പുരസ്‌കാര പ്രഭയിൽ നിമിഷ സജയൻ

നല്ല സിനിമകളില്‍ അഭിനയിക്കുക, നല്ല സംവിധായകരുമായി ചേര്‍ന്ന് വര്‍ക്ക് ചെയ്യുക എന്നത് തന്നെയാണ് എപ്പോഴും മനസിലുള്ളത്. 

നിമിഷ സജയന്‍ എന്ന നടിയെ മലയാളികള്‍ അറിഞ്ഞു തുടങ്ങിയിട്ട് കേവലം രണ്ട് വര്‍ഷം മാത്രമേ ആയിട്ടുള്ളു.  ആകെ അഭിനയിച്ചത് അഞ്ച് ചിത്രങ്ങളിലും. ആദ്യ ചിത്രത്തിന് തന്നെ കിട്ടേണ്ടിയിരുന്ന സംസ്ഥാന ചലചിത്രപുരസ്‌കാരം ഒരൽപ്പം വൈകിയെങ്കിലും നിമിഷയുടെ കൈകളിലേയ്ക്ക് എത്തിയിരിക്കുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ദിലീഷ് പോത്തന്‍ മലയാളസിനിമയ്ക്ക് സമ്മാനിച്ച ഈ കലാകാരിയുടെ കൈകളില്‍ ഏല്‍പ്പിക്കുന്ന ഏത് വേഷവും ഭദ്രമാണ് എന്ന് നിമിഷ തെളിയിച്ചു കൊണ്ടേയിരിക്കുന്നു . 

ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്കാണ് നിമിഷയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍, അനു സിതാര തുടങ്ങിയവരോട് മത്സരിച്ചാണ് നിമിഷ ഈ നേട്ടം കൈവരിച്ചത്. 

അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ?

പ്രഖ്യാപനം താനും അനു സിതാരയും കൂടി ഒരുമിച്ചാണ് കേട്ടത്. പ്രഖ്യാപനം വന്നപ്പോൾ  ശരിക്കും ഞെട്ടി. അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ അനു ചേച്ചി  എന്റെ  ഒപ്പം ഉണ്ടായിരുന്നു. അനു ചേച്ചിയുമായി നല്ല അടുപ്പമാണ്.  മികച്ച നടിമാരുടെ ലിസ്റ്റില്‍ ചേച്ചിയുടെ പേരും ഉണ്ടായിരുന്നു. എന്റെ പേര് ഉണ്ടെന്ന് പറഞ്ഞ് ചേച്ചി തലേന്ന് തന്നെ വീട്ടിലെത്തി. പ്രഖ്യാപനം കഴിഞ്ഞിട്ടാണ് പോയത്. എന്റെ പേര് കേട്ടപ്പോള്‍ ആകെ അമ്പരന്നു. ഒരു ദിവസമെടുത്തു ആ ഹാങ്ങ് ഓവര്‍ ഒന്ന് മാറാന്‍.


അനു സിത്താരയോടൊപ്പം

നിമിഷ സെലക്ടീവ് ആണോ?

ഒരിക്കലുമില്ല, ആദ്യ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും മുതല്‍ ഇനി ചെയ്യാന്‍ പോകുന്ന പുതിയ ചിത്രവുമെല്ലാം എന്നെ തേടിയെത്തിയവ തന്നെയാണ്. തൊണ്ടി മുതലിനായുള്ള ഓഡീഷനില്‍ പങ്കെടുത്തിരുന്നു. പിന്നീട് അങ്ങോട്ട് എന്നെ തേടി വന്ന കഥകളിലാണ് ഞാന്‍ അഭിനയിച്ചതെല്ലാം. എന്നും ദിലീഷ് പോത്തനും രാജീവ് രവിയേട്ടനും എനിക്ക് പിന്തുണയുമായി ഒപ്പമുള്ളതാണ് ഏറ്റവും വലിയ ധൈര്യം. ഈട കഴിഞ്ഞപ്പോള്‍ മധുപാൽ ചേട്ടന്‍ കുപ്രസിദ്ധ പയ്യനുമായി എത്തുകയായിരുന്നു. ഞാന്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളും ഇങ്ങനെ തന്നെയായിരുന്നു.  നല്ല സിനിമകളില്‍ അഭിനയിക്കുക, നല്ല സംവിധായകരുമായി ചേര്‍ന്ന് വര്‍ക്ക് ചെയ്യുക എന്നത് തന്നെയാണ് എപ്പോഴും മനസിലുള്ളത്. 

