Movie prime

റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഗുണവശങ്ങള്‍ കേരളത്തില്‍ നടപ്പാക്കും മുഖ്യമന്ത്രി

തീരവാസികളുടെ സുരക്ഷ ഉറപ്പാക്കി വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന റൂം ഫോര് റിവര് എന്ന ഡച്ച് പദ്ധതിയുടെ ഗുണവശങ്ങള് പ്രളയാനന്തര പുനര്നിര്മാണത്തിന്റെ ഭാഗമായി കേരളത്തില് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. നെതർലന്ഡ് സന്ദര്ശനത്തിന്റെ ഭാഗമായി വെള്ളപ്പൊക്കം അതിജീവിക്കാനുള്ള ഡച്ച് മാതൃക നേരിട്ട് വിലയിരുത്താന് കഴിഞ്ഞു. സമൂദ്രനിരപ്പില് നിന്ന് താഴെകിടക്കുന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങള്ക്ക് ഈ പദ്ധതി ഏറെ പ്രയോജനപ്പെടും. കേരളത്തില് ഇത് ഏറെ പ്രസക്തമാണ്. പ്രളയാനന്തര ആവശ്യകത വിലയിരുത്തല് സംബന്ധിച്ച റിപ്പോര്ട്ടിന്മേലുള്ള (പി.ഡി.എന്.എ) തുടര് നടപടികള് ഉടനെ സ്വീകരിക്കാന് More
 
റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഗുണവശങ്ങള്‍ കേരളത്തില്‍ നടപ്പാക്കും മുഖ്യമന്ത്രി

തീരവാസികളുടെ സുരക്ഷ ഉറപ്പാക്കി വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന റൂം ഫോര്‍ റിവര്‍ എന്ന ഡച്ച് പദ്ധതിയുടെ ഗുണവശങ്ങള്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി കേരളത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നെതർലന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായി വെള്ളപ്പൊക്കം അതിജീവിക്കാനുള്ള ഡച്ച് മാതൃക നേരിട്ട് വിലയിരുത്താന്‍ കഴിഞ്ഞു. സമൂദ്രനിരപ്പില്‍ നിന്ന് താഴെകിടക്കുന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങള്‍ക്ക് ഈ പദ്ധതി ഏറെ പ്രയോജനപ്പെടും. കേരളത്തില്‍ ഇത് ഏറെ പ്രസക്തമാണ്. പ്രളയാനന്തര ആവശ്യകത വിലയിരുത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ടിന്മേലുള്ള (പി.ഡി.എന്‍.എ) തുടര്‍ നടപടികള്‍ ഉടനെ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് . റൂം ഫോര്‍ റിവര്‍ എന്ന പദ്ധതിയുടെ ഗുണവശങ്ങള്‍ ഉപയോഗപ്പെടുത്തുംവിധമായിരിക്കും പ്രളയാനന്തര പുനര്‍നിര്‍മാണം നടത്തുക.

യൂറോപ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന് ഏറെ പ്രയോജനകരമായിരുന്നു സന്ദര്‍ശനം. കേരളത്തിന്റെ ഭാവിക്ക് പ്രയോജനപ്പെടുന്ന പദ്ധതികള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കും. വാര്‍ത്താസമ്മേളനത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍. മോഹന്‍ എന്നിവരും സംബന്ധിച്ചു.

നെത്ര്‍ലന്‍ഡസിന്റെ ജലമാനേജ്‌മെന്റ് മാര്‍ഗ്ഗങ്ങള്‍ മാതൃകാപരമാണ്. കേരളത്തിന് ഈ മാതൃക പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകും.
പ്രിസിഷന്‍ ഫാമിങ്, വിളവൈവിധ്യവല്‍ക്കരണം, കോള്‍ഡ് സ്റ്റോറേജ്, കടല്‍നിരപ്പിന് താഴെയുള്ള കൃഷി, ഉപ്പുവെള്ളത്തിലെ കൃഷി എന്നീ മേഖലകളെ സംബന്ധിച്ച് വാഗ്‌നിന്‍ഗെന്‍ സര്‍വകലാശാല അധികൃതരുമായി ചര്‍ച്ച നടത്തി. പ്രളയ നിയന്ത്രണത്തിനും കാര്‍ഷികോല്‍പാദനത്തിനും ഉതകുന്ന ചില മാതൃകകള്‍ നെതര്‍ലൻഡസില്‍ നിന്ന് നമുക്ക് പകര്‍ത്താന്‍ കഴിയും.

