
തിരുവനന്തപുരം: ഘടനാപരമായി തന്നെ പ്രാദേശിക വികസനത്തിൽ സക്രിയ പങ്കാളിത്തം വഹിക്കുവാൻ കഴിയുന്ന ബാങ്കുകൾക്കുള്ള ( banks ) പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്ന് ധനമന്ത്രി ഡോ: ടി.എം.തോമസ് ഐസക് അഭിപ്രായപ്പെട്ടു.
ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ ഐ ബി ഇ എ ) ആഭിമുഖ്യത്തിൽ ‘കേരള വികസനവും ബാങ്കുകളുo’ എന്ന വിഷയത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന ബാങ്കിംഗ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വായ്പാ – നിക്ഷേപ അനുപാതം താരതമ്യേന കുറവാണെന്നും അത് ഉയരണമെങ്കിൽ ബാങ്കുകൾ വായ്പാ – സംരoഭകത്വ ഉപദേശകരാകുവാൻ കഴിയണമെന്നും എന്നാൽ വായ്പ നൽകുവാൻ കഴിയുന്ന വേണ്ടത്ര പദ്ധതികളില്ല എന്ന പല്ലവിയ്ക്ക് പ്രസക്തിയില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ചെറുകിട-ഇടത്തരം വ്യവസായം, സ്റ്റാർട്ട് അപ് മേഖലകളിൽ ബാങ്ക് വായ്പ വിന്യസിക്കാൻ ഇനിയും സാധ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസന രംഗത്ത് റിസർവ് ബാങ്ക്- സെബി നിയന്ത്രണങ്ങൾക്കു വിധേയമായ സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽ ബാങ്കുകളുടെ അധിക നിക്ഷേപങ്ങൾ വായ്പകളായി വിതരണം ചെയ്യുവാൻ കഴിയുമെന്ന് ധനകാര്യ മന്ത്രി നിർദ്ദേശിച്ചു.
ഇലക്ടോണിക് – ബയോടെക് മേഖല വളരുകയാണെന്നും സഹകരണ ബാങ്കിംഗ് രംഗത്ത് കേരള ബാങ്ക് പദ്ധതിയുമായി സർക്കാർ മുന്നോട്ടാണെന്നും ഇതൊക്കെ കണക്കിലെടുത്ത് ബാങ്കുകൾ വികസന പ്രക്രിയയിൽ കൂടുതൽ രചനാത്മകമായ പങ്ക് വഹിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പ്ലാനിംഗ് ബോർഡ് അംഗം ഡോ: രവി രാമൻ മുഖ്യ ഭാഷണം നടത്തി. സംസ്ഥാനത്തെ ബാങ്കിംഗ് രംഗത്ത് അസ്വസ്ഥതയുയർത്തുന്ന പ്രവണതകളുണ്ടെന്നും ഗ്രാമീണ ശാഖകൾ കുറയുന്നതായും ഡോ: രവി രാമൻ വെളിപ്പെടുത്തി.
വിപണി വിഹിതത്തിൽ മുന്നിലുള്ള ബാങ്കിന്റെ വായ്പ – നിക്ഷേപ അനുപാതം ഗണ്യമായി കുറഞ്ഞതായും വ്യവസ്ഥാപിത ധനകാര്യ സ്ഥാപനങ്ങളെക്കാൾ ബാങ്കിതര – സ്വകാര്യ പണമിടപാടു സ്രോതസ്സുകളെ ജനങ്ങൾ ആശ്രയിക്കുന്ന സ്ഥിതി കാണുന്നതായും എന്നാൽ നവകേരള സൃഷ്ടിയിൽ ബാങ്കുകൾ മുഖം തിരിച്ചു നിൽക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാങ്കുകളെ സ്വകാര്യവൽക്കരിക്കണമെന്ന ആവശ്യമുന്നയിക്കുന്ന വിദഗ്ധർ തങ്ങളുടെ ബുദ്ധിവൈഭവം വിദേശികൾക്ക് പണയപ്പെടുത്തിയോ എന്നു തോന്നലുണ്ടാക്കുന്നതായും ഡോ.രവി രാമൻ അഭിപ്രായപ്പെട്ടു.
എസ് ബി ടി മുൻ മാനേജിംഗ് ഡയറക്ടർ ഇ കെ ഹരികുമാർ, എ ഐ ബി ഇ എ സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി.ജോസൺ എന്നിവർ പ്രസംഗിച്ചു. ടി.എസ്.ബി.ഇ.എ പ്രസിഡന്റ് അനിയൻ മാത്യു മോഡറേറ്ററായി. കെ.എസ്.കൃഷ്ണ സ്വാഗതവും എം.ഷാഫി നന്ദിയും പറഞ്ഞു.