Bandipur National Park , visitors, travel, night, ban, animals, birds, forest, Karnataka, road, Kerala, vehicles, violation, cottage, book, safari, tourist, Bandipur Tiger Reserve
in , ,

കാനന ഭംഗി നിറഞ്ഞ ബന്ദിപ്പൂർ ദേശീയോദ്യാനത്തെ കൂടുതലറിയാം

കര്‍ണാടക ഹൈക്കോടതി 2010-ൽ പ്രഖ്യാപിച്ച രാത്രികാല യാത്രാ നിരോധനത്തെ തുടർന്ന് കഴിഞ്ഞ എട്ട് വർഷമായി ബന്ദിപ്പൂർ ദേശീയോദ്യാനം ( Bandipur National Park ) വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങളിടിച്ച് ധാരാളം വന്യ മൃഗങ്ങൾക്ക് ജീവൻ നഷ്‌ടമാകുന്നത് പതിവായപ്പോഴാണ് രാത്രികാല യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയത്.

തുടർന്ന് അതിനെതിരെ കേരളം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബന്ദിപ്പൂരിലെ രാത്രികാല യാത്രാ നിരോധനത്തിൽ പുതിയ തീരുമാനവുമായി ദേശീയ കടുവാ സംരക്ഷണ അതോറിറ്റി രംഗത്തെത്തിയ വേളയിൽ ഈ പാർക്കിനെ കുറിച്ച് കൂടുതലറിയാം.

രാത്രികാല യാത്രാ നിരോധനവും തർക്കങ്ങളും

ബന്ദിപ്പൂര്‍ വഴിയുള്ള രാത്രികാലങ്ങളിലെ യാത്രാ നിരോധനം നീക്കാന്‍ സാധിക്കില്ലെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി വ്യക്തമാക്കിയതാണ് ഏറ്റവും പുതിയ വാർത്ത. കേരളത്തിന്റെ പരാതിയെ തുടർന്ന് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ദ്ധ സമിതി ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനത്തെ പിന്തുണച്ച്‌ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടർന്നാണ് തീരുമാനം.

Bandipur National Park , visitors, travel, night, ban, animals, birds, forest, Karnataka, road, Kerala, vehicles, violation, cottage, book, safari, tourist, Bandipur Tiger Reserveബന്ദിപ്പൂര്‍ വഴിയുള്ള രാത്രികാല യാത്രാ നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ശക്തമായ തിരിച്ചടിയാണ് വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട്.

കര്‍ണാടക, കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ 16 ആര്‍.ടി.സി ബസുകളെ രാത്രി ഒൻപതിനും രാവിലെ ആറിനുമിടയില്‍ വനത്തിലൂടെ കടത്തി വിടുന്നുണ്ടെന്നും കേരളം ആവശ്യപ്പെട്ടത് അനുസരിച്ച്‌ 75 കോടി രൂപ മുടക്കി ഈ പാത നവീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കര്‍ണാടകയ്ക്ക് പുറമെ കേരളത്തിൽ നിന്നുള്ള യാത്രക്കാരും ചരക്കു വാഹനങ്ങളും ഈ പാത പ്രയോജനപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാൽ രാത്രികാല യാത്രയ്ക്ക് മൈസൂരില്‍ നിന്ന് ബദല്‍പാത വേണമെന്നും കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയ സെക്രട്ടറി, കേരള-കര്‍ണാടക-തമിഴ്‌നാട് സംസ്ഥാന പ്രതിനിധികള്‍, ദേശീയ കടുവ സംരക്ഷണ അതോറിറ്റി പ്രതിനിധികള്‍ എന്നിവർ അംഗങ്ങളായ വിദഗ്ദ്ധ സമിതി അറിയിച്ചിട്ടുണ്ട്.

2010-ലാണ് ബന്ദിപ്പൂര്‍ വനസങ്കേതത്തിലെ കോഴിക്കോട് – കൊല്ലഗല്‍ ദേശീയപാത 766, കോയമ്പത്തൂര്‍ – ഗുണ്ടല്‍പ്പേട്ട് ദേശീയപാത 181 എന്നീ റോഡുകളിൽ രാത്രി ഒന്‍പതിനും രാവിലെ ആറിനുമിടയില്‍ രാത്രിയാത്ര നിരോധിച്ച്‌ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. തുടർന്ന് കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കാട്ടുതീയിൽ വെന്തെരിഞ്ഞ ബന്ദിപ്പൂർ

കഴിഞ്ഞ വർഷം മാർച്ചിൽ കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ പതിനായിരത്തിലധികം ഏക്കർ വനം കത്തി നശിച്ചിരുന്നു. അഞ്ചു റേഞ്ചുകളിലെ വനമാണ് അന്ന് കത്തി ചാമ്പലായത്. അന്ന് തീയണക്കുവാനുള്ള പരിശ്രമത്തിൽ കർണാടകത്തിനൊപ്പം കേരളത്തിലെ വനപാലകരും ഫയർഫോഴ്സ് യൂണിറ്റും തീയണക്കാനായി ബന്ദിപ്പൂരെത്തിയിരുന്നു.

