രോഗീ സൗഹൃദത്തിന് ‘ടീം ബില്‍ഡിംഗ് ട്രെയിനിംഗ്’

തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഈ വര്‍ഷം തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ സംഘാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന പാലക്കാട് ഐ.ആര്‍.ടി.സി. പരിശീലന കേന്ദ്രം ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. 

ആശുപത്രികളെ ജനസൗഹൃദവും കാര്യക്ഷമവും മികച്ച സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിശീലനം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൂട്ടായ്മയുടെ വിജയമാണ് ഓരോ കുടുംബാരോഗ്യ കേന്ദ്രവും. പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോള്‍ വലിയ മാറ്റമാണുണ്ടാകുന്നത്. 

പഞ്ചായത്തുകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വിജയത്തില്‍ വലിയ പങ്കു വഹിക്കുന്നതിനാലാണ് ജീവനക്കാരോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി പരിശീലനം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രഖ്യാപിച്ച 503 കേന്ദ്രങ്ങളിലെ ബന്ധപ്പെട്ട വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന്റെയും (എസ്.എച്ച്.എസ്.ആര്‍.സി) കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെയും (കില) ആഭിമുഖ്യത്തില്‍ ‘ടീം ബില്‍ഡിംഗ് ട്രെയിനിംഗ്’ നല്‍കുന്നത്.

ഈ വര്‍ഷം ഇതുവരെ 362 കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ നാലായിരത്തോളം പേര്‍ക്കാണ് പരിശീലനം നല്‍കിയത്. കഴിഞ്ഞ വര്‍ഷം 164 കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലേയും മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, ക്ലാര്‍ക്ക്, ലാബ് ടെക്‌നീഷ്യന്‍, പി.ആര്‍.ഒ., ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഒരു കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 12 പേര്‍ വച്ച് 240 പേര്‍ക്ക് വീതമാണ് ഒരു ബാച്ചില്‍ പരിശീലനം നല്‍കുന്നത്.

പാലക്കാട് ഡി.എം.ഒ. ഡോ. റീത്ത, എസ്.എച്ച്.എസ്.ആര്‍.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ബ്ലോക്ചെയിന്‍ രംഗത്ത് കേരളത്തിന് അനന്ത സാധ്യതകൾ

നവകേരള സൃഷ്ടിക്ക് ജര്‍മനിയുടെ സഹായം