
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടർന്നുണ്ടായ കറൻസി ക്ഷാമത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ ഇന്ത്യയിൽ പലയിടത്തും വീണ്ടും കറൻസി ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ട്. പണമില്ലാത്തതിനെ തുടർന്ന് ചില സംസ്ഥാനങ്ങളിലെ എടിഎമ്മുകളുടെ ( ATMs ) പ്രവർത്തനം തടസ്സപ്പെട്ടു.
മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലാണ് കറൻസി ക്ഷാമം അനുഭവപ്പെടുന്നത്. എന്നാൽ കേരളത്തിൽ നോട്ടുകളുടെ ലഭ്യതയിൽ പ്രശ്നങ്ങൾ നേരിട്ടതായി റിപ്പോർട്ടില്ല.
ഇന്നലെ മുതല്‍ എടിഎമ്മുകള്‍ കാലിയായതിനെ തുടർന്ന് ഹൈദരാബാദ്, വാരണാസി എന്നിവിടങ്ങളിലെ ജനങ്ങൾക്ക് പുറമെ ഡൽഹിയിലെ ജനങ്ങളും നോട്ട് ക്ഷാമത്തെ തുടർന്ന് ബുദ്ധിമുട്ടുകയാണ്.
അതേസമയം, രാജ്യത്ത് കറന്‍സി ക്ഷാമമില്ലെന്നും ചിലയിടങ്ങളില്‍ മാത്രം പെട്ടെന്നുണ്ടായ പ്രശ്‌നമാണെന്നും അത് പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റിലൂടെ വ്യക്തമാക്കി.
രാജ്യത്ത് നോട്ട് ക്ഷാമം നിലവിലില്ലെന്നും എന്നാൽ പണം നിറയ്ക്കാത്ത എടിഎമ്മുകളില്‍ അടിയന്തിരമായി പണമെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ധനകാര്യ സഹമന്ത്രി എസ് പി ശുക്ല അറിയിച്ചു.
കൂടാതെ പ്രശ്‌നത്തെ കുറിച്ച് പഠിക്കാന്‍ ഉന്നതതല സമിതി രൂപവല്‍ക്കരിക്കുമെന്നും കൂടുതല്‍ പണമുള്ളയിടത്തു നിന്ന് നോട്ടുകള്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നത്തെ തുടർന്ന് ധനമന്ത്രാലയം ആർബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
എടിഎമ്മുകളില്‍ പണമില്ലാത്ത സ്ഥിതി വിലയിരുത്താന്‍ ധനമന്ത്രാലയം റിസര്‍വ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിനായി മൂന്നംഗ സമിതിയെ ആർബിഐ നിയോഗിച്ചിട്ടുണ്ട്.
ഉത്സവ സീസണിൽ ആളുകൾ കൂടുതൽ പണം പിൻവലിച്ചതാണ് നോട്ട് ക്ഷാമത്തിന് കാരണമെന്നും മൂന്ന് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും ആർബിഐ അധികൃതർ അറിയിച്ചു.
അതിനിടെ, വിപണിയില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ അപ്രത്യക്ഷമായതായും 2000-ന്റെ നോട്ടുകൾ പൂഴ്ത്തി വച്ചതാണെന്ന് സംശയിക്കുന്നതായും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കര്‍ഷകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ആരോപിച്ചു.