വാഗ്‌നിന്‍ഗെന്‍ സര്‍വകലാശാലയുടെ കാര്‍ഷിക ഗവേഷണ പരീക്ഷണ കേന്ദ്രം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വാഴപ്പഴത്തിന്റെ ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കുന്നതിനും കാര്‍ഷിക വൈവിധ്യവല്‍ക്കരണം സാധ്യമാക്കുന്നതിനും വേണ്ടി നടപടികള്‍ കൈക്കൊള്ളാനൊരുങ്ങുകയാണ്. ഇക്കോ ടൂറിസത്തിന്റെ സാധ്യതകള്‍ കേരളത്തില്‍ മെച്ചപ്പെടുത്താനും ശ്രമിക്കും.

ചീഫ് സെക്രട്ടറിക്കായിരിക്കും ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളുടെ ചുമതല.
നെതര്‍ലൻഡസിലെ കൃഷി സെക്രട്ടറി ജനറലുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അവരുടെ സഹകരണത്തോടെ കേരളത്തില്‍ പുഷ്പഫല മേഖലയില്‍ ഒരു സെന്റര്‍ ഓഫ് എക്‌സലന്‍സ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് കൃഷിമന്ത്രാലയവുമായും ഡല്‍ഹിയിലുള്ള ഡച്ച് എംബസിയുമായും ബന്ധപ്പെടുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

കേരളത്തിലെ കയര്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന വിധത്തില്‍ ഡച്ച് പ്ലാന്റിന്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന് വേണ്ടി ചര്‍ച്ചകള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
നെതര്‍ലൻഡസിലെ മന്ത്രി കോറ വാന്‍ ന്യൂവെന്‍ ഹ്യൂസനുമായുള്ള ചര്‍ച്ച ഏറെ പ്രയോജനപ്പെട്ടു. മന്ത്രിയെ കേരളത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. ജല-സമുദ്രതല-ഷിപ്പിങ് മേഖലകള്‍ക്കാകെ സമഗ്രമായി പ്രയോജനപ്പെടുന്ന വിധത്തിലുള്ള ഒരു ബിസിനസ്സ് പ്രതിനിധി സംഘത്തോടൊപ്പം മന്ത്രി കേരളം സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.
460 മില്ല്യണ്‍ ടണ്‍ വാര്‍ഷിക ചരക്ക് നീക്കമുള്ള റോട്ടര്‍ഡാം തുറമുഖം യൂറോപ്പിലെ ഏറ്റവും വലിയതും ലോകത്തെ മുന്‍നിര തുറമുഖങ്ങളില്‍പ്പെട്ടതുമാണ്. തുറമുഖങ്ങളുടെ പ്രവര്‍ത്തനവും സംരക്ഷണവും നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ റോട്ടര്‍ഡാം തുറമുഖം സന്ദര്‍ശിച്ചു.

റോട്ടര്‍ഡാം തുറമുഖത്തിന്റെ പ്രതിനിധികളെ എംബസ്സി വഴി ഇവിടേയ്ക്കു ക്ഷണിക്കും. മാരിടൈം രംഗത്തെ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് ഇത്. ജൂലൈയില്‍ ഈ ചര്‍ച്ച നടക്കും. 2019 ഒക്‌ടോബറോടു കൂടി ധാരണാപത്രം ഒപ്പിടാന്‍ കഴിയുംവിധം റോട്ടര്‍ഡാം തുറമുഖ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗം സംസ്ഥാന ഗവണ്‍മെന്റ് വിളിച്ചുകൂട്ടും.
നെതര്‍ലൻഡസിലെ വ്യവസായികളുടെയും തൊഴില്‍ദായകരുടെയും കോണ്‍ഫെഡറേഷൻ സംഘടിപ്പിച്ച യോഗത്തില്‍ വ്യവസായ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി. കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതനുസരിച്ച് ഡച്ച് കമ്പനികളുടെ പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിക്കുന്നുണ്ട്.

