ആയുഷ്മാൻ ഭാരത് സ്വകാര്യമേഖലയ്ക്കുള്ള സബ്സിഡി: അമർത്യാ സെൻ 

ചെപ്പടിവിദ്യയിലുള വിശ്വാസമായിരുന്നു നോട്ടു നിരോധന കാര്യത്തിൽ കണ്ടത്.

ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാരിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആയുഷ്മാൻ ഭാരത് സ്വകാര്യമേഖലയ്ക്കുള്ള സബ്‌സിഡി മാത്രമാണെന്ന് നോബൽ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യസെൻ. തെറ്റായ ദിശയിലുള്ള കുതിച്ചു ചാട്ടമാണത് . 

നാല്പത് വയസായ നിങ്ങൾക്ക് അപ്പൻഡിക്സിനുള്ള ഓപ്പറേഷൻ ചെയ്യണം. കയ്യിൽ പണമില്ല. ഒരു സ്വകാര്യ ആശുപത്രിയിൽ പോയി സർജറി നടത്തിയാൽ സർക്കാർ അതിനുള്ള ചെലവ് വഹിക്കുന്നു, ഇതാണ് ആയുഷ്മാൻ ഭാരതിൽ നടക്കുന്നത്. അതേസമയം അടിസ്ഥാന ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം ഇവിടെ ഒന്നും രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങൾ  മരണപ്പെടുന്നു. ആയുഷ്മാൻ ഭാരത് പോലുള്ള ഇൻഷുറൻസ് പദ്ധതികളല്ല നമുക്കാവശ്യം. മറിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ മെച്ചപ്പെടുത്താനുള്ള നടപടികളാണ്. 

ഇൻഷുറൻസ് പദ്ധതികളിലൂടെ നേട്ടമുണ്ടാക്കുന്നത് സ്വകാര്യ മേഖലയാണ്. ഒരു തരത്തിൽ സ്വകാര്യ മേഖലക്ക് നൽകുന്ന സബ്സിഡിയാണത്. ഇതേവരെ കാണാത്ത ഒട്ടേറെ രോഗങ്ങൾ കടന്നുവരുന്ന അവസ്ഥയും അത് സൃഷ്ടിക്കുന്നുണ്ട്, സെൻ മുന്നറിയിപ്പ് നൽകി.

നരേന്ദ്രമോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിലയിരുത്തുന്ന തെറ്റായ ദിശയിൽ ഒരു  കുതിച്ചുചാട്ടം  എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ചു കൊണ്ടുള്ളതാണ് പതിനാല് എഴുത്തുകാരുടെ ലേഖനങ്ങൾ സമാഹരിച്ച ‘എ ക്വാണ്ടം ലീപ് ഇൻ ദി റോങ്ങ് ഡയറക്ഷൻ’ എന്ന പുസ്തകം.  

ഏതാനും പേരുടെ വരുമാനത്തിലെ വർദ്ധനവ് രാജ്യത്തിൻറെ മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയുടെ ലക്ഷണമായി പരിഗണിക്കുന്ന അവസ്ഥ ആശങ്കാജനകമാണ്. ഒരു തരത്തിൽ ഇവിടെ അസമത്വത്തോടുള്ള സഹിഷ്ണുത വളർന്നുവരുന്നതായി  കാണാം. സാമ്പത്തികരംഗത്തെ മനസ്സിലാക്കുന്നതിൽ  ഇത് പ്രധാനമാണ്. ഏതാനും വ്യക്തികളുടെ വരുമാനത്തിൽ കാര്യമായ വർദ്ധനവുണ്ടാകുമ്പോൾ അത് സാമ്പത്തിക രംഗം കൈവരിച്ച നേട്ടമായി ചിത്രീകരിക്കപ്പെടുന്നു. അത്തരം  ആശയങ്ങൾക്കാണ് ഇന്ന് സ്വീകാര്യത കൈവരുന്നത്. അതിനോടുള്ള  സഹിഷ്ണുത ദുഃഖകരമാണ്, സെൻ അഭിപ്രായപ്പെട്ടു.

ചെപ്പടിവിദ്യയിലുള വിശ്വാസമായിരുന്നു നോട്ടു നിരോധന കാര്യത്തിൽ കണ്ടത്. അത്തരം ഒരു ആശയവുമായി ഒരാൾക്ക് എങ്ങനെ മുന്നോട്ടുപോകാനായി എന്നത് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ചെപ്പടിവിദ്യയിലുള്ള  വിശ്വാസം മൂലം സമ്പദ്‌മേഖല മുഴുവൻ കെടുതികൾ അനുഭവിക്കേണ്ടിവന്നു, സെൻ കുറ്റപ്പെടുത്തി.

വളർച്ചയെക്കുറിച്ചുള്ള ആദം സ്മിത്തിന്റെ സങ്കല്പങ്ങൾ ജനങ്ങളിലും സർക്കാരിലും അത് കൂടുതൽ പണം എത്തിക്കും എന്ന ആശയവുമായി  ബന്ധപ്പെട്ടായിരുന്നു. പണത്തിന്റെ അപര്യാപ്തത മൂലം വ്യക്തികൾക്ക് പലതും ചെയ്യാനാവുന്നില്ല. അതേസമയം  പണം കൈവശം വരുമ്പോൾ അത് ചെയ്യാനാവുന്നു. 

ആദം സ്മിത്ത് മുന്നോട്ടുവെച്ച വിപണി സമ്പദ് വ്യവസ്ഥയല്ല വലത്പക്ഷ സാമ്പത്തിക നയങ്ങൾ മുന്നോട്ടു വെക്കുന്നത്.  സേവന മേഖലകളിൽ നിന്ന് സർക്കാർ പിൻവാങ്ങണം എന്നാണ് അത് നിഷ്കർഷിക്കുന്നത്.  ഏതാനും വ്യക്തികളിലേക്കുള്ള  സമ്പത്തിന്റെ കേന്ദ്രീകൃത  വളർച്ചയാണ് അതിലൂടെ സംഭവിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിഴിഞ്ഞത്തിനു പുറമെ വിമാനത്തവാളവും അദാനിക്ക്

ഡാറ്റ ശേഖരണത്തിലെ പിഴവുകൾ പ്രതിസന്ധി സൃഷ്ടിക്കും: മന്ത്രി