വരിക വരിക സഹജരേ
സഹന സമര സമയമായ്
കരളുറച്ചു കൈകൾ കോർത്തു
കാൽനടക്കു പോക നാം…
ഉപ്പു സത്യാഗ്രഹത്തിനുള്ള വളണ്ടിയർ ജാഥയിൽ പാടാനായി അംശി നാരായണപ്പിള്ള തയ്യാറാക്കിയ ഗാനത്തിലെ വരികളാണ്. ഏഴു പതിറ്റാണ്ടു മുൻപ് എഴുതപ്പെട്ട ഈ വരികളിൽ എല്ലാമുണ്ട്. കാലഘട്ടത്തോടും വ്യവസ്ഥയോടുമുള്ള അടങ്ങാത്ത പ്രതിഷേധത്തിന്റെ വീറ്, വാശി, ധീരത, സ്വാതന്ത്ര്യബോധം…ഇരുണ്ട കാലത്തെ പ്രതിരോധിക്കാനുള്ള ഇച്ഛാശക്തി…അടിമത്വത്തിന്റെ നുകങ്ങൾ വലിച്ചെറിയാനുള്ള ആഹ്വാനം…
എന്നാൽ തുല്യതയെ നിഷേധിച്ച്, സ്വാതന്ത്ര്യബോധത്തെ നിരാകരിച്ച്, അടിമ സമാനമായ ജീവിതം മതി എന്ന് നിശ്ചയിച്ചുറപ്പിച്ചവർക്ക് ആ വരികൾ ഉച്ഛരിക്കാനുള്ള യോഗ്യതയുണ്ടോ?
ഇല്ലെന്ന് ഉറച്ച ശബ്ദത്തിൽ തന്നെ പറയേണ്ടിവരും.
റെഡി റ്റു വെയ്റ്റ് സമരക്കാരാണ് അംശി നാരായണപ്പിള്ളയുടെ ഗാനത്തിന്റെ വരികളുടെ അന്തഃസത്തയെ വകവെയ്ക്കാതെ ആ വരികൾ സമര പ്രചാരണ പോസ്റ്ററുകളിൽ എഴുതിവെക്കുന്നത്.
എത്രനാളിങ്ങടിമയായ് കിടക്കണം സഖാക്കളേ
പുത്ര പൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ
ഗതഭയം ചരിക്കനാം ഗരുഡതുല്യ വേഗരായ്
സഹഗമിക്ക സഹഗമിക്ക ധീരരേ…
എന്ന് അംശി പാടിയത് ഇരുണ്ട കാലങ്ങളിലേക്കുള്ള തിരിച്ചുപോക്കിനു വേണ്ടിയായിരുന്നില്ല. മറിച്ച് അടിമബോധത്തിന്റെ ആലസ്യത്തിൽ മയങ്ങിക്കിടന്ന ഒരു ജനതയെയാകെ ഉത്തേജിപ്പിക്കാനുള്ള ഉണർത്തുപാട്ടായിട്ടാണ്.
തീയർ പുലയരാദിയായ സാധുജനതയെ ബലാൽ
തീയിലിട്ടുവാട്ടിടുന്ന ദുഷ്ടരോടെതിർക്കണം
വിജയമെങ്കിൽ വിജയവും മരണമെങ്കിൽ മരണവും
ഭയവിഹീനമഖിലജനവുമാഗ്രഹിച്ചിറങ്
എന്നായിരുന്നു അംശിയുടെ ആഹ്വാനം.
ഇന്നിപ്പോൾ അന്ധമായ വിശ്വാസ പ്രമാണങ്ങൾക്കും തീർപ്പുകൾക്കും അനാചാരങ്ങൾക്കും എതിരെ, തുല്യതയുടെ അടിസ്ഥാനത്തിൽ ആൺപെൺ ഭേദമില്ലാതെ മനുഷ്യരെയാകെ ഒന്നായി കാണുന്ന ഒരു കോടതി വിധി വന്നപ്പോൾ മാറ്റങ്ങൾ അരുത് എന്ന് അലമുറയിടുന്നവർ അതേ ഗാനത്തെ തെറ്റായി ഉപയോഗിക്കുന്നത് ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ പരിഹാസ്യമാണ്. ചരിത്രബോധമില്ലായ്മയാണ്.
അയിത്തോച്ചാടനത്തിനും ക്ഷേത്രപ്രവേശനത്തിനും വേണ്ടി നിലകൊണ്ട, സാമൂഹ്യജീവിതത്തിൽ കാലാനുസൃതമായ മാറ്റങ്ങൾക്കായി ദാഹിച്ച ഒരു എഴുത്തുകാരന്റെ വരികളെ എടുത്തുപയോഗിക്കുമ്പോൾ നവോത്ഥാനത്തിന്റെ മൊത്തം ചരിത്രം പോട്ടെ, ചുരുങ്ങിയ പക്ഷം അംശി നാരായണപ്പിള്ളയുടെ ചരിത്രമെങ്
അംശി നാരായണപ്പിള്ളയുടെ ” വരിക വരിക സഹജരേ ” എന്ന സമരോൽസുക വരികൾ തെറ്റായ സന്ദർഭത്തിൽ പ്രയോഗിക്കുന്നതിനെതിരെ ഷിജു ദിവ്യ ഫേസ് ബുക്കിൽ എഴുതുന്നു.
പോസ്റ്റിന്റെ പൂർണ രൂപം
ഉപ്പുസത്യാഗ്രഹത്തിനുള്ള വളണ്ടിയർ ജാഥയിൽ പാടാൻ വേണ്ടി അംശി നാരായണപിള്ള എഴുതിയ മുദ്രാഗീതമാണ് റെഡി ടു വെയിറ്റ് , ശബരിമല സംരക്ഷണ നെറ്റിയിൽ ഒട്ടിച്ചു വച്ചിരിക്കുന്നത് . ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനും ഈ ഗാനം രചിച്ചതിനും കോടതി വിചാരണ നേരിട്ടിട്ടുണ്ട് നാരായണപിള്ള. ഈ പാട്ട് കലാപ പ്രേരണ സൃഷ്ടിക്കുമെന്നു പറഞ്ഞ് നിരോധിച്ചിട്ടുമുണ്ട്. അദ്ദേഹം ഗുരുവായൂർ സത്യാഗ്രഹത്തെ അതിശക്തമായി പിന്തുണച്ചിട്ടുമുണ്ട് . അതൊക്കെ കേരള ചരിത്രത്തിൽ ചോര കൊണ്ടെഴുതിയ ഏടുകളാണ് .
അയിത്തോച്ചാടനം , ക്ഷേത്രപ്രവേശനം , സ്വാതന്ത്ര്യബോധം എന്നീ കാര്യങ്ങളിൽ ‘റെഡി ടു വെയ്റ്റ് ‘ ടീമിലെ ആളായിരുന്നില്ല അംശി നാരായണപിള്ള. പ്രക്ഷോഭങ്ങളുടെ ചിറകു വിരിച്ച് ഭാവിയുടെ രാഷ്ട്രീയത്തിലേക്കു കുതിച്ചൊരു കാലത്തിന്റെ സൃഷ്ടിയാണ് . അദ്ദേഹത്തെ ഇങ്ങനെ അപമാനിക്കരുത്.
Comments
0 comments