anti-woman , dialogues, films, misogyny, Renji thoughts,  Renji Panicker, The King, Rima, confession, controversy,
in , , ,

കയ്യടി നേടാൻ സ്ത്രീ വിരുദ്ധത അനിവാര്യമോ? രൺജിയുടെ കുമ്പസാരം ചർച്ചയാകുമ്പോൾ

കേരള കലയിൽ പെണ്ണുടലുകളെ ചൂഷണം ( anti-woman ) ചെയ്യുന്ന പ്രവണതക്ക് മണിപ്രവാള സാഹിത്യത്തോളം പഴക്കമുണ്ടെന്നാകിലും; സാഹിത്യത്തിന് പുറമെ മറ്റ് മേഖലകളിലും അവളെ അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുന്നുവെങ്കിലും; അതൊരു സാധാരണ പ്രവണതയായി സമൂഹം കണക്കാക്കുകയാണെങ്കിലും; സ്ത്രീ ശരീരത്തെ വിൽപ്പനച്ചരക്കായി ഏറ്റവും കൂടുതൽ അവതരിപ്പിച്ച ചലച്ചിത്ര മേഖല നിലവിൽ ഒരു ശുദ്ധികലശത്തിനുള്ള തയ്യാറെടുപ്പിലാണ്.

അതിന്റെ ഭാഗമായാണ് സൂപ്പർ ഹിറ്റുകളുടെ രചയിതാവും സംവിധായകനുമാണെങ്കിലും സ്ത്രീ വിരുദ്ധ പരാമർശങ്ങളിലൂടെ വിവാദങ്ങളിൽ ഇടം പിടിച്ച രൺജി പണിക്കരുടെ കുമ്പസാരവും അതിനെ സ്വാഗതം ചെയ്ത് റിമ കല്ലിങ്കലിന്റെ രംഗപ്രവേശവും.

കാലാകാലങ്ങളായി കലയിലൂടെയും സാഹിത്യത്തിലൂടെയും ചലച്ചിത്രങ്ങളിലൂടെയും മറ്റും ഇവിടെ ആഴത്തില്‍ വേരോട്ടം നടത്തിയിട്ടുള്ള സ്ത്രീവിരുദ്ധ നിലപാടിനെയും ആണ്‍കോയ്മാ ബോധത്തെയും മാറ്റിമറിച്ച് ആ മേഖലകളെ ശുദ്ധീകരിക്കാനുള്ള ക്രിയാത്മക നീക്കങ്ങൾക്കാണ് ഇതോടെ ചൂടു പിടിച്ചത്.

രൺജിയുടെ നിലപാടും റിമയുടെ പ്രതികരണവും

അടുത്തിടെയായി മലയാള ചലച്ചിത്രത്തിലെ സ്ത്രീ വിരുദ്ധത വീണ്ടും ചർച്ചയായപ്പോൾ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയവരിൽ ഏറ്റവും മുൻപന്തിയിൽ ഇടം നേടിയത് തിരക്കഥാകൃത്തും അഭിനേതാവും കഥാകൃത്തും പത്രപ്രവർത്തകനും നിർമ്മാതാവും സംഭാഷണ രചയിതാവും കവിയുമായ രൺജി പണിക്കരായിരുന്നു.

എന്നാൽ വിവാദത്തെ തുടർന്ന് അദ്ദേഹം തന്റെ ചിത്രങ്ങളിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളില്‍ പശ്ചാത്താപം പ്രകടിപ്പിച്ചു. രൺജി പണിക്കരുടെ പശ്ചാത്താപം നിറഞ്ഞ പ്രസ്താവനയെ സ്വാഗതം ചെയ്തു കൊണ്ട് നടി റിമ കല്ലിങ്കല്‍ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്.