കൂടാതെ തീറ്റയും വെളളവും തേടി വന്യമൃഗങ്ങൾ ബന്ദിപ്പൂരിൽ നിന്ന് കൂട്ടത്തോടെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് വന്നെത്തുന്ന സാഹചര്യമുള്ളതിനാൽ ബന്ദിപ്പൂർ അതിർത്തി കടന്ന് തീ വയനാട്ടിലെത്താതിരിക്കാനുള്ള അതീവ ജാഗ്രതയും അന്ന് കേരള വനംവകുപ്പ് കൈക്കൊണ്ടിരുന്നു.

ബന്ദിപ്പൂർ വനത്തിന്റെ ചരിത്രം

രാജാക്കന്മാരുടെ മൃഗയാ വിനോദത്തിന് പേര് കേട്ട ഈ നിബിഡ വനത്തിലെത്താൻ മൈസൂർ കൊട്ടാരത്തിൽ നിന്നും ഒന്നര മണിക്കൂർ യാത്ര ചെയ്താൽ മതിയാകും. 1931-ല്‍ അന്നത്തെ മൈസൂര്‍ മഹാരാജാവ് 90 കിലോമീറ്റർ സ്‌ക്വയര്‍ വിസ്തൃതിയുള്ള വനപ്രദേശത്തെ ഒരു വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം ഇതിനെ ‘വേണുഗോപാല വൈല്‍ഡ്‌ലൈഫ് പാര്‍ക്ക്’ എന്ന് നാമകരണം ചെയ്തിരുന്നു.

ബന്ദിപ്പൂർ ദേശീയോദ്യാനത്തെ കുറിച്ച് ഒരൽപ്പം

നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട; കർണാടകയിലെ ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന; ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടിയായ; 874 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ബന്ദിപ്പൂർ വനഭൂമിയെ 1974-ലാണ്  ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.

വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം, മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ബന്ദിപ്പൂർ ദേശീയോദ്യാനത്തിന് സമീപത്തായി സ്ഥിതിചെയ്യുന്നു.

ബന്ദിപ്പൂർ ദേശീയോദ്യാനത്തിന്റെ സവിശേഷതകൾ

പ്രകൃതിയെയും പ്രകൃതിയൊരുക്കുന്ന സാഹസികതളെയും  ഇഷ്ടപ്പെടുന്നവർക്ക് അനന്ത സാധ്യതകൾ ബന്ദിപ്പൂർ നാഷണൽ പാർക്കിൽ ലഭ്യമാണ്. നിബിഡ വനത്തിന്റെ വന്യസൗന്ദര്യത്തിന് പുറമെ നിഗൂഢമായ നിശബ്ദതയും ഈ വനത്തിന്റെ പ്രത്യേകതയാണ്.

പാര്‍ക്കിന് ചുറ്റും ഒഴുകുന്ന കബിനി, നാഗൂര്‍, മൊയാര്‍ എന്നീ നദികൾ വനഭൂമിയെ നിബിഡമായി നിലനിർത്താൻ സഹായിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം കടുവകൾ കാണപ്പെടുന്ന സംസ്ഥാനമെന്ന പദവി കർണാടകം കൈവരിച്ചതിന് പിന്നിൽ ബന്ദിപ്പൂർ ദേശീയോദ്യാനത്തിന്റെ സുപ്രധാന പങ്കുണ്ട്.

സസ്യജാലവും ജന്തുവർഗ്ഗവും

Bandipur National Park , visitors, travel, night, ban, animals, birds, forest, Karnataka, road, Kerala, vehicles, violation, cottage, book, safari, tourist, Bandipur Tiger Reserve

കർണാടകയിലെ ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന; കുന്നുകളും നീർച്ചാലുകളും നിറഞ്ഞ ബന്ദിപ്പൂർ ദേശീയോദ്യാനത്തിൽ ചന്ദനം, തേക്ക്, ഈട്ടി, നാന്ദി, മാത്തി, ഹൊന്നെ എന്നീ വൃക്ഷങ്ങൾ ധാരാളമായി വളരുന്നു. കൂടാതെ കാട്ടുനെല്ലി, പലതരം മുളകള്‍ എന്നിവയ്ക്ക് പുറമെ ഒട്ടനവധി ഔഷധസസ്യങ്ങളും കാണപ്പെടുന്നുണ്ട്.

