ചലച്ചിത്രോത്സവം: ലോക സിനിമയിലെ മിന്നും മുത്തുകൾ ഇത്തവണ മത്സരത്തിന്

ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിൽ 14 ചിത്രങ്ങളുണ്ട്. ഇ മ യൗ, സുഡാനി ഫ്റം നൈജീരിയ എന്നീ മലയാള ചിത്രങ്ങളും ഖോടെ കൊ ജലേബി ഖിലാനെ ലേ ജാരിയാ ഹൂം,  വിഡോ ഓഫ് സൈലൻസ് എന്നീ ഇതര ഇന്ത്യൻ ഭാഷാ ചിത്രങ്ങളും പത്തു വിദേശഭാഷാ ചിത്രങ്ങളുമാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. 

ദ റെഡ് ഫാലസ് 

പുരുഷാധിപത്യ സമൂഹത്തിൽ അടിച്ചമർത്തപ്പെടുന്ന സ്ത്രീകളെപ്പറ്റിയാണ് ഈ ഭൂട്ടാൻ സിനിമ പറയുന്നത്. ലിംഗ അനീതിയും റൂറൽ പാട്രിയാർക്കിയും ചർച്ച ചെയ്യുന്ന സിനിമയുടെ പേര് തന്നെ ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ തരുന്നുണ്ട്. താഷി ഗെയിൽറ്റ് ഷെൻസിന്റെ പ്രഥമ  സംവിധാന സംരംഭമാണ്. ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ സാംഗേ യെ ചുറ്റിപ്പറ്റിയാണ് കഥ പറച്ചിൽ.

ലിംഗ ശില്പങ്ങൾ മെനയുന്ന പിതാവ്, വിവാഹിതനായ കൂട്ടുകാരൻ, ഗ്രാമപ്രദേശത്തെ ജീവിതം -ഇതിനെല്ലാമിടയിൽ കുരുങ്ങിക്കിടക്കുകയാണ് അവളുടെ ജീവിതം. ബുഡാൻ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പുരസ്കാരം നേടിയ സിനിമയുടെ നിർമാതാക്കളിൽ  പ്രശസ്ത സ്വിസ്സ് ചലച്ചിത്രകാരി ക്രിസ്റ്റീന കോൺറാഡും നേപ്പാളിസ് ഡയറക്ടർ രാംകൃഷ്ണ പൊഖാറലും ഉൾപ്പെടുന്നു.

ഭൂട്ടാനിലെ പുനാഖാ പ്രദേശത്ത് കണ്ട വിചിത്രമായ ലിംഗാരാധനയെപ്പറ്റി പ്രിയ ഗണപതി എഴുതിയിട്ടുണ്ട്. വാതിലുകളിലും ജാലകങ്ങളിലും സൈൻ ബോർഡുകളിലും പേപ്പർ വെയ്റ്റുകളിലും സുവനീറുകളിലും പല പല വലിപ്പങ്ങളിൽ ലംബവും തിരശ്ചീനവും കണ്ണുകളുള്ളതും വെള്ള നിറത്തിലുള്ള  തീ തുപ്പുന്നതും കാറ്റർ പില്ലറുകളെപ്പോലെ രോമാവൃതമായതും ആയ ലിംഗ രൂപങ്ങൾ കണ്ടതായി അവരുടെ  യാത്രാവിവരണത്തിലുണ്ട്. ശ്രദ്ധേയമായ ഒട്ടേറെ  ഇമേജറികൾ ചിത്രത്തിൽ കാണാം.  

