in ,

കേരളോത്സവം മാതൃകയില്‍ ഭിന്നശേഷിക്കാര്‍ക്ക് കലാകായിക മേള

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്കായി കേരളോത്സവം മാതൃകയില്‍ സംസ്ഥാന കലാ കായിക മേള തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എല്ലാത്തരം ഭിന്നശേഷിക്കാരേയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്ന മേളയായിരിക്കുമിതെന്ന് മന്ത്രി പറഞ്ഞു.

ജില്ലാതല മേളകളിലെ മത്സരങ്ങളില്‍ നിന്നുമുള്ള വിജയികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സംസ്ഥാനതല മേള നടത്തുന്നത്. സെപ്റ്റംബര്‍/ ഒക്‌ടോബര്‍/നവംബര്‍ മാസത്തിലാണ് കലാകായികമേള നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളത്. സി-ഡിറ്റ് വഴി ഒരു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കിയാണ് ജില്ലാതല സംസ്ഥാനതല മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ നടത്തുന്നത്.

വിവിധതരം ഭിന്നശേഷിക്കാരായ 10,000 ഓളം പേര്‍ മേളയില്‍ പങ്കെടുക്കും. 40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ളവരേയാണ് മേളയില്‍ പങ്കെടുപ്പിക്കുന്നത്. ഇന്റലക്ച്വലി ചലഞ്ച്ഡ്, ഹിയറിംഗ് ഇംപയര്‍മെന്റ്, വിഷ്വല്‍ ഇംപയര്‍മെന്റ്, ലോകോമോടോര്‍ ഡിസബിലിറ്റി എന്നീ വിഭാഗത്തോടൊപ്പം മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗം കൂടി ഉള്‍പ്പെടുത്തി 5 വിഭാഗങ്ങള്‍ക്കായാണ് പരിപാടി നിശ്ചയിക്കുന്നത്. 8 മുതല്‍ 11 വയസ്, 12 മുതല്‍ 17, 18 മുതല്‍ 21, 22 മുതല്‍ 55 വയസ് വരെ എന്ന രീതിയില്‍ വയസിന്റെ അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാരെ തരംതിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.

വിദ്യാര്‍ത്ഥികളായ വിജയികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തില്‍ പോയിന്റ് നല്‍കുന്നതാണ്. മേളയിലെ അപ്പീലുകള്‍ കൈകാര്യം ചെയ്യുന്നതിന് അപ്പീല്‍ കമ്മിറ്റിയെ നിശ്ചയിക്കുന്നതാണ്.

പരിപാടിയിലുടനീളം ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നതാണ്. എന്‍.എസ്.എസ്. സ്റ്റേറ്റ് ലെയ്‌സണ്‍, എസ്.പി.സി., സ്‌കൗട്ട്, എന്‍.സി.സി., രജിസ്‌ട്രേഡ് സ്‌പോര്‍ട്‌സ് ക്ലബ്, എല്‍.എന്‍.സി.പി.ഇ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ ടീച്ചേഴ്‌സ്, ബി.എഡ്. ട്രെയിനികള്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകര്‍, ടെക്‌നോപാര്‍ക്ക് ക്ലബ്ബ്‌സ്, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരെ വോളന്റിയര്‍മാരായി തെരഞ്ഞെടുക്കും.

ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനതല കലാകായിക മേളസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കോര്‍ സെക്രട്ടറിയേറ്റ് ടീം (ടാസ്‌ക് ഫോഴ്‌സ്) രൂപീകരിച്ച് ഉത്തരവായി. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് പ്രതിനിധി, സ്‌പോര്‍ട്‌സ് യുവജനക്ഷേമ വകുപ്പ് പ്രതിനിധി, സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത് കേരള (എസ്.ഒ.ബി.) പ്രതിനിധി ഫാ. റോയ് കണ്ണന്‍ചിറ, വി.കെ.എം. സ്‌പെഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ സിനില്‍ ദാസ്, ഡിഫറന്റിലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ പ്രതിനിധി, ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ജോയിന്റ് ഡയറക്ടര്‍ ഷിബു, വഴുതയ്ക്കാട് റോട്ടറി ഇന്‍സ്റ്റിറ്റിയൂട്ട് പ്രദീപ് പി.എസ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആഷിക്, കോട്ടയം സെന്റ് ജോണ്‍ ഓഫ് റോഡ് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദീപു ജോണ്‍ എന്നിവരാണ് ഈ ടാസ്‌ക് ഫോഴ്‌സിലുള്ളത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഭക്ഷ്യവിഹിതം: ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

കാട്ടാക്കടയിലെ 68 സ്‌കൂളുകൾ ഹരിത വിദ്യാലയങ്ങളാകുന്നു