‘സെന്‍സ്, സെന്‍സിറ്റിവിറ്റി, സെന്‍സിബിലിറ്റി’ എന്ന ഹാഷ് ടാഗോടു കൂടിയ റിമയുടെ പോസ്റ്റില്‍ ‘ഇത് ഒരു പുതിയ തുടക്കം’ എന്നു പറഞ്ഞു കൊണ്ടാണ് രൺജി പണിക്കരുടെ വാക്കുകളെ റിമ സ്വാഗതം ചെയ്തിരിക്കുന്നത്.

‘അദ്ദേഹം പറഞ്ഞത് പോലെ എല്ലാ കലാസൃഷ്ടികളും കാലാകാലങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാകുമെന്നും നമ്മള്‍ ജീവിക്കുന്ന കാലത്തെയാണ് എല്ലാ കലകളും രേഖപ്പെടുത്തുന്നതെന്നും നടി പോസ്റ്റിൽ പറയുന്നു. കാലാതിവര്‍ത്തിയായ, തലമുറകള്‍ ആദരിക്കുന്ന കലാസൃഷ്ടികളുണ്ടാക്കാം നമുക്ക്’ എന്ന ആഹ്വാനവും റിമ ഫേസ്ബുക്കില്‍ കുറിച്ചു.

‘ആള്‍ക്കൂട്ടത്തിലിരുന്ന് തന്റെ സിനിമ കാണുന്ന ഒരു സ്ത്രീയ്ക്ക് ആ സിനിമകളിലെ സംഭാഷണങ്ങള്‍ അവഹേളനപരമായി തോന്നുന്നുവെങ്കില്‍, അത് തന്റെ ഭാഗത്തു നിന്നുള്ള തെറ്റാണെന്ന് തുറന്ന് സമ്മതിക്കുന്നു’ എന്നാണ് രൺജി പണിക്കർ നേരത്തെ പ്രതികരിച്ചത്.

‘ആ ഡയലോഗുകൾ എഴുതിയത് സ്ത്രീകളെ ചെറുതാക്കി കാണിക്കണമെന്ന ആഗ്രഹത്തോടെയൊന്നുമല്ലെന്നും തന്റെ ചിന്ത ഒരിക്കലും അത്തരത്തില്‍ പോയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

കഥയുടെയും കഥാപാത്രങ്ങളുടെയും സ്വാഭാവികതയില്‍ നിന്നാണ് അത്തരം ഡയലോഗുകൾ വന്നതെന്നും ലിംഗം, ജാതി, വര്‍ണ്ണം, മതവിശ്വാസം എന്നിവയില്‍ അധിഷ്ഠിതമായ അത്തരം സംഭാഷണങ്ങള്‍ താന്‍ എഴുതാന്‍ പാടില്ലാത്തതായിരുന്നു’ എന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖ വേളയിൽ രൺജിയുടെ തുറന്നു പറഞ്ഞിരുന്നു.

anti-woman , dialogues, films, misogyny, Renji thoughts,  Renji Panicker, The King, Rima, confession, controversy,

സ്ത്രീ വിരുദ്ധ ഡയലോഗുകൾ വിവാദമായപ്പോൾ

ചലച്ചിത്ര ലോകത്ത് മറഞ്ഞു കിടന്ന സ്ത്രീ വിരുദ്ധത നേരത്തെ പാർവതി, റിമ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു എങ്കിലും താരസംഘടനയായ ‘അമ്മ’യിൽ നിന്ന് നടിമാർ രാജി വച്ചതോടെയാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള ചര്‍ച്ചകൾ കൂടുതൽ സജീവമായത്.

തുടർന്ന് നേരത്തെ പുറത്തിറങ്ങിയ ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധത കൂടുതലായി ചർച്ച ചെയ്യപ്പെടവെയാണ് 1995-ൽ പുറത്തിറങ്ങിയ ‘ദ കിംഗ്’ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീ വിരുദ്ധത കലര്‍ന്ന സംഭാഷണങ്ങളും വിവാദങ്ങളിൽ ഇടം നേടിയത്.