ഈർപ്പമുള്ള മിശ്രിത ഇലപൊഴിയും വനങ്ങളും വരണ്ട ഇലപൊഴിയും വനങ്ങളും കുറ്റിക്കാടുകളുമുള്ള ഇവിടെ കടുവ, പുലി, ആന, വരയൻ കഴുതപ്പുലി, കുറുക്കൻ, പുള്ളിമാൻ, നാലുകൊമ്പൻ മാൻ, കാട്ടുപന്നി, ഇന്ത്യൻ മുയൽ, മഗ്ഗർ മുതല, കാട്ടുനായ്ക്കൾ, പുള്ളിപ്പുലി, മലയണ്ണാന്‍, കൃഷ്ണമൃഗം, കരടി എന്നിങ്ങനെ വിവിധ മൃഗങ്ങളുടെ അധിവാസകേന്ദ്രമാണിവിടം.

ഇവയ്ക്ക് പുറമെ ലംഗൂർ, ബോണെറ്റ് മക്കാക്ക് എന്നീ കുരങ്ങുകളും 180-ൽപ്പരം പക്ഷിയിനങ്ങളും ഇവിടെ അധിവസിക്കുന്നുണ്ട്. മൂർഖൻ, പെരുമ്പാമ്പ് എന്നീ ഇഴജന്തുക്കൾക്ക് പുറമെ ഒട്ടനേകം ഷഡ്പദങ്ങളുടെയും ചെറുജീവികളുടെയും ആവാസകേന്ദ്രമാണ് ഇവിടം. നീലഗിരി ക്‌ളൗഡഡ് യെല്ലോ, കോമൺ റോസ്, ക്രിംസണ്‍ റോസ്, ലൈം ബട്ടർഫ്‌ളൈ എന്നിങ്ങനെ ഒട്ടനവധി ചിത്രശലഭങ്ങളെ ഇവിടെ കാണാനാകും.

ബന്ദിപ്പൂരിലെ പ്രിയങ്കരൻ

ബന്ദിപ്പൂർ കാട്ടിൽ 107-ഓളം കടുവകളുണ്ടെങ്കിലും മനുഷ്യരോട് വലിയ അടുപ്പം കാട്ടുന്ന ‘പ്രിൻസ്’ എന്ന കടുവ പ്രശസ്തനാണ്. ചിലപ്പോൾ വണ്ടിക്കടുത്ത് വന്നു നിൽക്കുന്ന; ആരെയും ഉപദ്രവിക്കാൻ താത്പര്യം കാട്ടാത്ത പ്രിൻസിന് ആരാധകർ അനവധിയാണ്.

കടുവകൾ പുറത്തു വരുന്നത് വൈകുന്നേരങ്ങളിലായതിനാൽ ആ നേരത്തെ റൈഡിനാണ് സന്ദർശകർക്ക് കൂടുതൽ താത്പര്യം. സന്ദർശകരുടെ പ്രിയങ്കരിയായിരുന്ന ‘ഗൗരി’ എന്ന കടുവയുടെ വിയോഗം ഒട്ടേറെ ആളുകളെ ദുഃഖത്തിലാഴ്ത്തിയിരുന്നു. നൂറിനടുത്താണ് ഇവിടെയുള്ള പുളളിപ്പുലികളുടെ എണ്ണം.

സന്ദർശനത്തിന് സൗകര്യം

വനഭംഗിയ്ക്ക് പേര് കേട്ട ഇവിടം സന്ദർശിക്കാൻ ആർക്കാണ് ആഗ്രഹമില്ലാതിരിക്കുക. അതിനുള്ള അവസരം അധികൃതർ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് കാട്ടിലൂടെയുള്ള സഫാരി ബുക്ക്‌ ചെയ്യാം. എന്നാൽ വന്യ ജീവികളുടെ സ്വസ്ഥ ജീവിതത്തിന് തടസ്സം സൃഷ്‌ടിക്കാതിരിക്കുവാനുള്ള മുൻകരുതലുകളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

സന്ദർശകർക്ക് സമയ പരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ രാത്രിഞ്ചരന്മാരായ ഇരപിടിയന്മാർക്ക് അവരുടെ കൃത്യങ്ങളിൽ തടസ്സം നേരിടില്ല എന്ന പ്രയോജനമുണ്ട്. രാവിലെ പത്തു മണിയ്ക്കും വൈകുന്നേരം 6 മണിക്കുമിടയിലാണ് സന്ദർശകരെ കാടു കാണാന്‍ അനുവദിക്കുക. വെള്ളക്കെട്ടുകളില്‍ ദാഹം തീര്‍ക്കാനെത്തുന്ന വലുതും ചെറുതുമായ നിരവധി മൃഗങ്ങൾക്കൊപ്പം തീറ്റ തേടിയെത്തുന്ന കാട്ടാനക്കൂട്ടങ്ങളെയും കാണാനാകും.

