in , ,

ഏഷ്യൻ ഫിലിം മേക്കേഴ്സിന് ഇത് നല്ല കാലമല്ല

യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലൊന്നും ഏഷ്യൻ സിനിമകൾ വേണ്ടത്ര  പ്രദർശിപ്പിക്കുന്നില്ല. കഴിഞ്ഞ അഞ്ചു വർഷമായി അവയുടെ  എണ്ണം ചുരുങ്ങിച്ചുരുങ്ങി വരികയുമാണ്. ഫെസ്റ്റിവലുകളുടെ കാര്യത്തിൽ  മാത്രമല്ല , വിതരണ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ, എന്ന് വിഖ്യാത തായ്‌ സംവിധായിക  അനുച ബൂന്യവാദന ബി ലൈവ് ന്യൂസ് ലേഖകൻ
എൻ ബി രമേശിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു: 

 • താങ്കളുടെ ‘മലിലാ – ദി ഫെയർവെൽ ഫ്ലവർ’ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ രജതചകോരം  നേടി. ഈ ചലച്ചിത്ര മേളയെപ്പറ്റി എന്താണ് പറയാനുള്ളത് ? 
കേരളത്തിലെ സിനിമാ  പ്രേക്ഷകരെപ്പറ്റി  വലിയ മതിപ്പാണ് എനിക്കുള്ളത്. ഇന്ത്യൻ സിനിമകൾക്കപ്പുറം ലോക സിനിമകളെയും അവർ സ്നേഹിക്കുന്നു. നിറഞ്ഞ സദസ്സിലാണ് എന്റെ ചിത്രം പ്രദർശിപ്പിച്ചത്. എനിക്കത് വളരെ നല്ല അനുഭവം  സമ്മാനിച്ചു . ചലചിത്രോത്സവത്തിലെ  സന്നദ്ധപ്രവർത്തകരിൽ ഭൂരിഭാഗം പേരും കൗമാരക്കാരോ സർവകലാശാലാ വിദ്യാർത്ഥികളോ ആയിരുന്നു.
പുതുതലമുറയിലെ പ്രേക്ഷകരിൽ ഒരു ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്താൻ ഇത് സഹായിക്കും.
തിരുവനന്തപുരം അന്തരാഷ്ട്ര ചലചിത്രോത്സവത്തിൽ മലിലാ - ദ ഫെയർവെൽ ഫ്‌ളവർ പ്രദർശിപ്പിച്ചപ്പോൾ.
തിരുവനന്തപുരം അന്തരാഷ്ട്ര ചലചിത്രോത്സവത്തിൽ മലിലാ – ദ ഫെയർവെൽ ഫ്‌ളവർ പ്രദർശിപ്പിച്ചപ്പോൾ.
 • സിനിമയെന്ന മാധ്യമത്തിലേക്കുള്ള കടന്നു വരവിനെപ്പറ്റി…
ആർട് ഹൌസ് രീതിയിലുള്ള  സിനിമകളാണ്  ചെയ്യുന്നതെങ്കിലും  ചെറുപ്പത്തിൽ  ഞാൻ കണ്ട   ടൈറ്റാനിക്കാണ് (1997 ) വാസ്തവത്തിൽ  ചലച്ചിത്രലോകത്തേക്ക്  എന്നെ എത്തിച്ചത് . ആ ചിത്രം കാണികളിൽ ചെലുത്തിയ മാന്ത്രികമായ  സ്വാധീനം എന്നെ വല്ലാതെ കീഴ്‌പ്പെടുത്തി. പ്രേക്ഷകരെ  ശക്തമായി സ്വാധീനിക്കുന്ന സിനിമകൾ ചെയ്യണം എന്ന ആഗ്രഹമാണ് എനിക്കെപ്പോഴുമുള്ളത് .

 • എന്താണ് തായ്  സിനിമാ  ലോകത്തെ ഇപ്പോഴത്തെ  വിശേഷങ്ങൾ?
Anucha Boonyawatana - IFFK awardബോക്സ് ഓഫീസ് വിജയത്തിന്റെ കാര്യമെടുത്താൽ, തീരെ  നല്ല കാലമല്ല – മുഖ്യ ധാരയ്ക്കും സ്വതന്ത്ര സിനിമകൾക്കും .