പ്രേക്ഷകരെ ആര്‍ത്തു വിളിപ്പിക്കുകയും കൈയ്യടിപ്പിക്കുകയും ചെയ്ത പഞ്ച് ഡയലോഗുകളാണ് രണ്‍ജിയുടെ മുഖമുദ്ര. അത്തരത്തില്‍ പ്രകമ്പനം കൊള്ളിച്ച ഡയലോഗാണ് മമ്മൂട്ടി ചിത്രമായ ‘ദ കിംഗി’ലും രണ്‍ജി ഉൾക്കൊള്ളിച്ചിരുന്നത്. എന്നാൽ വര്‍ഷങ്ങള്‍ക്കിപ്പുറം അതിലെ സ്ത്രീ വിരുദ്ധത ബോധ്യമായ സാഹചര്യത്തിലാണ് രണ്‍ജി പണിക്കറുടെ ഖേദ പ്രകടനം.

‘അന്ന് ഏറെ പ്രകമ്പനം സൃഷ്ടിച്ച സംഭാഷണങ്ങള്‍ ഇന്ന് അലോസരപ്പെടുത്തുന്നുണ്ടെന്നും ആള്‍ക്കൂട്ടത്തിലിരുന്ന് സിനിമ കാണുന്ന ഒരു സ്ത്രീയ്ക്ക് ആ സിനിമകളിലെ സംഭാഷണങ്ങള്‍ അവഹേളനപരമായി തോന്നുന്നുവെങ്കില്‍, അത് തന്റെ ഭാഗത്തുനിന്നുള്ള തെറ്റാണെന്നും അദ്ദേഹം
ഏറ്റു പറഞ്ഞു.

വിഷയത്തിൽ രൺജിയുടെ വിശദീകരണം

ദ കിംഗും കമ്മീഷണറും അടക്കമുള്ള ചിത്രങ്ങൾ ഒരു കാലത്ത് വൻ വാണിജ്യ വിജയം നേടിയവയാണെങ്കിലും അവയിലെ സംഭാഷണങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് അടുത്തിടെ രൂക്ഷമായ ആരോപണമുയർന്നപ്പോഴാണ് രൺജി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

‘ദ കിംഗ്’ എന്ന മമ്മൂട്ടിയുടെ ആക്ഷന്‍ ത്രില്ലര്‍ മൂവിയില്‍ ‘നീ ഒരു പെണ്ണായിപ്പോയി, വെറും പെണ്ണ്’ എന്ന മുഴുനീള സ്ത്രീ വിരുദ്ധത തോന്നിക്കാവുന്ന സംഭാഷണം എഴുതിയത് കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്നതു കൊണ്ടു മാത്രമാണെന്നും ഒരു വിഭാഗത്തെയും അവഹേളിക്കാന്‍ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ ദ കിംഗിലെ മമ്മൂട്ടിയുടെ നായക കഥാപാത്രമായ ജോസഫ് അലക്‌സിന്റേതു പോലെ പിന്നീട് മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയുടെ അടയാളങ്ങളായി പുനര്‍വായന ചെയ്യപ്പെട്ട സംഭാഷണങ്ങളൊന്നും താന്‍ ബോധപൂര്‍വ്വം ചെയ്തതല്ലെന്നും രണ്‍ജി പണിക്കര്‍ വെളിപ്പെടുത്തി.

