നാഗരികതയുടെ ദോഷങ്ങളെ ചൂണ്ടിക്കാട്ടി അരുണ്‍ കുമാര്‍  ബിനാലെയില്‍ 

കൊച്ചി: നാഗരികതയുടെ കടന്നാക്രമണം പ്രകൃതിയില്‍ ഉളവാക്കുന്ന പ്രത്യാഘാതമാണ് ആര്‍ട്ടിസ്റ്റ് അരുണ്‍കുമാര്‍ എച്ച് ജി കൊച്ചി-മുസിരിസ് ബിനാലെയില്‍ അവതരിപ്പിച്ചത്. നാഗരികതയുടെ ഉപേക്ഷിച്ച അവശിഷ്ടങ്ങള്‍ കൊണ്ടാണ്  ഈ പ്രതിഷ്ഠാപനം സൃഷ്ടിച്ചിരിക്കുന്നത്.

ബിനാലെയുടെ പ്രധാനവേദിയായ ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ ഹൗസിലാണ് പ്രതിഷ്ഠാപനം ഒരുക്കിരിക്കുന്നത്. കോണ്‍-സ്ട്രക്ഷന്‍ 1, കോണ്‍-സ്ട്രക്ഷന്‍ 2 എന്നാണ്  സൃഷ്ടികള്‍ക്ക്  പേര് നൽകിരിക്കുന്നത്.

കോണ്‍ക്രീറ്റ് വനങ്ങളെ സൂചിപ്പിക്കുന്നതാണ് അദ്ദേഹത്തിന്‍റെ പ്രതിഷ്ഠാപനങ്ങള്‍. പ്രകൃതിയിലേക്ക് കോണ്‍ക്രീറ്റിന്റെ കടന്നുകയറ്റങ്ങള്‍ അദ്ദേഹം മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ആലിന്‍റെ കൊമ്പുകളും ഇലകളും അടങ്ങിയ മരത്തിലേക്ക് കോണ്‍ക്രീറ്റ് കയറുന്ന രീതിയിലാണ് ഇതിന്‍റെ നിര്‍മ്മാണം. ഡല്‍ഹിയിലെ മെട്രോ റെയില്‍ നിര്‍മ്മാണ സ്ഥലത്തു നിന്നുമാണ് ആല്‍മരത്തിന്‍റെ കഷണങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചത്.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം പ്രമേയത്തിലുള്‍പ്പെടുത്താനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം എങ്ങിനെയാണ് കോണ്‍ക്രീറ്റായി മാറുന്നതെന്ന് വിവക്ഷിച്ചിരിക്കുന്നു. പുനരുപയോഗിച്ച വസ്തുക്കള്‍ മാത്രമേ ഈ സൃഷ്ടിയിലുള്‍പ്പെടുത്തിയിട്ടുള്ളൂ. വ്യവസായം, നാഗരികത, എന്നിവ പ്രകൃതിയിലും മനുഷ്യരിലും ഉണ്ടാക്കുന്ന സങ്കീര്‍ണമായ ബന്ധങ്ങള്‍ എടുത്തുകാട്ടാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. 

കര്‍ണാടക ഷിമോഗയിലെ പശ്ചിമഘട്ടമേഖലയിലാണ് 55-കാരനായ അരുണ്‍കുമാര്‍ ജനിച്ചത്. ബറോഡ എം എസ് സര്‍വകലാശാലയില്‍ നിന്ന് സമകാലീനകല പഠിച്ചു. ഡല്‍ഹിയിലെ ഒരു വ്യവസായ ശാലയിലും ജോലിയെടുത്തു. ഈ അവസരത്തിലും അദ്ദേഹം തന്റെ കലാസപര്യ തുടര്‍ന്നുകൊണ്ടിരുന്നു. 

വ്യവസായങ്ങള്‍ പുറന്തള്ളുന്ന ഖരമാലിന്യങ്ങള്‍ ശേഖരിച്ച് അതു കൊണ്ട് കലാസൃഷ്ടികള്‍ നടത്തുകയാണ് അരുണ്‍ ചെയ്യുന്നത്. മാലിന്യകേന്ദ്രങ്ങളില്‍ നിന്നും വീഞ്ഞപ്പെട്ടിയുടെ പലകകളാണ് അദ്ദേഹം കൂടുതലായും തെരഞ്ഞെടുത്തത്. വികസന മാതൃകകളിലെ പൊള്ളത്തരം തുറന്നു കാട്ടാനാണ് കോണ്‍-സ്ട്രക്ഷന്‍ എന്ന പേര് നല്‍കിയത്. 

പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി അദ്ദേഹം ഷിമോഗയില്‍ സെന്‍റര്‍ ഫോര്‍ നോളജ് ആന്‍ഡ് എന്‍വയോണ്‍മന്‍റ് സ്ഥാപിച്ചു. ഇതു കൂടാതെ സസ്റ്റെയിനബിള്‍ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ റൂറല്‍ അക്കോര്‍ഡ്(സാറ) എന്ന പേരില്‍ മറ്റൊരു സംഘടന  തുടങ്ങി. സുസ്ഥിര ജീവിതത്തിനായുള്ള വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനായിരുന്നു ഇത്.

വള്‍നറബിള്‍ ഗാര്‍ഡിയന്‍സ് എന്ന പേരില്‍ ഫോട്ടോഗ്രാഫി പ്രദര്‍ശനവും അദ്ദേഹം ബിനാലെയില്‍ നടത്തുന്നുണ്ട്. കാര്‍ഷകപ്രതിസന്ധിയില്‍പ്പെട്ട കര്‍ഷകരുടെ ദുരിതമാണ് ക്യാമറക്കണ്ണിലൂടെ അദ്ദേഹം കാഴ്ചക്കാരിലെത്തിക്കുന്നത്. കൂലിപ്പണിക്കായി കര്‍ഷകര്‍ നഗരങ്ങളിലേക്ക് ചേക്കേറാന്‍ എങ്ങിനെയാണ് നിര്‍ബന്ധിതരാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുനരുപയോഗിച്ച മരപ്പലകളിലാണ് ഈ ഫോട്ടോകള്‍ ഡിജിറ്റലായി അച്ചടിച്ചിരിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കനത്ത ചൂട് മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി 

ഐഫോൺ ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുമായി ആപ്പിൾ