കഴിഞ്ഞ വർഷം 100 ദശലക്ഷം ബാത്‌ മറികടന്ന ഒറ്റച്ചിത്രമേ ഉണ്ടായിരുന്നുള്ളൂ.  ‘ബാഡ് ജീനിയസ് ‘ . തായ് ലൻഡുകാർക്ക് സ്വന്തം സിനിമകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു .ഹോളിവുഡിന്റെ പിറകെയാണവർ. നിലവാരം തീരെയില്ലാത്ത സിനിമകളാണ് തങ്ങളുടേതെന്ന് തായ് ഫിലിംമേക്കേഴ്‌സ് അംഗീകരിച്ചേ തീരൂ. ചില ചിത്രങ്ങൾ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നുണ്ടെന്നത് ശരി തന്നെ. പക്ഷേ,  അവയ്ക്കും തായ് ലാൻഡിൽ  പ്രേക്ഷകരില്ല. സ്വന്തം സിനിമകളിൽ നഷ്ടപ്പെട്ട ഈ വിശ്വാസം തിരികെ ലഭിക്കുക ബുദ്ധിമുട്ടാണ്. സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ പിന്തുണ ഉണ്ടാവേണ്ടിയിരിക്കുന്നു.

 • ഒരു ചലച്ചിത്രകാരി എന്ന നിലയിൽ താങ്കളെ സ്വാധീനിച്ച ലോക സിനിമകൾ , സംവിധായകർ ...
യൂണിവേഴ്സിറ്റിയിൽ ലോകസിനിമകൾ കാണാൻ അവസരമുണ്ടായിരുന്നു. അകിര കുറസോവ, ഹൂ സ്യാവ് സ്യാൻ , സത്യജിത് റേ പോലെ  ഏഷ്യൻ മാസ്റ്റേഴ്സിന്റെ സ്വാധീനം എന്റെ ചിത്രങ്ങളിൽ കാണാം. ഒപ്പം ഡേവിഡ് ലിൻച്,പീറ്റർ ഗ്രീൻവെ തുടങ്ങിയവരുടെ വർക്കുകൾ.  യാസുജിറോ ഓസുവിന്റെ തതാമി ഷോട്ടുകൾ  ( സ്റ്റാറ്റിക് ലോ ക്യാമറ ആംഗിൾ )  മലിലായുടെ ക്യാമറ വർക്കിനെ  സ്വാധീനിച്ചിട്ടുണ്ട്. ചിത്രത്തിൽ ഫർണീച്ചറുകൾ ഒട്ടും തന്നെയില്ല; അതായതു ലൊക്കേഷൻ തിരയുന്നതിനിടയിലാണ് അതെന്റെ ശ്രദ്ധയിൽപ്പെടുന്നത്.  കഥാപാത്രങ്ങളെല്ലാം എപ്പോഴും  നിലത്തിരിക്കുകയാണ്; മണ്ണിലോ പുല്ലിലോ ഒക്കെയായി …അന്നേരമാണ് ഓസുവിന്റെ തതാമി  ഛായാഗ്രഹണ ശൈലിയെപ്പറ്റി  ഞാനോർക്കുന്നത്

 • ആദ്യചിത്രമായ  ‘ബ്ലൂ അവർ ‘  മുതൽ  താങ്കൾ  കൈകാര്യം ചെയ്തു വരുന്നത്  പ്രണയവും  ദുരിതവും തീരാവ്യഥയുമുൾപ്പെടെയുള്ള   പ്രമേയങ്ങളാണ്. സാർവ ലൗകികമായി, സാർവ്വ കാലികമായി മനുഷ്യാവസ്ഥയെ  പ്രതിഫലിപ്പിക്കുന്ന  വിഷയങ്ങൾ …
