in ,

അനിത ദുബേ: ബിനാലെയുടെ ആദ്യ വനിതാ ക്യൂറേറ്റർ 

കൊച്ചി: അനിത ദുബേ ആണ് ക്യൂറേറ്റർ. ഇത്തവണത്തെ ബിനാലെയെ ശ്രദ്ധേയമാക്കുന്നതും അവരുടെ നേതൃത്വം തന്നെ. ദുബേ മുൻപും കേരളത്തിൽ വന്നിട്ടുണ്ട്. അവരുടെ കേരള ബന്ധം കൃഷ്ണകുമാറിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ടതാണ്; റാഡിക്കൽ മൂവ്മെന്റിന്റെ അമരക്കാനായിരുന്ന കെ പി കൃഷ്ണകുമാറിലൂടെ. കലാ രംഗത്ത് നവീനമായ ഉണർവുകൾ പ്രസരിപ്പിച്ച എൺപതുകളിലെ റാഡിക്കൽ മുന്നേറ്റത്തിൽ അവരും പങ്കാളിയായിരുന്നു.

വെറും പങ്കാളിത്തമല്ല, നേതൃത്വപരമായ പങ്കാളിത്തം തന്നെ. 1987 ൽ ബറോഡയിൽ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ  ‘ചോദ്യങ്ങളും സംവാദവും’ നടക്കുമ്പോൾ അതിന്റെ മാനിഫെസ്റ്റോ തയ്യാറാക്കിയത് അനിതയാണ്. Questions and Dialogue ഏറെ ശ്രദ്ധേയമാകുന്നത് അതിനായി തയ്യാറാക്കപ്പെട്ട മാനിഫെസ്റ്റോയിലെ സമീപനം കൊണ്ട് കൂടിയായിരുന്നു. 1989 ൽ കൃഷ്ണകുമാറിന്റെ മുൻകൈയിൽ തന്നെ കോഴിക്കോട് നടന്ന പ്രദർശനത്തിലും അവർ സജീവമായി പങ്കുചേർന്നു.

കലയുടെ നിർമാണത്തെ പറ്റിയുള്ള അനിതാ ദുബേയുടെ രാഷ്ട്രീയമായ ധാരണകൾ അവരുടെ തന്നെ വർക്കുകളിൽ നിന്ന് വായിച്ചെടുക്കാം. W എന്ന അക്ഷരത്തിൽ തുടങ്ങുന്ന വുമണും വൂണ്ടും നോക്കുക. വാക്കുകൾ കൊണ്ടുള്ള അവരുടെ ശില്പ നിർമ്മാണം വളരെ ശ്രദ്ധേയമാണ്.  ഭാഷാധിഷ്ഠിത ശിൽപ്പകലയിൽ അവർ ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഒരു വാക്ക് എങ്ങിനെയാണ്  മനോഹരമായ ഒരു ആർകിടെക്ച്ചർ ആയി മാറുന്നത് എന്നതിനെപ്പറ്റി അവർ  സംസാരിച്ചു, എഴുതി.

അനിതയുടെ  പ്രശസ്തമായ വർക്കാണ് 2007 ലെ ഫൈവ് വേർഡ്‌സ്. പിറ്റ്സ്ബർഗിലെ മാറ്റ്രസ് ഫാക്റ്ററി പ്രദർശനത്തിൽ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞ വർക്കുകളിൽ ഒന്നായിരുന്നു അത്. അവരുടെ ഏറെ ചർച്ചചെയ്യപ്പെട്ട മറ്റൊരു പ്രധാന സൃഷ്ടിയാണ്  ‘യുക്തിയുടെ നിദ്ര ഭീകരരൂപികളെ സൃഷ്ടിക്കുന്നു’ . ഫിൻലന്റിലെ ഹെൽസിങ്കിയിൽ നടന്ന കിയാസ്മാ മ്യൂസിയം ഓഫ് കണ്ടമ്പററി ആർട്ടിൽ ആണ് ‘ ദി സ്ലീപ് ഓഫ് റീസൺ ക്രിയേറ്റ്സ് മോൺസ്റ്റെർസ് ‘ ആദ്യമായി പ്രദർശിപ്പിക്കുന്നത്.

