ സംഘ പരിവാർ സംഘടനകൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു സെൻ. നസീറുദീൻ ഷായെ അലോസരപ്പെടുത്തുന്ന നീക്കങ്ങൾ അംഗീകരിക്കാനാവില്ല. അദ്ദേഹം പറഞ്ഞു.

ആംനെസ്റ്റി ഇന്ത്യയുടെ വീഡിയോയിലൂടെ സംഘപരിവാർ അസഹിഷ്ണുതക്കെതിരെ  പ്രതികരിച്ചു കൊണ്ട്  നസീറുദീൻ ഷാ രംഗത്ത് വന്നത് അടുത്തിടെ ആഗോള തലത്തിൽ വാർത്തയായിരുന്നു.

മതത്തിന്റെ പേരിൽ സ്പർധയുടെ  മതിലുകളാണ് രാജ്യത്ത് പണിയുന്നതെന്ന്  അദ്ദേഹം അതിൽ കുറ്റപ്പെടുത്തുന്നുണ്ട്.  അഭിപ്രായ സ്വാതന്ത്ര്യം തീർത്തും ഇല്ലാതാക്കപ്പെടുന്ന, ധനികർക്കും അധികാരം കയ്യാളുന്നവർക്കും മാത്രം സ്വാതന്ത്ര്യമുള്ള ഒരു രാജ്യമായിരുന്നില്ല നാം സ്വപ്നം കണ്ടിരുന്നത്. ഒരിക്കൽ നിയമ വാഴ്ചയുണ്ടായിരുന്ന ഇടങ്ങളിലെല്ലാം ഇരുട്ട് പരക്കുകയാണ്. 

കുടുംബങ്ങൾ സംരക്ഷിക്കുന്നവരും ദരിദ്രരിൽ ദരിദ്രരായ ജനവിഭാഗങ്ങളുടെ ജീവനോപാധിയും ഭൂമിയും കാത്തു സൂക്ഷിക്കുന്നവരും  ഉത്തരവാദിത്തങ്ങളോടൊപ്പം അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നവരും അഴിമതിക്കെതിരെ പൊരുതുന്നവരുമാണ് യഥാർത്ഥ ഭരണ ഘടനാ സംരക്ഷകർ. അവരെല്ലാം ഇന്ന് വേട്ടയാടപ്പെടുകയാണ്. വീഡിയോയിൽ ഷാ പറയുന്നു.


രാജ്യത്ത്  അനുദിനം വളർന്നു വരുന്ന അസഹിഷ്ണുത ആശങ്കാജനകമെന്ന് അമർത്യാ സെൻ


ഷായുടെ വീഡിയോ ആംനെസ്റ്റി ട്വീറ്റ് ചെയ്തതോടെ രാജ്യത്താകമാനം അത് ചർച്ച ചെയ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യ ലംഘനത്തിന്റെ പരമ്പര തന്നെ അരങ്ങേറിയ വർഷമായിരുന്നു 2018 എന്ന് ആംനസ്റ്റി എഴുതി. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ നമുക്ക് ഒന്നിച്ചണിനിരക്കാം എന്നും അടിച്ചമർത്തൽ അവസാനിപ്പിക്കാൻ സർക്കാരിനോട് ഒറ്റക്കെട്ടായി ആവശ്യപ്പെടാമെന്നുമായിരുന്നു ആംനെസ്റ്റിയുടെ ട്വീറ്റ്.

കലാപ്രവർത്തകർ, അഭിനേതാക്കൾ, അക്കാദമിക് മേഖലയിൽ നിന്നുള്ളവർ , കവികൾ, പത്രപ്രവർത്തകർ തുടങ്ങി സകലരും ആക്രമിക്കപ്പെടുകയാണ്. ഭീതിവിതച്ച് എല്ലാവരെയും നിശ്ശബ്ദരാക്കുകയാണ്. നിരപരാധികൾ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ്.

ആൾക്കൂട്ടക്കൊലകളും വർഗീയ വിഭജനങ്ങളും  ശക്തിപ്പെടുകയാണ്. അനീതിയെ ചോദ്യം ചെയ്യുന്നവരെ പലവിധത്തിൽ ഭരണകൂടം വേട്ടയാടുന്നു. അവരുടെ ഓഫീസുകൾ റെയ്ഡ് ചെയ്യുന്നു. ലൈസൻസുകൾ റദ്ദ് ചെയ്യുന്നു. ബാങ്ക് എകൗണ്ടുകൾ  മരവിപ്പിക്കുന്നു. സത്യം വെളിപ്പെടുത്തുന്നതിൽ നിന്ന് ഏതുവിധേനയും തടയുകയാണ് ലക്ഷ്യം, വീഡിയോയിൽ ഷാ പറയുന്നു. 

2018 ൽ ആംനെസ്റ്റിയുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.  എൻഫോഴ്‌സ്‌മെന്റ് അധികൃതർ അതിന്റെ രണ്ട് ഓഫീസുകളിൽ പരിശോധന നടത്തുകയും ചെയ്തു. അധികാര കേന്ദ്രങ്ങളുടെ നീതിനിഷേധങ്ങൾക്കെതിരെ പ്രതികരിക്കുന്നവർക്കെതിരെ കടന്നാക്രമണമാണ് സർക്കാർ നടത്തുന്നതെന്ന് ആംനസ്റ്റി ആരോപിച്ചു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടയിടാനും ഭയം ജനിപ്പിക്കാനുമാണ് ശ്രമം.

നസീറുദീൻ ഷാക്കെതിരെയുള്ള നീക്കങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നു വരണമെന്ന് അമർത്യാ സെൻ അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്തെ സംഭവ വികാസങ്ങൾ നടുക്കമുണ്ടാക്കുന്നവയാണ്. അങ്ങേയറ്റം പ്രതിഷേധാർഹമാണവ. ഇത് അവസാനിപ്പിക്കണം -അദ്ദേഹം പറഞ്ഞു.  അഭിപ്രായ ഭിന്നതകൾ കേൾക്കാനും അതിനോട് സഹിഷ്ണുത പുലർത്താനുമുള്ള കഴിവ് നമുക്ക് നഷ്ടമാകുന്നു. രാജ്യത്തെ ഒട്ടേറെ സംഘടനകളും സ്വതന്ത്ര സ്ഥാപനങ്ങളും നിലനിൽപ്പ്  ഭീഷണി നേരിടുകയാണ്.

ബുലന്ദ് ശഹർ അക്രമത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ടുള്ള  നസീറുദീൻ ഷായുടെ പ്രതികരണങ്ങളോടെയാണ് സംഘ പരിവാർ സംഘടനകൾ അദ്ദേഹത്തിനെതിരെ തിരിയുന്നത്.  മക്കളുടെ ഭാവിയോർത്ത് താൻ  ആശങ്കാകുലനാണെന്നും ഒരു പൊലീസ് ഓഫീസറുടെ ജീവനേക്കാൾ വില ചത്ത പശുവിന് കൽപ്പിക്കപ്പെടുന്ന അന്തരീക്ഷം ആശാസ്യമല്ലെന്നും ഷാ അഭിപ്രായപ്പെട്ടിരുന്നു.  

ഹിന്ദു വർഗീയ വാദികളുടെ എതിർപ്പ് ശക്തമായതിനെ തുടർന്ന് ജയ്പൂർ  ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിഷാദ രോഗം ഓൺലൈൻ ഉപയോഗം വഴിയും 

വിദ്യാർത്ഥികൾ ചരിത്ര ബോധമുള്ളവരാകണം: മന്ത്രി