അയ്യന്‍കാളി സ്പോര്‍ട്സ് സ്‌കൂള്‍ സമഗ്ര സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനനന്തപുരം: തലസ്ഥാനത്തുള്ള അയ്യന്‍കാളി സ്പോര്‍ട്സ് സ്‌കൂള്‍ സമഗ്ര സൗകര്യങ്ങളുള്ള സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കാന്‍  നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് നിയമസഭാ പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. ബി. സത്യന്‍ എം.എല്‍.എ. അറിയിച്ചു. 

നിയമസഭാ ക്ഷേമ സമിതി രണ്ടു തവണ സ്‌കൂള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തുകയും സ്‌കൂള്‍ അധികൃതരുമായും വിദ്യാര്‍ത്ഥികളുമായും ആശയവിനിമയം നടത്തിയതിന്റെയും അടിസ്ഥാനത്തിലാണ് സ്‌കൂളിനെ സ്പോര്‍ട്സ് ഇന്‍സ്റ്റിറ്യൂട്ടായി വികസിപ്പിക്കാന്‍ സമിതി ശുപാര്‍ശ ചെയ്തത്. 

2002 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തില്‍ ഇപ്പോള്‍ 240 കുട്ടികള്‍ പഠിക്കുന്നു. 

അഞ്ചു മുതല്‍ 12 വരെ ക്ലാസുകളില്‍ നൂറു ശതമാനം അക്കാദമിക് വിജയവും ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ മികവും ഉറപ്പാക്കുന്ന വിദ്യാര്‍ത്ഥിസമൂഹമാണിവിടത്തേത്.  ഫുട്ബോള്‍, ജൂഡോ, അത്ലറ്റിക്സ് എന്നിവയില്‍ ഇപ്പോള്‍ മികച്ച പരിശീലനം ലഭിക്കുന്നതിനാല്‍ ഈയിനങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാനാവുന്നുണ്ട്. എന്നാല്‍ മറ്റിനങ്ങളില്‍ ആവശ്യത്തിനു പരിശീലകരോ പരിശീലന സൗകര്യങ്ങളോ ഇല്ല. ഇവ അടിയന്തരമായി ലഭ്യമാക്കിയാല്‍ നിരവധി പ്രതിഭകളെ ഇവിടെനിന്നു വാര്‍ത്തെടുക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. 

രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് സ്‌കൂളിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന സമയം. ഇത് കുട്ടികള്‍ക്ക് പരിശീലനത്തിനുള്ള സമയം നഷ്ടപ്പെടുത്തുന്നു. ജി.വി.രാജ സ്‌കൂളിലും മറ്റും പ്രവര്‍ത്തന സമയം രാവിലെ  8.30 മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയാണ്. ജി.വി. രാജ മാതൃകയില്‍ ഈ സ്‌കൂളിന്റെ പ്രവര്‍ത്തനസമയവും പുന:ക്രമീകരിക്കണമെന്നും സായി, എല്‍എന്‍സിപിഇ എന്നിവയില്‍ നിന്നുള്ള വിദഗ്ധ പരിശീലനം ലഭ്യമാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

കാര്‍ഷിക സര്‍വകലാശാലാ കാമ്പസില്‍ 90 സെന്റിലാണ് സ്‌കൂളും ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നത്. സ്ഥലപരിമിതി പരിഹരിക്കുകയും വിദഗ്ധ പരിശീലനം ലഭ്യമാക്കുകയും ചെയ്യണമെന്നാണ് ഇവിടത്തെ വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം. സ്‌കൂളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും പട്ടികജാതി, പട്ടിക വര്‍ഗ വകുപ്പിന്റെ നിയന്ത്രണത്തിലാക്കണമെന്നും  തിരുവനന്തപുരത്തുതന്നെ ആധുനിക പരിശീലനം ലഭിക്കുന്ന തരത്തില്‍ കോഴ്സ് ക്രമീകരിക്കണമെന്നും ഫുള്‍ടൈം റസിഡന്റ് ട്യൂട്ടറെയും പരിശീലകരെയും നിയമിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

സമിതി അംഗങ്ങളായ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, സി.കെ. ആശ എംഎല്‍എ, ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി: തുടര്‍പരിപാടികള്‍ സംഘടിപ്പിക്കും

നവജാത ശിശുക്കളുടെ ശ്രവണ ശേഷി പരിശോധന: ക്രിക്കറ്റ് താരം ബ്രെറ്റ് ലീ നിഷില്‍