പോയ്‌സണസ് റോസസ് 

കെയ്റോയിലെ ഒരു ദരിദ്ര മേഖലയാണ് ചിത്രത്തിന്റെ പശ്ചാത്തലം. മൃഗത്തോലുകൾ സംസ്കരിക്കുന്ന ഒരു പ്രദേശം. തായ്ഹ, സാഖ്ർ എന്നീ  സഹോദരങ്ങൾ. കുടിയേറ്റക്കാരുടെ ഒരു ബോട്ടിൽ കയറി എങ്ങനെയെങ്കിലും ഇറ്റലിയിലേക്ക്  കടക്കണമെന്നാണ്  സാഖ്ർ ആഗ്രഹിക്കുന്നത്. ഒരു മെഡിക്കൽ വിദ്യാർത്ഥിയുമായി അയാൾ പ്രണയത്തിലുമാണ്. സഹോദരന്റെ പ്രണയത്തിനും പലായന ശ്രമങ്ങൾക്കും തടയിടാനാണ് തായ്ഹയുടെ ശ്രമങ്ങൾ. നല്ല രുചിയുള്ള ചൂടോടു കൂടിയ ഭക്ഷണം അവൾ അവനു വേണ്ടി ഒരുക്കുന്നു. തന്റെ സ്നേഹവും കരുതലും ഇല്ലാതായാൽ അയാളുടെ ജീവിതം ദുസ്സഹമാകുമെന്നാണ്  അവൾ അയാളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. തുറന്ന ഓടകളിലൂടെ ഒഴുകുന്ന നീല ജലവും സൂര്യപ്രകാശം ചെന്നെത്താത്ത ഇടുങ്ങിയ വഴികളും ജീവിത ദുരിതങ്ങളുടെ കാഴ്ചകളാവുന്നു. ഈജിപ്ത്, ഫ്രാൻസ്, ഖത്തർ, യു എ ഇ സംയുക്ത സംരംഭമാണ് ചലച്ചിത്രം. അഹ്മദ് സാലേഹിയുടെ പ്രഥമ സംവിധാന സംരംഭമാണ്.

ദ ഏയ്ഞ്ചൽ 

ക്രൈം ഡ്രാമ ഴെനോറിൽ പെടുന്ന ഈ  അർജന്റൈൻ  ചിത്രം സംവിധാനം  ചെയ്തത് ലൂയി ഒർട്ടേഗയാണ്. അർജന്റീനയുടെ ക്രിമിനൽ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റവാളിയായി കരുതപ്പെടുന്ന കാർലോസ് റോബ്ൾഡോ എന്ന സീരിയൽ കൊലയാളിയുടെ ജീവിതമാണ് സിനിമ പറയുന്നത്.  ഓസ്കർ പുരസ്‌കാരത്തിനുള്ള ഇത്തവണത്തെ അർജന്റീനയുടെ ഔദ്യോഗിക എൻട്രിയാണ് 118 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം. ഇത്തവണത്തെ കാൻ ചലചിത്രോത്സവത്തിൽ അൺ സേർട്ടൻ റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.

കാർലിറ്റോസ് എന്ന പതിനേഴുകാരനാണ് കഥാകേന്ദ്രം.  നെറ്റിയിലേക്ക് വീണു കിടക്കുന്ന സ്വർണവർണ മുടിച്ചുരുളുകളും  കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയുമുള്ള കാർലിറ്റോസിനെ കണ്ടാൽ ഒരു ഏയ്ഞ്ചലിനെപ്പോലെ തോന്നും. മോഷണ ത്വരയുള്ള അവന്  പുതിയ സ്‌കൂളിൽ ഒരു ചങ്ങാതിയെ കിട്ടുന്നു- റമോൻ. ഇരുവരും ചേർന്നുള്ള സാഹസികതയാണ് പിന്നീടങ്ങോട്ട് ദൃശ്യമാവുന്നത്.നിഷ്കളങ്കനായ മാലാഖയുടെ മുഖമുള്ള അവൻ പിന്നീട് ലോകത്ത്  അറിയപ്പെടുന്നത് മരണത്തിന്റെ മാലാഖയെന്നാണ്. നാല്പതോളം മോഷണക്കേസുകളും പതിനൊന്നു കൊലപാതക കുറ്റങ്ങളും അവന്റെ പേരിൽ വരു ന്നു.അർജന്റീനയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം -46 വർഷം – ജയിൽവാസം അനുഷ്ഠിച്ച  കാർലോസിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രം ചെയ്തിട്ടുള്ളത്. 1972 ൽ അറസ്റ്റു ചെയ്യപ്പെടുമ്പോൾ 20 വയസ്സേ അയാൾക്കുണ്ടായിരുന്നുള്ളൂ.

