വനിതകൾ നിര്‍ണായക പങ്ക് വഹിച്ച 14 സിനിമകകളുമായി ബിനാലെ 

കൊച്ചി: വെള്ളിയാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ ആര്‍ട്ടിസ്റ്റ് സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് വനിത ചലച്ചിത്രപ്രവര്‍ത്തകര്‍ നിര്‍ണായക പങ്ക് വഹിച്ച 14 സിനിമകള്‍. മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗവുമായ പ്രശസ്ത സിനിമ എഡിറ്റര്‍ ബീന പോളാണ് ഈ സിനിമകള്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.


ഫെബ്രുവരി 15 മുതല്‍ 19 വരെ ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലെ ബിനാലെ പവലിയനില്‍ വൈകീട്ട് 6.30 മുതലാണ് സിനിമ പ്രദര്‍ശനങ്ങള്‍. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പാക്കേജ് എന്നാണ് ബീന പോള്‍ ഇതിന് പേരിട്ടിരിക്കുന്നത്. സിനിമ ലോകത്തെ പ്രൊഫഷണല്‍ വനിത ആര്‍ട്ടിസ്റ്റുകളുടെ സജീവ പങ്കാളിത്തമുള്ളതാണ് തെരഞ്ഞെടുത്ത എല്ലാ സിനിമകളും.

നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ച റീമ സെന്‍ ഗുപ്തയുടെ ‘കൗണ്ടര്‍ഫീറ്റ് കുങ്കൂ’ എന്ന ഹ്രസ്വ ചിത്രമാണ് വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കുന്ന ആദ്യ ചിത്രം. ജൂബിത് നമ്രദത്തിന്‍റെ ‘ആഭാസം’ അതിനു ശേഷം പ്രദര്‍ശിപ്പിക്കും.

രണ്ടാം ദിവസമായ ശനിയാഴ്ച മൂന്ന് സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. സച്ചിന്‍ കുന്ദാല്‍ക്കറുടെ ‘ഹാപ്പി ജേര്‍ണി’, റിയാസ് കെ എം ആറിന്‍റെ ‘മക്കള്‍'(ഇന്ത്യയിലെ ആദ്യ ഏകാംഗ ഹ്രസ്വചിത്രം), അഴുക്കുചാലിലെ തൊഴിലാളികളുടെ ജീവിതം പറയുന്ന വിധു വിന്‍സന്‍റിന്‍റെ ‘മാന്‍ഹോള്‍’ എന്നിവ പ്രദര്‍ശിപ്പിക്കും.

‘നിലം’,’മായ’, ‘ചെമ്പായി’, ‘ മൈ ഡിസ്കവറി ഓഫ് എ ലെജന്‍റ്’, ‘7.6’ റിച്ചര്‍ എന്നിവയാണ് ഞായറാഴ്ച പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍. ‘ഒരേ ഉടല്‍’, ‘ലയേഴ്സ്’ ഡൈസ് എന്നിവ തിങ്കളാഴ്ച പ്രദര്‍ശിപ്പിക്കും.

ശ്രീബാല കെ മേനോന്‍റെ ഹ്രസ്വചിത്രം, ‘പന്തിഭോജന’മാണ് അവസാന ദിനമായ ചൊവ്വാഴ്ചത്തെ ആദ്യ ചിത്രം. ‘ഡേവിഡ്ജി കോഡ്’,  ‘സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി’ എന്നിവയാണ് തുടര്‍ന്നുള്ള ചിത്രങ്ങള്‍.

മലയാള സിനിമാലോകത്ത് സമത്വത്തിനു വേണ്ടിയും സ്വന്തമായ ഇടത്തിനു വേണ്ടിയുമാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന കൂട്ടായ്മ ഉണ്ടായത്. കനത്ത വെല്ലുവിളികളെ അതിജീവിച്ച് സിനിമയിലെ പ്രമുഖ സ്ഥാനങ്ങളിലെത്തിയ വനിതകളുടെ സിനിമകളാണ് ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്  ബീന പോള്‍ പറഞ്ഞു.  2014 ലെ ആദ്യ ബിനാലെ മുതല്‍ ആര്‍ട്ടിസ്റ്റ് സിനിമ വിഭാഗത്തില്‍ ബീന പോള്‍ ക്യൂറേറ്റ് ചെയ്യുന്നുണ്ട്. സ്ത്രീപക്ഷ സിനിമകള്‍ സമകാലീന സമൂഹത്തിലെ പ്രശ്നങ്ങളെ ശക്തമായി അവതരിപ്പിക്കുകയാണെന്ന് ബീന പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മുറിവുകൾ പൂക്കളാക്കിയ ഒരുവൾ 

‘യു എസ് ടി ഫോർച്ച്യൂണ’ യുമായി  യു എസ് ടി ഗ്ലോബൽ