ഇന്ത്യയ്ക്കുമേൽ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാൽ സ്ഥിതിഗതികൾ ഗുരുതരമാകുമെന്ന് പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക 

തീവ്രവാദി സംഘങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം.

ഇനിയൊരു ആക്രമണം ഇന്ത്യക്കു നേരെയുണ്ടായാൽ സ്ഥിതിഗതികൾ അതീവ സങ്കീർണമാകും. തീവ്രവാദി ഗ്രൂപ്പുകൾക്കെതിരെ ” മൂർത്തമായ, സുസ്ഥിരമായ ” നടപടികൾ കൈക്കൊള്ളണം. പ്രത്യേകിച്ച് ജെയ്ഷ്- ഇ- മുഹമ്മദിനും ലഷ്കർ- ഇ- തൊയ്‌ബക്കും എതിരെ. മേഖലയിൽ സംഘർഷം വളരാൻ അനുവദിച്ചുകൂടാ. വൈറ്റ് ഹൌസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരം ഗ്രൂപ്പുകൾക്ക് നേരെ കർശന നടപടികൾ സ്വീകരിക്കുന്നതിൽ പാകിസ്താൻ വീഴ്ച വരുത്തുകയും വീണ്ടുമൊരു ഭീകരാക്രമണം ഉണ്ടാവുകയും ചെയ്താൽ സ്ഥിതിഗതികൾ പ്രശ്നസങ്കീർണമാകും. ഇരു രാജ്യങ്ങൾക്കും അത് അപകടകരമായിത്തീരും . പേര് വെളിപ്പെടുത്തരുത് എന്ന നിർദ്ദേശത്തോടെ വക്താവ് വ്യക്തമാക്കി.
ഇന്ത്യൻ ഫൈറ്റർ ജെറ്റുകൾ ബലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിനു ശേഷം  തീവ്രവാദി ഗ്രൂപ്പുകൾക്കെതിരെ പാകിസ്താൻ കൈക്കൊണ്ട നടപടികളെ കുറിച്ചുള്ള ചോദ്യത്തിന്   ” തിരിച്ചുപോക്കില്ലാത്തതും സുസ്ഥിരവുമായ ” നടപടികൾ  കൈക്കൊള്ളുന്നത് കാണാനാണ് അമേരിക്കയും ആഗോള സമൂഹവും കാത്തിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ഥിതിഗതികളെപ്പറ്റി വിലയിരുത്താനുള്ള സമയമായിട്ടില്ല. ചില ” പ്രാഥമിക ” നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ചില തീവ്രവാദ സംഘങ്ങളുടെ സ്വത്തുവകകൾ മരവിപ്പിച്ചു. ചില അറസ്റ്റുകൾ നടന്നു. ജെയ്ഷ്- ഇ – മുഹമ്മദിന് മേൽ ചിലതരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എന്നാൽ കുറേക്കൂടി ” മൂർത്തവും സുസ്ഥിരവുമായ” നടപടികളാണാവശ്യം. അറസ്റ്റുകൾ ഉൾപ്പെടെയുള്ള നടപടികൾ മുൻപും ഉണ്ടായിട്ടുണ്ട് . എന്നാൽ ഏതാനും മാസങ്ങൾക്കകം അവർ പുറത്തുവരും . രാജ്യത്തിനകത്ത് സ്വതന്ത്രമായി വിഹരിക്കുന്നതും റാലികളിൽ ഉൾപ്പെടെ പങ്കെടുക്കുന്നതും  കണ്ടിട്ടുണ്ട്.
പാകിസ്താനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്താനുള്ള  ശ്രമത്തിലാണ് വൈറ്റ് ഹൌസെന്ന് വക്താവ് വെളിപ്പെടുത്തി. ഇരു രാജ്യങ്ങൾക്കുമിടയ്ക്കുള്ള സംഘർഷത്തിൽ അയവുണ്ടായിട്ടുണ്ട്. എന്നാൽ സൈന്യം അതീവ ജാഗ്രത തുടരുകയാണ്.
തീവ്രവാദ ഗ്രൂപ്പുകളോട് ട്രംപ് ഭരണകൂടം  ” സീറോ ട്രോളറൻസ്” നയമാണ് കൈക്കൊള്ളുന്നതെന്ന് അവകാശപ്പെട്ട അമേരിക്കൻ  വക്താവ്, പ്രതിസന്ധി രൂക്ഷമായ നാളുകളിൽ ഇന്ത്യയും പാകിസ്താനുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നതായി അവകാശപ്പെട്ടു. രണ്ടു രാജ്യങ്ങളുമായും സൗഹൃദത്തിലുള്ള മറ്റു രാജ്യങ്ങളുടെ സഹായവും ഇക്കാര്യത്തിൽ ഉണ്ടായി. ചൈന, സൗദി അറേബ്യ, യു എ ഇ , ഖത്തർ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ , ഓസ്‌ടേലിയ എന്നീ രാജ്യങ്ങളുടെ സഹായം തേടി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശീതളപാനീയ വില്പന: നിരീക്ഷണം കർക്കശമാക്കി ആരോഗ്യ വകുപ്പ്

കൊലീബി ആരോപണം സി.പി.എമ്മിന്റെ പൂഴിക്കടകന്‍: മുല്ലപ്പള്ളി