ഡെബ്റ്റ് 

ചെറിയൊരു പ്രിന്റ് ഷോപ്പിലാണ് റൂഫന് ജോലി. ഭാര്യയും മകളുമുണ്ട്. ഒരു രാത്രിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന അയാളുടെ അയൽക്കാരൻ രോഗബാധിതനാവുന്നു. ആ അവസ്ഥയിൽ തനിച്ച് താമസിക്കുന്നത് നല്ലതല്ലെന്നാണ് ഡോക്ടർ പറയുന്നത്. കാരുണ്യവാനായ റൂഫൻ അയാളെ സ്വന്തം ഗൃഹത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു. വ്സ്‌ലറ്റ് സാരകൊഗ്‌ലുവാണ്‌ സംവിധാനം.

നൈറ്റ് ആക്സിഡന്റ് 

തെമിർസെക് ബിർണാസ്‌റോവ്  സംവിധാനം ചെയ്ത കിർഗിസ്ഥാൻ ചിത്രം. വരാനിരിക്കുന്ന ഓസ്കർ പുരസ്‌കാര നിർണയത്തിൽ കിർഗിസ്ഥാന്റെ ഒഫീഷ്യൽ എൻട്രിയാണ് 90 മിനിറ്റ് ദൈർഘ്യമുള്ള  ചിത്രം. 

ദ ഗ്രെയ്‌സ് ലസ് 

മുസ്തഫ സയ്യരി സംവിധാനം ചെയ്ത ഇറാനിയൻ ചിത്രം 

ദ സൈലൻസ് 

ബിയാട്രീസ് സീഗ്നർ സംവിധാനം ചെയ്ത ചിത്രം ഒരു  ബ്രസീൽ കൊളംബിയ ഫ്രാൻസ് സംയുക്ത സംരംഭമാണ്. കൊളംബിയൻ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട സമയം.  ഭർത്താവിനെ കാണാതായ  നശിച്ച  സ്ഥലത്തുനിന്നു  പലായനം ചെയ്യുന്ന അമ്പാരോയുടെ  കഥയാണ് സൈലൻസ്.

കൊളംബിയ പെറു ബ്രസീൽ എന്നീ രാജ്യങ്ങൾ അതിരിടുന്ന  ഒരു ചെറിയ ദ്വീപിലാണ് അമ്പാരോ മക്കളായ  നൂറിയക്കും  ഫാബിയോക്കും ഒപ്പം ഇപ്പോൾ  താമസിക്കുന്നത്. ഒരു ദിവസം രാത്രിയിൽ ഭർത്താവ് അവരെത്തേടി ദ്വീപിനുള്ളിലെ ആ  വീട്ടിലെത്തുന്നു. 88 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ക്രോസ് ബോർഡർ ഡ്രാമ ഴെനോറിൽ പെടുന്നു.

റ്റെയ്ൽ ഓഫ് ദ സീ 

ബഹ്മൻ ഫർമാന സംവിധാനം ചെയ്ത ഇറാനിയൻ ചിത്രം. താഹീർ മോഹേബി  അറിയപ്പെടുന്ന എഴുത്തുകാരനാണ്. ക്രൂരമായ ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയാകേണ്ടി വരുന്ന അയാളുടെ മാനസിക നില തകരാറിലായി. മൂന്ന് വർഷത്തോളം അയാൾ മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്നു. കാര്യങ്ങളെല്ലാം പഴയ പടി ആയെന്നാണ് അവിടെനിന്നു തിരിച്ചിറങ്ങുമ്പോൾ അയാളോട് പറയുന്നത്. എന്നാൽ  മതിഭ്രമങ്ങൾ വിടാതെ പിന്തുടരുന്ന അയാൾ ആശുപത്രിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. 