പിറ്റ്സ്ബർഗ് മാറ്റ്സ് ഫാക്റ്ററി, മിന്നിപോളിസിലെ വാക്കർ ആർട്സ് സെന്റർ, ഹൂസ്റ്റണിലെ കണ്ടമ്പററി ആർട് മ്യൂസിയം, മെക്സിക്കോ സിറ്റിയിലെ മ്യൂസിയോ റൂഫിനോ തമായോ, ഹവാന ബിനാലെ എന്നിവയ്ക്കൊപ്പം ഡൽഹിയിലെ കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ടിലും, ഗാലറി നെയ്ചർ മോർടെയിലും മുംബൈയിലെ ബാവു ദാജി ലാഡ്‌ മ്യൂസിയത്തിലും ഖോജിലുമെല്ലാം അവരുടെ വർക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

സ്വന്തം സൃഷ്ടികളിലൂടെ കലയെക്കുറിച്ചുള്ള വ്യവസ്ഥാപിതമായ  മുഴുവൻ ധാരണകളെയും  അവർ നിരന്തരം ചോദ്യം ചെയ്യുന്നു. 1997 ൽ കണ്ടമ്പററി ആർട്ടിൽ സമകാലീനരായ സുബോധ് ഗുപ്ത, ഭാരതി ഖേർ, മനീഷാ പരേഖ്, പൂജ സൂദ് എന്നിവർക്കൊപ്പം അവർ തുടങ്ങിവെച്ച ‘ ഖോജ് ‘ അന്താരാഷ്ട്ര ആർട്ടിസ്റ്റുകളുടെ ഒത്തുചേരലിനുള്ള  ഇന്ത്യൻ വേദിയായി.  ചുരുങ്ങിയ സമയം കൊണ്ടാണ് സമകാലീന ആർട്ടിൽ ദക്ഷിണേഷ്യൻ കലയുടെ പ്രധാന പ്ലാറ്റ്‌ഫോമായി ഖോജ് വളർന്നത്. നിലവിൽ  പൂജ സൂദ് ഡയറക്റ്ററായ ഖോജ് ഇന്റർനാഷണൽ വർക്ക്‌ ഷോപ്പുകളും റെസിഡൻസി പ്രോഗ്രാമുകളും സംഘടിപ്പിച്ചുവരുന്നു.

ഫെമിനിസ്റ്റും കലാചരിത്രകാരിയുമായ അനിതയുടെ ജനനം ഒരു കലാ കുടുംബത്തിലൊന്നുമല്ല. മിക്കവരും ഡോക്ടർമാരായ ഒരു  കുടുംബത്തിൽ നിന്ന് ചരിത്രത്തിൽ ബിരുദപഠനം നടത്തിയതിനുശേഷമാണ് അവർ ഈ രംഗത്തെത്തുന്നത്. ദൽഹി യൂണിവേഴ്സിറ്റിയിലായിരുന്നു  ബിരുദപഠനം. ബറോഡ സർവകലാശാലയിൽനിന്ന് കലാവിമർശനത്തിൽ എം എഫ് എ യും നേടി.

ഒരു മൾട്ടി ഡിസിപ്ലിനറി ആർട്ടിസ്റ്റാണ് അനിത. ഡ്രോയിങ് കൂടാതെ ഫോട്ടോഗ്രഫി, വീഡിയോ, സ്കൾപ്ചർ, ഇൻസ്റ്റലേഷനുകൾ തുടങ്ങി എല്ലാത്തരം നോൺ ട്രഡീഷണൽ മീഡിയവും അവർക്ക് നന്നായി വഴങ്ങുന്നു. അമേരിക്കയിലും യുറോപ്പിലും ഏഷ്യയിലും നടന്ന പ്രധാന ബിനാലെകളിലും എക്സിബിഷനുകളിലുമെല്ലാം അനിതയുടെ വർക്കുകൾ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.  യൂറോപ്പിലും ഏഷ്യയിലുമായി വിവിധ മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ച  ‘ ഇന്ത്യൻ ആർട് -ഇന്ത്യൻ ഹൈവേ ‘ ട്രാവലിങ് എക്സിബിഷനിലും അവർ പങ്കാളിയായിട്ടുണ്ട്.

ബോസ് കൃഷ്ണമാചാരിയുടെ ഭാഷയിൽ ‘ ചിന്തിക്കുന്ന ആർട്ടിസ്റ്റാണ് ‘ അനിത. അതവരുടെ രാഷ്ട്രീയ വ്യക്തിത്വത്തിൽ തെളിഞ്ഞു കിടപ്പുണ്ട്. അവർ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെയുടെ നാലാം എഡിഷനിലും ആ രാഷ്ട്രീയം പ്രതിഫലിക്കും. ‘അന്യവൽക്കരിക്കപ്പെടാത്ത ജീവിതത്തിന്റെ സാധ്യതകൾ’ എന്ന ഇത്തവണത്തെ  പ്രമേയത്തിൽ തന്നെ അതിന്റെ സൂചനകൾ കാണാം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സർഫാസി: നിയമസഭയുടെ പ്രത്യേക സമിതിയെ സ്വാഗതം ചെയ്ത്  വി.എം.സുധീരൻ

അജ്ഞതയും ദാരിദ്ര്യവും യഥാർത്ഥ രോഗകാരണങ്ങൾ