ശംഖുമുഖം തീരത്തെ ഉത്സവലഹരിയിലാഴ്ത്താന്‍ വെള്ളിയാഴ്ച മുതല്‍ ബീച്ച് കാര്‍ണിവല്‍

തിരുവനന്തപുരം: കോര്‍പ്പറേഷനു കീഴിലുള്ള ശംഖുമുഖം ആര്‍ട്ട്  മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബീച്ച് കാര്‍ണിവലിന് നാളെ (വെള്ളി) തുടക്കം. ശംഖുമുഖം തീരത്തെ വിവിധ നിറങ്ങളില്‍ ആറാടിക്കുന്ന സിംക്രണൈസ്ഡ് ലൈറ്റിംഗാണ് ബീച്ച് കാര്‍ണിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. 28 വരെ ബീച്ച് കാര്‍ണിവല്‍ നീളും. 

എല്ലാ ദിവസവും വൈകിട്ട് വിവിധ കായിക മല്‍സരങ്ങളും രാത്രി കലാപരിപാടികളും അരങ്ങേറും. തലസ്ഥാന നഗരത്തില്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനോടൊപ്പം വൈലോപ്പള്ളി സംസ്കൃതി ഭവന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയും ബീച്ച് കാര്‍ണിവലില്‍ കൈകോര്‍ക്കുന്നുണ്ട്. 

വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് സാംസ്കാരിക മന്ത്രി എ.കെ.ബാലന്‍ ശംഖുമുഖം ബീച്ച് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ വി.കെ.പ്രശാന്ത് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ജയചന്ദ്രന്‍ കടമ്പനാടും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ അരങ്ങേറും. 

23ന് വൈകിട്ട് നാലു മുതല്‍ പുരുഷന്മാരുടെ വടംവലി മല്‍സരം, രാത്രി ഏഴിന് ലോക്‌ധര്‍മി അവതരിപ്പിക്കുന്ന നാടകം- ‘ശാകുന്തളം’. 24ന് വൈകിട്ട് നാലിന് ബീച്ച് ഹാന്‍ഡ് ബോള്‍ മല്‍സരം, രാത്രി ഏഴിന് മെഗാഷോ- ‘മദ്രാസ് മെയില്‍’. 25ന് വൈകിട്ട് നാലിന് ബീച്ച് ഫുട്ബോള്‍ മല്‍സരം, രാത്രി ഏഴിന് ദിവ്യ നെടുങ്ങാടിയുടെ മോഹിനിയാട്ടം തുടര്‍ന്ന് പി.ഭാസ്കരന്‍ സ്മൃതി ഗീതം.

26ന് വൈകിട്ട് നാലിന് ബീച്ച് വോളിബോള്‍ മല്‍സരം, രാത്രി ഏഴിന് തെയ്യം. അഗ്നി ഘണ്ടാകര്‍ണന്‍ ഉള്‍പ്പെടെ പ്രമുഖങ്ങളായ മൂന്ന് തെയ്യക്കോലങ്ങള്‍ മലബാറിന്റെ അനുഷ്ഠാന രീതിയില്‍ ശംഖുമുഖം തീരത്ത് അവതരിപ്പിക്കപ്പെടും. 27ന് വൈകിട്ട് നാലിന് സ്ത്രീകളുടെ വടംവലി മല്‍സരം, രാത്രി ഏഴിന് കര്‍ണാടകയില്‍ നിന്നുള്ള നാടോടി കലാരൂപമായ ദൊല്ലു കുനിത. സമാപന ദിവസമായ 28ന് രാത്രി ഏഴിന് ജോബ് കുര്യനും ആന്‍ ആമിയും നയിക്കുന്ന മ്യൂസിക്കല്‍ ബാന്‍ഡിന്റെ സംഗീത നിശ.  

കലാ വിന്യാസങ്ങള്‍, ഫുഡ് കോര്‍ട്ട്, ആരോഗ്യ പ്രദര്‍ശനം, പുസ്തകമേള എന്നിവയും ബീച്ച് കാര്‍ണിവലിന്റെ ഭാഗമായുണ്ട്. കാര്‍ണിവലില്‍ എത്തുന്നവരുടെ പോര്‍ട്രെയ്റ്റുകള്‍ ചിത്രകലാ വിദ്യാര്‍ഥികള്‍ തല്‍സമയം വരച്ചുനല്‍കും. ബീച്ച് കാര്‍ണിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 

ശംഖുമുഖം ആര്‍ട് മ്യൂസിയത്തില്‍ നടന്നുവരുന്ന ‘ബോഡി’ പ്രദര്‍ശനം സംസ്ഥാനത്തെ കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി വരികയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 55 കലാകാരരാണ് ഈ പ്രദര്‍ശനത്തില്‍ ചിത്രങ്ങളും ശില്‍പങ്ങളും കലാവിന്യാസങ്ങളുമായി അണിനിരത്തിട്ടുള്ളത്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അശ്വമേധം സംസ്ഥാന വ്യാപകമാക്കുന്നു

അംഗന്‍വാടി ഗുണനിലവാരം ഉറപ്പാക്കാന്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌ക്വാഡ്