ജല-സമുദ്രതല-കാര്‍ഷിക മേഖലകളില്‍ ഡച്ച് കമ്പനികളുടെ വൈദഗ്ധ്യം കേരളത്തിന് പ്രയോജനപ്പെടും. കേരളവും നെതര്‍ലൻഡസും തമ്മില്‍ മൂന്നര ശതാബ്ദക്കാലത്തെ ബന്ധമാണുള്ളത്. കേരളചരിത്രത്തിന്റെ രചനയില്‍ തന്നെ കാര്യമായ സംഭാവനകള്‍ ചെയ്തിട്ടുള്ളവരാണ് ലന്തക്കാര്‍. ഹോര്‍ത്തൂസ് മലബാറിക്കൂസ് കേരളത്തിന്റെ ജൈവവൈവിധ്യം അടയാളപ്പെടുത്തുന്നതിലും കാന്റര്‍ വിഷറുടെ കത്തുകള്‍ നമ്മുടെ ചരിത്രത്തെ കോര്‍ത്തിണക്കുന്നതിലും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
ഈ ചരിത്രബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ ഇന്തോ-ഡച്ച് ബന്ധങ്ങളെ സംബന്ധിക്കുന്ന ഒരു എക്‌സിബിഷന്‍ കൊച്ചിയില്‍ ഈ വര്‍ഷം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഡച്ച് എംബസിയുമായി സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കും. ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷ് പതിപ്പ് വീണ്ടും അച്ചടിക്കുന്നതിനു വേണ്ടി നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേരള സര്‍വകലാശാലയുമായി ചേര്‍ന്ന് കൈക്കൊള്ളും.

കേരളത്തിന്റെ ആര്‍ക്കൈവ്‌സ് ഡിജിറ്റൈസ് ചെയ്യുന്നതിന് കേരളവും നെതര്‍ലൻഡസും തമ്മില്‍ ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്തമാസത്തോടെ ഇതിനുവേണ്ട അംഗീകാരം വിദേശമന്ത്രാലയത്തില്‍നിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ മ്യൂസിയങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും അതിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും ആര്‍ക്കിയളോജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെയും സംസ്ഥാന പുരാവസ്തു-ടൂറിസം വകുപ്പുകളുടെയും മുസിരിസ് പൈതൃക പദ്ധതിയുടെയും സംയുക്ത യോഗം വിളിച്ചുചേര്‍ക്കുന്നതാണ്.

അടിസ്ഥാനസൗകര്യ വികസന കമ്പനിയുമായും, മലിനജല സംസ്‌കരണ കമ്പനിയുമായും ചര്‍ച്ച നടത്തി. കേരളത്തില്‍ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സജ്ജമാക്കുന്നതിനും ‘വേസ്റ്റ് ടു എനര്‍ജി’ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനും ഇവയുടെ സഹായം തേടുന്നതിനെക്കുറിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും.

എ.ആര്‍.എസ് ട്രാഫിക് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നോളജി എന്ന കമ്പനിയുടെ സഹായം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളുടെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് സഹായകരമാകുമെന്നാണ് കരുതുന്നത്. അതിനുവേണ്ടി പഠനം തിരുവനന്തപുരത്ത് നടത്താന്‍ അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായുള്ള ഇടപെടലുകള്‍ എംബസ്സി വഴി നടത്തുന്നതാണ്.

ദി നെതര്‍ലൻഡസ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അപ്ലൈഡ് സയന്റിഫിക് റിസര്‍ച്ചുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തില്‍ ലിവിങ് ലാബും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് അധിഷ്ഠിതമായ സെന്റര്‍ ഓഫ് എക്‌സലന്‍സും സ്ഥാപിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനുവേണ്ടി അനുമതി ലഭിക്കുന്ന മുറയ്ക്ക് ഈ വര്‍ഷം തന്നെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ നടപടികള്‍ക്കായി ഐടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് .

