ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതി: സ്‌പെക്ട്രം പദ്ധതിയ്ക്ക് 3.55 കോടി രൂപ

തിരുവനന്തപുരം: ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിയ്ക്കുള്ള സ്‌പെക്ട്രം പദ്ധതി നടപ്പാക്കുന്നതിന് 3,55,16,600 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

ഓട്ടിസം മേഖലയ്ക്കകത്തുള്ള പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ചുകൊണ്ട് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷന്റെ അനുയാത്രയുടെ ഭാഗമായി സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ള ഉപ പദ്ധതിയാണ് സ്‌പെക്ട്രം.

ഘട്ടം ഘട്ടമായിട്ടാണ് സ്‌പെക്ട്രം പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ രൂപം നല്‍കിയിട്ടുള്ള വിവിധ ഘടങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുള്ള തെറപ്പി സേവനം മെച്ചപ്പെടുത്തുന്നതിനും കേരളത്തിനകത്തുള്ള തെറാപ്പി സെന്ററുകളെ മികച്ച നിലവാരത്തിലെത്തിക്കാന്‍ 1.75 കോടി രൂപയാണ് അനുവദിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും കോഴിക്കോട് ഇംഹാന്‍സിലേയും ഓട്ടിസം സെന്ററുകളെ ശക്തപ്പെടുത്തുന്നതിനായി 57.96 ലക്ഷം രൂപയും തൃശൂര്‍ ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷനിലെ റീജിയണല്‍ ഓട്ടിസം റിഹാബിലിറ്റേഷന്‍ സെന്ററിന് 68,04,600 രൂപയും വളരെ നേരത്തെ അസുഖം കണ്ടുപിടിക്കുന്നതിനായി സൈക്യാട്രിസ്റ്റിന്റേയും ഫിസിയാട്രിസ്റ്റിന്റേയും സേവനത്തിനായി 13.35 ലക്ഷം രൂപയും അനുവദിച്ചു.

ഓട്ടിസം ബാധിച്ചവരെ മുഖ്യാധാരയിലേക്കെത്തിക്കാനായി വിവിധ പരിപാടികള്‍ക്കായി 16.60 ലക്ഷം രൂപയും ഓട്ടിസം ബാധിച്ച കുട്ടികളുടെ അഭിരുചി വര്‍ധിപ്പിക്കുന്നതിനായി രക്ഷിതാക്കളെക്കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഓട്ടിസം ക്ലബ്ബിനായി 24.21 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

തെറാപ്പി സെന്ററുകളിലെ മിനിമം സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിക്കുകയും ആര്‍.പി.ഡബ്ലിയു. ആക്ടിന്റെ വെളിച്ചത്തില്‍ തെറാപ്പി സെന്ററുകളെല്ലാം രജിസ്റ്റര്‍ ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അവശ്യ സൗകര്യമുള്ള സര്‍ക്കാരിന്റെ അംഗീകൃത തെറാപ്പി സെന്ററുകളെ മോഡല്‍ തെറാപ്പി സെന്റര്‍ എന്ന പേരില്‍ എം പാനല്‍ഡ് തെറാപ്പി സെന്ററുകളാക്കി മാറ്റും. എം പാനല്‍ഡ് സെന്ററുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യമായി തെറാപ്പി നല്‍കും.

ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ പ്രത്യേകിച്ചും അമ്മമാര്‍ നേരിടുന്ന പ്രശ്‌നം നിരവധിയാണ്. അതിന്റെ ഭാഗമായി പാരന്റല്‍ എംപവര്‍മെന്റ് പ്രോഗ്രാം ആരംഭിക്കും. രക്ഷകര്‍ത്താക്കള്‍ക്ക് പരിശീലനം നല്‍കുകയും അവര്‍ക്ക് ആവശ്യമായിട്ടുള്ള പിന്തുണ നല്‍കുകയും ചെയ്യും. ഇതിനായാണ് ഓട്ടിസം ക്ലബ്ബ് സ്ഥാപിക്കുന്നത്.

കേരളത്തിലെ 6 മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ചാണ് ഓട്ടിസം സെന്ററുകള്‍ സ്ഥാപിക്കുന്നത്. ഫിസിയോ തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യൂപ്പേഷന്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കും.

ഓട്ടിസം ബാധിച്ച കുട്ടികളിലെ ആശയ വിനിമയം സുഗമമാക്കുന്നതിനും ഐ.ടി. മേഖലയില്‍ പരിശീലനം നല്‍കുന്നതിനായി സോഫ്റ്റുവെയര്‍ വികസിപ്പിച്ചുള്ള പ്രത്യേക പരിപാടിക്കും രൂപം നല്‍കിയിട്ടുണ്ട്.

കുട്ടികളുടെ ഭിന്നമായ കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനായും തൊഴില്‍ പരിശീലനം നല്‍കുന്നതിനുമായി ചൈല്‍ഡ് എംപവര്‍മെന്റ് പ്രോഗ്രാമും നടപ്പിലാക്കി വരുന്നു. ഇതോടൊപ്പം ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നതാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പുനർനിർമ്മാണം: കേരളം ഒറ്റക്കെട്ടായി മുന്നോട്ട് 

പ്രളയ ഫണ്ട് പ്രത്യേക അക്കൗണ്ടിലാക്കണം: പ്രതിപക്ഷ നേതാവ്