in ,

കലാകാരന്‍ ഉദ്ദേശിച്ചതിനപ്പുറമുള്ള മാനങ്ങള്‍ നല്‍കാന്‍ സൃഷ്ടികള്‍ക്ക് കഴിയും: ജിതിഷ് കല്ലാട്ട്

കൊച്ചി: കലാകാരന്‍ മനസില്‍ കാണുന്നതിനപ്പുമുള്ള  വിശാലമായ മാനങ്ങള്‍ കലാസൃഷ്ടികള്‍ക്ക് പ്രേക്ഷകരില്‍ ഉളവാക്കാന്‍ കഴിയുമെന്ന് പ്രശസ്ത ആര്‍ട്ടിസ്റ്റ് ജിതിഷ് കല്ലാട്ട് പറഞ്ഞു.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഫോര്‍ട്ട് കൊച്ചി പെപ്പര്‍ഹൗസില്‍ സംഘടിപ്പിച്ച ലെറ്റ്സ് ടോക്ക് സംഭാഷണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനാലെ രണ്ടാം ലക്കത്തിന്‍റെ ക്യൂറേറ്ററായിരുന്ന അദ്ദേഹം അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ നാലാം ലക്കത്തിലെ ആര്‍ട്ടിസ്റ്റുമാണ്. ഈ വര്‍ഷം ഡിസംബര്‍ 12നാണ് ബിനാലെ നാലാം ലക്കം ആരംഭിക്കുന്നത്.

താന്‍ ചെയ്ത കലാസൃഷ്ടികളെക്കുറിച്ചുള്ള വിവരണമാണ് ജിതിഷ് കല്ലാട്ട് നടത്തിയത്. ചപ്പാത്തി മാവ് കൊണ്ട് തീര്‍ത്ത എപ്പിലോഗ് എന്ന പ്രതിഷ്ഠാപനത്തെക്കുറിച്ചാണ് അദ്ദേഹം ആദ്യമായി സംസാരിച്ചത്. മുഴുവന്‍ ചപ്പാത്തിയും കടിച്ചു മുറിച്ച ചപ്പാത്തിയും കൊണ്ട് പൂര്‍ണചന്ദ്രനെയും അര്‍ധ ചന്ദ്രനെയും തീര്‍ക്കുകയയിരുന്നു. സൂക്ഷ്മമായി പരിശോധിച്ചാല്‍ മാത്രമേ ഇത് ചപ്പാത്തിയാണെന്ന് മനസിലാകൂ.

തന്‍റെ അച്ഛന്‍ ജീവിച്ചിരുന്ന 63 വര്‍ഷത്തില്‍ കണ്ടിട്ടുള്ള ചന്ദ്രനെയാണ് സൃഷ്ടിയിലൂടെ ഉദ്ദേശിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സൃഷ്ടിയെ അകലെ നിന്ന് നോക്കിയാല്‍ അന്ധകാരമായും, പ്രകാശമായും, സമൃദ്ധിയായും ഒക്കെ വ്യാഖ്യാനിക്കാം. ഏറെക്കാലത്തിനു ശേഷം 2011 ലാണ് ഇത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. പ്രേക്ഷകര്‍ ഈ സൃഷ്ടിക്ക് വിവിധ മാനങ്ങള്‍ നല്‍കുന്നത് കാണാനായി. ഓരോ കലാസൃഷ്ടിയെയും പ്രേക്ഷകന്‍ ഉള്‍ക്കൊള്ളുന്നത് ഓരോ രീതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രിലജി ഓഫ് പബ്ലിക് നോട്ടീസ് എന്ന സീരീസില്‍ ജവഹര്‍ലാല്‍ നെഹൃവിന്‍റെ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി എന്ന പ്രസംഗമാണ് പ്രമേയമാക്കിയത്. ഗുജറാത്ത് കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ അക്ഷരങ്ങള്‍ കരിഞ്ഞ രീതിയില്‍ സൃഷ്ടിച്ചു.

ഉപ്പുസത്യഗ്രഹത്തിന്‍റെ ഭാഗമായി ദണ്ഡിയാത്രയുടെ ആരംഭം കുറിച്ച് 1930 ല്‍ ഗാന്ധിജി നടത്തിയ പ്രസംഗമാണ് പബ്ലിക്ക് നോട്ടീസ് 2 എന്ന സൃഷ്ടിയില്‍ പ്രമേയമാക്കിയത്. പ്രസംഗത്തിന്‍റെ അക്ഷരങ്ങളില്‍ സൂക്ഷിച്ചു നോക്കിയാല്‍ അത് എല്ലുകളായി തെളിഞ്ഞു കാണാം.

ഉപ്പു സത്യഗ്രഹസമയത്ത് ഒരു പക്ഷെ ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്യുമായിരുന്നു. എന്നാല്‍ അഹിംസയിലൂന്നിയുള്ള അദ്ദേഹത്തിന്‍റെ സമരമാര്‍ഗ്ഗങ്ങളായിരുന്നു ആക്രമണം. ഇന്നത്തെ യുദ്ധകാഹളങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഗാന്ധിജിയുടെ ആശയങ്ങള്‍. തീവ്രവാദം അവസാനിപ്പിക്കാന്‍ തീവ്രവാദത്തിനു മേല്‍ യുദ്ധം പ്രഖ്യാപിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി വിവേകാനന്ദന്‍റെ ചിക്കാഗോ പ്രസംഗവും സെപ്റ്റംബര്‍ 11 ആക്രമണവും പശ്ചാത്തലമാക്കിയാണ് അദ്ദേഹം പബ്ലിക്ക് നോട്ടീസ് 3 ഇറക്കിയത്. 2009 രചിച്ച ഈ സൃഷ്ടി 2010-11 ല്‍ ചിക്കാഗോ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രദര്‍ശിപ്പിച്ചു.

ഏറെക്കാലത്തിനുശേഷം ബിനാലെയിലേക്ക് തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്നും ജിതിഷ് കല്ലാട്ട് പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരിയടക്കമുള്ള പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിതിഷ് കല്ലാട്ട് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ(2010), ആര്‍ട്ട് ഗ്യാലറി ഓഫ് ന്യൂ സൗത്ത് വെയ്ല്‍സ് (2015) സിഡ്നി, ന്യൂഡല്‍ഹി നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് (2017) എന്നിവിടങ്ങളിലുള്‍പ്പെടെ അദ്ദേഹം തന്‍റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ ഹവാന, ഗ്വാങ്ജു, കീവ് ബിനാലെകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പട്ടുനൂൽ പുഴു കൃഷിയിൽ പുത്തൻ വിജയഗാഥ

പ്രളയ ദുരിതം: തഹസിൽദാർമാർ റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