ആൻഡ്, ദി ഓസ്കാർ ഗോസ് ടു… ടൊവിനോ തോമസ്

ഓസ്കാർ അവാർഡ് ദാനം ഏവരേയും ത്രസിപ്പിച്ച ദിനത്തിൽ തന്നെയാണ് സംവിധായകൻ സലിം അഹമ്മദ് തന്റെ പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. പ്രേക്ഷകരെ കൗതുകത്തിലാക്കുകയായിരുന്നു “ആൻഡ് ദി ഓസ്കാർ ഗോസ് ടു…” എന്ന ടൈറ്റിൽ.

പത്തേമാരി എന്ന ചിത്രം കൊണ്ട് പ്രേക്ഷക നിരൂപക പ്രശംസ പിടിച്ച പറ്റിയ സംവിധായകന്റെ പുതിയ സൃഷ്ടിയിന്മേൽ വാനോളം പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്  ഏവരും. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിക്കൊണ്ട്  പുറത്തിറക്കിയ ഫസ്റ്റ് ലുക്കിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

യുവതാരം ദുൽഖർ സൽമാൻ നായകനാകുമെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒടുവിൽ  ടൊവിനോയെ  നായകനായി സംവിധായകൻ തന്നെ വെളിപ്പെടുത്തി. ചിത്രത്തിലെ മറ്റ് താരങ്ങളെയൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ സംവിധായകന്റെ മുൻ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞതും  ടൊവിനോ ചിത്രത്തിന്മേലുള്ള ആകാംക്ഷ വർദ്ധിപ്പിക്കുന്നു. സിനിമയിൽ നായകനാകുവാനുള്ള ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ചിത്രത്തിൽ നടൻ സിദ്ദിക്കും സുപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്നു.

ട്രാവൽ കൺസൽട്ടൻറ് ആയിരുന്ന സലിം അഹമ്മദ് ഒരു സ്വകാര്യ ടി വി ചാനലിൽ ക്രീയേറ്റീവ് ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റർ ആയിട്ടാണ് ഈ മേഖലയിലേക്ക് കടന്നു വരുന്നത്. 2011ൽ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംവിധായകന്റെ കുപ്പായമണിഞ്ഞു. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തെ  മികച്ച വിദേശ ചിത്രത്തിനായി ഓസ്കാർ പട്ടികയിലേക്ക് ഇന്ത്യ ഔദ്യോഗികമായി നാമനിർദേശം ചെയ്തിരുന്നു. കൂടാതെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സലിം കുമാറിന് മികച്ച നടനുള്ള ദേശിയപുരസ്കാരവും  ലഭ്യമായിരുന്നു.

തുടർന്ന് മമ്മൂട്ടിയെ നായകനാക്കി 2013ൽ കുഞ്ഞനന്തന്റെ കട, 2015ൽ പത്തേമാരി എന്നിങ്ങനെ രണ്ട് ചിത്രങ്ങൾ അദ്ദേഹം സംവിധാനംചെയ്തിരുന്നു. മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശിയ പുരസ്‌കാരം  പത്തേമാരി സ്വന്തമാക്കുകയും ചിത്രത്തിലെ അഭിനയ മികവിന് മമ്മൂട്ടിയെ മികച്ച നടനുള്ള പുരസ്‌കാരത്തിനായി പരിഗണിക്കുകയും ചെയ്തിരുന്നു.

യുവതാരങ്ങളിൽ പെട്ടെന്ന് ശ്രദ്ധേയനായ നായകനാണ് ടോവിനോ തോമസ്. താരത്തിന്റെ അവസാനമിറങ്ങിയ തീവണ്ടി എന്ന ചിത്രവും മികച്ച സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻ, മാരി 2 എന്നീ ചിത്രങ്ങളാണ്  ടൊവിനോ യുടേതായി അണിയറയിൽ ഒരുങ്ങിയിട്ടുള്ളത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യൂറോപ്യന്‍ മൈക്രോ ഫിനാന്‍സ് അവാര്‍ഡ് 2018: ഇസാഫ് ബാങ്ക് ഫൈനലില്‍

വേളിയില്‍ 9 കോടി രൂപയുടെ മിനിയേച്ചര്‍ ട്രെയിന്‍ വരുന്നു