അതിന് ഒരു കാരണം, ഞാൻ  ഒരു  ട്രാൻസ്‍ജെൻഡർ ആണെന്നത് തന്നെ. പ്രണയത്തിലും  സഹനത്തിലും തികച്ചും  വ്യത്യസ്തമായ അനുഭവങ്ങളും കാഴ്ചപ്പാടുകളുമാണ്  എനിക്കുള്ളത് . ഭോഗേച്ഛയെക്കുറിച്ചും  രതി സുഖ ങ്ങളെപ്പറ്റിയും എന്റെ കാഴ്ചകളും വിഭിന്നങ്ങളാണ്.  കൗമാരകാലത്ത്, മറ്റേതൊരു എൽ ജി ബി ടി  വ്യക്തിയെയും പോലെ വളരെ  സങ്കീർണമായ ബന്ധങ്ങളിലൂടെ ഞാനും  കടന്നുപോയിട്ടുണ്ട്. എന്നാൽ സമൂഹത്തിൽ വന്നുകൊണ്ടിരുന്ന മാറ്റങ്ങൾക്കനുസരിച്ച് , ബന്ധങ്ങളിലും കാഴ്ചപ്പാടുകളിലും മാറ്റങ്ങൾ വന്നു. പ്രണയത്തിൽ തെറ്റേത് ശരിയേത് എന്നൊന്നും പറയാൻ എനിക്കറിയില്ല. ഇതേപ്പറ്റി മാത്രമോർത്ത് വ്യസനിച്ചും വിലപിച്ചും സമയം കളയുന്ന ആളുമല്ല ഞാൻ. കല, ദർശനം, സമൂഹം, എന്തിന് പൂക്കളും വൃക്ഷങ്ങളും ഉൾപ്പെടെ എത്രയോ വിഷയങ്ങളുണ്ട്  ചിന്തിക്കാനും ഇടപെടാനും. അതിനാൽ പ്രണയത്തിനും സഹനത്തിനും ഒപ്പം  തത്വചിന്തയും സാമൂഹ്യ പ്രശ്നങ്ങളുമൊക്കെ  എന്റെ സിനിമകൾക്ക് വിഷയമാകുന്നു.
 • പ്രണയവും  ആത്‌മീയതയും  രണ്ടല്ലാതാവുന്ന ഒരു തലം…ശരീരബദ്ധമല്ലാത്ത , ആത്‌മീയമായ ഇഴുകിച്ചേരലിന്റെ  ഔന്നത്യം  മലിലായിലുണ്ട്. ശരീരത്തിന്റെ പരിമിതിയും അതിർവരമ്പും  അതിലംഘിക്കുന്ന ആ അവസ്ഥയെപ്പറ്റി , മലിലാ യെ  മുൻനിർത്തി പറയാമോ? 
Anucha Boonyawatana - pic 1
ആത്‌മീയത പ്രണയത്തെ കൂടുതൽ നിഗൂഢമായ തലങ്ങളിലേക്ക്  ഉയർത്തുന്നുവെന്നാണ് എന്റെ തോന്നൽ. മലിലായിൽ  ആ രണ്ടു പുരുഷൻമാരുടെയും കഥ മുഴുവൻ നിങ്ങൾക്കറിയണമെന്നില്ല. അല്ലാതെ തന്നെ, അവരുടെ പ്രണയവും അഗാധമായ പാരസ്പര്യവും അനുഭവിക്കാനാവും. കാരണം  ആത്മാവുകൾകൊണ്ടവർ ബന്ധിതരാണ്. മലിലാ, വേർപാടിന്റെ പൂക്കളിൽ പ്രണയവും ആത്മീയതയും പൂക്കളും മൃതശരീരവും വരെ ആ ക്ഷണികതയെ പങ്കുവെക്കുന്നു. ഇതേ അസ്ഥിരത , ഏതിടത്തും ആരുടെ ജീവിതത്തിലും ദർശിക്കാനാവും.
 • ചെയ്ത മുഴുവൻ ചിത്രങ്ങളുടെയും അന്തർധാരയാണ് ബുദ്ധദർശനം എന്നു  പറയാം… അനുച ബൂന്യവാദനയ്ക്ക്‌ ആരാണ്,  എന്താണ്  ബുദ്ധൻ ?
ഒരു മതം എന്നതിലുപരി ബുദ്ധിസത്തെ ഞാൻ ഒരു ദർശനമായാണ് കാണുന്നത്.എനിക്ക്  ബുദ്ധൻ ഒരു സാധാരണ മനുഷ്യനാണ്. ശരിതെറ്റുകളുടെ , പുനർവിചാരണകളുടെ ഘട്ടങ്ങൾ ഉണ്ട്. അതിലൂടെ  കടന്നു പോകുന്ന ഒരു സാധാരണ മനുഷ്യനായേ ഞാൻ ബുദ്ധനെ കാണുന്നുള്ളൂ. അതിനാലാണ് എന്റെ ചിത്രത്തിലെ ഏതൊരു  ബുദ്ധഭിക്ഷുവും  ഒരു സാധാരണ മനുഷ്യനാകുന്നത്.