പ്രളയത്തെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സത്വര നടപടികളെക്കുറിച്ചും പുനര്‍നിര്‍മാണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ സംവിധാനങ്ങളെക്കുറിച്ചും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ജനീവയില്‍ സംഘടിപ്പിക്കപ്പെട്ട വേള്‍ഡ് റീകണ്‍സ്ട്രക്ഷന്‍ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. അതിജീവനത്തിന്റെ ഈ കേരള മാതൃക മറ്റിടങ്ങളിലും പ്രയോഗിക്കാവുന്നതാണ് എന്ന പൊതു അഭിപ്രായമാണ് സമ്മേളത്തില്‍ ഉയര്‍ന്നത്.

ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കാലാവസ്ഥാ പ്രവചനം കുറ്റമറ്റതാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പൊതുവില്‍ അഭിപ്രായമുണ്ടായി. ദുരന്തങ്ങളുടെ ഭാഗമായുണ്ടാകുന്ന ജീവഹാനിയും സ്വത്തുനഷ്ടവും കുറയ്ക്കുന്നതിന് ഇത് വലിയ അളവില്‍ ഉപകരിക്കും എന്ന് വിലയിരുത്തപ്പെട്ടു. ‘ഇന്‍ക്ലൂഷന്‍ ഫോര്‍ റസിലിയന്റ് റിക്കവറി’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കപ്പെട്ട കോണ്‍ഫറന്‍സില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉണ്ടായി. അതിന്റെ ഭാഗമായി കേരള പവലിയന്‍ സജ്ജമാക്കിയിരുന്നു. പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ സഹായം ലഭിക്കാന്‍ ഈ സാന്നിധ്യം ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ഭിന്നശേഷി സൗഹൃദമായിരുന്നു എന്ന് പഠിക്കാന്‍ യു.എന്‍. സെക്രട്ടറി ജനറലിന്റെ അഡ്വക്കേറ്റ് ഫോര്‍ സസ്റ്റൈനബിള്‍ ഗോള്‍സ് എഡ്വേര്‍ഡ് ഡോപ്പു കേരളം സന്ദര്‍ശിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ രംഗത്തെ ആഗോള കാഴ്ചപ്പാടുകള്‍ കേരളത്തില്‍ അവതരിപ്പിക്കാനാണ് അദ്ദേഹം വരുന്നത്. സുസ്ഥിരവികസനം വിഭാവനം ചെയ്യുന്ന നവകേരളം അര്‍ത്ഥവത്താക്കാന്‍ ഭിന്നശേഷിക്കാരെ കൂടി ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണ്.

യുഎന്‍ഡിപിയുടെ ക്രൈസിസ് റെസ്‌പോണ്‍സ് യൂണിറ്റിന്റെ ഡയറക്ടറായ മിസ്. അസാക്കോ ഒക്കായിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് യുഎന്‍ഡിപിയില്‍നിന്ന് സാമ്പത്തികവും സാങ്കേതികവുമായ സഹായം ലഭ്യമാക്കുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞു. തുടര്‍ സഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി കോ-ഓര്‍ഡിനേറ്റ് ചെയ്യാന്‍ യുഎന്‍ഡിപിയുടെ പ്രതിനിധിയായി ഒരംഗത്തെ നിയോഗിക്കാമെന്ന് ഡയറക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ജീവനോപാധികള്‍ പുനഃസ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഎന്‍ഡിപിയുടെ സഹായം ലഭിക്കാന്‍ സംസ്ഥാനം വിശദമായ നിര്‍ദേശം തയ്യാറാക്കും. ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യസ്വാമിനാഥനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പകര്‍ച്ചവ്യാധികളും മറ്റു രോഗങ്ങളും നിയന്ത്രിക്കുന്നതില്‍ കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ സഹായം ലഭ്യമാകുന്നതിന്റെ സാധ്യതകളെക്കുറിച്ച് ആരാഞ്ഞു.