Bandipur National Park , visitors, travel, night, ban, animals, birds, forest, Karnataka, road, Kerala, vehicles, violation, cottage, book, safari, tourist, Bandipur Tiger Reserve

അവയ്ക്ക് അലോസരമുണ്ടാക്കാതെ വേണം വനയാത്ര നടത്തേണ്ടതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയാലും ചിലർ കൂക്കി വിളിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിച്ചും തീവ്രപ്രകാശത്തോടെ ചിത്രങ്ങൾ പകർത്തിയും തങ്ങളുടെ കടമ മറക്കുന്നതായി വനപാലകർ പലപ്പോഴും പരാതിപ്പെടാറുണ്ട്.

സന്ദർശകർക്ക് താമസസൗകര്യവും

ബന്ദിപ്പൂർ നാഷണൽ പാർക്ക് വനത്തിനുള്ളിൽ ഫോറസ്റ്റിന്റെ കോട്ടേജിൽ രണ്ട് പേർക്ക് ഒരു ദിവസം താമസിക്കാൻ വെറും 1600 രൂപ ചിലവാക്കിയാൽ മതി. http://bandipurtigerreserve.in/ എന്ന വെബ്സൈറ്റിലൂടെ റൂമുകള്‍ ബുക്ക് ചെയ്യാനാകും. കോട്ടേജ് ബുക്ക് ചെയ്തതിന്‍റെ പ്രിന്‍റ് ഔട്ട്‌ പേപ്പറും ഐഡി കാര്‍ഡുകളും ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വിന്‍റെ വനത്തിനുള്ളിലെ ഓഫീസില്‍ കാണിക്കേണ്ടതാണ്.

കോകില, മയൂര, പപീഹ, ചിതൽ, വനസുമ, വനശ്രീ എന്നീ പേരുകളിലുള്ള കോട്ടേജുകൾ കാടിന്‍റെ സമീപത്തായതിനാൽ രാത്രിയില്‍ ഇതിനു സമീപമെത്തുന്ന മാനുകളെയും ആനകളെയും വീക്ഷിക്കാനാകും. പകൽ സമയത്ത് കോട്ടേജുകളുടെ സമീപത്തായി സിംഹവാലന്‍ കുരങ്ങുകൾ ഉൾപ്പെടെ വിവിധയിനം കുരങ്ങുകളെയും പാവത്തന്മാരെ പോലെ ചുറ്റിത്തിരിയുന്ന കാട്ടുപന്നികളെയും ശാന്തരായ മാനുകളെയും കാണാനാകും.

കോട്ടേജുകളിലെ ജീവിതരീതി

കോട്ടേജുകളിൽ താമസിക്കാനെത്തുന്ന സന്ദർശകർക്കായി ഉച്ചയ്ക്ക് 12 മണിക്കാണ് ചെക്ക് ഇന്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. ഒരു ദിവസത്തേയ്ക്കാണ് താമസം ബുക്ക് ചെയ്തിരിക്കുന്നതെങ്കിൽ അടുത്ത ദിവസം രാവിലെ പത്തു മണിയ്ക്ക് ചെക്ക് ഔട്ട്‌ ചെയ്യണമെന്നാണ് നിർദ്ദേശം. തൊട്ടടുത്തുള്ള ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം ലഭ്യമാണ്. എന്നാൽ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ ഇവിടെ നിന്ന് ലഭിക്കൂ.

ത്രില്ലടിപ്പിക്കുന്ന സഫാരി

Bandipur National Park , visitors, travel, night, ban, animals, birds, forest, Karnataka, road, Kerala, vehicles, violation, cottage, book, safari, tourist, Bandipur Tiger Reserve

കോട്ടേജിൽ താമസം ബുക്ക് ചെയ്യുന്നതോടൊപ്പം തന്നെ ഇവിടെ നിന്നുള്ള ഫോറസ്റ്റ് സഫാരിക്കു കൂടി ടിക്കറ്റ് ബുക്ക് ചെയ്യാനാകും. വനംവകുപ്പിന്‍റെ മിനി ബസ്സിലെ സഫാരി ആസ്വാദിക്കാൻ ഒരാള്‍ക്ക് 350 രൂപയാണ് നിരക്ക്.

ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന ജീപ്പ് സഫാരിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ആറു യാത്രക്കാരുടെ ചാർജ്ജായ 3000 രൂപ നൽകേണ്ടതുണ്ട്. ഒരു മണിക്കൂറാണ് സഫാരി ടൈം.

രാവിലെ 6.30 മുതൽ 9.30 വരെയും വൈകുന്നേരം 3.30 മുതൽ 6.30 വരെയുമാണ് സഫാരിക്കായി നീക്കി വച്ചിരിക്കുന്നത്. ഇതിൽ ഇഷ്‌ടമുള്ള സമയം സന്ദർശകർക്ക് തിരഞ്ഞെടുക്കാം. വൈകുന്നേരം കൂടുതൽ മൃഗങ്ങളെ കാണാനാകും എന്നതിനാൽ മൃഗങ്ങളെ കാണാൻ ആഗ്രഹിക്കുന്നവർ വൈകുന്നേരത്തെ സഫാരിയാണ് തിരഞ്ഞെടുക്കാറുള്ളത്.

സന്ദർശകർ നിർബന്ധമായും പാലിക്കണ്ട കാര്യങ്ങൾ

രാത്രിയിൽ ചുറ്റിത്തിരിയുന്നതിന് വിലക്കുണ്ട്. കൂടാതെ മദ്യപാനം, പുകവലി എന്നിവ ഇവിടെ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. നോൺ വെജ് ഭക്ഷണം കോട്ടേജുകളിൽ ലഭ്യമാകില്ല. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നൽകരുതെന്ന് നിർദ്ദേശമുണ്ട്.

അതോടൊപ്പം പ്ലാസ്റ്റിക് സാധനങ്ങള്‍ കഴിവതും ഒഴിവാക്കുവാനും അഥവാ പ്ലാസ്റ്റിക് ഉണ്ടെങ്കില്‍ത്തന്നെ അവ അലക്ഷ്യമായി വലിച്ചെറിയരുതെന്നും അധികൃതർ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഫോട്ടോ എടുക്കുമ്പോൾ ഫ്ലാഷ് ഓഫ് ചെയ്യണമെന്നതും നിർബന്ധമാണ്.

തീവ്ര പ്രകാശം കണ്ണിലടിക്കുമ്പോൾ വന്യമൃഗങ്ങൾ അസ്വസ്ഥരോ അക്രമാസക്തരോ ആകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കൂടാതെ വന്യ മൃഗങ്ങളെ കാണുമ്പോഴുള്ള സന്തോഷം കൈയ്യടിച്ചും കൂക്കി വിളിച്ചും പ്രകടിപ്പിക്കരുതെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

ചുവപ്പ് പോലുള്ള കടുത്ത നിറങ്ങളിലുള്ള വസ്ത്രങ്ങളും സാധനസാമഗ്രികളും പരമാവധി ഒഴിവാക്കി പകരം കാടിനോട് ഇണങ്ങുന്ന ഇളം നിറത്തിലുള്ള വസ്ത്ര സാമഗ്രികൾ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.

നമ്മുടെ ആവാസ വ്യവസ്ഥയിൽ വന്യമൃഗങ്ങൾ കടന്നു വരുമ്പോൾ നാം എത്രമാത്രം പ്രകോപിതരും അസ്വസ്ഥരും ആകുന്നുവോ അത്തരത്തിൽ തന്നെയാകും അവയുടെയും പ്രതികരണമെന്ന് വനം സന്ദർശിക്കുന്നവർ എപ്പോഴും ഓർക്കേണ്ടതാണ്. വന്യജീവികളുടെ പരിമിതമായ ആവാസകേന്ദ്രങ്ങളിൽ കടന്നുകയറുന്ന നാം പരമാവധി സംയമനം പാലിക്കണമെന്നും അവരെ ഉപദ്രവിക്കുന്ന യാതൊരു പ്രവൃത്തിയിലും ഏർപ്പെടരുതെന്നും പരിസ്ഥിതി പ്രവർത്തകർ നിരന്തരം ഓർമ്മപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

trash, garbage, green, recycle, compost , metals, 

മാലിന്യ സംസ്കരണത്തിന് ചില പ്രായോഗിക വഴികൾ

weekly-cartoon-hakus-manasa-vacha-July-30-2018

ഓണം: കേരളം ആയിരം കോടി രൂപ കടമെടുക്കുന്നു