 • അഹിംസയും  അനാസക്തിയുമാണ്  ബുദ്ധദർശനത്തിന്റെ കാമ്പ്. എന്നാൽ ബുദ്ധ സന്യാസിമാർ ആയുധമേന്തുന്നതിനും  ലോകം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്.  ഈയൊരു വൈരുദ്ധ്യം നിലനിൽക്കുന്നു. അതോടൊപ്പം ഏതിടത്തും പ്രബലമായ മതം അതാതിടങ്ങളിൽ  ഭരണത്തിൽ, അധികാരത്തിൽ  ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച്  ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. ബുദ്ധമതം തായ്‌ലൻഡിനെ , അവിടത്തെ ജനതയെ,  അവിടത്തെ  ഭരണത്തെ ഏതു രൂപത്തിൽ സ്വാധീനിക്കുന്നു എന്ന് പറയാമോ ? 
ഈയൊരു വിഷയം  ഞങ്ങൾക്കിടയിൽ പലപ്പോഴും ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. വളരെ സൂക്ഷ്മമായ തലത്തിലാണ് അത് പ്രവർത്തിക്കുന്നത് .തായ്‌ലൻഡിൽ ഭരണകൂടവും മതവുമായി നേരിട്ട് ബന്ധമില്ല; രണ്ടും രണ്ടാണ്. എന്നാൽ രാജവാഴ്ചയുമായി അതിന് സുദൃഢമായ ബന്ധമാണുള്ളത്.  സുപ്രധാനമായ കാര്യം , തായ് മനുഷ്യർ കർമത്തിൽ വിശ്വസിക്കുന്നവരാണ് എന്നുള്ളതാണ്.  സ്വന്തം  അവകാശങ്ങളെപ്പറ്റിപ്പോലും ചിന്തിക്കാനാവാത്തവിധം ഈ കർമ ചിന്ത അവരെ മെരുക്കിയെടുത്തിരിക്കുന്നു. ജീവിത പ്രശ്നങ്ങൾക്ക് അവർ  കാരണം കണ്ടെത്തുന്നത്  മുജ്ജന്മ കർമഫലങ്ങളിലാണ്. അസുഖകരമായ കാര്യങ്ങളോട്  പോലും അവർ പൊരുത്തപ്പെടുന്നു. വർഷങ്ങളായി ജനാധിപത്യം നിഷേധിക്കപ്പെട്ട ഇന്നത്തെ അവസ്ഥയ്ക്ക് പോലും അതൊരു  കാരണമാകുന്നുണ്ട് എന്നാണ് എന്റെ തോന്നൽ .

Anucha Boonyawatana - Malila still

 • ലോകത്തെവിടെയും ഏറിയോ കുറഞ്ഞോ അളവിൽ  സെക്സ് ടൂറിസം ഉണ്ട്. തായ്‌ലൻഡിൽ, പക്ഷേ  അത്  പ്രബലമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട മനുഷ്യരാണ് കൂടുതലായും ഈ  മേഖലയിൽ  ചൂഷണം ചെയ്യപ്പെടുന്നത്.  പ്രത്യേകിച്ചൊരു   കാരണം ചൂണ്ടിക്കാനിക്കാനാവുമോ?
സ്ത്രീകളും ട്രാന്സ്ജെന്ഡേഴ്സും ഒരേപോലെ ചൂഷണം ചെയ്യപ്പെടുന്നുണ്ട്; വ്യത്യസ്തമായ വിധത്തിലാണെന്നു മാത്രം. കോമാളികളും സെക്സിൽ ഏർപ്പെടാൻ എപ്പോഴും സന്നദ്ധരുമായ (തികച്ചും തെറ്റായ ധാരണയാണത്) ഒരു വാർപ്പ് മാതൃകയിലാണ് അവരെ നോക്കിക്കാണുന്നത്. ട്രാൻസ്‌ജെൻഡർ ഒരു സെക്സ് വർക്കർ കൂടിയായാൽ സാമൂഹ്യമായ  ഇരട്ട അപമാനം അവർ അനുഭവിക്കേണ്ടിവരുന്നു. സെക്സ് ടൂറിസത്തിനും സർക്കാർ ഓഫീസർമാർക്കും എളുപ്പത്തിൽ ചൂഷണം ചെയ്യാനാവും വിധം  അങ്ങേയറ്റം പ്രാന്തവൽക്കരിക്കപ്പെട്ട സാമൂഹ്യ വിഭാഗമാണവർ .
