ആര്‍ദ്രം ദൗത്യരേഖ മന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: അതീവ പ്രാധാന്യത്തോടെ പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കാന്‍ സഹായിക്കുന്ന ആര്‍ദ്രം ദൗത്യരേഖ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, എസ്.എച്ച്.എസ്.ആര്‍.സി. എന്നിവ സംയുക്തമായാണ് ദൗത്യരേഖ തയ്യാറാക്കിയത്.

ജനപ്രതിനിധികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ആര്‍ദ്രത്തെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാക്കുന്ന വിധത്തിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യ സംവിധാനം ഇന്ത്യയില്‍ തന്നെ ശ്രദ്ധേയമാണ്. ഈ സംവിധാനം അതുപോലെ നിലനിര്‍ത്തേണ്ടതുണ്ട്. ജീവിതശൈലീ രോഗങ്ങള്‍, മഴക്കാല പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പൊതുജനാരോഗ്യം ശക്തിപ്പെടുത്തണം.

കേരളത്തിലെ ഓരോ പൗരനും ആരോഗ്യ ശുചിത്വ പൂര്‍ണമായ ജീവിത സാഹചര്യമൊരുക്കുകയാണ് പ്രധാനം. ഭൗതിക സാഹചര്യം വിപുലീകരിക്കുക, ജീവനക്കാരുടെ നൈപുണ്യം വികസിപ്പിക്കുക, ജനസൗഹൃദ സേവനങ്ങള്‍ ഒരുക്കുക, താങ്ങാവുന്ന ചികിത്സാ ചെലവ് ലഭ്യമാക്കുക, ഗുണമേന്മയുള്ള മരുന്നുകളുടെ ലഭ്യത, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം തുടങ്ങിയവയിലൂടെ ആരോഗ്യ മേഖലയില്‍ പ്രകടമായ മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ആര്‍ദ്രം മിഷന്‍ സാധാരണക്കാരില്‍ എത്തിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഇന്‍ഫോഗ്രാഫിക് ആല്‍ബവും ഇതോടൊപ്പം പ്രകാശനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഇരുപതോളം പേജുകള്‍ ഇതിലുണ്ട്. ഇന്‍ഫര്‍മേഷന്‍, എഡ്യൂക്കേഷന്‍, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവ അവലംബിച്ചുള്ള നൂതന അവതരണ രീതിയിലാണ് ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, എസ്.എച്ച്.എസ്.ആര്‍.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ഷിനു കെ.എസ്., ആര്‍ദ്രം മിഷന്‍ മോണിറ്ററിംഗ് മെമ്പര്‍ ഡോ. ദേവകിരണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മാനസിക വെല്ലുവിളികളുള്ള തടവുകാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതി

കുട്ടി കർഷകർക്ക് ആവേശം പകർന്ന് ഹരിതബാല്യം പദ്ധതി