കഥാപാത്രങ്ങള്‍ക്കായി പ്രത്യേക തയ്യാറെടുപ്പകള്‍ നടത്താറുണ്ടോ?

ഓരോ കഥാപാത്രവും കേട്ടുകഴിയുമ്പോള്‍ അവരാകാന്‍ ശ്രമിക്കും. കുപ്രസിദ്ധ പയ്യനിലെ വക്കീലാകാന്‍ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടു പഠിച്ചു. ഇതിനായി മധുപാലേട്ടന്‍ ഏറെ സഹായിച്ചു. അതൊക്കെ ആ ചിത്രത്തിലെ എന്റെ പ്രകടനങ്ങള്‍ക്ക് ഏറെ സഹായകമാവുകയും ചെയ്തു. 

ഒരു കുപ്രസിദ്ധ പയ്യനു പുറമെ ചോല എന്ന  സിനിമയും സംസ്ഥാന പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നു. സനല്‍കുമാര്‍ ശശിധരനായിരുന്നു ഈ സിനിമ സംവിധാനം ചെയ്തിരുന്നത്. ജോജു ജോര്‍ജ്ജും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു സ്‌കൂള്‍ കുട്ടിയുടെ വേഷത്തിലാണ് ഇതില്‍ ഞാൻ. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ  വേഷമായിരുന്നു ചോലയിലേത് . 

തൊണ്ടി മുതല്‍ ഇറങ്ങിയ വര്‍ഷം എല്ലാവരും പറഞ്ഞിരുന്നു ആ വര്‍ഷം അവാര്‍ഡ് ലഭിക്കുമെന്ന്. അത് കൊണ്ട് ഇത്തവണ അവാര്‍ഡ് ലഭിക്കും എന്ന് എല്ലാവരും പറഞ്ഞെങ്കിലും ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തന്റെ അഭിനയത്തിന് പ്രേക്ഷകർ നല്‍കുന്ന അംഗീകാരം തന്നെ വലുതാണ്. ഇനിയും മികച്ച കഥാപാത്രങ്ങളിലൂടെ ആ ബന്ധം താന്‍ ഊട്ടിയുറപ്പിക്കും. 

പുതിയ സിനിമകൾ 

കണ്ണൂരില്‍ ലാല്‍ ജോസ് സാറിന്റെ സെറ്റിലാണിപ്പോള്‍.  ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍.  കണ്ണൂരിലെ രാഷ്ട്രീയും, ജാതി രാഷ്ട്രീയവുമെല്ലാം പറയുന്ന ഒരു ചിത്രമാണിത്. ഈ ചിത്രത്തിന്റെ റിഹേഴ്‌സലടക്കമുള്ളവ തുടങ്ങിക്കഴിഞ്ഞു. ഒപ്പം രാജീവ് രവിയുടെ തുറമുഖം എന്ന ചിത്രത്തിലും അഭിനയിക്കുന്നു. ഇതില്‍ നിവിന്‍ പോളിയാണ് നായകന്‍. ഇന്ദ്രജിത്ത് സുകുമാരന്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

  • ചിത്രങ്ങൾ: നിമിഷയുടെ ഫേസ്‌ബുക്ക് പേജിൽ നിന്ന് 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കാട്ടാളൻ പൊറിഞ്ചുവായി ജോജു  ജോർജ്ജ് 

‘മനോഹരം’ വിനീതിന് പറയാനുള്ളത്