 • ഞങ്ങളുടെ രാജ്യത്ത് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്  മാനുഷികമായ പരിഗണന പോലും നിഷേധിക്കപ്പടുന്നു. ഏതോ അന്യഗ്രഹ ജീവികളെപ്പോലെയാണ് ലൈംഗിക ന്യൂനപക്ഷങ്ങളെ കാണുന്നത്.  തെരുവിൽ ആക്രമിക്കപ്പെടുന്നു. കുടുംബത്തിൽനിന്ന് പുറത്താക്കപെടുന്നു. നിയമം, സമൂഹം, സാഹചര്യങ്ങൾ എല്ലാം ശത്രുപക്ഷത്താണ്‌. എന്താണ് തായ്‌ലൻഡിലെ അവസ്ഥ? 
സ്വന്തമായ കെട്ടുറപ്പുകൊണ്ടും മാധ്യമ പിന്തുണകൊണ്ടും LGBT വിഭാഗങ്ങൾക്ക് ഏറ്റവുമധികം തുറസ്സുകളുള്ള സമൂഹങ്ങളിലൊന്നാണ് തായ്‌ലൻഡ് .  വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു.എങ്കിലും വിവേചനം നിലനിൽക്കുന്നുണ്ട്.  അവർക്ക് ഞങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കുന്നിടത്തോളം, അഥവാ പരമ്പരാഗതമായ അവരുടെ വിശ്വാസങ്ങളെ ഹനിക്കാത്തിടത്തോളം  അവർ ഞങ്ങളെ അംഗീകരിക്കും. എന്നാൽ ഇപ്പോഴും ധാരാളം ആളുകൾ ഞങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്നു. ഇത് മാറണമെങ്കിൽ വലിയ പരിശ്രമം വേണം. ദുഃഖകരമായ  സംഗതി, സ്വവർഗ വിവാഹം പോലെ എൽ ജി ബി ടിഅവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന നിയമങ്ങളൊന്നും ഇവിടെ  നിലവിലില്ലെന്നുള്ളതാണ്. ഒന്നും പൂർണമല്ല ; അത് ഞങ്ങൾ അംഗീകരിച്ചേ തീരൂ.
 • ഒരു ട്രാൻസ്‌ജെൻഡർ എന്ന നിലയിൽ തായ് ചലച്ചിത്രരംഗത്ത് താങ്കൾ വിവേചനം നേരിടുന്നുണ്ടോ ?
ഒരിക്കലുമില്ല. LGBT  വിഭാഗങ്ങളോട് തുറന്ന സമീപനം പുലർത്തുന്ന വിനോദ  വ്യവസായത്തിലാണ് ജോലി എന്നത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. പുരുഷാധിപത്യം നിലനിൽക്കുന്ന മറ്റു  തൊഴിൽ മേഖലകളിൽ പലതിലും  ട്രാൻസ് സ്ത്രീകൾ പല തരം പ്രശ്നങ്ങൾ അനുഭവിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്. അത്തരം ഇടങ്ങളിൽ പലതിലും അവർക്ക് എത്തിപ്പെടാൻ പോലും  കഴിയുന്നില്ല.
 • അപിചാത് പോങ്ങിനെപ്പോലെ ശ്രദ്ധേയരായ നിരവധി ചലച്ചിത്രകാരന്മാർ തായ്‌ലന്റിലുണ്ട് . കഴിഞ്ഞ ഏതോ ഒരു  തിരുവനന്തപുരം  മേളയിൽ അദ്ദേഹത്തിന്റെ ചില നല്ല ചിത്രങ്ങൾ കാണാൻ  അവസരം ലഭിച്ച കാര്യം ഓർക്കുന്നു.. ഈയൊരു പുരസ്കാരത്തോടെ വലിയ തോതിലുള്ള സ്വീകാര്യതയും ശ്രദ്ധയും താങ്കൾക്ക് ഇവിടെ ലഭിച്ചിരിക്കുന്നു. താങ്കളുടെ ചിത്രങ്ങൾ കാണാനുള്ള താൽപ്പര്യം കേരളത്തിലെ  ആസ്വാദകർ പ്രകടിപ്പിക്കുന്നു. വരാനിരിക്കുന്ന പ്രൊജെക്ടുകളെക്കുറിച്ചു കൂടി പറയാമോ?
