എന്റെ ഹൃദയമിപ്പോൾ ഈ കുഞ്ഞുങ്ങൾക്കിടയിലാണ്

ദിവസങ്ങൾക്ക് പൂ വിരിയും പോലൊരു ചന്തമുണ്ടിപ്പോൾ. ഏഴു മലകൾക്കപ്പുറത്ത്, ഏഴു കടലുകൾക്കപ്പുറത്ത്, ഒരു പഞ്ചവർണക്കിളിയുടെ ഉള്ളിൽ ഹൃദയം സൂക്ഷിക്കുന്ന ഒരു മായാജാലക്കാരിയാകുന്നു ഞാനിപ്പോൾ.  കൊച്ചു കുട്ടികൾക്കൊപ്പമുള്ള സ്‌കൂൾ അനുഭവങ്ങൾ പങ്കുവച്ച് അധ്യാപികയായ കവിത കാരയാംവട്ടത്ത്. 

          കവിത കാരയാംവട്ടത്ത്

കഴിഞ്ഞ വർഷം ആദ്യമായി ഒന്നാം ക്ലാസിൽ പഠിപ്പിക്കാനുള്ള ചുമതലയേൽക്കുമ്പോൾ എന്താണ് ചെയ്യേണ്ടതെന്നറിയാതെ അമ്പരന്ന് നിന്നിട്ടുണ്ട്.

ഇന്ന് ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഈ ക്ലാസുകളാണ്.
ഞാനും എന്റെ ഒന്നാം ക്ലാസുകാരും
ആർമ്മാദിച്ച് കൂട്ടുന്നതിന് കയ്യും കണക്കുമില്ല.
ഈയിടെ ആഴ്ചയിലൊരു  ദിവസം
സ്കൂളിലെ പാർക്കിലാണ് ക്ലാസ്.

പാർക്കിലെ വിമാനത്തിൻമേൽ കുറച്ച് പേർ
ഊഞ്ഞാലുകളിൽ കുറച്ച് പേർ

മറ്റ് ഉപകരണങ്ങളിൽ മേലൊക്കെ കുറച്ച് പേർ വീതം.
ആപ്പിളിന്മേലും പപ്പായമേലുമൊക്കെ
ഈ രണ്ട് പേർ വീതം.

പാർക്കിന്റെ മതിലിനപ്പുറത്തെ മരക്കൂട്ടത്തിൽ പല തരം കിളികളും കിളിക്കൂടുകളും.
വള്ളിപ്പടർപ്പുകളും.

ചെടികളെക്കുറിച്ചും കിളികളെക്കുറിച്ചും പഠിപ്പിക്കുമ്പോൾ
കാര്യങ്ങൾ വളരെ എളുപ്പം.

ഇന്ന് എല്ലാവരും ഓരോ പേപ്പർ വീതം കൊണ്ടു വന്നു.
പാർക്കിലെ പഞ്ചാര മണലിൽ
പേപ്പർ വിരിച്ചിട്ട് എല്ലാവരും
ഇരുന്നു.
അവർക്കിഷ്ടമുള്ള പോലെ.
അങ്ങനെ ചാഞ്ഞും ചെരിഞ്ഞും കിടന്നും പഠിക്കുമ്പോഴാണ്
ഒരാൾ ആകാശത്ത് കൂടി വിമാനം പോകുന്നത് കണ്ടത്. എല്ലാവരും ചാടിയെണീറ്റ് റ്റാ റ്റാ കൊടുത്തു
ഫ്ലയിങ്ങ് കിസ്സുകൾ കൊടുത്തു.

വീണ്ടും പഠനം.
ചിലർ മണ്ണ് വാരിക്കളിക്കുന്നുണ്ട്.
അല്പ നേരം അനുവദിച്ചു.
പുസ്തകം അഴുക്കാക്കാതെ സൂക്ഷിക്കാൻ ശ്രദ്ധിക്കു എന്ന് മാത്രം പറഞ്ഞു.

അവരുടെ അരികിലൂടെ പല വിധ ഉറുമ്പുകൾ വരിയിട്ട് പോയിക്കൊണ്ടിരുന്നു.
അല്പനേരം നിരീക്ഷിക്കാൻ പറഞ്ഞു.

വീണ്ടും പഠനം
എഫക്ടീവ് ലേണിങ്ങ് എന്നാൽ
ഇതാണെന്ന് മനസ് നിറഞ്ഞു.
കുഞ്ഞുങ്ങളും സന്തോഷിച്ചു. പഠനവും തൃപ്തികരം .

ക്ലാസിലേക്ക് മടങ്ങുമ്പോൾ
കിളികളെപ്പോലെ പറന്നോ
തവളച്ചാട്ടം ചാടിയോ തുള്ളിച്ചാടിയോ പൊയ്ക്കോളാൻ പറഞ്ഞു.
അത് അവരെ ഏറെ രസിപ്പിച്ചു.

സന്തോഷമാണ് അവരുടെ ഇടയിലെ ജീവിതം.
എല്ലാ ദിവസവും ആദ്യത്തെ 5 മിനിട്ട്
അവരുടെ പൊട്ടും വളയും മാലയും നോക്കാനാണ്.
കുഞ്ഞു ആണുങ്ങൾക്കുമുണ്ടാകും
എന്തെങ്കിലും കാണിച്ചു തരാൻ.

രണ്ടു ദിവസം ടീച്ചർ വരാതായപ്പോൾ
വളയും മാലയും സ്ലൈഡുകളും കാണിച്ചു കൊടുക്കാനാവാതെ
അവർ സങ്കടപ്പെട്ടു.

പലവട്ടം ടീച്ചർ വന്നോ എന്നന്വേഷിച്ച് നിരാശപ്പെട്ടു.
ഇനിയും ലീവായാൽ ടീച്ചർ അവരെ മറന്നു പോയേക്കുമോ എന്ന് ആകുലപ്പെട്ടു.
ടീച്ചർ  വരുമ്പോൾ കെട്ടിപ്പിടുത്തങ്ങൾ കൊണ്ടും
ഉമ്മ കൊണ്ടും പരിഭവങ്ങൾ കൊണ്ടും പൊതിഞ്ഞു.
ടീച്ചർക്ക് ചുറ്റും തുള്ളിച്ചാടി നടന്നു.
ദിവസങ്ങൾക്ക് പൂ വിരിയും പോലൊരു ചന്തമുണ്ടിപ്പോൾ.

ഏഴു മലകൾക്കപ്പുറത്ത്
ഏഴു കടലുകൾക്കപ്പുറത്ത്
ഒരു പഞ്ചവർണക്കിളിയുടെ ഉള്ളിൽ
ഹൃദയം സൂക്ഷിക്കുന്ന
ഒരു മായാജാലക്കാരിയാകുന്നു
ഞാനപ്പോൾ.

എന്റെ ഹൃദയമിപ്പോൾ
ഈ കുഞ്ഞുങ്ങൾക്കിടയിലാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആർദ്രം പൂർത്തീകരണത്തിന് കിഫ്ബി സഹായം

ആരോഗ്യ രംഗത്ത് തദ്ദേശ സ്ഥാപനങ്ങൾക്കു വലിയ പങ്കു വഹിക്കാനാകും: ഡോ ബി ഇക്ബാൽ