സ്ത്രീവിരുദ്ധത തന്റെ ഉദ്ദേശമായിരുന്നില്ലെങ്കിലും മാറിയ കാലത്ത് നിന്ന് ചിന്തിക്കുമ്പോള്‍ മുന്‍കാല തിരക്കഥകളില്‍ അത്തരത്തിലുള്ള അംശങ്ങളുള്ളതായി തിരിച്ചറിയുന്നു എന്നും അദ്ദേഹം പറഞ്ഞത് നല്ലൊരു മാറ്റത്തിന്റെ സൂചനയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

കുറ്റസമ്മതവും ന്യായീകരണവും

അണ്ടന്‍, അടകോടന്‍, ചെമ്മാന്‍, ചെരുപ്പുകുത്തി എന്നീ വാക്കുകളൊക്കെ മുന്‍പ് താൻ തന്റെ ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടെന്നും ലിംഗം, ജാതി, വര്‍ണ്ണം, മതവിശ്വാസം എന്നിവയില്‍ അധിഷ്ഠിതമായ അത്തരം സംഭാഷണങ്ങള്‍ താന്‍ എഴുതാന്‍ പാടില്ലാത്തതായിരുന്നു എന്നും രൺജി കുറ്റസമ്മതം നടത്തിയിരുന്നു.

‘ഭയാനകം’ എന്ന ചിത്രത്തിൻറെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയായിരുന്നു തന്റെ പഴയകാല എഴുത്തിനെക്കുറിച്ച്‌ രണ്‍ജി പണിക്കര്‍ മനസു തുറന്നത്.

അത്തരം വാക്കുകളൊക്കെ അത്ര അവഹേളനപരമാണെന്ന് അന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ഗൗരവതരമായ ചലച്ചിത്ര നിരൂപണം വന്നതിനു ശേഷം മാത്രമാണ് അത്തരം സംഭാഷണങ്ങള്‍ എഴുതാന്‍ പാടില്ലായിരുന്നെന്ന ബോധ്യം തനിക്കുണ്ടായത് എന്നും അദ്ദേഹം പറഞ്ഞതിലൂടെ ഇതു വരെ ഗൗരവപൂർണ്ണമായ സിനിമാ നിരൂപണം നടന്നിട്ടില്ലേ എന്ന ആശങ്ക കൂടിയാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്.

മലയാള ചലച്ചിത്ര ലോകത്ത് സ്ത്രീ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്ന വിമര്‍ശനങ്ങളും, അതില്‍ തുടര്‍ന്നുണ്ടായ പൊട്ടിത്തെറികളും നടക്കുന്ന സമയത്താണ് തിരക്കഥാകൃത്തായും നടനായും മലയാളത്തില്‍ തിളങ്ങിയ രണ്‍ജി പണിക്കര്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.

‘ഡോ പശുപതി’ എന്ന ചിത്രത്തിലൂടെ തന്റെ ജൈത്ര യാത്രയ്ക്ക് തുടക്കം കുറിച്ച രണ്‍ജി പണിക്കര്‍ ഷാജി കൈലാസിന്റെ ചിത്രങ്ങളിലൂടെയാണ് തിരക്കഥാ രചനയിൽ തിളങ്ങിയത്. തീപ്പൊരി ഡയലോഗുകളും കിടിലന്‍ ആക്ഷന്‍ രംഗങ്ങളും കോർത്തിണക്കിക്കൊണ്ട് രൺജിയും ഷാജി കൈലാസും തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന ചിത്രങ്ങളൊരുക്കുന്നതിൽ വിജയിച്ചു.

‘ഓംശാന്തി ഓശാന’ എന്ന നിവിന്‍പോളി ചിത്രത്തിലൂടെ ഒരു നടനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട രൺജി തുടര്‍ന്ന് നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയ മികവ് കാഴ്ച വച്ചിരുന്നു. ‘മതിവരാതെ’ എന്ന പേരിൽ ഒരു കവിതാഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്.