ഒരു ട്രാൻസ്‌ജെൻഡർ മുഖ്യ കഥാപാത്രമാവുന്ന ഒരു ഇറോട്ടിക് ത്രില്ലർ ആണ് അടുത്ത  സിനിമ . ഇപ്പോഴും അതൊരു  സ്ക്രിപ്റ്റ് രൂപത്തിൽ ആയിട്ടില്ല. കഴിഞ്ഞ അഞ്ചു വർഷമായി തായ്‌ലൻഡിൽ നടക്കുന്ന രാഷ്ട്രീയ കോലാഹലങ്ങൾ അതിൽ വരുന്നുണ്ട്. അതിന്റെ ശൈലി . മലിലാ പോലല്ല ; ബ്ലൂ അവറിനോട് സാദൃശ്യം തോന്നാം.
 • ഹോളിവുഡ് പടച്ചുവിടുന്ന ചിത്രങ്ങളുടെ പിറകേ  നമ്മുടെ ഭൂഖണ്ഡത്തിലുള്ളവർ പോലും പോകുന്ന  ഒരു കാലത്ത്  ഏഷ്യൻ സിനിമയെ താങ്കൾ എവിടെ നിർത്തും? ലോകം കീഴടക്കാൻ പോന്ന മികച്ച ഏഷ്യൻ സിനിമകൾ അടുത്തെപ്പോഴെങ്കിലും സംഭവിക്കുമെന്ന് തോന്നുന്നുണ്ടോ?
ഏഷ്യൻ ഫിലിം മേക്കേഴ്സിന് ഇത് നല്ല കാലമല്ല. യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലൊന്നും ഏഷ്യൻ സിനിമകൾ വേണ്ടത്ര  പ്രദർശിപ്പിക്കുന്നില്ല എന്ന കാര്യം എനിക്കറിയാം . കഴിഞ്ഞ അഞ്ചു വർഷമായി അവയുടെ  എണ്ണം ചുരുങ്ങിച്ചുരുങ്ങി വരികയുമാണ്. ഫെസ്റ്റിവലുകളുടെ കാര്യത്തിൽ  മാത്രമല്ല , വിതരണ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. ഏഷ്യൻ സിനിമയുടെ ഭാവിയെപ്പറ്റി ഇപ്പോൾ പറയുന്നത് പ്രയാസകരമായിരിക്കും.അതൊരു സൈക്കിളായാണ് എനിക്ക് തോന്നുന്നത്; ചില നേരങ്ങളിൽ ഉയർച്ചയെങ്കിൽ, മറ്റു ചിലപ്പോൾ താഴ്ച.
Anucha Boonyawatana - pic5
 • താങ്കളുടെ  ചിത്രങ്ങൾ തായ്‌ലണ്ടിന് പുറത്ത്, ചലച്ചിത്രോത്സവങ്ങളിൽ വലിയ രീതിയിൽ  അംഗീകരിക്കപ്പെടുകയാണല്ലോ. മാർക്കറ്റിംഗ് രംഗത്ത് അല്പം കൂടി ശ്രദ്ധ വച്ചാൽ മറ്റു രാജ്യങ്ങളിലെ  സിനിമാപ്രേമികൾക്ക് തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങൾ കാണാൻ  അവസരം ലഭിക്കുമല്ലോ.  ചലച്ചിത്രോത്സവങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്നവരാകണമെന്നില്ല ഇത്തരം പ്രേക്ഷകർ.
നിർമാണത്തിൽ മാത്രമല്ല വിതരണ കാര്യത്തിലും ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് . തായ്‌ലൻഡിൽ ചിത്രം റിലീസ് ചെയ്യുന്നതിനെപ്പറ്റിയാണ് ഞങ്ങളിപ്പോൾ ആലോചിക്കുന്നത്.എന്തായാലും  ബ്ലൂ അവറിനേക്കാൾ കൂടുതൽ പ്രേക്ഷകരിലേക്ക് ഈ  സിനിമ എത്തിച്ചേരും. തല്ക്കാലം ഇങ്ങനെ തുടങ്ങാം. ആഗോള തലത്തിൽ എത്തണമെങ്കിൽ  വലിയ പ്രയത്നം വേണ്ടിവരും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സംസ്ഥാന ബജറ്റിൽ ടൂറിസത്തിന് 381 കോടി രൂപ

Sreeramakrishnan , kerala speaker, sreeramakrishnan, spectacles, price, controversy, kk shylaja, treatment, private hospital, 

വീണ്ടും കണ്ണട വിവാദം; സ്പീക്കറുടെ കണ്ണടയുടെ വില 49,900 രൂപ