ഡാർക്ക് റൂം 

റൂഹല്ല ഹിജാസിയാണ് സംവിധാനം. 

ദ ബെഡ് 

ബ്യുണസ് അയേഴ്സിൽ കടുത്ത ചൂടാണ്. ദമ്പതികളായ  ജോർജ്ജും മേബലും വേർപിരിയാനുള്ള ഒരുക്കത്തിലാണ്. ഇന്ന് തന്നെ അത്  നടക്കും. സാധനങ്ങൾ പാക്ക് ചെയ്യണം. അവരവർക്കുള്ളത് എടുക്കണം. ട്രക്ക് വരണം. ഇരുവർക്കും കരച്ചിൽ വരുന്നു. പിന്നീടുള്ള സമയം മുഴുവൻ അവർ ഫർണീച്ചറുകൾ അടുക്കുകയും ഭക്ഷണം കഴിക്കുകയും കുളിക്കുകയും ചിരിക്കുകയും സാധനങ്ങൾ പാക്ക് ചെയ്യുകയും വീണ്ടും കരയുകയും വീണ്ടും ചിരിക്കുകയും ചത്ത പൂച്ചയെ കണ്ടെത്തുകയും അതിനെ സംസ്കരിക്കുകയും പട്ടിക്കുഞ്ഞുമായി കളിക്കുകയും വീണ്ടും കരയുകയും ഒടുവിൽ  ഗുഡ് ബൈ പറഞ്ഞ് പിരിയുകയും ചെയ്യുന്നു. 

ഖോടെ കൊ ജലേബി ഖിലാനെ ലേ ജാരിയാ ഹൂം 

അനാമിക ഹക്സർ സംവിധാനം ചെയ്ത ചിത്രം പഴയ ദില്ലിയിലെ തെരുവുകളുടെ കഥ പറയുന്നു.പോക്കറ്റടിക്കാരും തെരുവ് വില്പനക്കാരും ഫാക്റ്ററി തൊഴിലാളികളും കൂലിവേലക്കാരും വീട്ടുവേലക്കാരും ചുമട്ടു തൊഴിലാളികളും റിക്ഷാവാലകളും തിങ്ങി നിറഞ്ഞ പഴയ ദില്ലിയിലെ തെരുവിന്റെ കഥ. കഠിനമായി അധ്വാനിക്കുകയും കനപ്പെട്ട സ്വപ്‌നങ്ങൾ കാണുകയും ചെയ്യുന്ന സാധാരണ മനുഷ്യർ

വിഡോ ഓഫ് സൈലൻസ് 

കശ്‍മീർ. കാണാതായ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാനുള്ള ശ്രമത്തിലാണ് ആ യുവതി. പതിനൊന്നുകാരിയായ മകളും ഭർത്താവിന്റെ  പ്രായം ചെന്ന രോഗിയായ  അമ്മയും അവൾക്കൊപ്പമുണ്ട്. കണക്കുകൂട്ടാവുന്നതിലും  അധികം കുഴപ്പങ്ങൾ നിറഞ്ഞ ആ  ചുറ്റുപാടിൽ നിന്ന്  എങ്ങനെയും അവൾക്കു പുറത്തു വന്നേ തീരൂ. അതിനുള്ള ധൈര്യം സംഭരിക്കണം. പ്രവീൺ മൊർച്ചലെയാണ് സംവിധാനം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഇതിപ്പോൾ ഫാസിസത്തിന്റെ പകർച്ചവ്യാധി പാഞ്ഞു പോയ ഇടമാണ്

ട്രാന്‍ജെന്‍ഡര്‍മാര്‍ക്ക് സ്വയം തൊഴില്‍ ധനസഹായം: 30 ലക്ഷത്തിന്റെ ഭരണാനുമതി