വിവാദങ്ങളെ പറ്റി രൺജിയുടെ അഭിപ്രായം

അതേസമയം നേരത്തെ മാക്ടയിലെ പ്രതിസന്ധിയുടെ പേരിലും രൺജി പണിക്കർ വിവാദത്തില്‍പ്പെട്ടിരുന്നു. പരസ്യമായ വിമര്‍ശനം ഉന്നയിച്ച ആഷിക്ക് അബുവിനെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ ബി ഉണ്ണികൃഷ്ണനൊപ്പം ചേര്‍ന്ന് രൺജി ശ്രമിച്ചിരുന്നെന്ന് ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ ചിത്രങ്ങൾ ചര്‍ച്ചയായതെന്ന് രൺജി അഭിപ്രായപ്പെട്ടിരുന്നു.

മുന്‍കാലങ്ങളിലൊന്നും കഥാപാത്രം പറയുന്ന ഡയലോഗുകള്‍ വച്ച് അഭിനേതാക്കളെ വിധിക്കുന്ന രീതിയുണ്ടായിരുന്നില്ല എന്നും എന്നാല്‍ ഇന്ന് വെറുതെ പറയുന്ന വാക്കുകള്‍ വരെ കീറിമുറിച്ച് വിമര്‍ശിക്കുകയാണെന്നും രൺജി കുറ്റപ്പെടുത്തിയിട്ടുണ്ട്.

വളരെ നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ് ഇപ്പോള്‍ മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് പലതും നടക്കുന്നതെന്നും എന്നാല്‍ മന:പ്പൂര്‍വം ആരും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, തന്റെ ചിത്രങ്ങളില്‍ മുമ്പുണ്ടായിരുന്നത് പോലുള്ള സംഭാഷണങ്ങള്‍ ഇനി ഉള്‍പ്പെടുത്തില്ലെന്നും മാറിയ കാലത്തിനനസരിച്ചുള്ള സംഭാഷണങ്ങളാണ് ഇനി എഴുതുകയെന്നും രൺജി വ്യക്തമാക്കിയത് നല്ല സൂചനയാണെന്ന് ചലച്ചിത്ര നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

anti-woman , dialogues, films, misogyny, Renji thoughts,  Renji Panicker, The King, Rima, confession, controversy,

പ്രേക്ഷകരെക്കൊണ്ട് കയ്യടിപ്പിക്കാൻ സ്ത്രീ വിരുദ്ധത അനിവാര്യമോ എന്ന സുപ്രധാന ചോദ്യം ഇപ്പോഴും തുടരുകയാണ്. അതിൽ തന്റെ മാറിയ നിലപാടുമായി ഒരു പ്രസിദ്ധ ചലച്ചിത്ര പ്രവർത്തകൻ തന്നെ രംഗത്തെത്തിയത് നല്ലൊരു മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ.

പെണ്‍ശബ്ദങ്ങള്‍ക്ക് ചെവി കൊടുക്കാൻ ലോകമാകെ ഇപ്പോൾ തയ്യാറായ ഈ വേളയിൽ സ്ത്രീപക്ഷ നിലപാടുകൾക്ക് കലയിൽ അഭിമാനാർഹമായ സ്ഥാനം ലഭിക്കുമെന്നും അത് മറ്റ് മേഖലകളിൽ പുത്തൻ ഊർജ്ജം പ്രദാനം ചെയ്യുമെന്നും സ്ത്രീ സമൂഹം ആശിക്കുകയാണ്.

ആ പ്രതീക്ഷയ്ക്ക് അധികം വൈകാതെ ഫലം കാണാനാകുമെന്നും തൊഴിലിടങ്ങളിൽ മാന്യത ലഭിക്കുന്നതിന് സ്ത്രീകൾക്ക് അവസരമൊരുങ്ങുമെന്നും നമുക്കേവർക്കും പ്രത്യാശിക്കാം.

ശാലിനി വി എസ് നായർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പറക്കാനുള്ള എളുപ്പവഴികൾ

Navigant , smart classrooms,  Mahila Mandiram, Poojappura, Suresh Gopi MP

നാവിഗൻറ് സഹായിച്ചു; പുതിയ സ്മാർട്ട് ക്‌ളാസ്സ്‌ റൂമുകളൊരുങ്ങി