ആയുര്‍വേദത്തില്‍ കേരളത്തിന്റെ സംഭാവന വര്‍ധിപ്പിക്കാനുതകുന്ന വിധത്തില്‍ ഒരു അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നു എന്നത് ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ചര്‍ച്ച ഉപകരിച്ചു. കാന്‍സര്‍ പ്രതിരോധത്തിന് ആയുര്‍വേദത്തില്‍ കാര്യമായ ഗവേഷണം നടക്കുന്നു-്. ഇത്തരം കാര്യങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം നല്‍കാമെന്ന് ഡബ്ല്യൂ.എച്ച്.ഒ. ചീഫ് സയന്റിസ്റ്റ് ഉറപ്പു നല്‍കിയിട്ടുണ്ട് .

എല്ലാ ജില്ലയിലും മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ യാഥാര്‍ത്ഥ്യമാക്കുക എന്നത് സര്‍ക്കാരിന്റെ സുസ്ഥിര വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ്. അതിനുവേണ്ട ആ ശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സഹായകരമായ രീതിയില്‍ ജനീവയിലെയും ബേണിലെയും മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ സന്ദര്‍ശിച്ചു. മാലിന്യത്തില്‍നിന്ന് ഊര്‍ജം ചെലവുകുറഞ്ഞ രീതിയില്‍ ഉല്‍പാദിപ്പിക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കാന്‍ സന്ദര്‍ശനം കൊണ്ട് കഴിഞ്ഞു.
ജനീവയിലേയും ബേണിലേയും മാലിന്യസംസ്‌കരണ സംവിധാനങ്ങളുടെ സാധ്യതകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടെ സമന്വയിപ്പിച്ചുകൊണ്ട് ബ്ലോക്ക്, മുനിസിപ്പല്‍, പഞ്ചായത്ത് തലത്തില്‍ മാലിന്യസംസ്‌കരണം യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കേരളത്തിലേക്ക് സ്വിറ്റ്‌സര്‍ലാന്റില്‍നിന്നുള്ള നിക്ഷേപം ആകര്‍ഷിക്കാനുതകുന്ന വിധത്തില്‍ സാമ്പത്തിക കാര്യം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയുടെ സ്വിസ് ഫെഡറല്‍ കൗണ്‍സിലറായ ഗൈ പാര്‍മെലിനുമായി ചര്‍ച്ച നടത്തി. കേരളത്തിലെ നിക്ഷേപാവസരങ്ങള്‍ സ്വിസ് സര്‍ക്കാരിനെ സമയാസമയങ്ങളില്‍ ബേണിലെ ഇന്ത്യന്‍ എംബസ്സി വഴി അറിയിക്കാന്‍ ധാരണയായിട്ടുണ്ട്.
സ്വിറ്റ്‌സര്‍ലാന്‍ഡില്‍നിന്ന് കേരളത്തിലേക്ക് ഒരു ബിസിനസ് ഡെലിഗേഷന്‍ വരുന്നുണ്ട്. കേരളത്തിന്റെ ഒരു പ്രതിനിധിസംഘം സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കും പോകും.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ സിഇഒമാരുമായും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ബേണിലെ ഇന്ത്യാഹൗസില്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി. കേരളത്തെ നിക്ഷേപസൗഹൃദമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിച്ചു.
കേരളത്തിലെ വ്യവസായ പാര്‍ക്കുകളില്‍ നിക്ഷേപിക്കുന്നതിന് പലരും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട് . തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ചില എന്‍ജിനീയറിങ് കമ്പനികള്‍ താല്‍പര്യപ്പെടുന്നുണ്ട് അവിടെ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സ്വിസ് സി.ഇ.ഒ.മാരുടെ ഒരു സംഘം കേരളം സന്ദര്‍ശിക്കും.

കേരളത്തെ പോലെ സ്വിറ്റ്‌സര്‍ലാന്‍ഡിലും എംഎസ്എംഇകളാണ് (മീഡിയം സ്മാള്‍ ആന്റ് മൈക്രോ എന്റര്‍പ്രൈസസ്) വ്യവസായ വളര്‍ച്ചയുടെ ചാലകശക്തി. അതുകൊണ്ടുതന്നെ സഹകരണത്തിന്റെ വലിയ സാധ്യതകളാണ് കേരളവും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മിലുള്ളത്. അത് പ്രയോജനപ്പെടുത്താനായി സൂറിക്കിലും ബേണിലും ജൂണില്‍ നടക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് ഷോകളില്‍ കേരളത്തിന്റെ സാധ്യതകള്‍ അവതരിപ്പിക്കും.

പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. തോമസ് പിക്കെറ്റിയുമായി പാരീസിലെ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സംവദിച്ചു. ഡോ. ലൂക്കാ ചാന്‍സലും പിക്കെറ്റിയോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങളുടെ കൂടിക്കാഴ്ചയില്‍ പിക്കെറ്റി ഉന്നയിച്ച ഒരു പ്രധാന പ്രശ്‌നം ഇന്ത്യന്‍ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ ബന്ധപ്പെട്ടവര്‍ ലഭ്യമാക്കുന്നില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയെക്കുറിച്ചുള്ള സമഗ്രമായ പഠനം സാധ്യമാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ സംബന്ധിക്കുന്ന ഡാറ്റ ലഭിച്ചാല്‍ സാമ്പത്തിക വളര്‍ച്ചയുടെ കേരള മാതൃകയെപ്പറ്റി പഠിക്കാന്‍ തല്‍പരനാണെന്നും അദ്ദേഹം അറിയിച്ചു. അതിനായി ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഒരു നോഡല്‍ ഓഫീസറിനെ നിയോഗിക്കും. ചര്‍ച്ചയില്‍ പിക്കെറ്റി അംഗീകരിച്ച ഒരു കാര്യം കേരള മാതൃക മൗലികവും സുസ്ഥിരവുമാണ് എന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിലെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകളെ ലോകത്തെ തന്നെ പ്രശസ്തനായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ അംഗീകരിച്ചു എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്.

അദ്ദേഹം കേരളത്തിലേക്കു വരാനും ഇവിടെയുള്ള സാമ്പത്തിക ശാസ്ത്രജ്ഞരുമായും സര്‍വകലാശാലകളുമായും ആശയവിനിമയം നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പിക്കെറ്റിയുടെ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തിന്റെ വിജ്ഞാനം നമ്മുടെ സര്‍വകലാശാലകളുമായി പങ്കിടുന്ന തരത്തിലുള്ള ഒരു വേദി ഒരുക്കാന്‍ ആലോചിച്ചിട്ടുണ്ട്.

പാരീസിലുള്ള മലയാളി പ്രവാസികളുമായി ആശയവിനിമയം നടത്തി. കേരള പുനര്‍നിര്‍മാണത്തിന് അവരുടെ സഹായം അഭ്യര്‍ത്ഥിച്ചു. അനുഭാവപൂര്‍വമായ പ്രതികരണമാണ് അവരില്‍നിന്ന് ഉണ്ടായത്. കേരളത്തില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ തല്‍പരരായവര്‍ക്ക് ഇന്ത്യന്‍ എംബസ്സിയിലൂടെ അതിനുവേണ്ടി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനും ധാരണയായി. നിക്ഷേപാവസരങ്ങള്‍ ഫ്രഞ്ച് ഭാഷയില്‍ നല്‍കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നതാണ്.

ലണ്ടനിലെ ഓഹരി വിപണി വ്യാപാരത്തിന് തുറന്നുകൊടുക്കാനുള്ള പരിപാടി ഉദ്ഘാടനം ചെയ്യാനും അവസരം ഉണ്ടായി. കിഫ്ബിയുടെ മസാലാ ബോണ്ട് ലണ്ടന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനാണ് ഇങ്ങനെയൊരു ക്ഷണമുണ്ടായത്. ഇത് തുറന്നുകൊടുത്ത ശേഷം അതിന്റെ അധികൃതരുമായി ചര്‍ച്ച നടത്തുകയുണ്ടായി.

നമ്മുടെ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിന് പശ്ചാത്തലസൗകര്യം മെച്ചപ്പെടുക എന്നത് ഏറെ പ്രധാനമാണ്. അതിനുള്ള വിഭവസമാഹരണത്തിന്റെ ഭാഗമായാണ് മസാലാ ബോണ്ട് ഇറക്കിയത്.